രചന : കെ.ആർ.സുരേന്ദ്രൻ✍
എരിയും സൂര്യനിൽ,
”ആൾക്കൂട്ടത്തിൽ തനിയേ”
നീങ്ങി സ്റ്റേഷനിലേക്ക്.
ഇടം വലം നോക്കാതെ,
നഗരത്തിൻ്റെ
നിലക്കാത്ത
ഹൃദയമിടിപ്പുകൾ
കേട്ടിട്ടും കേൾക്കാതെ,
നീങ്ങി സ്റ്റേഷനിലേക്ക്.
ഒരു കിലോമീറ്റർ
പത്ത് മിനിട്ടിനുള്ളിൽ
അളന്നെടുത്ത്,
സ്റ്റേഷനിലേക്ക്.
പ്ളാറ്റ്ഫോം
പതിവുപോലെ
നിറഞ്ഞ അണക്കെട്ട്.
ഒതുങ്ങി നിന്ന്
ബാന്ദ്രാ റാണിക്കായി
കാത്തു.
വിശാലഹൃദയയാണ്
റാണി.
കൃത്യനിഷ്ഠയും
കണിശം.
എന്നും ബാന്ദ്രാ റാണി
ലിഫ്റ്റ് തരുന്നു.
നോക്കി നിൽക്കെ
ചിരിച്ചണഞ്ഞ്
വിറയലായ് നിന്നു
റാണി.
വിശാല ഹൃദയത്തിലേക്ക്
മിസ്സൈലുകളായി
തുളച്ചുകയറി
ശീലങ്ങളുടെ തടവുകാർ.
കുറ്റം പറയാനാവില്ല.
റെയിൽവേ രാജാവ്
അനുവദിക്കുന്ന
സമയപരിധി
രണ്ട് മിനിറ്റ്.
റാണിഹൃദയം
കീഴടക്കിയതും,
റാണി ധൃതിപിടിച്ച് മുന്നോട്ടാഞ്ഞു.
ഒഴിഞ്ഞൊരിടം ക്ഷണിച്ചു
വരൂ ഇരിക്കൂ.
അന്ധേരിറാണിയോ,
ബോറിവ്ലി റാണിയോ
നീട്ടാത്ത സൗജന്യം
ബാന്ദ്രാ റാണി
നീട്ടും.
തൂങ്ങിയാടിയും,
മുകളിൽ
മരണനൃത്തം നടത്തിയും
ഉല്ലസിക്കുന്നവരെ
നെഞ്ചിലേല്ക്കുന്നവരാണ്
അന്ധേരീ റാണിയും,
ബോറിവ്ലി റാണിയും….
ബാന്ദ്രാ റാണി
അയൽപക്കമാണ്.
ഇരുവശങ്ങളിലേയും
പതിവുകാഴ്ചകൾ കണ്ട്,
ചില പ്ളാറ്റ്ഫോമുകളിലെ
കോടിപുതച്ചുറങ്ങുന്ന
ചിത്രങ്ങൾ
കാണാതെ കണ്ട്,
നിസ്സംഗനായി.
ദാദറിൽ
ബാന്ദ്രാ റാണി
മിസ്സൈൽ പ്രവാഹത്തിൽ
ശ്വാസം മുട്ടും.
അവരേയും
റാണി പക്ഷെ
ഉൾക്കൊള്ളും.
ദാദർ,
പ്രഭാദേവി,
ലോവർ പറേൽ,
മഹാലക്ഷ്മി
അങ്ങനെയങ്ങനെ
ലക്ഷ്യത്തിലേക്ക്.
പെട്ടെന്ന്
നാല്പതോളം
ധ്യാന ബുദ്ധന്മാരും,
ബുദ്ധകളും
പത്ത് മണിയോടെ,
ശീതീകരിച്ച ഓഫീസിൽ,
വെൽവെറ്റ്
കസേരകളിൽ,
മുന്നിലെ ചിത്രവേലകൾ
ചെയ്ത
മേശവിരിപ്പിന് മേൽ
ലാപ്ടോപ്പുകൾക്ക്
മുന്നിൽ
ധ്യാനിക്കുന്ന ചിത്രങ്ങൾ
ആക്രമിക്കുന്നു.
മടുപ്പ് എന്നെ
പിന്തിരിപ്പിക്കുന്നു.
സ്റ്റേഷനിലിറങ്ങി
വീലറിൽ നിന്ന്
മൂന്ന് നാല്
മാസികകളുമായി
ആസ്ബസ്റ്റോസ്
മേലാപ്പിന്റെ
തണൽ കൊള്ളുന്ന
മരക്കസേരയിൽ
കുത്തിയിരുന്ന്
താളുകൾ ഓരോന്നായി
മറിക്കുന്നു.
ഇഷ്ടപ്പെട്ടത് വായിക്കുന്നു.
അടുത്തിരിക്കുന്നവനെ
ഇടം കണ്ണിട്ട്
നോക്കുന്നു.
അവൻ
ആൾക്കൂട്ടം വായിക്കുന്നു.
അവൻ എന്നെ
നോക്കിച്ചിരിക്കുന്നു,
പറയുന്നു :
ഓഫീസിലേക്കിറങ്ങിയതാണ്.
ബോറഡിക്കുന്നു.
പോകാൻ തോന്നിയില്ല.
ഞാൻ പറയുന്നു :
ഞാനും.
ബോറഡി യന്ത്രമായി
എന്നും ഇങ്ങനെ…
പേരും, താവളവും
ഇരുവരും പരസ്പരം
ചോദിച്ചില്ല,
പറഞ്ഞില്ല,
ചോദിച്ചാലും പറയില്ല….
