രചന : അഷ്റഫ് കാളത്തോട് ✍
ആൽച്ചുവട്ടിൽ വീണ നിലാവിന്റെ നെറ്റിയിൽ
കരിങ്കൽവിളക്കിൻ പ്രഭമിന്നുന്നു..
ഓലക്കുടയുടെ നിഴലിൽ മറഞ്ഞു നിൽക്കുന്ന
നെടുവീർപ്പിൻ വിഷാദം…
കാറ്റിൻ കൈവിരലാൽ തൊട്ടുനോക്കുമ്പോൾ
കാളിമ പരന്ന പഴമയുടെമുഖം!
വിറങ്ങലിച്ച പൗർണ്ണമിയുടെ
തളിർക്കാൻ കൊതിക്കുന്ന മനസ്സ്!
നിശാകറുപ്പിൽ കുളിച്ചു നിൽക്കുന്ന
കരിങ്കൽവിളക്കിൽ ഓലക്കുടയുടെ ചിരി..
പുഴയുടെ പ്രളയമാകുന്ന കുഞ്ഞാടിന്റെ കണ്ണുനീർ
കരിങ്കൽ പൊള്ളയിൽ പഴയ ഒരു വീണാനാദം തങ്ങി..
അമ്പലത്തിൽ എണ്ണയിൽ കത്തുന്നതിരി
പ്രാർത്ഥനകൾക്കുള്ളിലെ പ്രതീക്ഷയാക്കുന്നു!
കാട്ടിലെ മുറ്റത്തു ചോരയൊഴുകിയ
അസ്ഥികളുടെ ചിരികൾ കേൾക്കുമ്പോൾ
പൂക്കളുടെ ഇതളിൽ എഴുതിയ
പുതിയൊരു ഭാഷയെ ആരോ തേടി നടക്കുന്നു!
കടലിൻ കരയിൽ കിടക്കും ഒടിഞ്ഞ തണ്ടിൽ
ചന്ദ്രൻ മുറിവേറ്റ പഴയ കവിതകൾ രചിക്കുന്നു.
എന്റെ നെഞ്ചത്തിരുമ്പുലക്ക വെച്ച്
തീ കൊളുത്തി പുരാണം കുത്തിയെഴുതുന്നു…
കാറ്റിൻ കൈവിരലാൽ മഞ്ഞപ്പൂവിൻ നാമം
വടിക്കിനിയിലും, മുറ്റത്തും പറക്കുന്നു..
കാറ്റ് ഇക്കിളിപ്പെടുത്തി മുല്ലപ്പൂ ചിരിക്കുന്ന ഗന്ധം!
പൂവൻകിളിയുടെ ചിറകിനു
കരുത്തായ് വെളിച്ചമുള്ള ആകാശം!
നെറ്റിയിൽ മങ്ങാതെയുള്ള
ഒരു ബിന്ദു അമ്മയുടെ വിയർപ്പിൻ വെൺപുതുനീർ!
പഴയ തളിരിൻ പച്ച കുടക്കീഴിൽ
മാറാതെ താഴ്ത്തിയിരിക്കുന്ന മഴവിൽ
പുതു കാലത്തിന്റെ കൈവര!