പ്രണയം അതിന്റെ എല്ലാ അർത്ഥതലങ്ങളും കടന്ന് ഏറ്റവും അപകടകരമായ പക,വിദ്വേഷം ഇവയിലൊക്കെ ചെന്നെത്തി നിൽക്കുന്നത് തികച്ചും പരിതാപകരമാണ്..
തനിക്ക് കിട്ടാത്ത പ്രണയിനി ഇനി മറ്റൊരാളുടെ സ്വന്തമാകണ്ട എന്ന് കരുതുന്നിടം മുതൽ പ്രണയം അതിന്റെ ഏറ്റവും വലിയ ആപത് ഘട്ടത്തിന് തുടക്കമിടുന്നു….എന്ത് ബാലിശവും ക്രൂരവുമായ ചിന്താഗതിയാണിത്…
പെട്ടന്നുള്ള ക്ഷോഭത്തിനോ, വികാരപരമായ ചിന്തകൾക്കോ അടിമപ്പെട്ട് വിവേകശൂന്യമായി പെരുമാറുമ്പോൾ ആരുംതന്നെ അതിന്റെ വരും, വരയ്കകൾ ഓർക്കുന്നില്ല…
ഒരു ചാട്ടത്തിന് കിണറ്റിൽ ചാടിയാൽ അടുത്ത ചാട്ടത്തിൻ തിരികെ കയറാൻ കഴിയില്ല എന്ന് കേട്ടിട്ടില്ലേ…

പ്രണയം നിരാകരിക്കപ്പെടുന്നത് വേദനജനകം തന്നെയാണ്..
പക്ഷേ അത് ചെയ്യുന്നതിന് എന്തെങ്കിലും കാരണങ്ങൾ ഇരു പക്ഷത്തും കാണുമല്ലോ….
ചിലർക്ക് കൂടുതൽ അടുത്തറിയുമ്പോൾ കാമുകന്റെയോ, കാമുകിയുടെയോ ചില സ്വഭാവങ്ങൾ, പെരുമാറ്റങ്ങൾ ഇവയിലൊക്കെ ഇഷ്ടക്കേടുകൾ ഉണ്ടാവാം..
അങ്ങനെയാകാം പലരും പല ബന്ധങ്ങളിൽ നിന്നും പതിയെ പിന്മാരാൻ ശ്രമിക്കുന്നത്..
വിവാഹാനന്തരം ആണെങ്കിൽ പലരും ഇതൊക്കെ സഹിച്ചു ജീവിക്കും ഇപ്പോളത്തെ ജനറേഷൻ അതിനും മെനക്കേടില്ല എന്നത് യാഥാർഥ്യം.
അപ്പോൾ നിയമപരമായി യാതൊരു ബാധ്യതയും ഇല്ലാത്ത രണ്ടുപേർക്ക് കൂടുതൽ തമ്മിൽ മനസ്സിലാകുമ്പോൾ റിലേഷൻഷിപിൽ നിന്ന് പിന്മാറണം എന്ന് തോന്നിയാൽ അതിൽ എന്ത് തെറ്റ് പറയാനാണ്…

ഇത്തരത്തിൽ പ്രണയത്തിന്റെ പേരിൽ ആത്മഹത്യ, കൊലപാതകം ഒക്കെ ചെയ്യുമ്പോൾ സ്വന്തം അച്ഛനെയും, അമ്മയെയും കൂടെപ്പിറപ്പുകളെയും ഒരു നിമിഷമെ ങ്കിലും ഓർത്തിരിക്കാൻ ഇടയില്ലേ ഇവരൊന്നും…
പ്രണയം നിരസിക്കുമ്പോൾ അത് താങ്ങാനുള്ള കരുത്ത് നമ്മുടെ കുട്ടികൾക്ക് ഉണ്ടാകാതെ പോകുന്നതെന്തുകൊണ്ടാണ്..
പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടാൽ അവിടെ ശൂന്യത വന്നുനിറയും പോലെ തോന്നുന്നു പലർക്കും…
എനിക്ക് കിട്ടാത്തത് മറ്റുള്ള ആർക്കുംകിട്ടണ്ട എന്ന ചിന്താഗതിയിൽ അവരെത്തിച്ചേരുന്നു..
ഇതിന്റെ എല്ലാം ഉറവിടം സത്യത്തിൽ കുടുംബം തന്നെയല്ലേ…

ജീവിതത്തിൽ എന്നും ജയിച്ചു കാണിക്കണം… പരാജയം എന്നത് ഭീരുക്കളുടെ ലക്ഷണമാണ് എന്നുപറഞ്ഞാണ് മിക്കവാറും മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നത്.
പരാജയം ഒരു കഴിവുകേടായി കരുതുന്ന കുട്ടികൾ,
അത് അവരുടെ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നും കരുതുന്നു…എല്ലാം നേടിയെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി പലതും കിട്ടാതെ പോകുമ്പോൾ അസ്വസ്ഥരാകുന്നു…
ചിലരതിനെ അഭിമാനക്ഷതമായി കാണുന്നു… ഇനി എന്നേ സ്നേഹിക്കാൻ കൊള്ളില്ല എന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്ന് ഡിപ്രെഷൻ, ആത്മഹത്യാപ്രവണത ഒക്കെകാണിക്കുന്നവരും ഉണ്ട്…

ചിലരുടെ മനസ്സിൽ മാരകവിഷങ്ങളിൽ ഒന്നായ “പക ” ഉടലെടുക്കുന്നു..
എന്നിട്ടോ താൻ ചതിക്കപ്പെട്ടു എന്ന് ചിന്തിച്ച് ജീവനെടുക്കാൻ മുതിരുന്നു..
ഇവിടെ എല്ലായിടവും ജയിച്ചു കാണിക്കണം എന്ന കുട്ടികളുടെ ചിന്തയാണ് മാറേണ്ടത്..
ഒരാൾ വേണ്ടന്ന് വച്ചാൽ തീർന്നു പോകുന്നതല്ല ഒരാളുടെ വ്യക്തിത്വം, മൂല്യം ഇവ മനസിലാക്കുക..
കുടുംബാംഗങ്ങൾതമ്മിൽ നല്ല ആശയ വിനിമയം എല്ലാത്തിലിമുപരി കുട്ടികളുടെ മനസ്സ്‌ മനസ്സിലാക്കാൻ മാതാപിതാക്കൾ ശ്രമിക്കുകയും, എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ഉണ്ടാവുകയും ചെയ്താൽ പരസ്പരം ബഹുമാനിക്കാനും.. “നോ” പറയുന്നത് സ്വീകരിക്കാനും അവർക്ക് കഴിയും.
അവഗണിക്കപെടുന്നു എന്ന് തോന്നി തുടങ്ങിയാൽ സ്നേഹത്തിനു വേണ്ടി യാചിച്ചു കൊണ്ട് പിറകെ നടക്കരുത്…

അങ്ങനെ യാചിച്ചു നേടിയെടുക്കുന്ന സ്നേഹത്തിന് എത്രകാലം നിലനിൽപ്പുണ്ടാകും..
നമുക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് വേണ്ടി, നമ്മളെ ജീവനായി കരുതുന്നവർക്ക് വേണ്ടി ജീവിച്ച് തുടങ്ങണം..
പ്രണയം നിരകരിച്ചവരുടെ മുൻപിൽ തന്റേടത്തോടെ ജീവിച്ച് കാണിക്കുക…
നമ്മളെ വേണ്ടാത്തവരുടെ മുൻപിൽ നശിപ്പിച്ചുകളനുള്ളതല്ല മനോഹരമായ ഈ ജീവിതം എന്ന് തിരിച്ചറിയുക…
ആസിഡിൽ നിന്ന് തോക്കിലേക്ക് വളരുന്ന ഒരു യുവജനത നമ്മുടെ എല്ലാ പ്രതീക്ഷകളെയും ആസ്ഥാനത്താക്കി അവിടെ ആശങ്കകളെ വളർത്തുമ്പോൾ നഷ്ടം സംഭവിക്കുന്നത് അവരുടെ കുടുംബത്തിനുമാത്രം…
പ്രണയത്തിന്റെ പേരിൽ ഇനി ഒരു കൊലപാതകമോ, ആത്മഹത്യയോ നടക്കാതിരിക്കട്ട. .
ജീവിതം പ്രണയത്തിന്റെ പേരിൽ നശിപ്പിച്ചുകളയാനുള്ളതല്ല എന്ന് നമ്മുടെ കുട്ടികൾ തിരിച്ചറിയട്ടെ..

By ivayana

Leave a Reply

Your email address will not be published. Required fields are marked *