(ഇത് അയാളുടെ കഥയാണ്….
എന്റെ അഭിപ്രായങ്ങളോ കണ്ടെത്തലുകളോ ഒന്നും തന്നെയിതിലില്ല..
അയാളുടെ വാക്കുകൾ എന്റെ ശൈലിയിലൂടെ, അക്ഷരങ്ങളിലേക്ക് പകർത്തുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്..
ഇത് എഴുതി കഴിഞ്ഞ ശേഷം ആ ആളിനെ കാണിച്ച് ബോധ്യപ്പെടുത്തി, വേണ്ട തിരുത്തലുകൾ നടത്തിയ ശേഷം അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഞാനിതിവിടെ പോസ്റ്റ് ചെയ്യുന്നത്..)

എന്റെ പേരോ, നാടോ, ജോലിയോ വെളിപ്പെടുത്തരുത്, എനിക്ക് 40 വയസ്സുണ്ട്..

എട്ടിൽ പഠിക്കുമ്പോഴാണ് ഞാനെന്നിലെ വ്യത്യസ്ഥത തിരിച്ചറിയുന്നത്.

ക്ലാസ്സിൽ പലരും പ്രണയിച്ചു തുടങ്ങിയപ്പോൾ എനിക്ക് പെൺകുട്ടികളോട് യാതൊരു ആകർഷണവും തോന്നിയിരുന്നില്ല..

കൗമാരത്തിൽ ശരീരം കൊണ്ട് ഞാൻ പൂർണ്ണതയുള്ള ഒരു പുരുഷനായി മാറിയെങ്കിലും എന്നിൽ ഒരു ചലനവും സൃഷ്ടിക്കാൻ ഒരു പെണ്ണിന് കഴിഞ്ഞില്ലെന്നതാണ് സത്യം..

എന്നാൽ ചില ആൺകുട്ടികളോട് ഉളളിന്റെ ഉള്ളിൽ ഒരു മോഹവും, ആകർഷണവും തോന്നുകയും ചെയ്തിരുന്നു.

പല പ്രായത്തിലുള്ള പല പെൺകുട്ടികളും എന്നോട് ഇങ്ങോട്ട് പ്രണയവുമറിയിച്ചു വന്നിട്ടുണ്ട് – പഠിക്കുന്ന കാലം മുതൽ…
വിവാഹ ശേഷം പോലും!

പക്ഷെ പെണ്ണെനിക്ക് ഒരു ബലഹീനതയായി തോന്നിയിട്ടേയില്ല..

ആൺകുട്ടികളോടുള്ള എന്നിലെ ആകർഷണം…. ആ തിരിച്ചറിവ് എന്നെ വല്ലാതെ തളർത്തി..

അതൊരു വലിയ തെറ്റായി എനിക്ക് സ്വയം തോന്നിയിരുന്നു. ഒരു പക്ഷേ എനിക്ക് മാത്രമാവാം അങ്ങനെയൊരു തോന്നൽ എന്നാണ് ഞാൻ മനസ്സിൽ കരുതിയത്.

ഭൂമിയിൽ ഞാൻ മാത്രമാവാം ഇങ്ങനെ ചിന്തിക്കുന്നതെന്നോർത്ത് ഞാൻ വല്ലാതെ സങ്കടപ്പെടുകയും ഭയപ്പെടുകയും ചെയ്തിരുന്നു…

ശരിക്കും മറ്റുകൂട്ടുകാരെ പോലെ ആവാൻ, എന്റെ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നു
അവരെ പോലെ കാമുകിയെ കുറിച്ചുള്ള കഥകൾ അടക്കിപിടിച്ച് പറഞ്ഞു രസിക്കാൻ..
എന്നാൽ ആ സ്നേഹത്തോടെ ഒരു പെണ്ണിനെ സമീപിക്കാനെനിക്ക് കഴിയാതെ പോയി..

ആ നിരാശ എന്നെ വല്ലാതെ ഉലച്ചെങ്കിലും പഠിക്കാൻ മിടുക്കനായിരുന്ന ഞാൻ ഡിസ്റ്റിങ്ഷനോടെ തന്നെപത്താം ക്ലാസ്സ് പാസായി..

മികച്ച കോളജിലെ പ്രി ഡിഗ്രി പഠന കാലം..അപ്പോഴും മനസ്സിൽ മാറ്റങ്ങളൊന്നും വന്നിരുന്നില്ല.
ചില ആൺകുട്ടികകളോട് ഒരാകർഷണം തോന്നിയെങ്കിലും പ്രകടിപ്പിക്കാൻ ഭയമായിരുന്നു.

മനസ്സിലൊളിപ്പിച്ച പ്രണയങ്ങളുമായി ആ കാലം കടന്നു പോയി.

പഠനം ഡിഗ്രിയിലെത്തി..

അവിടെ എനിക്കൊരു പ്രണയമുണ്ടായി… എന്റെ ആദ്യ പ്രണയം അതെൻറെ കൂട്ടുകാരനോടായിരുന്നു.
ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ നിന്നുയിർത്തിരിഞ്ഞ പ്രണയം..

ഒരുമിച്ച് ഭക്ഷണം കഴിച്ച് അവന്റെ തോളിൽ തല ചാരിയിരുന്ന്, അവനോടൊപ്പം കൈകോർത്തു പിടിച്ച് നടന്നു ചിലവിട്ട കോളേജ്കാലത്തിലെ സുന്ദരമായ ദിനങ്ങൾ…

വർണ്ണക്കുടചൂടിയ ആ ദിനങ്ങൾ ഓർമ്മയിലിന്നും പൂക്കാലമാണ്…

പക്ഷേ എല്ലാം അവസാനിച്ചു..

ഞാനവന്റെ കൂട്ടുകാരൻ മാത്രമല്ല, എനിക്കവനോട് പ്രണയമാണെന്ന് അവൻ തിരിച്ചറിഞ്ഞ ദിവസം.

പലപ്പോഴും ഓർമ്മയുടെ ചെപ്പിൽ താഴിട്ടുപൂട്ടി വച്ചിട്ടും ആ ദിവസത്തെ ദുഃസഹമായ ഓർമ്മകൾ എന്നിലെ വേദനയെ ചിക്കി പുറത്തേക്കെറിഞ്ഞു കൊണ്ട് ഇടക്കിടെ തികട്ടിവരും.

“നീ ഒരാണല്ലേടാ..നീ എന്റെ കൂട്ടുകാരനല്ലേ ..? ഞാനങ്ങനെയേ നിന്നെ കരുതിയിട്ടുള്ളു.
നീ ഇത്തരം വൃത്തികെട്ട ചിന്തയോടെയാണ് എന്നോടു ചേർന്ന് നടന്നതെന്ന് ഞാനറിയാതെ പോയി..
ഓർക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നു.. ശ്ശെ…‌ഇനി മേലിൽ എന്നോട് കൂട്ടുകൂടാൻ വരരുത്…”

ശരിക്കും അവനെന്നേയും പ്രണയിക്കുന്നുണ്ടെന്ന് എപ്പോഴൊക്കെയോ ഞാൻ തെറ്റിദ്ധരിച്ചിരുന്നു.
എന്നെ സ്നേഹിക്കാൻ, പ്രണയിക്കാനൊരാളുണ്ടല്ലോ എന്നോർത്ത് ഉള്ളിൽ ആഹ്ലാദിച്ചിരുന്നു.
എന്നോടൊപ്പം അവൻ ചിലവിട്ട നിമിഷങ്ങളിലൊക്കെയും അവനെന്റെതാണെന്നോർത്ത് അഭിമാനിച്ചിരുന്നു.
എന്നാൽ അവൻ പറഞ്ഞ വാക്കുകൾ – അവൻ എന്നെ അങ്ങനെ കണ്ടിരുന്നില്ല എന്ന തിരിച്ചറിവ് അതെന്നെ വല്ലാതെ വേദനിപ്പിച്ചു.

ജീവിതത്തിൽ ഞാനൊന്നു വട്ടപൂജ്യമാണെന്ന് തിരിച്ചറിവുണ്ടായ ആദ്യ ദിവസമായിരുന്നു അന്ന്..

പൊട്ടിക്കരയാൻ തോന്നിയിട്ടും കരഞ്ഞില്ല. പിന്നെ ക്ലാസ്സിലിരിക്കാൻ തോന്നിയില്ല,

കൺമുന്നിൽ ഒരേ ഒരു കാഴ്ച്ച മാത്രം.. മരിച്ചു കിടക്കുന്ന ഞാൻ.
വെള്ളപുതച്ച്, ചന്ദനത്തിരിയുടെ പുകച്ചുരുളുകൾക്കിടയിൽ ഒന്നുമറിയാത്ത ഉറക്കം.
തന്റെ മരണം കണ്ട് ദൈവം സന്തോഷിക്കട്ടേ, ഇങ്ങനെയൊരു മനസ്സ് നൽകി ഈ ഭൂമിയിലേക്കിറക്കിവിട്ടതല്ലേ…?

ഇനി ഈ നാണം കെട്ട ജീവിതം കൊണ്ടെന്താണ് പ്രയോജനം..?
അവനെ നഷ്ടപ്പെട്ടത് കൊണ്ടുമാത്രമായിരുന്നില്ല മരണം സ്വയം ഏറ്റുവാങ്ങാൻ ഞാൻ തീരുമാനമെടുത്തത്.. അതൊരു വേദനയായിരുന്നെങ്കിലും കൂടുതൽ മനസ്സ് നീറിയത് ഒരു പുരുഷനെ പോലെ ചിന്തിക്കാൻ കഴിയാത്ത ഈ നശിച്ച മനസ്സിനോടുള്ള പക കൊണ്ട് കൂടിയായിരുന്നു.

പക്ഷേ മരണം വഴിമാറി നടന്നു. ഇനിയും അനുഭവിക്കാൻ വേദനകളും, അപമാനങ്ങളും ബാക്കി കിടക്കേ മരിക്കാൻ എങ്ങനെയാണ് കഴിയുക..

അമ്മയും, അനുജത്തിമാരും അറിയാതെ അച്ഛൻ എന്നോട് വിഫലമായ ആത്യമഹത്യാശ്രമത്തിൻറെ കാരണം തിരക്കി,
ആ അടച്ചിട്ട മുറിയിലിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ഞാനെന്റെ പ്രശ്നം അച്ഛനോട് തുറന്നു പറഞ്ഞു.

അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… “മോൻ കരയണ്ട നമുക്കൊരു സൈക്യാർട്ടിസ്റ്റിനെ കാണാം.
എല്ലാം ശരിയാവുമെടാ കൗൺസിലിങ്ങൊക്കെ കഴിയുമ്പോൾ എന്റെ മോന്റെ പ്രശ്നനങ്ങളൊക്കെ മാറും.. മോൻ മിടുക്കനാവും…”

ഞാനും ശുഭപ്രതീക്ഷയോടെ അച്ഛന്റെ വാക്കുകൾ ശിരസ്സാവഹിച്ചു.

അച്ഛൻ പറഞ്ഞത് പോലെ ആ കൗൺസിലിങ്ങൊക്കെ എന്നിൽ അക്കാലത്ത് ചെറിയ മാറ്റങ്ങൾ വരുത്തി.

പ്രശ്നങ്ങളില്ലാതെ ഡിഗ്രി കഴിഞ്ഞു. പിജി പഠനത്തിന്റെ അവസാന കാലത്ത് ഞങ്ങളുടെ നാട്ടിൽ തന്നെയുള്ള ഒരാൺകുട്ടിയുമായി ഞാൻ വീണ്ടും പ്രണയത്തിലായി.

കണ്ടുമുട്ടലുകൾ വളരെ കുറവായിരുന്നു. എങ്കിലും ലാൻറ്ഫോൺ സംഭാഷണങ്ങളിലൂടെ ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു നിന്നു…

പഠനം കഴിഞ്ഞ് എനിക്ക് വിദേശത്തൊരു ജോലി ശരിയായി. ഞാൻ പോകുന്നതറിഞ്ഞപ്പോൾ അവന് വളരെ സങ്കടമായിരുന്നു..

“പോവാതിരിക്കാൻ പറ്റില്ലല്ലോ.. ഞാൻ എന്നും വിളിക്കില്ലേ… നാട്ടിൽ വരുമ്പോൾ നമ്മൾ കാണില്ലേ… വിഷമിക്കണ്ടാട്ടോ ” ഞാനവനെ ആശ്വസിപ്പിച്ച് വിദേശത്തേക്ക് യാത്രയായി..

ഇണങ്ങിയും പിണങ്ങിയും, സ്നേഹിച്ചും, പ്രണയിച്ചും കുറച്ചു വർഷങ്ങൾ അങ്ങനെ കഴിഞ്ഞു പോയി.

അവനെന്നിൽ നിന്ന് പതിയെ അകലുകയാണോ എന്നെനിക്ക് തോന്നി തുടങ്ങി..

അതൊരു തോന്നലല്ല സത്യമായിരുന്നു എന്നെനിക്ക് അധികം വൈകാതെ മനസ്സിലായി.

“നമുക്കീ ബന്ധം അവസാനിപ്പിക്കാം. ഞാനൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നു. എനിക്കിനി ഈ ബന്ധത്തിൽ താൽപര്യമില്ല നമുക്ക് മതിയാക്കാം..”

അവന്റെ വാക്കുകൾ എന്നെ തളർത്തിക്കളഞ്ഞു.. എന്തുകൊണ്ടാണെന്നറിയില്ല, ഞാൻ പ്രണയിച്ചവരൊന്നും എന്നോട് തീവ്രമായ സ്നേഹമുള്ളവരായിരുന്നില്ല..ഞാൻ പ്രണയിക്കുന്ന തീവ്രതയോടെ ആരും എന്നെ സ്നേഹിച്ചില്ല..

ഈ പ്രണയത്തിന്റെ തകർച്ച എന്നെ ഉലച്ചു കളഞ്ഞു.ഞാൻ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി..
അവനെന്നെ കാണാനോ മിണ്ടാനോ കൂട്ടാക്കിയില്ല..

എന്റെ ഹൃദയം വേദനയാൽ വിങ്ങി..

എനിക്ക് ആഹാരം വേണ്ടാതെയായി.. പുറത്തിറങ്ങാതെയും, ഉറങ്ങാതെയുമായി.

അച്ഛൻ എന്നേയും കൂട്ടി വീണ്ടും സൈക്യാർട്ടിസ്റ്റിനരികിൽ പോയി..എനിക്ക് ഡിപ്രഷൻ തുടങ്ങി കഴിഞ്ഞിരുന്നു..

മരുന്നുകൾ കഴിച്ച് തുടങ്ങിയതോടെ കുറച്ചു ശാന്തത കൈവന്നെങ്കിലും എനിക്കവനെ മറക്കാൻ കഴിഞ്ഞില്ല..

പതിയെ അച്ഛൻ എനിക്ക് വിവാഹാലോചനകൾ കൊണ്ടുവന്നു..
എന്റെ പൂർണ്ണ സമ്മതമില്ലാതെ അതിലൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു..

ഞാൻ ആ പെൺകുട്ടിയോട് വിവാഹത്തിന് മുൻപ് മിണ്ടാനൊന്നും കൂട്ടാക്കിയില്ല..
എനിക്കവളോട് എന്റെ ജീവിതത്തിലേക്ക് കടന്നു വരരുത് എന്ന് പറയണമെന്നുണ്ടായിരുന്നു…
എനിക്ക് നിനക്കൊരു നല്ല ജീവിതമോ, സുഖങ്ങളോ നൽകാൻ കഴിഞ്ഞേക്കില്ല എന്നറിയിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നിനും കഴിഞ്ഞില്ല..

വിവാഹത്തിന് രണ്ട് നാൾ മുമ്പ് ഞാനച്ഛനോട് ഈ വിവാഹം എനിക്ക് വേണ്ട, ഒരു പാവം പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു കളയാൻ മനസ്സു വരുന്നില്ല, ഞാൻ അവിവാഹിതനായി തന്നെ ജീവിച്ചോളാമച്ഛാ എന്നു കരഞ്ഞുകൊണ്ടപേക്ഷിച്ചു..
അത്രമാത്രം ആ വിവാഹത്തെ ഞാൻ ഭയപ്പെട്ടിരുന്നു…

അച്ഛനന്നാദ്യമായി എന്നെ തല്ലി.

“നിന്റെ രണ്ട് അനുജത്തിമാരുടെ ഭാവി നീ ഓർത്തിരുന്നോ, വിവാഹത്തിന്റെ തലേ ദിവസം അത് വേണ്ടന്നു വച്ചാൽ എന്ത് കാരണം പറയും? നിന്നോടൊപ്പം ജീവിക്കാൻ കാത്തിരിക്കുന്ന ഒരു പെൺകുട്ടി, അവൾക്കിനി നല്ലൊരു ജീവിതം കിട്ടുമോ..?
നിന്റെ പ്രശ്നം പുറത്തു പറയാൻ കഴിയുന്നതാണോ.? ഇനി ഈ വിവാഹം നടന്നില്ലെങ്കിൽ നീ എന്റെ ശവം കാണേണ്ടിവരും..”

ഞാൻ തീർത്തും നിസ്സഹായനായി പോയി..

നാളെ എന്ത് എങ്ങനെയെന്ന് ചിന്തിക്കുമ്പോൾ തന്നെ എനിക്ക് നെഞ്ച് വല്ലാതെ വേദനിച്ചു…

മരിക്കാൻ പോലും ആഗ്രഹിച്ചു പോയ നിമിഷങ്ങൾ… പക്ഷേ സങ്കടങ്ങൾ പുറമേ പ്രകടിപ്പിക്കാൻ കഴിയാതെ ഉള്ളിൽ അടക്കിപിടിച്ചുകൊണ്ട് എനിക്ക് മുന്നോട്ടു പോവേണ്ടി വന്നു.
അത് വല്ലാത്തൊരവസ്ഥയാണ്..ഒന്നു കരയാൻ വെമ്പൽ കൊണ്ട് ഹൃദയമിരുന്നു വിങ്ങുന്ന ഒരവസ്ഥ..
ഒരാണായി പോയതിനാൽ കരഞ്ഞു തീർക്കാനാകാതെ നെഞ്ചിനകം വിങ്ങി വേദനിക്കുന്നു…

വിവാഹ ദിവസവും, വിവാഹപന്തലിൽ വച്ചും എത്ര നിയന്ത്രിച്ചിട്ടും ഞാൻ കരഞ്ഞു പോയി..
അത് മറ്റുള്ളവർ മനസ്സിലാവാതെ പിടിച്ച് നിൽക്കാൻ ഞാൻ നന്നേ പാടുപെട്ടു.

“എന്താ മുഖം വല്ലാതെ?” എന്ന് ചോദിക്കുന്നവരോട് ജലദോഷമെന്ന് പറഞ്ഞു ഞാനൊഴിഞ്ഞുമാറി..

എന്നാൽ ഞാൻ വിവാഹം കഴിച്ച പെൺകുട്ടി ചിലത് മനസ്സിലാക്കി..
എനിക്കീ വിവാഹത്തിന് തീരെ താൽപര്യമില്ല എന്ന സത്യം….

അവൾക്ക് എന്നെ ഒത്തിരി ഇഷ്ടമായിരുന്നു,
പല വിവാഹാലോചനകൾക്കിടയിൽ നിന്ന് എന്നെതന്നെ മതി എന്നവൾ തീരുമാനിച്ചത് കൊണ്ടുകൂടിയാണ് ഈ വിവാഹം നടന്നത്…

ആദ്യരാത്രിയെ ഞാൻ വല്ലാത്ത ഭയത്തോടെയാണ് കണ്ടത്. ആ രാത്രി എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല.

വിവാഹത്തിന്റെ പിറ്റേ ദിവസം രാവിലെ ഞാൻ പെങ്ങൾമാർക്കു മുമ്പിൽ നിന്നു പൊട്ടിക്കരഞ്ഞു,
കാരണമറിയാതെ അവരും കരയുന്നുണ്ടായിരുന്നു..എനിക്കീ വിവാഹം ഇഷ്ടപ്പെട്ടിട്ടില്ല എന്നവർ കരുതി കാണണം..
എന്നാൽ എന്റെ ഭാര്യ നിസ്സഹായയി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എനിക്കുള്ളിൽ അവളോട് വല്ലാത്ത സഹതാപം തോന്നി…

പക്ഷേ പിന്നീട് പല രാത്രികളിലും ഞാനവൾക്ക് മുഖം കൊടുക്കാതെ കിടന്നുറങ്ങി,
അവളെന്നോട് കാരണം തിരക്കി… ഞാൻ സത്യം തുറന്നു പറഞ്ഞു,..

അവൾക്കിതൊക്കെ പുതിയ അറിവായിരുന്നു. എന്നു മാത്രമല്ല അത് വളരെ ചെറിയ ഒരു കാര്യമായി മാത്രമേ അവൾ കണക്കാക്കിയുമുള്ളു.

അതെന്നിലുണ്ടാക്കുന്ന ബുദ്ധിമുട്ടോ, മാനസ്സിക സങ്കർഷമോ, വേദനയോ, ഒന്നും അവൾക്ക് മനസ്സിലാക്കാനന്നായില്ല.എങ്കിലും അവൾ ക്ഷമയോടെ കാത്തിരുന്നു..

പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി..പരസ്പരം ഒത്തിരി സ്നേഹിച്ചു. പിരിയാൻ കഴിയില്ല എന്ന അവസ്ഥയിലായി..

ഒരു ഭർത്താവിന്റെ സ്നേഹമോ, ലാളനയോ ഒന്നും എനിക്ക് നൽകാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ നന്നായി സ്നേഹിച്ചു..

അവളെന്റെ ഭാര്യയാണെന്നും അവൾക്കും ആഗ്രഹങ്ങളുണ്ടെന്നും എനിക്ക് തിരിച്ചറിവുണ്ടായിരുന്നതിനാൽ ഇടക്കൊക്കെ മനസ്സിനെ എന്റെ നിയന്ത്രണത്തിൽ പരമാവധി കൊണ്ടുവന്നു അവൾക്കായി ഞാനവളുടെ ഭർത്താവായി മാറി..

അവൾ ഗർഭിണിയായി ഒരിക്കലല്ല രണ്ടു പ്രാവശ്യം..എനിക്കവൾ രണ്ട് കുഞ്ഞുങ്ങളേയും സമ്മാനിച്ചു..

ഒരിക്കലും തൃപ്തികരമായ ഒരു ദാമ്പത്യമോ, ദാമ്പത്യസുഖമോ അവൾക്ക് നൽകാൻ എനിക്കായിട്ടില്ല. എന്നാലും അവളുടെ സ്നേഹത്തിന് മുന്നിൽ ഞാനെന്നെത്തന്നെ അവൾക്ക് നൽകി.

പക്ഷേ അപ്പോഴൊക്കെയും എന്നിൽ ഒരു പ്രണയം കൊതിക്കുന്ന മനസ്സ് മയങ്ങി കിടന്നു, ഇടക്കിടെ അത് തലപൊക്കി നോക്കി..
ഞാൻ സ്വയം നിയന്ത്രണത്താലും മരുന്നിനാലും അതിനെ അടിച്ചൊതുക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു…

വീണ്ടും വിദേശത്തൊരു ജോലി ശരിയായി..

പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ വീണ്ടും ഫെയ്സ് ബുക്ക് വഴി എനിക്കൊരു പ്രണയം കിട്ടി.
ഞങ്ങൾ പതിയെ അടുത്തു അടുപ്പം തീവ്രമായി.

പിരിയാൻ കഴിയാതെയായി..ഒരു ദിവസം അയാളൊന്നു വിളിച്ചില്ലെങ്കിൽ ഉറങ്ങാൻ കഴിയാത്ത തീവ്ര പ്രണയം..
മാസങ്ങൾ വർഷങ്ങളായി പരിണമിച്ചു. പ്രണയവസന്തം പൂക്കളും സുഗന്ധവുമായി മുന്നോട്ട് നീങ്ങി.
എവിടേയോ എന്നിലെ ചില സംഭാഷണങ്ങളിൽ അവന് അതൃപ്തി തോന്നി. അതൊരു പക്ഷേ തമാശയായി “നമുക്ക് വിവാഹം കഴിച്ചു ഒരുമിച്ച് ജീവിച്ചാലോ “എന്ന് ഞാൻ ചോദിച്ചതാവണം..

അവനും എന്നെ പോലെ വിവാഹിതനും പിതാവുമായിരുന്നു. എന്റെ ചോദ്യം തമാശയാണെന്ന് തിരിച്ചറിയാതെയാവണം അവനെന്നെ ഭയപ്പെടാൻ തുടങ്ങി. അവൻ എന്നിൽ നിന്ന് അകലാൻ ശ്രമിച്ചു. എനിക്കത് താങ്ങാൻ കഴിയുമായിരുന്നില്ല.
അവനോ, അവന്റെ പ്രണയമോ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു ഞാൻ..
ഞാനവനെ തിരികെ എന്നിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോഴൊക്കെ അവൻ മെല്ലെ വഴുതി വഴുതി മാറി കൊണ്ടിരുന്നത് എന്നിലെ പ്രണയം കൊതിക്കുന്ന മനസ്സിനെ വല്ലാതെ പ്രകോപിപ്പിച്ചു…

പെട്ടന്നുണ്ടായ കോപത്താൻ ഞാനവനെ കുറേ വഴക്കു പറഞ്ഞു.. അപമാനിച്ചു.. അവന്റെ സ്നേഹത്തെ ചോദ്യം ചെയ്തു.

അതോടെ അവൻ എന്നിൽ നിന്നും പൂർണ്ണമായി അകന്നു…

വീണ്ടും ഞാൻ ലീവെടുത്തു മുഴുഭ്രാന്തനെപ്പോലെ പോലെ വീട്ടിൽ മടങ്ങിയെത്തി.
കണ്ണുനീരുമായി മുറിയടച്ചിരുന്നു.ഭാര്യ കാര്യം തിരക്കി..പൊട്ടിക്കരഞ്ഞുകൊണ്ട് കാര്യം പറയുമ്പോൾ അവളും കരഞ്ഞു.
ശരിക്കും അന്നാണതിന്റെ ഭീകരാവസ്ഥ അവൾ മനസ്സിലാക്കുന്നത്..

മരുന്നുകളുടെ ഡോസ് കൂട്ടി, പക്ഷേ അവന്റെ സ്നേഹമില്ലാതെ എനിക്ക് ജീവിക്കാനാവുമായിരുന്നില്ല.
അതെന്റെ ഭാര്യ മാത്രം നന്നായി തിരിച്ചറിഞ്ഞു.അവൾ എത്രയൊക്കെ എന്നെ സ്നേഹിച്ചിട്ടും, പരിചരിച്ചിട്ടും എനിക്കവനെ മറക്കാനോ ഉപേക്ഷിക്കാനോ കഴിഞ്ഞില്ല..

ഒടുവിൽ ഞാൻ മുഴു ഭ്രാന്തനായി മാറി പോയേക്കും, അല്ലെങ്കിൽ ആത്മഹത്യ ചെയ്തു പോയേക്കുമെന്ന് തിരിച്ചറിഞ്ഞിട്ടാവണം എന്റെ ഭാര്യ അയാളെ വിളിച്ച് എന്റെ അവസ്ഥ അറിയിച്ചു.ഒപ്പം പൊട്ടിക്കരഞ്ഞുകൊണ്ട് ഒന്നുകൂടി പറഞ്ഞു,

“എന്റെ ഭർത്താവിനെ എനിക്ക് നഷ്ടമായാൽ എന്റെ കുട്ടികൾക്ക് അച്ഛനില്ലാതായാൽ നിങ്ങൾ മാത്രമാണതിന് ഉത്തരവാദി.
ദയവായി ഒന്നദ്ദേഹത്തെ വിളിച്ചു സംസാരിക്കൂ..ഈ ചെറുപ്രായത്തിലെ എന്റെ നെറ്റിയിലെ സിന്ദൂരം മായ്ക്കാൻ ഇടവരുത്തരുതേ…”

അതിന് ഫലം കണ്ടു അവനെന്നെ വിളിച്ചു..

ഇനി എന്നെവിട്ട് പോവുകയില്ലെന്ന് പറഞ്ഞു.

എനിക്കെന്റെ ഭാര്യയുടെ സ്നേഹം മനസ്സിലാവാഞ്ഞിട്ടല്ല. അവളനുഭവിക്കുന്ന വേദന മനസ്സിലാവാഞ്ഞിട്ടല്ല.
ഒരു സ്ത്രീക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമാണിതൊക്കെയെന്ന് എനിക്ക് തിരിച്ചറിയാം. മറ്റൊരു സ്ത്രീക്കും പൊരുത്തപ്പെടാനാകാത്ത കാര്യമാണെന്നും എനിക്കറിയാം. ഹൃദയം നുറുങ്ങുന്ന വേദനയിലും അവളെന്നോടൊപ്പം നിൽക്കുന്നത് അതെന്നോടുള്ള തീവ്രമായ സ്നേഹം കൊണ്ടാണെന്ന അറിവോടെ തന്നെ പശ്ചാത്താപത്തോടെ ഞാൻ പറയുന്നു…

എനിക്കെന്റെ പ്രണയം ഉപേക്ഷിക്കാൻ കഴിയില്ല..
ഞാൻ കാണാതെ അവൾ കണ്ണുനീരൊപ്പുന്നത് അറിയാതെയെങ്കിലും ഞാൻ കണ്ടിരുന്നു.
അപ്പോഴൊക്കെ എനിക്കവളോട് അടക്കാനാവാത്ത സ്നേഹം തോന്നാറുണ്ട്..
അവളുടെ ആ വലിയ മനസ്സില്ലെങ്കിൽ എനിക്ക് മുന്നോട്ടു ജീവിക്കാനേ കഴിയുമായിരുന്നില്ല..

പതിയെ ഞാൻ ജിവിതത്തിലേക്ക് തിരിച്ചു വന്നു..

ഇപ്പോഴും ഒരു വശത്ത് എന്റെ ഭാര്യയുടെ സ്നേഹവും മറുവശത്ത് അവന്റെ പ്രണയവുമായി ഞാൻ മുന്നോട്ട് പോകുന്നു.

ഞാനിപ്പോൾ ജോലി സ്ഥലത്താണ്… അവനെന്നും വിളിക്കും.
നേരിട്ട് ഒരു നോക്ക് കണ്ടിട്ടില്ല ഇതുവരെ.. അവനെയൊന്നു നേരിട്ട് കാണണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ മോഹം..

Ma’am… സ്വവർഗ്ഗാനുരാഗികളെല്ലാം ഇങ്ങനെ ആവാൻ മോഹിച്ചു വരുന്നവരല്ല.
അതൊരു അവസ്ഥയാണ്.. സ്വയം മോചിതരാവണമെന്ന് കരുതിയാലും, തീവ്രമായി ആഗ്രഹിച്ചാലും അതിന് കഴിയാറില്ല..
ആ ചിന്തകൾ കൂടുതൽ മാനസിക സംഘർഷത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്..
ഞാൻ കഴിഞ്ഞ പത്ത് വർഷത്തിന് മുകളിയായി ഡിപ്രഷന് സ്ഥിരമായി മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്നു.
ഇപ്പോഴും നാട്ടിൽ നിന്ന് ഭാര്യ മുടങ്ങാതെ മരുന്നെത്തിച്ചുതരുന്നു..

Rexepra 20mg
Bupron 150mg
Armod 50mg

ഇതൊക്കെയാണ് ഞാനിപ്പോൾ കഴിക്കുന്ന മരുന്നുകൾ..
നിങ്ങൾ ഇത് എഴുതുമോ ഇല്ലയോ എന്നെനിക്കറിയില്ല,
പക്ഷേ നിങ്ങളോടിത് പറയാതിരിക്കാൻ എനിക്ക് കഴിയുന്നില്ല…

(അയാൾ പറഞ്ഞതിൽ എൻറെ ഹൃദയത്തിൽ ഏറ്റവും സ്പർശിച്ചത് അയാളുടെ ഭാര്യയാണ്, അവരുടെ മനസ്സാണ്, അയാളുടെ മാനസ്സികാവസ്ഥയാണ്.. ഇതെഴുതുമ്പോൾ എനിക്ക് ചിലതൊക്കെ ഒഴിവാക്കേണ്ടി വന്നു..അവരുടെ സ്വകാര്യതയെ കരുതി മനസ്സിൽ തട്ടിയ ചില സംഭവങ്ങൾ ഞാനിവിടെ കുറിക്കാതെ വിടുന്നു.)

സീമ ജവഹർ

By ivayana