നാട്ടിലെ അറിയപ്പെടുന്ന പഴകച്ചവടക്കാരനായിരുന്നൂ എന്‍റെ അപ്പുപ്പന്‍ ശെല്‍വരാജന്‍, അപ്പുപ്പന്‍ തിന്നു വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ചവുട്ടി, അമ്മുമ്മ നടുവടിച്ചുവീണായിരുന്നു എന്‍റെയച്ഛന്‍റെ ജനനം, അതോടുകൂടി നാട്ടുകാര്‍ അപ്പുപ്പനെ പഴത്തൊലിയനെന്നാണ് വിളിച്ചുപോന്നിരുന്നത്.

അബുദാബിയില്‍ ഈന്തപ്പഴക്കച്ചവടം ചെയ്യുന്ന സുലൈമാനിക്ക നാട്ടിലെത്തിയപ്പോള്‍ ഒരു പെട്ടി ഈന്തപ്പഴം അപ്പുപ്പന്‍റെ പഴയ പഴകടയില്‍ വില്ക്കാന്‍ വെച്ചൂ . ഈന്തപഴത്തിന്‍റെ രുചി നോക്കിയ അപ്പുപ്പന്‍റെ തൊണ്ടയില്‍ പഴക്കുരു കുരുങ്ങി വടിയാവാറായി കിടക്കുമ്പോള്‍ അവസാനമായ് അച്ഛനെ നോക്കി പറഞ്ഞൂ,

മോനേ , ‘പഴവും കുരുവും ഒരുമിച്ച് വിഴുങ്ങരുത് കുരുക്കള്‍ മണ്ണിനുളളതെന്നായിരുന്നൂ’.അപ്പുപ്പനെ അടക്കിയ മണ്ണില്‍ ഒരു റോബസ്റ്റോ വാഴത്തൈ നട്ടു ചന്തയിലേക്കു നടക്കുമ്പോള്‍ പഴകട എങ്ങനെ പുതുക്കി നടത്താമെന്നായിരുന്നു അച്ഛന്‍റെ ചിന്ത.

വാഴകുല വെട്ടാന്‍ കൂലിക്ക് നിര്‍ത്തിയ ബംഗാളി കുലയില്‍ വെട്ടിയത് തലയില്‍ തട്ടിയായിരുന്നു അച്ഛന്‍റെ മരണം, വെട്ടിയിട്ട വാഴപ്പോലെ തോട്ടത്തില്‍ കിടക്കുമ്പോള്‍ അവസാനമായ് അച്ഛന്‍ എന്നെനോക്കി പറഞ്ഞൂ, മോനേ , ‘പഴവും പഴമൊഴികളും ഒരുപോലെയാണ് രണ്ടും കാലം ചെന്നാലും നാവിന്‍തുമ്പില്‍ മധുരമുണര്‍ത്തും’ .

അച്ഛന്‍റെ കുഴിമാടത്തില്‍ ഒരു പാളയംകോടന്‍ വാഴത്തൈ നട്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ എങ്ങനെ വൃത്യസമായരീതിയില്‍ പഴക്കച്ചവടം നടത്താമെന്നായിരുന്നു എന്‍റെ ചിന്ത.പിറ്റേന്ന് രാവിലെ വീട്ടുമുറ്റത്ത് ആട്ടിന്‍കാഷ്ഠം പോലെ ചിന്നിച്ചിതറികിടക്കുന്ന ആഞ്ഞിലിച്ചക്കപഴങ്ങള്‍ കണ്ടപ്പോളാണ് എന്‍റെ പഴബുദ്ധിയുണര്‍ന്നത്, കാലങ്ങളെത്രയോ കടന്നുപോയീട്ടും എന്തുകൊണ്ട് ആഞ്ഞിലിപ്പഴങ്ങള്‍ക്ക് കേരളവിപണിയില്‍ വേണ്ടത്ര പ്രീയമില്ലാതെ പോയി .

അന്നുതന്നെ മരം കയറാനറിയാവുന്ന ഒരു ബംഗാളിയെ ഏര്‍പ്പെടുത്തി പറമ്പിലുളള ആഞ്ഞിലിപ്പഴങ്ങള്‍ ശേഖരിച്ചു സായന്തനനേരം ചന്തയിലെത്തി.സീസണ്‍വിലകുറവില്‍ കിട്ടുന്ന ആപ്പീള്‍ മുന്തിരി ഓറഞ്ച് തുടങ്ങി ഗ്ലാമര്‍പഴങ്ങള്‍ക്കിടയിലും ആഞ്ഞിലിചക്കപ്പഴത്തെ പലരും കൗതുകത്തോടെ നോക്കി, അമ്മേ ഈ പഴത്തിന്‍റെ പേരെന്താണെന്ന് ചില കുട്ടികള്‍ തിരക്കിയപ്പോള്‍ രുചിയറിയാന്‍ പലരും ആഞ്ഞിലിപഴത്തെ വാങ്ങിച്ചുതുടങ്ങി.

പണ്ട് നാട്ടിലൊര് കുട്ടിക്കും വേണ്ടാതെ തൂങ്ങികിടന്നിരുന്ന ചക്കപ്പഴം അങ്ങ് ഗള്‍ഫില്‍വരെ താരമായതുപ്പോലെ ആഞ്ഞിലിപഴത്തിനും ഒരു നല്ലകാലം വരുന്നത് സ്വപ്നം കണ്ടുഞാന്‍ ഉണരാന്‍തുടങ്ങി.ആഞ്ഞിലിപ്പഴ വിപണിയിലെ കയറ്റുമതിസാധൃതകള്‍ മനസ്സിലാക്കിയാണ് മരംകയറ്റമറിയാവുന്ന ഒരുകൂട്ടം ബംഗാളികളെ ഞാന്‍ നാട്ടിലേക്ക് ഇറക്കുമതി ചെയ്തത്.

ആഞ്ഞിലിമരമെന്ന് കരുതി ജൂക്കാലിമരത്തില്‍ കയറിയ ബംഗാളികളിലൊരുത്തന്‍ തറയില്‍വീണു കാലൊടിഞ്ഞതോടെ അവന്‍റെ ചിലവും ചികിത്സയുമായി കീശ ചോരാന്‍തുടങ്ങി.അതോടുകൂടി ബംഗാളികളെ പറഞ്ഞുവിട്ട് നാട്ടില്‍ പണവും പണിയുമില്ലാതെ നടക്കുന്ന മലയാളിപയ്യന്‍മാരെ പാണ്ടിനാട്ടിലേക്കയച്ച് ഞാന്‍ ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രികരിച്ചൂ. ആഞ്ഞിലിചക്കയുമായി ചെക്കുപോസ്റ്റിലെത്തിയ ലോഡില്‍ നിര്‍ത്തലാക്കിയ പുകയില ഉല്പന്നങ്ങള്‍ കണ്ടുപിടിച്ചതോടെ പോലീസുകാരുടെ തൊഴികിട്ടിയതിനൊപ്പം എന്‍റെ പഴക്കച്ചവടവും പൂട്ടിക്കെട്ടി.

ജയിലില്‍ നിന്നിറങ്ങി പുറത്തുവരുമ്പോള്‍ അബുദാബിയില്‍ ഈന്തപ്പഴകച്ചവടം നടത്തിയിരുന്ന സുലൈമാനിക്കയുടെ മകന്‍ ജുമൈലിനെ വഴിയില്‍വെച്ചു കണ്ടുമുട്ടിപഹയാ ! ആഞ്ഞിലിപഴക്കച്ചവടത്തിലുടെ ഇങ്ങള് ഫേമാസയല്ലോ, അങ്ങ് ഗള്‍ഫിലെ പേപ്പറിലുമുണ്ടായിരുന്നു അന്നെ കുറിച്ചുളള വാര്‍ത്തകള്‍, പഴരാജാവെന്നാണ് അറബികള്‍പോലും നിന്നെയിപ്പോള്‍ വിളിക്കുന്നത്.

നീ അകത്തുകിടന്നാലെന്താണ് പുറത്തൊക്കെ ആഞ്ഞിലിപഴത്തിനിപ്പോള്‍ നല്ല പേരായി.ജുമൈലിന്‍റെ വര്‍ത്തമാനം കേട്ടപ്പോള്‍ വീഴാന്‍ നില്ക്കുന്ന പഴത്തി്ല്‍ കാറ്റുപിടിച്ചതുപോലെയായി, എടാ ! ജുമൈലേ നീ ചീഞ്ഞപഴത്തില്‍ കടിക്കാന്‍ വരരുത് പഹയാ ! അനക്ക് ഗുണമുളള ഒരുകാരൃമാണ് ഞാന്‍ പറഞ്ഞുവരുന്നത്അബുദാബിയിലെ ഷേക്കിന് ഈ ആഞ്ഞീലിപഴമെന്ന് പറഞ്ഞാല്‍ പെരുത്തയിഷ്ടമാണിപ്പോള്‍,ഇനിയുമിതുപോലെയുളള എന്തേലും പഴങ്ങള്‍ കേരളനാട്ടിലുണ്ടേല്‍ ഷേക്കിന് ഗള്‍ഫില്‍ പഴകച്ചവടം തുടങ്ങണമെന്നുണ്ട്.അപ്പോളാണ് നാട്ടിലെ കശുവണ്ടിപഴങ്ങള്‍ ഓര്‍മ്മയില്‍ തൂങ്ങിയാടിയത്,

കശുവണ്ടി ഇന്‍റര്‍നാഷണല്‍താരം ആണേലും കശുവണ്ടിപഴത്തി്ന് പറമ്പിന്‍റെമൂലയില്‍ ഈച്ചയരിച്ച് കിടക്കാനാണ് യോഗം, ശരിക്കും അണ്ടിപ്പോയ പഴത്തിന്‍റെ പണ്ടേയുളള അവസ്ഥ .കശുവണ്ടിപ്പഴ ബിസിനസ്സ് എങ്ങനെ അഭിവൃദ്ധപ്പെടുത്താമെന്നുളള എന്‍റെചിന്തകള്‍ ഒരു ഞെട്ടലോടെ ബംഗാളികളിലുടെ ഒരു വിറയലോടെ മലയാളികളിലൂടെ അബുദാബിഷേക്കില്‍ ചെന്നുനിന്നു.ഷേക്ക് പറഞ്ഞുവിട്ട അറബിലേബര്‍മാര്‍ നാട്ടിലെ കശുവണ്ടി മരത്തില്‍ കയറാന്‍ തുടങ്ങിയത് നാട്ടിലെങ്ങും പാട്ടായി, ഗള്‍ഫിലേക്ക് സുല്‍ത്താന്‍പഴമെന്ന പേരില്‍ കശുവണ്ടിപ്പഴം കയറ്റി അയക്കാന്‍ തുടങ്ങിയതോടെ പഴക്കച്ചവടത്തില്‍ ആദൃമായെന്‍റെ നല്ലകാലം തെളിഞ്ഞുപെയ്തൂ.

ഒപ്പം കശുവണ്ടിപ്പഴത്തിന്‍റെയും..നിങ്ങളുടെ അറിവില്‍ ഇനിയുമെന്തേലും പഴം നമ്മുടെ നാട്ടില്‍ ഫേമസാവാന്‍ ബാക്കിയുണ്ടേല്‍ എന്നെ വിവരമറിയിക്കുക, ഞാനുമെന്‍റെ അറബിലേബര്‍മാരുംഉടന്‍ നിങ്ങളുടെ പറമ്പില്‍ എത്തുന്നതായിരിക്കും.എന്ന് പഴരാജാവ്..

മണ്ടന്‍.

By ivayana