ഒരേ കണ്ണുകൾ കൊണ്ട് എത്രകാലമാണൊരാൾ ജീവിച്ചുമടുക്കുക ??

ഓർമ്മകളിൽ നിന്ന്
പറിച്ചെടുത്ത
ഇത്തിരിയോളം പോന്ന കണ്ണുകളിലൂടെ നോക്കിനിൽക്കുമ്പോഴാണ്
കൈപ്പടത്തിൽ നിന്നൂർന്നുപോയ വിരൽത്തുമ്പുകളിലേയ്ക്കുള്ള ദൂരങ്ങൾ പ്രകാശവർഷങ്ങൾ കൊണ്ടുമളക്കാനാവാതെയാവുന്നത് .

മുനകൂർത്ത ലക്ഷ്യബോധങ്ങളിൽ തപസ്സിരുന്നിരുന്ന് നീറിപ്പിടയുമ്പോളാവും
നീണ്ടുവളഞ്ഞയിടവഴികളും
പഞ്ചാരമണ്ണ് നിറഞ്ഞ ചെറുമുറ്റവും
കൈതോലപ്പടർപ്പുകളും കലങ്ങിയ കൺമുമ്പിൽ
കവിതകളാവുന്നത്.

അപ്പോഴാണ്
കുടഞ്ഞിട്ട ഓർമ്മകളുടെ ഉഴവുചാലുകളിൽ നിന്ന് ഇഴഞ്ഞിഴഞ്ഞ് വന്നാരോ കാതിൽ മന്ത്രിയ്ക്കുക ” വളരേണ്ടിയിരുന്നില്ല … ല്ലേ ?”

വേദാന്തം തിളയ്ക്കുന്ന ബലിപ്പുരകളിൽ നിന്ന് കാലത്തിൻ്റെ വെയിൽത്തുമ്പികൾ പിന്നിലേയ്ക്ക് പറന്ന് പറന്ന്
ഉതിർന്നുവീണ ചെമ്പകപ്പൂക്കൾക്കൊപ്പം മരിച്ചുപോകുന്നത് .

അപ്പോഴാവും
ഇടറിയിടറിയെത്തിയ കൺമുനകളിലെ നിഷ്കളങ്കത പഴകിപ്പിഞ്ഞിയ മേലുടുപ്പുയർത്തി
വലിഞ്ഞൊട്ടിയവയറ് കാട്ടി
വിശന്ന് തളർന്ന്
വട്ടയിലയിൽപ്പൊതിഞ്ഞ ഉപ്പുമാവിൻ്റെ ഗന്ധത്തിലേയ്ക്ക്
മൂക്കുകുത്തി വീഴാറാവുക .

ഊതിയൂതിവിട്ട
കടലാവണക്കിൻ പൊളളകളിലെ
മഴവില്ലുകൾക്കൊപ്പം ഞൊറിയിട്ട
മഴവില്ലുകളിൽ
ഹൃദയം പോലെ മിടിച്ച പദചലനങ്ങൾ
ഒരു തീവണ്ടിമുറിയിൽ
അലോസരത്തോടെ
നോട്ടം മാറ്റിക്കളയുന്നത് .

ഒരേ കണ്ണുകൾ കൊണ്ട്
എത്രനാളാണ്
ഒരാൾക്ക് ജീവിച്ച് മടുക്കാനാവുക?

കണ്ണുകൾ
എന്നുമെന്നും
ജനിച്ച് ജനിച്ച്
മരിച്ച് മരിയ്ക്കുന്നു .

ടumod .

By ivayana