കാണുന്നില്ലേ,
പ്രപഞ്ചം ഉറങ്ങാതെ എനിക്കുവേണ്ടി കാവലിരിക്കുന്നത്
പകലുകൾ
പാട്ടു മുഴക്കിയതും
പാടം കേട്ടെഴുതിയതും
പക്ഷികൾ മറുവാക്കുപറയുന്നതുമെല്ലാം
ഞാൻ അറിയാതെയല്ല,
ചില്ലകൾ കഥപറയുന്നതും
കാറ്റ് പിറുപിറുക്കുന്നതും
ഞാൻ കേൾക്കാതെയല്ല!
കാട്
ഒളിച്ചിരിക്കുന്നതും
ഇരുളതിനെ പകർത്തിയെഴുതുന്നതും എന്റെ അറിവോടെ തന്നെ
കടവാവലുകൾ
തലകുത്തിമറിഞ്ഞതും
കാട്ടുകോഴികൾ കൂകിത്തെളിഞ്ഞതും
എന്റെ കൺമുന്നിലും
പെയ്തു തോർന്നതും പെയ്യാനൊരുങ്ങുന്ന
മഞ്ഞുതുള്ളികളുമെല്ലാം
എനിക്ക്
ഒളിച്ചിരിക്കാൻ
പുകമറതീർത്തവയല്ല
വെന്തമണ്ണും
പിടഞ്ഞനെഞ്ചും
സ്വപ്നങ്ങളെ തേവിക്കളഞ്ഞിട്ടില്ല
കാവൽ നിന്ന കണ്ണുകൾ
എന്നോട് മറുവാക്കു പറയാതെയുമല്ല –
അതല്ലേ,
എനിക്കുമാത്രമറിയാവുന്ന
ഒറ്റരഹസ്യച്ചുരുളിൽ
ഒരു കടലുറങ്ങുന്നത്?
പറയാൻ മറന്നുപോയ വാക്കുകളുടെ അരികുകളിൽ തിരമാലകൾ
പുതു സമവാക്യങ്ങൾ
കുറിക്കുന്നത്?
ചൊല്ലാതെ പോയ പ്രാർത്ഥനകളുടെ ഉപ്പു കലർന്നെന്റെ
നിശബ്ദതയുടെ തീരം പോലും നനയുന്നത്?
ഇനി
ഒളിക്കാനില്ല
മറയാനും!
ഉറങ്ങുന്ന കടലിനെ
തൊട്ടു വിളിച്ച്
മറന്ന വാക്കുകളെ നാവിൽ തിരികെ കോർക്കണം
തീരം
ഇനി എന്റേത്!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *