രചന : ശ്രീകല മോഹൻദാസ്.. ✍️
വിദ്യാരൂപിണിയാകും വിജ്ഞാനദായിനി ജഗദംബികേ…
ശ്വേത വസ്ത്രധാരിണിയായ്
ശ്വേത പദ്മാസനസ്ഥിതയായ് മരുവും
വിജ്ഞാനത്തിൻ പരമ പ്രതീകമേ..
ശാന്തവും സൗമ്യവുമാം നിൻ തിരുരൂപം വണങ്ങിടുന്നേൻ …
നിൻ ചതുർബാഹുക്കളിലമരും
വീണാ പുസ്തക ജപമാലകൾ
ഞങ്ങളിലെ മനസ്സ്, ബുദ്ധി, ചിത്താഹങ്കാരങ്ങളെ
പ്രതിനിധീകരിക്കുന്നവയല്ലോ.
ഇരു കൈകളിലെ വീണകൾ
സംഗീതാദി കലകളെ പ്രതിനിധാനം
ചെയ്യപ്പെടുമ്പോൾ
ഒരു കയ്യിലെ സ്ഫടിക ജപമാല
ആത്മീയ ജ്ഞാനത്തിൻ സൂചകമല്ലയോ..
ഇനിയുമൊരു കയ്യിൽ സർവ്വ
വിദ്യകളുടെയും പ്രതീകമായ്
പുസ്തകം ധരിച്ചിരിക്കയല്ലോ..
നീരും പാലും വേർതിരിച്ചറിയു വാൻ
കെൽപ്പെഴും ഹംസത്തെ വാഹനമാക്കിയോളേ..
നന്മയും തിന്മയും തിരിച്ചറി യുവാൻ
ഞങ്ങൾക്ക് വിവേകമരുളീടണേ…
അകക്കണ്ണിൻ തമസ്സകറ്റി അറിവിൻ നിലാവായ്
അടിയങ്ങൾക്കുള്ളിൽ വിളങ്ങിടേണേ..
ഭാരതീ ശാരദേ പദ്മാസനേ
വിമലേ കലാധരീ ബ്രഹ്മപ്രിയേ
സകല കലാ വാണി സരസ്വതീ ദേവീ
അക്ഷര മന്ത്രം കുറിച്ചിടുമ്പോൾ
അഭയമായ് മനതാരിൽ എത്തിടേണേ…

