രചന : സുമേഷ് കെ മാങ്കുളം ✍️
നോന്ന് പറഞ്ഞാൽ നോന്നന്ന്യാ…… ഞാൻ ഇവളെ അറിയില്ല്യാ, അറിയില്ല്യാ, അറിയില്ല്യാ…
അറിയില്ലെന്ന് കട്ടായം പറഞ്ഞ് ദുഷ്യന്തൻ ശകുന്തളയെയും ക്ടാവിനെയും, കണ്വനേയും കൊട്ടാരത്തിന് പിടിച്ച് പുറത്താക്കി.
കൊട്ടാര വാതിൽക്കൽ നിന്ന് ദുഷ്യന്തനെ പ്രാകിയിട്ട് കണ്വൻ മുണ്ടും മടക്കി കുത്തി പുറത്തേക്ക് നടന്നു, പിന്നാലെ കൊച്ചിനെയും എടുത്ത് ശകുന്തളയും.
രാജകൊട്ടാരത്തിന്റെ ബസ് സ്റ്റോപ്പിലെ പെട്ടിക്കടയിൽ നിന്ന് ശകുന്തളക്കും ചെക്കനും ഒരോ സോഡാ സർബത്തും, തനിക്ക് ഒരു നാരങ്ങ സോഡയും പറഞ്ഞ് കണ്വൻ മടിക്കുത്തിൽ നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ച് ശകുന്തളയുടെ മുഖത്ത് നോക്കാതെ ചോദിച്ചു
“എന്താ ശകുന്തളയുടെ ഫ്യൂച്ചർ പ്ലാൻ????”
“വീട്ടിലെത്തിയിട്ട് മോനു കുറുക്കുണ്ടാക്കി കൊടക്കണം, ഒന്ന് കിടക്കണം.”
“ഏത് വീട്ടിൽ???”
“എന്താച്ഛാ അങ്ങിനെ ചോദിച്ചത്??? മ്മടോട്യന്നെ”
” മ്മടോട്യ? ഏത് മ്മടോടെ? അതെന്റെ വീടാ. ശകുന്തള അവിടേക്ക് വരണില്ല്യ……”
“എന്തുട്ട് വർത്താനാ അച്ഛാ പറയണേ??”
“അവിടെ അനസൂയയും, പ്രിയംവദയും ഉണ്ട്, എനിക്ക് അവരുടെ കാര്യം കൂടി ആലോചിക്കണം. കെട്ട്യോൻ ഇല്ല്യാത്ത നീ ക്ടാവിനെയും കൊണ്ട് അവിടെ നിന്നാൽ അവർക്ക് വേറെ ആലോചന വരില്ല്യാ.”
“അച്ഛാ…….”
“നീ ഒന്നും പറയണ്ട…..”
ഇതും പറഞ്ഞ് കടക്കാരന് കാശ് കൊടുത്ത് അടുത്തു വന്ന ലൈൻ ബസ്സിൽ ചാടി കയറി കണ്വൻ സ്ഥലം വിട്ടു.
അവിടെ നിന്നട്ട് കാര്യല്ല്യാന്ന് മനസ്സിലായ ശകുന്തള കൊച്ചിനെയും എടുത്ത് അവിടന്ന് നടന്നു.
കുളി കഴിഞ്ഞ് മേനക ദേവലോകത്തെ വീടിന്റെ ബാൽക്കണിയിൽ നിന്ന് മുടി വേറിടുന്ന നേരത്ത് വെറുതെ താഴ്ത്തക്ക് നോക്കിപ്പോ ശകുന്തള റോട്ടിലൂടെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ നടന്ന് പോണത് കണ്ടത്.
ആയമ്മ ഉടനെ ശകുന്തളയുടെ അടുത്തെത്തി.
“മോളെ…..”
“ആരാ നിങ്ങള്…..??”
“നിന്റെ അമ്മയാണ് ഞാൻ ….. മേനക….”
ആകെ പ്രശ്നത്തിൽ പെട്ട് നിക്കണ കാരണം ശകുന്തള പിന്നെ കൂടുതൽ ക്ലാരിഫിക്കേഷനൊന്നും നിന്നില്ല…… ഇനി പറഞ്ഞു പിടിച്ച് ആയമ്മക്ക് ആള് മാറിയതാണെങ്കിൽ ഈ പിടി വള്ളി പൊട്ടും. എന്തായാലും പിടിച്ചു കയറുക തന്നെ.
“അമ്മേ…….”
ഒറ്റ നേലോളിയും, ചാടിയൊരു കെട്ടിപ്പിടുത്തവും.
“അമ്മേ, എന്നെയും കൂടെ കൊണ്ടുപോവു…”
“എങ്ങട്??”
“അമ്മേടെ വീട്ടിൽക്ക്…”
“ഏയ് അത് ശരിയാവില്ല്യാ……”
“അതെന്താ????”
“എന്റെ പണി പോവും ……”
“പിന്നെ എന്തുട്ടിനാ തള്ളേ വന്നേ????”
ശകുന്തളക്ക് കുരു പൊട്ടി……
മേനക ശകുന്തളയുടെ ജന്മ രഹസ്യം പറഞ്ഞു കൊടുത്തു.
“ഇനീപ്പൊ എന്തുട്ടാ ഞാൻ ചിയ്യാ???”
“ഞാൻ നിന്നെ സേഫായ വേറൊരു സ്ഥലത്ത് ആക്കാം…….”
“എവിടെ????”
“അതൊക്കീണ്ട്, നീ എന്റൊപ്പം വാ.”
മേനക ശകുന്തളയെയും ക്ടാവിനെയും കാശ്യപന്റെ ആശ്രമത്തിന്റെ മുന്നിൽ ഇറക്കി വിട്ടു.
കശ്യപൻ ഒരു നന്മ മരം ആയോണ്ട് ഒന്നും ചോദിക്കാനും പറയാനുമൊന്നും നിന്നില്ല, ശകുന്തളയെ അവിടെ താമസിപ്പിച്ചു.
ഒരു ദിവസം കാശ്യപന്റെ വീടിന്റെ പടിക്കൽ വിശ്വാമിത്രൻ ഓട്ടോ ഇറങ്ങി. ആ സമയത്ത് ശകുന്തള മുറ്റം അടിച്ചോണ്ട് നിൽക്കായിരുന്നു.
മുറ്റം അടിക്കണ ശകുന്തളയേ കണ്ടപ്പോൾ മൂപ്പർക്ക് അത് തന്റെ എക്സ് വൈഫ് മേനകയാണെന്നാണ് തോന്നിയത്.
അത് ശരി…. ഇന്ദ്രൻ കശ്യപന് പണി കൊടുക്കാൻ പറഞ്ഞു വിട്ടതായിരിക്കും ഇവളെ. എന്തായാലും അവളോട് രണ്ടു വർത്താനം പറഞ്ഞിട്ട് തന്നെ കാര്യം.
മൂപ്പര് ശകുന്തളുടേ പിന്നിൽ വന്നൊന്ന് ചുമച്ചു.
ശകുന്തള തിരിഞ്ഞു നോക്കി.
അപ്പോളാണ് വിശ്വാമിത്രന് അത് മേനകയല്ലെന്ന് മനസ്സിലായത്. ഇത് ചള്ള് പെണ്ണ്, മേനകയുടെ ഛായയുണ്ടെങ്കിലും ആ ഒരു എടുപ്പില്ല്യാ.
ശകുന്തള ചൂല് അവിടെ ഇട്ട് വിശ്വമിത്രന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി, അല്ലെങ്ങേ പണ്ട് ദുർവ്വാസാവ് ശപിച്ച പോലെ ശപിച്ചാലോ, താടിയും മുടിയും വളർത്തി നടക്കണ ഈ സൈസ് സാധനങ്ങളേ വിശ്വസിക്കാൻ പറ്റില്ലാ….
ശകുന്തള കാലിൽ തൊട്ടപ്പോ വിശ്വമിത്രന്റെ കണ്ണ് നിറഞ്ഞൊഴുകി….
രക്തം രക്തത്തെ തൊട്ടപോലെ എന്ന് മമ്മുക്ക പാഥേയം സിനിമയിൽ പറഞ്ഞില്ല്യേ… അതന്നെ സീൻ.
മൂപ്പരോട് ശകുന്തള കാര്യമൊക്കെ പറഞ്ഞു.
മൂപ്പരുടെ കണ്ണൊക്കെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു. മൂപ്പര് കിണ്ടിലെ വെള്ളം കയ്യിലേക്ക് ഒഴിച്ചു.
വിശ്വമിത്രന്റെ റോള് കണ്ടപ്പോ ശകുന്തളക്ക് കാര്യം മനസ്സിലായി.
വേണ്ടച്ഛാ….. വേണ്ടാ…. എന്റെ കൊച്ചിന്റെ അച്ഛനെ ശപിക്കല്ലേ…. എന്നും പറഞ്ഞു ശകുന്തള മൂപ്പരുടെ വായ പൊത്തി പിടിച്ചു.
വായയും മൂക്കും കൂടി പൊത്തി പിടിച്ച കാരണം വിശ്വമിത്രന് ശ്വാസം മുട്ടി കണ്ണൊക്കെ പുറത്തേക്ക് തള്ളി.
ഒരു വിധം ശകുന്തളയുടെ പിടി വിടിച്ച് മൂപ്പര് അവിടന്ന് ഓടി രക്ഷപ്പെട്ടു.
അങ്ങിനെ ഇരിക്കണ നേരത്താണ് മറ്റേ മോതിരം വിഴുങ്ങിയ മീനിനെ ഒരാൾ പിടിക്കുകയും, അതിനെ മുറിച്ചപ്പോൾ മോതിരം കിട്ടുകയും, അത് കൊണ്ട് മണപ്പുറം ഫിനാൻസിൽ പണയം വെക്കാൻ കൊണ്ടൊവുകയും, പ്രശ്നം ആകുകയും, ദുഷ്യന്തന്റെ മുന്നിൽ എത്തിക്കുകയും, മോതിരം കണ്ടപ്പോൾ ശകുന്തളയെ ഓർമ്മ വരികയും ചെയ്തത്.
ദുഷ്യൻ ഉടനെ കണ്വന്റെ വീട്ടിൽക്ക് ചെന്ന് ശകുന്തള എവിടെ എന്ന് ചോദിച്ചു
പക്ഷെ കണ്വൻ കൈ മലർത്തി കാണിച്ചു.
ദുഷ്യന്തൻ നിരാശനായി തിരിച്ചു പോയി.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു, ആ വർഷം ജൂൺ, ജൂലൈ ഓഗസ്റ്റ് മാസമായി. ദുഷ്യന്തന്റെ നാട്ടിൽ മഴ പെയ്തില്ല.
മഴ പെയ്യിക്കാൻ ഇന്ദ്രന്റെ അടുത്ത് റെക്കമെന്റ് ചെയ്യിക്കാൻ ദുഷ്യന്തൻ ദേവേന്ദ്രന്റെ അച്ഛൻ കശ്യപനെ കാണാൻ ചെന്നു.
അങ്ങിനെ അവിടെ കശ്യപന്റെ ഓഫീസ് റൂമിന്റെ മുന്നിൽ കാത്തിരിക്കണ നേരത്താണ് ഒരു ബോൾ മിറ്റത്ത് വന്ന് വീണത്…….
ദുഷ്യന്തൻ ചെന്ന് ആ ബോൾ എടുത്തു…..
“എന്റെ ബോള് താതാ…”
ദുഷ്യന്തൻ തിരിഞ്ഞു നോക്കി…
ഒരു ചെറ്യേ ചെക്കൻ….
കശ്യപൻ ആള് കൊള്ളാലോ ഈ പ്രായത്തിലും…., എന്ന് മനസ്സിൽ ആലോചിച്ച് നിന്നപ്പോൾ ആ ചെക്കൻ വീണ്ടും പറഞ്ഞു……
“പഞ്ഞത് കേട്ടില്ല്യേടാ ബോള് കള്ളാ .. എന്റെ ബോള് താതാ….”
“ഉണ്ണി…. നിന്നോട് പറഞ്ഞിട്ടില്ലേ അങ്ങിനൊന്നും പറയല്ലെന്നു…”
എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീയെ കണ്ട ദുഷ്യന്തൻ വിളിച്ചു….
“ശകുന്തളേ”
“ഇപ്പൊ ഓർമ്മ വന്നു അല്ലേ……”
“ഉവ്വ്…. മോതിരം കിട്ടി…..”
“മ്മ്…..”
“ഇത് ???”
ചെക്കനെ ചൂണ്ടി ദുഷ്യന്തൻ ചോദിച്ചു…..
“മ്മട്യന്ന്യാ”
“ബെസ്റ്റ്….. ഇവൻ നല്ല സംസ്കാര സമ്പന്നനാണല്ലോ”
അപ്പോളേക്കും കശ്യപൻ പുറത്തേക്ക് വന്നു.
അങ്ങിനെ മഴേടെ കാര്യം സെറ്റാക്കി ദുഷ്യന്തൻ ശകുന്തളേം ക്ടാവിനേയും കൊണ്ട് കൊട്ടാരത്തിലേക്ക് തിരിച്ചു.
അന്ന് രാത്രി, തകർത്തു പെയ്യുന്ന മഴ കണ്ട് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിൽക്കുകയായിരുന്ന ദുഷ്യന്തന്റെ കാതിൽ ശകുന്തള കാതരയിയായി മന്ത്രിച്ചു……
“ദുഷ്യേട്ടാ…… ഞാൻ ഒറങ്ങാൻ പോവാ, ഒരു പന്ത്രണ്ട് മണിയാകുമ്പോ ചെക്കനെ കൊണ്ടോയി മൂത്രൊഴിപ്പിക്കണം. അല്ലെങ്ങെ അവൻ കെടക്കേല് മുള്ളും, ഇത്രനാളും അവൻ പായേല് കെടന്ന് മുള്ള്ണ്ടാർന്ന പോലെ ആവില്ല്യല്ല്യല്ലോ കെടക്കേല് മുള്ളിയാൽ .

