“എത്ര കോടാനുകോടി മരങ്ങളാണ് ഈ ഭൂമിയിൽ! ഓരോന്നിനും ഓരോ ഛായ. പടച്ചോന്റെ കുദ്രത്ത് കണ്ടോ!”
ഉമ്മ മരങ്ങളെപ്പറ്റി വാചാലയായി.
ഒച്ചയും പടയും ഒഴിഞ്ഞ ഒരു വൈകുന്നേരം. ചെടികൾ നനയ്ക്കാനിറങ്ങിയതാണ്. വയനാട്ടിലേക്ക് വന്ന അന്നുമുതലേ എനിക്കുള്ള സംശയമാണ്, ഇവിടെ പുലിയിറങ്ങുമോ എന്നത്. നാടുമൊത്തം പുലിയുടെയും ആനയുടെയും ഭീതിയിൽ കഴിയുന്ന സമയം. ലോക്കൽ ന്യൂസ് എടുത്താൽ വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ആളുകളുടെ പ്രതിഷേധങ്ങൾ, ഒന്നും ചെയ്യാനാകാതെ സർക്കാർ വകുപ്പുകൾ. എല്ലാം കൂടി എന്റെയുള്ളിലും ചെറിയൊരു ഭയം ഉടലെടുത്തിട്ടുണ്ട്. എനിക്കിപ്പോൾ കാടിനോടുള്ള റൊമാൻസൊക്കെ പോയി, ഭീതി മാത്രമാണുള്ളത്.

എന്റെ നാട്ടിലായിരുന്നപ്പോൾ ഞാൻ ഒറ്റയ്ക്കും കൂട്ടമായും എല്ലാ ഊടുവഴികളിലൂടെയും നടക്കാനിറങ്ങാറുണ്ട്. പക്ഷേ, ഇവിടെ എത്തിയതിൽപ്പിന്നെ അത്ര ധൈര്യപ്പെട്ട് ഞാനിറങ്ങിയിട്ടേയില്ല. ചില വൈകുന്നേരങ്ങളിൽ ചെടികൾ നനയ്ക്കാനും, വളരെ അപൂർവമായി മക്കളെയും കൊണ്ട് കാറ്റുകൊള്ളാനും മുറ്റത്തേക്കിറങ്ങും. അത്രമാത്രം.
കാട്ടുപന്നിയോ പുലിയോ ആനയോ വല്ലതും ഉണ്ടോ എന്നറിയാൻ ഞാൻ ചുറ്റുമൊന്ന് നോക്കി. ഏയ്, വീടിന് പുറകിലായി ചുറ്റിനും തേയിലമലകളാണ്. ഇവിടെ പുലിയിറങ്ങാൻ സാധ്യതയില്ലെന്ന് കരുതി മനസ്സിനെ ഒരുവിധം സമാധാനപ്പെടുത്തുന്നതിനിടയിലാണ് ഉമ്മ പറഞ്ഞത്:
“പുലിയാണോന്ന് ഒന്നും അറയൂല, എന്തോ ഒന്ന് വന്ന്ക്ക്. കോഴിക്കളെല്ലാം ഭയങ്കര ഒച്ചണ്ടാക്കീക്ക്.”
“ന്റല്ലാഹ്! ഇവിടെ എങ്ങനെ പുലി വരാനാണ്? എവിടെനിന്ന് വരാനാണ്?” മിടിപ്പ് കൂടി ഇടിച്ച ഹൃദയത്തെ ഒരുവിധം പിടിച്ചുനിർത്തി ഞാൻ ചോദിച്ചു.

“ആ കാണുന്നതെല്ലാം കാടല്ലേ?”
അങ്ങുദൂരെ കാണിച്ച് ഉമ്മ പറഞ്ഞു.
ശരിയാണ്. മഞ്ഞുള്ള പ്രഭാതങ്ങളിലും കോടയിറങ്ങിയ വൈകുന്നേരങ്ങളിലും ഞാനാസ്വദിച്ച പച്ചപ്പും ഹരിതാഭയുമുള്ള മലനിരകൾ കൊടുംകാടല്ലാതെ പിന്നെയെന്താണ്? അതോർത്തപ്പോൾ എനിക്ക് കുറ്റബോധം തോന്നി.
വശ്യത തുളുമ്പുന്ന നിഗൂഢതയാണ് കാടിന്റെ മേലാട. മനോഹാരിതയ്ക്കൊപ്പം ഭയത്തിന്റെ പാടും അതിലുണ്ട്.
കുഞ്ഞോം കാട്
കല്യാണം പറഞ്ഞുറപ്പിച്ച അന്ന് ഉപ്പാന്റെ ജ്യേഷ്ഠൻ തിരികെ വീട്ടിലെത്തിയപ്പോൾ എനിക്ക് ആദ്യം പറഞ്ഞുതന്ന വിശേഷം കുഞ്ഞോത്തെ കാടിനെക്കുറിച്ചായിരുന്നു. മൂപ്പര് കുറെക്കാലം കുഞ്ഞോം ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. വയനാടിന് സവിശേഷമായ കാടിന്റെ സൗന്ദര്യം കുഞ്ഞോമിലുണ്ടെന്ന് അന്നെനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. പൊതുവെ കാടും മേടും ഇഷ്ടപ്പെടുന്ന എനിക്ക് അതുകേട്ട് സന്തോഷം തോന്നി.

പക്ഷേ, കുഞ്ഞോത്തെ വിശേഷവും ചരിത്രവും അവിടെ തീർന്നില്ല.
പണ്ട്, പണ്ട്, വളരെ പണ്ട് ഇവിടെ ‘തിരുമരുതൂർ’ എന്നൊരു നഗരമുണ്ടായിരുന്നുവത്രെ. വയനാടൻ ഉത്പന്നങ്ങൾ വാങ്ങാനും കടലോര ഉത്പന്നങ്ങൾ വിൽക്കാനും ഒരുപാട് കച്ചവടക്കാരും പല ദേശക്കാരും വന്നുപോയിക്കൊണ്ടിരുന്ന നഗരം.
വയനാട്ടിലെ ആദ്യ കുടിയേറ്റ പ്രദേശങ്ങളിലൊന്നായ കുഞ്ഞോത്തേക്ക് കണ്ണൂരിൽ നിന്നെല്ലാം കുടിയേറ്റക്കാർ നടന്നുകയറിയത് ഈ കാടിനുള്ളിലൂടെയായിരുന്നു. കുഞ്ഞോത്തെ കാട്ടിനുള്ളിൽ കണ്ണൂരിലേക്കുള്ള എളുപ്പവഴിയുണ്ട്. അതുകൊണ്ടുതന്നെയാണ് കണ്ണൂരിൽനിന്ന് പഴശ്ശി വയനാട് വെട്ടിപ്പിടിക്കാനായി ഈ വഴി കയറി കുങ്കിച്ചിറയ്ക്കടുത്ത് തമ്പടിച്ചതും.
ഇന്നാ വഴികളെല്ലാം മരങ്ങളാൽ മൂടി ഒരു കൊടുംവനമായി മാറിയിരിക്കുന്നു.

വനാതിർത്തി കാക്കുന്നവണ്ണം കുങ്കിച്ചിറയിൽ ഒരു സ്ത്രീയുടെ പ്രതിമ കാണാം. വശ്യസുന്ദരി തന്നെ! കണ്ട മാത്രയിൽത്തന്നെ ഞാൻ നോക്കിയുറപ്പിച്ചു. പ്രദേശത്തെ നാടുവാഴിയുടെ മകളായ കൊടുമല കുങ്കിയാണ് കൊടയും ചൂടി ചിറയ്ക്കു നടുവിൽ നിൽക്കുന്നത്. കുങ്കിക്കുവേണ്ടി ആങ്ങളമാർ പണികഴിപ്പിച്ചതാണ് കുങ്കിച്ചിറയെന്നു കേട്ടുപഴകിയ കഥകളുമുണ്ട്.
ഏറ്റവും കൗതുകം തോന്നിയത് പടിഞ്ഞാറുള്ള അറബിക്കടലിലും കിഴക്കുള്ള ബംഗാൾ ഉൾക്കടലിലും വരെ ചെന്നെത്തുന്ന നീണ്ട ബന്ധമാണ് കുങ്കിച്ചിറയ്ക്കുള്ളത്.
കൃത്യമായി പറഞ്ഞാൽ, രണ്ട് പുഴകളുടെ ഉത്ഭവം ഇവിടെനിന്നാണ്. ഒന്ന് മയ്യഴിപ്പുഴയുടേത്. മറ്റൊന്ന് കൈവഴികളിലൂടെ ഒഴുകി കബനിയായി കാവേരിയിൽ ചേർന്ന് ബംഗാൾ ഉൾക്കടലിലെത്തുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ തലകാവേരി എന്നും ഇതറിയപ്പെടുന്നുണ്ട്.

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ച ആരുംതന്നെ മയ്യഴിയെയും അതിന്റെ തീരങ്ങളെയും സ്നേഹിക്കാതിരുന്നിട്ടുണ്ടാവില്ല.
ഇന്റേൺഷിപ്പിനായി കാസർഗോഡ് പോകുന്ന സമയത്ത് ട്രെയിൻ മാഹി സ്റ്റേഷനിലെത്തുമ്പോഴെല്ലാം എല്ലാം മറന്ന് അവിടെയിറങ്ങാനുള്ള വശ്യത ‘മാഹി’ എന്നെഴുതിയ കറുപ്പിലും മഞ്ഞയിലുമുള്ള ആ ബോർഡിനുണ്ടായിരുന്നു. ആത്മാക്കൾ തുമ്പികളെപ്പോലെ പറന്നുകളിക്കുന്ന വെള്ളിയാംകല്ല് കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നതുമാണ്.
എന്നിരിക്കെ, ഞാനിപ്പോൾ എത്തിപ്പെട്ടതോ അതിന്റെ ഉത്ഭവസ്ഥാനത്തിലും!
എനിക്കത്ഭുതം തോന്നി.

ഹെറിറ്റേജ് വാക്കിന് പറ്റിയ നടവഴികളും പൈതൃകവുമാണ് കുഞ്ഞോമിനുള്ളത്. വീട്ടിൽനിന്ന് കുങ്കിച്ചിറയിലേക്ക് പോകുംവഴി നാനൂറിലേറെ വർഷം പഴക്കമുള്ള കുഞ്ഞോം പള്ളി കാണാം. വയനാട്ടിലെത്തന്നെ ആദ്യ പള്ളികളിലൊന്ന്.
റോഡിന്റെ ഇരുവശത്തുമായി നിറയെ കൃഷികളുണ്ട്. റോഡിനവസാനം കുങ്കിച്ചിറയും മ്യൂസിയവുമാണ്. അതിനപ്പുറത്തേക്ക് വലിയ മരങ്ങളുള്ള, ഔഷധസസ്യങ്ങളുടെ കലവറയായ ഘനഗാംഭീര്യമുള്ള കാടും.

കുഞ്ഞോം പേരിൽ മാത്രമേ കുഞ്ഞേതുള്ളൂ. ചരിത്രത്തിലും പൈതൃകത്തിലും ഇമ്മിണി വലിയത് തന്നെ!
“ഇങ്ങി മൾബറി ണ്ടായത് കണ്ട്ക്കോ?”
ഉമ്മ വിളിച്ചുചോദിച്ചതും ആദ്യമായുണ്ടായ മൾബറി പറിച്ച് കയ്യിൽ തന്നതും ഒരുമിച്ചായിരുന്നു.
കാടിനോടുള്ള റൊമാൻസിനെ പേടി ബാധിച്ചിട്ടുള്ളൂ. വീട്ടിലെ മൾബറി നുണഞ്ഞു ഞാൻ ആ സായാഹ്നം നടന്നുതീർത്തു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *