ആകാശപ്പരപ്പിൽ തെന്നിനീങ്ങുന്ന മേഘങ്ങളെ അവളെന്നും കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട് ,അവരോട് സംസാരിക്കാറുണ്ട് .അലറിത്തിമർത്തുപെയ്തമഴ തെല്ലൊന്നുശാന്തമായതുപോലെ ,സൂര്യമുഖം മേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുമ്പോൾ പകലും പിണങ്ങി ഇരുട്ടുമൂടിനിൽക്കുന്നു .കാറ്റിന്റെ നേർത്തയൊച്ചയ്ക്കൊപ്പം തലയാട്ടുന്ന മരങ്ങളിൽ കുളിരുമായ് കുറുകുന്ന പക്ഷികളുടെ കൂജനം ഇടയ്ക്കിടയ്ക്ക് മർമ്മരങ്ങളായ് ഉയരുന്നുഅച്ചു കുളികഴിഞ്ഞു വന്നിട്ടും തലയിൽ തേച്ചുപിടിപ്പിച്ച കാച്ചെണ്ണയുടെ സുഗന്ധം ആ മുറിയിൽ നിറഞ്ഞുനിന്നിരുന്നു,തുവർത്തഴിച്ചു മുടി കുടഞ്ഞിടുമ്പോഴും ആ ഗന്ധം അവൾ ആസ്വാധിക്കുകയായിരുന്നു .

ആദ്യമൊക്കെ ആ മണത്തോട് പൊരുത്തപ്പെടാൻ അവൾക്കു കഴിഞ്ഞിരുന്നില്ല.പിന്നാലെകൂടി മുടിയിൽ എണ്ണ തേച്ചുപിടിപ്പിക്കുമ്പോൾ അവൾക്കു അമ്മയോട് ദേഷ്യമായിരുന്നു .പക്ഷെ തന്റെ മുടിയഴകിൽ അസൂയയോടെ നോക്കുന്ന കൂട്ടുകാരികളെകാണുമ്പോൾ അവൾ അഭിമാനപൂർവ്വം പറയും ഇതെന്റെ അമ്മയുടെ സ്‌പെഷ്യൽ കാച്ചെണ്ണയുടെ ഗുണമാണെന്നു.മുടിയിലെ ഈറൻ കൈകൾ കൊണ്ട് തട്ടിക്കളഞ്ഞു ജാലകം തുറന്നവൾ തന്റെ ചെറിയ പൂന്തോട്ടത്തിലേക്കുനോക്കിനിന്നു..രാവിലെ പെയ്ത മഴയിൽ തലകുമ്പിട്ടുനിൽക്കുന്ന പൂക്കളെ, ഇലകളിൽ ഇനിയുമടരാതെ പറ്റിച്ചേർന്നിരിക്കുന്ന മഴത്തുള്ളിയെ കൗതുകത്തോടെ അവൾ നോക്കിനിന്നു.”മോളെ അച്ചൂ ….”വിളികേട്ടവൾ ചുവരിലെ ഘടികാരത്തിലേക്കു നോക്കി .ദൈവമേ സമയം ഇത്രയുമായോ !!ശോ !ഈ ക്ലോക്കിന് ഒന്നുപതുക്കെ കറങ്ങിക്കൂടെ എന്തിനാ ഇങ്ങനെ സൂപ്പർഫാസ്റ്റുപോലെ ഓടുന്നെ .അല്ലങ്കിലും അവൾക്കെന്നും ഘടികാരങ്ങളോട് കലഹമാണല്ലോ .”വരുന്നുണ്ടോ ഇങ്ങോട്ട് ..ഒരു മണിക്കൂറായി കണ്ണാടിക്കു മുന്നില്‍ ഒരുങ്ങാന്‍ തുടങ്ങിയിട്ട് ” .”ദേ വരുന്നൂ ഡാഡി ഒരു മിനിറ്റ് ……..”ഹോ ! ഈ ഡാഡിയെക്കൊണ്ട് തോറ്റൂ ..പെട്ടന്നവൾ മുടിചീകി കണ്ണാടിയിൽ ഒട്ടിച്ചുവച്ചിരുന്ന പൊട്ടെടുത്ത് നെറ്റിയിൽ ചാർത്തി വെളിയിലേക്കു വന്നു”എനിക്ക് രാവിലെ ഒരു മീറ്റിങ്ങുണ്ട്‌ .

ഇപ്പോതന്നെ സമയം കഴിഞ്ഞു .””ഞാനെത്തീ …””അതേ പെമ്പിള്ളാരായാൽ ‍ ഒരുങ്ങി സുന്ദരിയായി നടക്കണം . ഇല്ലങ്കില്‍ കോളേജിൽ ഒരു വിലകാണില്ലന്നേ..”അവൾ അദ്ദേഹത്തിൻറെ പാത്രത്തിൽനിന്നും ഒരുഇഡ്ഡലി മുറിച്ചു ചട്നിയില്‍ മുക്കി വായിൽ വച്ചു..”കെട്ടിക്കാറായി ….ഇപ്പോഴും കൊച്ചുകുഞ്ഞെന്നാ പെണ്ണിന്റെ വിചാരം .”ചായയുമായി വന്ന അമ്മയുടെ വാക്കുകൾ ‍ കേട്ട് ഗോഷ്‌ടികാട്ടി ‍പിന്നെയും ഡാഡിയുടെ പാത്രത്തിൽ നിന്നുതന്നെ എടുത്തുകഴിച്ചു .”അല്ല കളക്ടര്‍ സാറേ ……വലിയ എഴുത്തുകാരനായ ഡാഡിക്ക് ഈ അരസികയായ അമ്മയെ എങ്ങനെകിട്ടി .അമ്മ ഒരു പുസ്തകം വായിക്കുന്നതുപോലും ഞാന്‍ കണ്ടിട്ടില്ല” .ഇന്ദു മകളെയൊന്നു നോക്കി …..”എന്നാലും എന്റെ അമ്മ പാവമാ ……..സുന്ദരിയമ്മ ഉമ്മ “അവള്‍ അമ്മയ്ക്ക് കെട്ടിപ്പിടിച്ചു ഒരു ഉമ്മകൊടുത്തു ബാഗുമെടുത്ത് കൈവീശി കാറിനടുത്തേക്ക് നടന്നു.ഡാഡിയുടെ സാരഥിയെ കണ്ടില്ലല്ലോ ?അപ്പോഴാണ് ജോസ് വന്നിട്ടില്ലെന്ന് നന്ദനും അറിഞ്ഞത്.നന്ദന്റെ ബാല്യകാലസുഹൃത്തും മനസാക്ഷിസൂക്ഷിപ്പുകാരനുമാണ് ജോസ് ,ആ കുടുംബത്തിലെ ഒരംഗവും .

ഇന്ദുവിന്‌ ജോസ് തന്റെ സ്വന്തം സഹോദരനുമാണ് .ഫോൺബെൽ കേട്ട് ഇന്ദു ഫ്രിഡ്ജിനുമുകളിൽ വച്ചിരുന്ന ഫോണിനടുത്തേക്കു നീങ്ങിമുത്തച്ഛനായിരിക്കും ,അച്ചുവും ഇന്ദുവിനടുത്തെത്തിഅല്ല ആലീസാഎന്തേ ചേച്ചിജോസിനു സുഖമില്ലെന്നും വണ്ടിയെടുക്കാൻ എത്തില്ലെന്നും ആലീസ് ഇന്ദുവിനെധരിപ്പിച്ചു.അപ്പോഴേയ്ക്കും നന്ദൻ റെഡിയായി വെളിയിലേക്കിറങ്ങി .എറണാകുളം ജില്ലാകളക്ടറും അറിയപ്പെടുന്ന സാഹിത്യകാരനുമാണ് അച്ചുവിന്റെ ഡാഡി നന്ദഗോപൻ.നിരവധി കഥാസമാഹാരങ്ങളുടെയും നോവലുകളുടെയും രചയിതാവ് .കേന്ദ്ര,സംസ്ഥാന സാഹിത്യാക്കാഡമിയവാർഡുകള്‍ കൂടാതെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ആദരണീയവ്യക്തിത്വം .ഡാഡി ഞാനും വരുന്നുണ്ടൊപ്പം ,കോളേജുവഴി പോകാൻ കഴിയില്ല മോളെ ഇപ്പോൾ തന്നെ താമസിച്ചു .ജോസിന്റെയടുത്തുമൊന്നു കയറണം .”വേണ്ടഡാഡി എന്നെ കലൂര്‍ ഇറക്കിയാമതി .

എനിക്ക് രാധിക ആന്റിയെ ഒന്നുകാണണം . നിമ്മി ആന്റിയോടൊപ്പം മലയാളഭൂമിയില്‍ ഉണ്ടാകുമെന്ന് പറഞ്ഞു .”അച്ചുവിന്റെ പ്രിയപ്പെട്ടകൂട്ടുകാരിയാണ് നിമ്മി .അച്ചു,നിമ്മി,ഹെലൻ,റസിയ ,കാർത്തിക .പഠനത്തിലും പഠനേതരവിഷയങ്ങളിലും ഒരു പോലെ മുന്നിലുള്ളവർ,പഞ്ചഭൂതങ്ങളെന്നാണ് കോളെജിൽ ഇവരറിയപ്പെടുന്നത് .നന്ദൻ തന്നെയാണ് വണ്ടിയോടിച്ചത് ,തൊട്ടടുത്തുള്ള ജോസിന്റെ വീടിനുമുന്നിൽ ആ വണ്ടി നിന്നു .വണ്ടിയിൽനിന്നും വെളിയിലേക്കിറങ്ങിയ നന്ദനെ കണ്ട് ജോസ് മുറ്റത്തേക്ക് ഇറങ്ങിഎന്തുപറ്റിയെടാ …ചെറിയ വയറുവേദന .എന്നാ വാ ഞാൻ ഹോസ്പിറ്റലിനടുത്തു ഇറക്കാം .വേണ്ടാ ,ഞാൻ തനിയെ പൊയ്ക്കോളാംആലീസേ പോയില്ലെങ്കിൽ എന്നെ വിളിച്ചു പറയണം .

ഹോസ്പിറ്റൽ എന്ന് കേൾക്കുന്നതേ അലർജിയാ ഇവന് ഒരു മീറ്റിങ്ങ് ഉണ്ട് ഇല്ലെങ്കിൽ വലിച്ചെടുത്തു കൊണ്ടുപോയേനെ ഞാൻ.അപ്പോഴേയ്ക്കും ജോസിന്റെ മകൾ ഷൈനിയും കോളജിൽ പോകാൻ പുറത്തേക്കു വന്നു.ആഹാ ,മോള് ഇറങ്ങിയില്ലേ ,അങ്കിളിനൊപ്പം പോരെ ,കലൂരിറക്കാം .വേണ്ടങ്കിളേ ഞാൻ ബസ്സിൽ പോകാം .പോയി കാറിൽക്കയറടിനന്ദന്റെ കൃത്രിമ ദേഷ്യം കണ്ട് ചിരിയോടെയവൾ കാറിനടുത്തേക്ക് നടന്നു.കൂട്ടുകാരനെ തിരിഞ്ഞു നോക്കി നന്ദൻ കാറിനടുത്തേക്കു നടന്നു.അകലുന്ന കാറിനെ നോക്കി ജോസ് മുറ്റത്തുതന്നെ നിന്നു .അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നന്ദനും ജോസും ആദ്യമായ് കാണുന്നത് .ഒരേബഞ്ചിൽ അടുത്തടുത്തിരുന്നവർക്ലാസ്സിലെ സമർത്ഥരായ വിദ്യാർത്ഥികളിൽ അവരുമുണ്ടായിരുന്നു..

മലയോരകർഷക കുടുംബത്തിൽ നിന്നുവന്ന ജോസിന് ഉച്ചഭക്ഷണം കിണർവെള്ളം മാത്രമായിരുന്നു .ആരുടേയും ശ്രദ്ധയിൽപ്പെടാതെ കറങ്ങിത്തിരിഞ്ഞു വെള്ളവും കുടിച്ചെത്തുന്ന ജോസിനെ പിന്തുടർന്ന് അവൻ ആഹാരം കഴിക്കുന്നില്ലെന്നു നന്ദൻ മനസിലാക്കി .അടുത്ത ദിവസം മുതൽ തനിക്കുള്ള ആഹാരത്തിൽ നിന്നും നേർപകുതി ജോസിനായ് നന്ദൻ നീക്കിവച്ചു .ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് ഒരു പാത്രത്തിൽ നിന്നും രണ്ടുപേരും ഒരുമിച്ചു കഴിച്ചുതുടങ്ങി .പഠനവിഷയങ്ങളിലെന്നപോലെ എന്തിലും ഒന്നാമനാകാനായിരുന്നു നന്ദൻ ഇഷ്‌ടപ്പെട്ടിരുന്നത് .ഒരിക്കലും മറ്റാരും തനിക്കുമുന്നിലെത്തുന്നത് അവനു സഹിക്കാൻ കഴിയുമായിരുന്നില്ല.എല്ലാ പരീക്ഷകളിലും അവനിൽ നിന്നും മാർക്ക് കുറഞ്ഞിരിക്കാൻ ജോസ് എപ്പോഴും ശ്രദ്ദിച്ചിരുന്നു.ഒരിക്കൽ ക്ലാസ്സിലെ മറ്റൊരു സമർത്ഥനായ വിദ്യാർത്ഥിയുടെ നോട്ട്ബുക്ക് നന്ദനെടുത്തു തൊട്ടടുത്തുള്ള കുറ്റികാട്ടിൽ കളഞ്ഞു.

തേടലിനൊടുവിൽ നന്ദൻ പിടിക്കപ്പെടുമെന്നു ആയപ്പോൾ ജോസ് ആ കുറ്റം സ്വയം ഏറ്റെടുത്തു.അന്നുകൊണ്ട അടിയുടെ അടയാളം ഒരു ഓർമ്മപ്പെടുത്തൽ പോലെ കൈകളിൽ ഇപ്പോഴും തെളിഞ്ഞു കാണാം ,അവനാ പാടുകളിൽ വെറുതെ വിരലോടിച്ചുആ സംഭവത്തിനുശേഷം ഒരു കൂടപ്പിറപ്പെന്നപോലെ നന്ദൻ ജോസിനെ ഒപ്പം കൂട്ടി.പാതിവഴിയിൽ പഠിപ്പ് നിന്നപ്പോഴും താങ്ങായി നന്ദൻ ഉണ്ടായിരുന്നു .ചെറുപ്പത്തിൽത്തന്നെ പേരുകേട്ട സാഹിത്യകാരനായ് മാറിയ നന്ദന്റെ യാത്രകളിൽ സാരഥിയായി ജോസ് കൂടെയുണ്ടായിരുന്നു .ആരിലും അസൂയ ഉളവാക്കുന്ന കൂട്ടുകെട്ടായി അതിന്നും നിലനില്ക്കുന്നു .നാളെയല്ലേ അവാർഡുദാനം ,നിങ്ങളുടെ പ്രിയപ്പെട്ട കവയിത്രി{കവി }ഇതിനെങ്കിലും എത്തുമോ”അനാമിക ”.വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.ഇത്രയും വലിയ അവാർഡുതുകയും ,അതുനല്കുന്ന പ്രശസ്തിയും അവരാരായിരുന്നാലും ഉപേക്ഷിക്കാൻ ആകുമോ ?പലരും മറച്ചുവയ്ക്കുന്നെങ്കിലുംനന്ദനുൾപ്പെടെയുള്ള ആരാധനാവൃന്ദത്തിന്റെ മോഹവും അനാമികയെ ഒന്നുകാണുകയെന്നതാണ്”പക്ഷെ അനാമികയുടെ കവിതകള്‍ മലയാളഭൂമിയില്‍ മാത്രമേ വരുന്നുള്ളൂ .

അപ്പോഴവിടെ ആര്‍ക്കോ അവരുമായി അടുത്ത ബന്ധമുണ്ട്””ഒരു പിടിയുമില്ല ,ആന്റിക്ക് അറിയാമെന്നുതോനുന്നു പക്ഷേ പറയില്ല.നിമ്മി ഒരുപാട് ശ്രമിച്ചുനോക്കി …….ഒരുതുമ്പും കിട്ടിയില്ല ..”അനാമിക നാമമില്ലാത്തവള്‍ഇനി നിന്റെ രാധികയാന്റി തന്നെയാകുമോ ഈ ‘അനാമിക ‘.”‘ഹേയ്’ ……….. അതാവില്ല.'”അറിയപ്പെടുന്ന ജേര്‍ണലിസ്റ്റായ ആന്റിയൊരിക്കലും തന്റെ പേരുമറച്ചുവച്ചു എഴുതില്ല .ഇവിടുത്തെ എല്ലാ രാഷ്ട്രീയക്കാർക്കും പേടിസ്വപ്‌നം.എവിടെയും ഒറ്റയ്ക്ക് യാത്രകള്‍ഒന്നിനെയും കൂസാത്ത പ്രകൃതം .അപ്പോളൊരിക്കലും രാധികാമേനോനല്ല അനാമിക’ .ആരായിരിക്കും ഈ അനാമിക’ ……നിഗൂഢതകൾ പേറി എന്തിനായിരിക്കും അവർ മറഞ്ഞിരിക്കുന്നത് .

നാളെ സാഹിത്യാക്കാടമിഹാളില്‍ മന്ത്രിയില്‍നിന്ന് ആരായിരിക്കുമവരുടെ പുരസ്കാരം ഏറ്റുവാങ്ങുക.എല്ലാത്തിനുമുള്ള ഉത്തരം ചിലപ്പോൾ ലഭിക്കുമെന്നു വിശ്വസിക്കാം”ഡാഡിയും ചടങ്ങില്‍ ഉണ്ടല്ലോ .ആശംസാപ്രാസംഗികനായി ,നമുക്ക് കാത്തിരിക്കാം..സംസാരത്തിനിടയിലും അവളുടെ കണ്ണുകൾ ആരെയോ തിരിഞ്ഞു ഇടയ്ക്കിടെ വെളിയിലേക്കു പായുന്നുണ്ടായിരുന്നുകലൂർ ബസ്റ്റാന്റിനോട് ചേർന്നുള്ള ഫുട്പാത്തിലൂടെ കലപിലകൂട്ടി നടന്നുപോകുന്ന കൂട്ടുകാരികളെ അവൾകണ്ടൂ .ഡാഡി എന്നെ ഇവിടെയിറക്കിയേരെ .ആഹാ പെൺപടയെല്ലാം ഉണ്ടല്ലോ ,അരികുചേർത്തു കാർ നിർത്തുമ്പോൾ ചിരിയോടെ അയാൾ പറഞ്ഞു.

പെൺകുട്ടികളുടെ ബഹളങ്ങളിൽ കൗതുകത്തോടെ നോക്കിനിൽക്കുന്ന വഴിയാത്രക്കാരിലായിരുന്നു അയ്യാളുടെ ശ്രദ്ദ .കാറിൽനിന്നുമിറങ്ങി കൂട്ടുകാരികളുടെ ഒപ്പം ചേരുമ്പോഴും മറ്റാർക്കോവേണ്ടി അച്ചുവിന്റെ കണ്ണുകൾ പരതിനടന്നു .പലപ്പോഴും അവൾ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.കരയിൽപിടിച്ചിട്ടമീനിനെപ്പോലെ തുടിക്കുന്ന മിഴികൾ മറ്റാരും കണ്ടില്ലചാവറ ബില്ഡിങ്ങിന്റെ സൈഡിൽ നിൽക്കുന്ന രാഹുലിനെ ദൂരെനിന്നേ അവൾകണ്ടൂ .കൃത്രിമഗൗരവം മുഖത്തുവരുത്തി അവളവനെ കടന്നുപോയി.സ്കൂൾ പഠനകാലത്തുതുടങ്ങിയ ഇഷ്‌ടമാണ്‌ ,അവരുടേത് .എപ്പോഴോ അവരറിയാതെ ആ ഇഷ്‌ടം പ്രണയത്തിന്റെ വർണ്ണത്തേരിലേറിയതു പരസ്പരം പറയാതെ കൂട്ടുകാരാരുമറിയാത്ര മനസ്സുകളിൽ സൂക്ഷിക്കുകയാണവർ .മായാത്ത ചിരിയുമായി രാഹുൽ അവരെ അനുഗമിച്ചു .

എപ്പോഴൊക്കെയോ തമ്മിൽ കൂട്ടിമുട്ടുന്ന മിഴിമുനകളിൽ പുഞ്ചിരിപ്പൂക്കൾ നിറഞ്ഞുനിന്നിരുന്നുആധുനിക ഇന്റർനെറ്റ് യുഗത്തിലും പേപ്പറിൽ എഴുതുന്ന പ്രണയലേഖനങ്ങൾ പുസ്തകങ്ങൾക്കുള്ളിൽവച്ചു പരസ്പരം കൈമാറുന്നതിലായിരുന്നു അവർക്കു താല്പര്യം.അവരുടെ ഇഷ്‌ടങ്ങൾ ഒന്നായൊഴുകുന്നതുകൊണ്ടാകാം പ്രണയനദി കവിഞ്ഞൊഴുകിയത്.”അനാമിക”കുറച്ചു വര്‍ഷങ്ങളായി സാഹിത്യലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണത് . മലയാളഭൂമി പ്രസിദ്ധീക രണങ്ങളില്‍ മാത്രമേ അവരുടെ രചനകള്‍ പ്രത്യക്ഷ പ്പെടുന്നുള്ളൂ. സ്ത്രീയോ , അതോ പുരുഷനോ എന്നുപോലും ആര്‍ക്കുമറിയില്ല .പക്ഷേ അവരുടെ കവിതകള്‍ വയനാലോകത്ത് ചലനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു .

അവരുടെ രചനകള്‍ക്ക് കാത്തിരിക്കുന്നവര്‍വരെയുണ്ട് .മഹാരാജാസിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവരുടെ രചനകള്‍ ഒരു പുസ്തകമാക്കി . രാധിക മേനോനായിരുന്നു പുസ്തകപ്രകാശനത്തിന് കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കിയത്. .കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പല എഡിഷനുകളിലായി ലക്ഷത്തിനടുത്തു കോപ്പികള്‍ വിറ്റഴിഞ്ഞു .നിരവധി പുരസ്ക്കാരങ്ങള്‍ പുസ്തകം കരസ്ഥമാക്കിയെങ്കിലും , ഒരിക്കലും രചയിതാവെത്തി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയില്ല.വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുത്ത് പ്രസിദ്ധീകരിച്ച അനാമികയുടെ “ഹൃദയം പറഞ്ഞത്” എന്ന കവിതാസമാഹാരത്തിനാണ് ആ വർഷത്തെ മധുരം മലയാളം പുരസ്കാരം ലഭിച്ചത് . ഇനിയും സാന്നിധ്യം അറിയിക്കാത്ത രചയിതാവിന്റെ രചനയ്ക്ക് പുരസ്കാരം നല്കുമ്പോള്‍ ആളിനേക്കാള്‍ ഉപരി എഴുത്തിനെയാണ് ആദരിക്കുന്നതെന്നാണ് ജൂറി വിലയിരുത്തിയത് .

എല്ലാ കണ്ണുകളും ആകാംക്ഷയോടെ അന്നു വൈകിട്ടു നടക്കുന്ന പുരസ്കാരവിതരണം ഉറ്റുനോക്കിയിരുന്നു .സാഹിത്യ അക്കാഡമി പരിസരം ജനാവലിയാല്‍ നിറഞ്ഞു . പത്ര,ദൃശ്യ മാധ്യമങ്ങളുടെ സന്നാഹങ്ങള്‍ എല്ലാവരും തേടുന്നത് അനാമികയെ .പുരസ്കാരച്ചടങ്ങുകള്‍ ആരംഭിച്ചു .മുന്‍നിരയില്‍ അച്ചുവും അമ്മയുമുണ്ട്‌ . നന്ദഗോപന്‍ ,സാംസ്കാരിക വകുപ്പ്മന്ത്രി മറ്റു വിശിഷ്ടാതിഥികള്‍എല്ലാവരും വേദിയില്‍ സന്നിഹിതരാണ്‌.ശബ്ദസൗകുമാര്യം കൊണ്ട് ശ്രോതാക്കളെ കൈയിലെടുക്കുന്ന രാഹുൽതന്നെയായിരുന്നു അവതാരകൻ .അവന്റെ വാക്ധോരണിയിൽ അച്ചു അലിഞ്ഞിരുന്നുപോയി .എല്ലാവരും അനാമികയുടെ കവിതകളെ പുകഴ്ത്തി സംസാരിച്ചു . പുരസ്കാരവിതരണം ആരംഭിച്ചു .

മറ്റുവിഭാഗങ്ങളിലെ അവാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.’അടുത്തതായി “ഹൃദയം പറഞ്ഞത്” എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ് അനാമികയെ ക്ഷണിക്കുന്നു . ‘രാഹുലിന്റെ ഘനഗരംഭീര മധുരശബ്ദം മാറ്റൊലികൊണ്ടു .എല്ലകണ്ണുകളും ചുറ്റും പരതി .ആരും വരുന്നില്ല .അനാമിക ഈ ഹാളില്‍ ഉണ്ടെങ്കില്‍ ദയവായി വേദിയിലേക്ക് വരുക.ശബ്ദം മാത്രം സ്പീക്കറില്‍ക്കൂടി ഒഴുകിയെത്തുന്നു . എങ്ങും നിശബ്ദത .ആള്‍ക്കൂട്ടത്തില്‍നിന്നും ഒരു സ്ത്രീ മുന്നിലേക്കുവന്നു .അവര്‍ വേദിയിലേക്ക് നടന്നുകയറി . എല്ലാവരും ആകാംക്ഷയോടെ അവരെ ഉറ്റുനോക്കുന്നു .”ഞാന്‍….. ഞാനാണ് അനാമിക” .ക്യാമറകള്‍ മിന്നിത്തിളങ്ങി . അവര്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ തയ്യാറായിനിന്നു . പുരസ്ക്കാരസമര്‍പ്പണത്തിന് മന്ത്രി തുനിയുമ്പോള്‍ സദസ്സിൽ നിന്നൊരു ശബ്ദം”അല്ല ….നിങ്ങളല്ല അനാമികനിങ്ങളല്ല….. “അത് രാധികാമേനോനായിരുന്നു .ക്യാമറാക്കണ്ണുകൾ രാധികയിലേക്കു തിരിഞ്ഞു .

‘അപ്പോള്‍ നിങ്ങളാണോ അനാമിക’രാധികാമേനോൻ ഒന്നുംമിണ്ടാതെ സദസ്സിൽ തലതാഴ്ത്തിനിന്നു.’നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല കാരണം ഞാന്‍ ഞാനാണ് അനാമിക .ഈ പുരസ്ക്കാരം എനിക്കുള്ളതാണ്’വീണ്ടുമാ സ്ത്രീ പുരസ്കാരം ഏറ്റുവാങ്ങാൻ തയ്യാറായി .പ്ലീസ് അതുവാങ്ങരുത് !!”” നിങ്ങളല്ല അനാമിക ……..പ്ലീസ് അതുവാങ്ങരുത് !!”.”എങ്കില്‍ പറയൂ നിങ്ങളാണോ ? .അല്ലങ്കില്‍ നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ മറ്റൊരു മുഖമോ, പറയാന്‍ മറ്റേതെങ്കിലും പേരോ ഉണ്ടങ്കില്‍ പറയൂ .”രാധിക വേദിവിട്ടു വെളിയിലേക്കിറങ്ങി നടന്നു .”ശരി അപ്പോള്‍ ഞാനല്ലന്നു നിങ്ങള്‍ക്ക്‌ തെളിയിക്കാന്‍ ആകില്ല .നിങ്ങള്‍ കള്ളം പറഞ്ഞതാണ് .

ഈ പുരസ്ക്കാരം ഞാന്‍ ഏറ്റുവാങ്ങുന്നു” .അതുകേട്ടു ഒരു നിമിഷം രാധിക തിരിഞ്ഞുനിന്നു . പിന്നെ തിരികെ വേദിയിലേക്ക് നടന്നു . മുന്‍നിരയിലെത്തിയ രാധിക ഇന്ദുവിന്റെ കൈകള്‍ കവര്‍ന്നു ..”എന്നോട് ക്ഷമിക്കണം…..!!.””നിനക്ക് അവകാശപ്പെട്ടത് മറ്റൊരാള്‍ തട്ടിയെടുക്കുമ്പോള്‍ഇല്ല, എനിക്കാവില്ല അതുകണ്ടിരിക്കാന്‍.”ഇന്ദുവിന്റെ അടുത്തിരുന്ന അച്ചു ഒരു പകപ്പോടെ അമ്മയെ നോക്കി.പിന്നെ അച്ഛനെയും . ഒന്നും മനസിലാകാതെ നന്ദഗോപനും .രാധിക ഇന്ദുവിന്റെ കൈകളില്‍ പിടിച്ചു വേദിയിലേക്ക് നടന്നു .ഒരു പാവയെപ്പോലെ ഇന്ദു അവരെ അനുഗമിച്ചു .

.”ഇവള്‍ ഇന്ദുലേഖാ നന്ദഗോപന്‍………..””ഇവള്‍… ഇവളാണ് അനാമിക…………””എന്റെ പ്രീയപ്പെട്ട കൂട്ടുകാരി………..”വേദിയിലെ അമ്പരപ്പ് കാണികളിലേക്കും പടര്‍ന്നു . മരവിപ്പിൽ നിന്നുമുണർന്നു ഇന്ദു സദസ്സിനെ വണങ്ങി ,വേദിയിലെ വിശിഷ്ടവ്യക്തികളെയും .ഒരു നിമിഷം ആ കണ്ണുകള്‍ നന്ദഗോപനില്‍ തങ്ങിനിന്നു .മൗനം വാചാലമായ നിമിഷങ്ങൾ”ഞാന്‍ അനാമിക …………..””നിങ്ങള്‍ നല്കിയ സ്നേഹവാത്സല്യങ്ങള്‍ക്ക് , ,പ്രോത്സാഹനത്തിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ………”അത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേയ്ക്കും അവരുടെ കണ്ണുകൾ ചോർന്നൊലിച്ചുതുടങ്ങി .കൂട്ടുകാരിയുടെ കൈകളിൽ വീഴാതിരിക്കാനെന്നപോലെ മുറുകെപ്പിടിച്ചുക്യാമറകള്‍ പിന്നെയും മിഴിചിമ്മി . ഒപ്പം മൊബൈല്‍ ക്യാമറകളും.

രാധിക ഇന്ദുവിനെ ചേര്‍ത്തുപിടിച്ചു .”പൊറുക്കണം എനിക്കായില്ല നിനക്ക് തന്ന സത്യം പാലിക്കാന്‍”പിന്നില്‍ ഒരു കൈയടിശബ്ദം …….അവര്‍ …..അനാമികയെന്നു അവകാശപ്പെ ട്ട സ്ത്രീ ഒരു ചിരിയോടെ അവർക്കരുകിലേക്കു വന്നു .”ഞാന്‍ മഹാരാജാസിലെ മലയാളം അദ്ധ്യാപിക സുകന്യ.ശരിക്കുമുള്ള അനാമികയെ തിരിച്ചറിയാന്‍ വേണ്ടി കുട്ടികള്‍ ഒരുക്കിയ നാടകത്തില്‍ എന്റെ വേഷം കഴിഞ്ഞു . ഞാനും ഏറെ ആരാധിക്കുന്ന എഴുത്തുകാരിയെ അറിഞ്ഞതില്‍ ,കണ്ടതില്‍ സന്തോഷം ……അനുമോദനങ്ങള്‍ “.ആ കൈയടി സദസ് ഏറ്റെടുത്തിരുന്നു .”അല്ല……. ഞാന്‍ ഈ പുരസ്ക്കാരവുമായി കുറെ നേരമായി കാത്തുനില്ക്കുന്നു.ഇതങ്ങു വാങ്ങിയാല്‍ എന്റെ ജോലികഴിഞ്ഞു”.മന്ത്രി ഒരു ചിരിയോടെ ഓര്‍മ്മിപ്പിച്ചു .സാംസ്ക്കാരികമന്ത്രിയില്‍നിന്നും ഇന്ദു നിറഞ്ഞ കരഘോഷങ്ങള്ക്കി്ടയില്‍ പുരസ്കാരം ഏറ്റുവാങ്ങി .

വേദിക്ക് താഴെ കാത്തുനില്ക്കുന്ന അച്ചുവിന്റെ അടുത്തേക്ക്‌ നടന്നു . ആ പുരസ്കാരം കൈകളില്‍ വച്ചുകൊടുത്തുകൊണ്ട് അവളെ ചേര്‍ത്തുപിടിച്ചു. പിന്നെ ഹാളിനു വെളിയില്‍ അവരുടെ കാര്‍ ലക്ഷ്യമാക്കി നടന്നു .പത്ര,ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതെ അവര്‍ കാറിനുള്ളില്‍ കടന്നിരുന്നു . പിന്നില്‍ നന്ദഗോപനെയും മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി സമീപിച്ചെങ്കിലും അദ്ദേഹവും മറുപടി നല്കിയില്ല.കാര്‍ കളക്ടറുടെ ബംഗ്ലാവ് ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ പരസ്പരം ഉരിയാടാതെ മൌനത്തിന്റെ തുരുത്തുകളില്‍ അവര്‍ ഇരുന്നു . അച്ചു അപ്പോഴും അമ്മയുടെ കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു .ഇന്നലെ താന്‍ അരസികയെന്നു കളിയാക്കിയത് തന്റെ പ്രീയപ്പെട്ട എഴുത്തുകാരിയെ ആയിരുന്നോ…. !ഇത്ര അടുത്തുണ്ടായിട്ടുമറിയാതെപോയല്ലോ !എന്തുകൊണ്ടാണ് അമ്മ അനാമിക എന്നപേരില്‍ എഴുതിയത്……?അവളുടെ മനസ്സില്‍ ആയിരം ചോദ്യങ്ങള്‍.

കാര്‍ ഗേറ്റുകടന്നു പോര്‍ച്ചില്‍ എത്തി .നന്ദഗോപന്‍ കാറിൽനിന്നും ഇറങ്ങാൻ ആയില്ല.അച്ചു അമ്മയെയും കൂട്ടി മുറിയിലേക്കുനടന്നു.അമ്മയെ മുറിയിലാക്കി അവള്‍ തന്റെ മുറിയിലേക്കും .ജോസ് കാറിന്റെ താക്കോലുമായി നന്ദന്റെ അടുത്തെത്തിക്ഷമിക്കണം സർ ,ഇനി അങ്ങയുടെ ഡ്രൈവറായ് തുടരാൻ എനിക്കാകില്ല .ജോസേ …..ഞാൻ …വേണ്ടാ …ഒന്നുംപറയണ്ടാനിന്നെ എനിക്കറിയുന്നപോലെ മറ്റാർക്കുമറിയില്ലല്ലോപക്ഷേ നമ്മുടെ ഇന്ദുവിനോടും ….പറഞ്ഞുമുഴുവിക്കാതെതാക്കോൽ മടിയിലേക്കിട്ടുകൊടുത്തു് ജോസ് ഇരുട്ടിലേക്ക് നടന്നകന്നു .ജോസേ ……ദയനീയമായിരുന്നു ആ വിളി .ഇന്ദു കട്ടിലില്‍ ചാരിയിരുന്നു .ഇന്ന് അനാമികയുടെ മുഖംമൂടിയില്‍നിന്നും താന്‍ സ്വതന്ത്രയായി ………..ഇനി….ഓര്‍മ്മകള്‍ ഇരുപതു വര്‍ഷം പിന്നിലേക്ക്‌ പാഞ്ഞുപാലക്കാട് വിക്ടോറിയ കോളേജ് .ആര്‍ട്സ് ക്ലബ് ഉത്ഘാടനത്തിനു പ്രശസ്ത സാഹിത്യകരാന്‍ നന്ദഗോപന്‍ എത്തുന്നു .

ആ വേദിയില്‍ സ്വന്തം കവിത ചൊല്ലിഅവതരിപ്പിച്ച ഇന്ദുലേഖയെന്ന BA വിദ്യാര്‍ത്ഥിനി .തന്റെ പ്രീയപ്പെട്ട എഴുത്തുകാരന്റെ മുന്നില്‍ കവിത അവതരിപ്പിക്കുമ്പോള്‍ സന്തോഷവും ഭയവും അവളില്‍ ദൃശ്യമായിരുന്നു. ആ മുഖം അയാളില്‍ എന്നപോലെ അവളിലും ആഴത്തില്‍ പതിഞ്ഞിരുന്നു .നന്ദഗോപന്റെ വീട്ടില്‍നിന്നും വിവാഹാലോചന വന്നപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി തന്നെന്ന് അവള്‍ കരുതി. ആര്‍ഭാടമായി വിവാഹം നടന്നു. വിവാഹം കഴിഞ്ഞു ഒരുമാസത്തിനുള്ളില്‍ നന്ദഗോപന് IAS സെലക്ഷന്‍ ലഭിച്ചു .പുതിയപെണ്ണിന്റെ ഭാഗ്യംകൊണ്ടാണ് ആ സൌഭാഗ്യമെന്നു എല്ലാവരും പറഞ്ഞപ്പോള്‍ അവളുടെ സന്തോഷം ഇരട്ടിയായി .മസൂറിലെ ട്രയിനിംഗ് പൂര്‍ത്തിയാക്കി , സബ് കളക്ടര്‍ ആയി ചാര്‍ജെടുക്കുന്ന ദിവസം അമ്മയുമായി .

ഇതിനിടയില്‍ അവളിലെ എഴുത്തുകാരിയെ അവള്‍ മറന്നിരുന്നു .കുഞ്ഞിനെക്കാണാന്‍ തീരെ പ്രതീക്ഷിക്കാതെയാണ് അന്ന് രാധികയെത്തിയത്‌ .പ്രീഡിഗ്രീ മുതല്‍ ഒന്നിച്ചു പഠിച്ച സഹപാഠികള്‍ . ഇതിനകം ജേര്‍ണലിസം പാസായി അവള്‍ മലയാളഭൂമിയില്‍ ചേര്‍ന്നിരുന്നു . രാധിക അവളെഴുതിയ കവിതവാങ്ങിക്കൊണ്ടുപോയി .ആ മാസം പുറത്തിറങ്ങിയ മലയാളഭൂമി മാസികയില്‍ ഇന്ദുലേഖാ നന്ദഗോപന്റെ കവിതയുമുണ്ടായിരുന്നു . ആ മാസിക കണ്ടവള്‍ തുള്ളിച്ചാടി . വൈകിട്ട് നന്ദന്‍ എത്തുമ്പോള്‍ അറിയിക്കുവാന്‍ അവള്‍ അക്ഷമയോടെ കാത്തിരുന്നു .

വയ്കിയെത്തിയ നന്ദനു ചായ കൊടുത്തുകഴിഞ്ഞു അവള്‍ മാസികയിലെ തന്റെ കവിത കാട്ടിക്കൊണ്ട് അവനോട് ചേര്‍ന്നുകണ്ണടച്ചു , മധുരമായോരുചുംബനം , ആലിംഗനം പ്രതീക്ഷിച്ചുകൊണ്ട് നിന്നു. പക്ഷേ നന്ദന്റെ പ്രതികരണം അവളെ ഞെട്ടിച്ചുകളഞ്ഞു .”എഴുത്തും കുന്തവുമൊക്കെ ഇവിടെ നിര്‍ത്തിക്കൊള്ളണം” .”എന്റെ ഭാര്യയായി, കുഞ്ഞിന്റെ അമ്മയായ് മാത്രം നീ ഇവിടെ ഉണ്ടായാല്‍ മതി .അതിനു കഴിയില്ലങ്കില്‍ നിനക്ക് നിന്റെ വീട്ടിലേക്കു പോകാം . “അവളറിയാതെ തളര്‍ന്നിരുന്നുപോയി.എല്ലാ പ്രസംഗങ്ങളിലും പുതിയ എഴുത്തുകാര്‍ക്ക്‌ പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്ന നന്ദന്റെ മറ്റൊരു മുഖം അവള്‍ കാണുകയായിരുന്നു .ഒന്നുകരയാൻ പോലുമാകാതെ അവൾ തരിച്ചുനിന്നു .താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന നന്ദനെ വിട്ടുപിരിയാന്‍ ,തന്റെ മകളേ വിട്ടുപിരിയാന്‍ അവള്‍ക്കു ആകില്ലായിരുന്നു .

പിന്നീടൊരു യാന്ത്രികജീവിതമായിരുന്നു അവളുടേത്‌.മൌനംകൊണ്ടവള്‍ കോട്ടകള്‍തീര്‍ത്തു , ഒളിക്കാന്‍ ഒരിടം തേടി ഇരുട്ടിലേക്കവൾ സ്വയം മറഞ്ഞു .അവളുടെ കവിതകള്‍ തേടിയെത്തിയ രാധികയുടെ നിരന്തരമായ ചോദ്യത്തില്‍ ഒരിക്കല്‍ അവള്‍ ആ സത്യം പറഞ്ഞു . അപ്പോഴും അവള്‍ക്ക് ആശ്വാസം നല്കി ഒപ്പം നിന്നു രാധിക .നിന്റെ സര്‍ഗ്ഗവാസനകളെ മുരടിപ്പിക്കരുതെന്നും എഴുത്ത് തുടരണമെന്നും നിര്‍ബന്ധിച്ചപ്പോള്‍ കൂട്ടുകാരി നിര്‍ദേശിച്ച തൂലികാനാമത്തില്‍ കവിതകളെഴുതി .

അനാമിക ….. ആരുമറിയാതെ ഇത്രയുംനാള്‍ ………..ആരോ തന്റെ അടുത്ത് നില്ക്കുന്നപോലെ തോനി.ഇന്ദു ഞെട്ടി കണ്ണുകള്‍ തുറന്നു ……നന്ദന്‍അവള്‍ ഒന്ന് ഭയന്നു…എന്താവും പറയുക ……ഈ പടികള്‍ ഇറങ്ങേണ്ടി വരുമോ ?.”ഇന്ദു ……ആ വിളി അവൾക്കു പുതിയതായിരുന്നുഞാന്‍ നിന്നെ ഇരുട്ടില്‍ അടച്ചിടുകയായിരുന്നു ഇല്ലേ….നിന്റെ സര്‍ഗ്ഗശേഷികളെ മുരടിപ്പിച്ചു ,വ്യക്തിത്വം നഷ്ടപ്പെടുത്തി,എന്റെ ഇഷ്ടങ്ങള്‍ നിന്നിലേക്ക്‌ അടിച്ചേല്പ്പിക്കുകയായിരുന്നു, അല്ലേ…..?”അവളുടെ മിഴികള്‍ നിറഞ്ഞൊഴുകി ……”ഞാനെന്ന സാംസ്ക്കാരികനായകന്റെ ………അല്ല സംസ്ക്കാരശൂന്യന്റെ മുഖംമൂടി എന്തേ ആ വേദിയില്‍ നീ വലിച്ചുകീറിയില്ല.”അവള്‍ നന്ദന്റെ മുഖത്തേക്കുനോക്കി”ഈ മുഖവും ഈ വ്യക്തിത്വവും എന്നും ഞാന്‍ സ്നേഹിച്ചിട്ടേയുള്ളൂ . എനിക്കുവേണം നന്ദേട്ടനേ……..എന്റെ തെറ്റിന് എന്നോട് പൊറുക്കണേ …””നീ എന്നോടല്ലേ പൊറുക്കേണ്ടത് ..തെറ്റുകാരന്‍ ഞാനല്ലേ ….എന്നിലെ അസഹിഷ്ണുത ,അത് എന്നിൽ ഞാൻ ഒളിപ്പിച്ച മനോരോഗമായിരുന്നോ ?നന്ദന്‍ ഇന്ദുവിന്റെ പാദങ്ങളില്‍ തൊടുമ്പോള്‍ അവള്‍ കരച്ചിലോടെ ആ മാറിലേക്ക്‌ ചാരി .

എന്നെ വെറുക്കല്ലേഅക്ഷരങ്ങൾ അതെനിക്കെന്നും ഭ്രാന്തമായ ആവേശമായിരുന്നു ,പക്ഷേ എന്റെ സ്വർഗം ,അങ്ങും നമ്മുടെ പൊന്നുമോളുമുള്ള ഈ വീടുതന്നെയായിരുന്നു .നന്ദൻ കൂടുതൽ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.ഏതു ഗംഗയിലാണ് ഞാൻ ഈ പാപമൊന്നു കഴുകിക്കളയുക ,ഏതു പഞ്ചാഗ്നിയിലാണൊന്നു എരിഞ്ഞൊടുങ്ങുക. .അയാളവളുടെ നെറ്റിയിൽ ചുംബിച്ചു .ആദ്യചുംബനം പോലെനന്ദന്റെ മിഴിനീർ നെഞ്ചിലേക്ക് വീഴുന്നത് അവളറിഞ്ഞു.കൈകളുയർത്തി മിഴികൾ തുടയ്ക്കുമ്പോൾ അവൾ കൂടുതൽ അലിഞ്ഞുചേരുകയായിരുന്നു .എപ്പഴോ എത്തിയ രണ്ടുകൈകൾ അവരെ തഴുകുമ്പോഴും മിഴിനദികൾ ഒഴുകുകയായിരുന്നു .

ശിവരാജൻ,കോവിലഴികം മയ്യനാട്

By ivayana