ഭാര്യയുടെ മർദ്ദനങ്ങളേറ്റ് തളർന്ന ഉണ്ണിയുടെ ജീവിതത്തിലെ രണ്ടായിരത്തിഎത്രയിലെയോ ഒരു ഡിസംബർ 31.
രണ്ടെണ്ണം അടിച്ചപ്പോൾ ഉണ്ണിക്ക് ഒന്ന് കുളിക്കണം എന്നൊരു വെളിപാട് ഉണ്ടായി.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഉടനെ ഉണ്ണി ഏതെങ്കിലുമൊരു പാറമടയോ ആറോ കുളമോ ഒന്നും തിരക്കി പോയില്ല എന്നതാണ്. മിടുക്കൻ..! അവൻ കുളിമുറിയിലാണ് കയറിയത്.അവന് കുടിച്ചാലും ബോധം ഉണ്ട്. വെള്ളമടിച്ചിട്ട് നമുക്ക് തറയിലൊക്കെ കിടന്ന് അത്യുജ്ജ്വലമായി നീന്താൻ പറ്റും. ആ ആത്മവിശ്വാസം വച്ച് നമ്മൾ നിലയില്ലാത്ത വെള്ളത്തിലിറങ്ങിയാൽ ശരീരം താഴോട്ട് പോകും, ആത്മാവ് മേലോട്ട് പോകും. അറിയാല്ലോ!തറയിൽ കിടന്ന് നീന്തും പോലല്ല വെള്ളത്തിൽ നീന്തുന്നത്. രണ്ടും രണ്ട് ടെക്നിക്കാണ്. അതെല്ലാരും മനസിലാക്കണം.

പറഞ്ഞ് പറഞ്ഞ് കാട്കയറിയല്ലോ, എവിടാ പറഞ്ഞ് നിർത്തിയത് ..?ങ്ഹാ.. ഉണ്ണി കുളിക്കാൻ കുളിമുറിയിൽ കയറി. സ്വന്തം വീട്ടിലെ കുളിമുറിയിലാണ് കയറിയത് കേട്ടോ. അയലത്തെയല്ല.അതാണ് ഉണ്ണി. കുടിച്ചാലും നല്ല ബോധമുള്ളവനാണ്.
കഥയിലേക്ക് കടക്കുംമുമ്പ് വേറൊരു കാര്യം കൂടെ പറഞ്ഞോട്ടെ, ഈ ഉണ്ണി ഒരു പരിസ്ഥിതി ഭ്രാന്തൻ കൂടിയാണ് കേട്ടോ. ചെറുപ്പക്കാരാവുമ്പോ അല്പം ഭ്രാന്തൊക്കെ വേണമല്ലോ. ജലം അതമൂല്യമാണ് അത് പാഴാക്കരുത് എന്ന് നിർബന്ധമുള്ളവനാണ് ഉണ്ണി .ഭാവിയിൽ ചാരായത്തിൽ ഒഴിക്കാൻ ശുദ്ധജലം കിട്ടാത്ത ഒരവസ്ഥ വരുമെന്ന് ഉണ്ണി ഭയപ്പെടുന്നു. ആരും ചിരിക്കരുത്. പണ്ട് ആരോ, ഭാവിയിൽശുദ്ധജലം നമ്മൾ വില കൊടുത്ത് വാങ്ങേണ്ടി വരും എന്ന് പറഞ്ഞപ്പോൾ ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നവരിൽ പലരും ഇപ്പോൾ മിനറൽ വാട്ടർ ബോട്ടിലുകൾ വിറ്റ് നടന്ന് ഉപജീവനം നടത്തുകയാണെന്ന കാര്യം നമ്മൾ മറക്കരുതേ. സത്യത്തിൽ ശുദ്ധജലത്തിൻ്റെ ശേഖരം തീർന്നു കൊണ്ടിരിക്കുകയാണേ.കട്ടറമ്മ് കടൽ വെള്ളം ഒഴിച്ച് കുടിക്കുന്നതിനെ പറ്റി ആലോചിച്ചു നോക്കൂ.

വാളു വച്ച് വാരിയെല്ല് വരെ വായിൽ കൂടെ വരില്ലേ.അതുകൊണ്ട് മദ്യപാനികൾ തീർച്ചയായും ശുദ്ധജലത്തിൻ്റെ ദീർഘായുസിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാവണം. നമ്മുടെ കാര്യം മാത്രം നോക്കിയാ പോരല്ലോ. ഭാവിയിലെ കുടിയൻ തലമുറാസിനും ഒഴിച്ചടിക്കാൻ ഈ ഭൂമിയിൽ നമ്മൾ ശുദ്ധജലം കരുതി വക്കണ്ടേ. അത് നമ്മുടെ കടമയല്ലേ? ഇതൊക്കെ അറിയാവുന്ന ഉണ്ണി വല്ലപ്പോഴുമേ കുളിക്കാറുള്ളൂ. എന്തിനാ ശുദ്ധജലമിങ്ങനെ കുളിച്ച് പാഴാക്കിക്കളയുന്നത്? എന്നും കുളിച്ച് ശരീരം മിനുക്കി നടന്നിട്ടെന്തിനാ?മനസല്ലേ മിനുങ്ങിനിൽക്കേണ്ടത്. രണ്ടു നേരം കുളിച്ചു നടന്നവൻമാർക്കും കോവിഡ് വന്നില്ലേ. അപ്പോൾ കുളിക്കുന്നതിൽ വലിയ കാര്യമില്ലെന്ന് മനസിലായില്ലേ. ബട്ട് ..കുളിയെ ചിലർ ചേർന്നങ്ങ് പ്രൊമോട്ട് ചെയ്യുകയാണ്.

ചില സിനിമകളിലൂടെ, ശുദ്ധജലക്ഷാമമുണ്ടാക്കി മിനറൽ വാട്ടറിൻ്റെ കച്ചവടം പൊലിപ്പിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. കുളിച്ചു വരുന്ന പെണ്ണിന് വല്ലാത്ത ഒരാകർഷണീയതയാണെന്നോമറ്റോ രഞ്ജിത്, മമ്മൂട്ടി നായകനായ ഒരു സിനിമയിൽ എഴുതി വച്ചില്ലേ. മിനറൽ വാട്ടർ കമ്പനിക്കാരുടെ കളിയാണത്. അതിനു ശേഷം എല്ലാ പെണ്ണുങ്ങളും കുളിച്ചു തുടങ്ങി. ശുദ്ധജലം അതോടെ കുറഞ്ഞു. പണ്ടൊക്കെ ബി ഗ്രേഡ് മൂവികളിലായിരുന്നു കുളി.ഇപ്പോ ഷോർട്ട് ഫിലിമുകളിൽ പോലും മൊത്തം കുളിയല്ലേ. കുളിക്കാത്തവൻമാർ പോലും ഗുഗിളിൽ കുളിയെന്ന് സെർച്ച് ചെയ്ത് കുളിയെ അങ്ങ് ജനകീയ മാക്കുകയാണ്.കുളി ഇഷ്ടപ്പെടാത്ത പെണ്ണുങ്ങൾ പോലും ഈ തരംഗത്തിൽ പെട്ട് കുളിച്ചു പോകുന്നു.

കുളിയെന്നും പറഞ്ഞ് പാഴാക്കുന്ന ജലത്തിന് ഒരു അറുതി വരണം. ഉണ്ണി ചിന്തിച്ചു.ഇങ്ങനെ ചിന്തിക്കാൻ കോടിയിലൊരാൾക്കേ പറ്റൂ. ഉണ്ണി..ഗ്രേറ്റ്മാൻ! നമുക്ക് എഴുന്നേറ്റ് നിന്ന് ഒരു സല്യൂട്ട് കൊടുക്കാം.
വളരെ നാളുകൾക്ക് ശേഷം കുളിമുറി അന്ന് ഉണ്ണിയെ കണ്ടു. ശുദ്ധജലമേ ക്ഷമിക്കുക എന്ന മന്ത്രമുരുവിട്ട് ടാപ്പ് തുറന്ന നിമിഷത്തിലാണ് ഉണ്ണിയത് കണ്ടത്.
സ്വർണ്ണമാല ..!
ഉണ്ണിയുടെ ഭാര്യ മൈഥിലിയുടേതാണ്.
കുളിക്കാൻ കയറിയപ്പോൾ മറന്നു വച്ചതാകും.

ഈ അടുത്ത കാലത്ത് അവളുടെ ബ്രദർ വാങ്ങിക്കൊടുത്തതാണത്രേ. അഞ്ച് പവനെന്നാണ് അവൾ ഉണ്ണിയോട് പറഞ്ഞിരിക്കുന്നത്.
ഉണ്ണി ഒരു കുസൃതിക്കാരനാണ്. ആൾക്കാരെ ഇട്ട് വട്ടുകളിപ്പിക്കാൻ അവന് വല്ലാത്ത രസമാണ്. ഭാര്യയോട് ഒരു വലിയ കുസൃതി ഒപ്പിക്കണം എന്ന് ഉണ്ണി നിശ്ചയിച്ചു. അവൻ ശുദ്ധജലം അധികം പാഴാക്കാതെ കുറച്ചു വെള്ളം തലയിലൊഴിച്ച് തലതുടച്ച് മാലയുമെടുത്ത് മടങ്ങി.

ഉണ്ണി മാലയെടുത്ത് മദ്യമൊളിപ്പിച്ച് വയ്ക്കുന്ന, ഭാര്യക്കോ അവളുടെ ചാരൻമാർക്കോ അപ്രാപ്യമായ രഹസ്യ സങ്കേതത്തിൽ ഭദ്രമായി വച്ചു.

ഇനി അവളുടെ നെട്ടോട്ടം കാണണം.. അവൾ ഓടി വശംകെട്ട് തളർന്നിരിക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ കാര്യം പറഞ്ഞ് മാല അവൾക്ക് കൊടുക്കണം. ഇതായിരുന്നു ഉണ്ണിയുടെ കുസൃതി പ്ലാൻ. കുസൃതിത്തരത്തിൽ ഉണ്ണിയെ വെല്ലാൻ മണ്ടൻ കുന്നിൽ മറ്റാരുമില്ല.
ഉണ്ണി പ്രതീക്ഷിച്ചതു പോലെ, രണ്ടു മണിക്കൂറിന് ശേഷം ഭാര്യയുടെ നിലവിളി ഉയർന്നു കേട്ടു .അവൾ കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നെഞ്ചത്തിട്ടടിക്കുകയുമാണ്. അഞ്ച് പവൻ്റ മാല കാണാനില്ലത്രേ..

ഉണ്ണി ഒരു കുസൃതി പുഞ്ചിരി ഒളിപ്പിച്ച് മിണ്ടാതിരുന്നു.
ഓടട്ടെ.. കരയട്ടെ .. കാണാനെന്തു രസമാണ്.
ഭാര്യ അലറി കരഞ്ഞു.
ഉണ്ണി മനസിൽ ആർത്ത് അലറി.
ഭാര്യ ദേഷ്യത്താൽ തലചുമരിലിടിച്ചു
ഉണ്ണി ആ ചുമരിനെ ചുംബിച്ചു
ഭാര്യ പേ പിടിച്ച പട്ടിയെ പോലെ നിന്ന് കുരച്ചു.
ഉണ്ണി കൈ കെട്ടി നിന്ന് ചിരിച്ചു.
ഭാര്യ ഓടുന്നത് ഉണ്ണി കണ്ടു.
ഉണ്ണി പിന്നാലെ ഓടി.

ഭാര്യ അയൽവക്കത്തെ രതിയുടെ വീടിൻ്റ മുന്നിൽ നിന്നു.
അരക്കിലോ മീറ്റർ അകലെ എൻജിൻ ഓഫാക്കി നിന്ന് ഉണ്ണി കിതച്ചു.പൊടിപറന്നു.പിന്നെ ഉണ്ണി നടന്നു.
എടീ രതീ.. മൈഥിലി അലറുന്നത് ഉണ്ണി കേട്ടു .
രതി …പെണ്ണുങ്ങൾക്ക് ഇങ്ങനത്തെ പേരിടുന്ന തന്തേം തള്ളേം മടലുവെട്ടി അടിക്കണം.. വെറുതെ ആണുങ്ങളെ കൊതിപ്പിക്കാനായിട്ട് … ഉണ്ണിക്കൊരരിശം!
രതി ഇറങ്ങി വന്നു.

ഉണ്ണിക്ക് അത് കണ്ട് കുളിര് കോരി. അധികായതുകൊണ്ട് കുളിര് കോരാൻ ജോലിക്ക് ആളെ വക്കണമെന്ന് പോലും ഉണ്ണി ചിന്തിച്ചു നിക്കെ ചൂടു പകർന്നു കൊണ്ട് രതി ചിലച്ചു തുടങ്ങി.തണുപ്പകന്നു, ചുട് വന്നു തുടങ്ങി. എന്താ ഒരു ലാംഗ്വേജ്.. ലാംഗ്വേജെന്ന് വച്ചാ രതിയുടെ തന്നെ .. ശരീരം കേറിയങ്ങ് കത്തും.. .. സീയാച്ചനിൽ ഇവളുണ്ടായിരുന്നെങ്കിൽ അവിടെ നഹീമഞ്ഞ്. നോ വാർ.ഒൺലി ബാർ.

മൈഥിലിയുടെ നാക്കിൻ്റെ നീളം 2 Km ആണെങ്കിൽ രതിയുടെ നാക്കിൻ്റെ നീളം 5 Km ആണ്. അത് ഉണ്ണിക്കറിയാം. ഇന്നിവിടെ വല്ലതും നടക്കും.

നല്ല പോരാട്ടമായിരുന്നു നടന്നത്. ശക്തയായ രതിയുടെ മുന്നിൽ തൻ്റെ ഭാര്യ കത്തിജ്വലിച്ച് നിന്നു എന്ന കാര്യത്തിൽ ഉണ്ണിക്ക് അഭിമാനം തോന്നി.ഇങ്ങനാരിക്കണം പെണ്ണ്.

മൈഥിലിയുടെ വാദം: അവൾ മീൻ വാങ്ങാൻ പോയപ്പോൾ കണ്ണിയടർന്ന് മാല അവിടെയെവിടെയോ വീണു.അപ്പോൾ രതി അവിടെ ഉണ്ടായിരുന്നു. രതിയാണ് ആ മാലയെടുത്തത്!
ഒരു ആരോപണം ഉന്നയിക്കുമ്പോൾ എത്ര വലിയ മഹാരഥനായാലും വാഗ്മിയായാലും പതറിപ്പോക്കും. നാക്ക് വച്ച് ജീവിതം നയിക്കുന്ന രതിയും ഉണ്ണിയുടെ ഭാര്യയുടെ ആരോപണത്തിന് മുന്നിൽ നാക്ക് താഴ്ന്ന് നിന്നു പോയി.. അപ്പോൾ അവിടെ രതിക്ക് മേൽ മൈഥിലി വിജയം നേടി.

രതി മാല എടുത്ത് ഒളിപ്പിച്ച് വച്ചിരിക്കുന്നു എന്ന മട്ടിൽ മൈഥിലി കത്തിക്കയറിയപ്പോൾ, താൻ മാല യഥാർത്ഥത്തിൽ എടുത്തോ എന്ന സംശയത്തിലായിപ്പോയി രതി .അത്ര വിദഗ്ദമായി വാക്കുകൾ വാരി വിതറുന്ന സ്വ ഭാര്യയെ ഉണ്ണി അത്ഭുതത്തോടെ നോക്കി നിന്നു.ഇവൾ വല്ല ടീ വി ചാനലിലും ചർച്ചക്ക് പോയാൽ ഇൻഡ്യ തന്നെ മാറിപ്പോകും എന്ന ചിന്തയിൽ ഉണ്ണിയങ്ങനെ നിന്നു.
അങ്ങനെ ഭാര്യ വിജയിച്ചു നിൽക്കുമ്പോൾ ഉണ്ണി സ്വർഗ്ഗം താഴെ ഇപ്പോ വരുമെന്ന് ചിന്തിച്ച് കോൾമയിർ കൊണ്ടു.

കാരണം വാഗ്വാദത്തിൽ തോറ്റാൽ രതി മുണ്ട് പൊക്കി കാണിക്കും.മൊബൈൽ ഫോൺ കണ്ണുമായി ഉണ്ണിെ കാത്തു നിന്നു. കാണാനാഗ്രഹിക്കുന്നത് കാണാനാണ് ദൈവം കണ്ണ് തന്നിരിക്കുന്നത്. ഉണ്ണി മിഴി ചിമ്മാതെ നിന്നു. പക്ഷേ കോവിഡ് പ്രോട്ടോക്കാൾ പ്രകാരം എൻ്റർടൈൻമെൻ്റൊക്കെ ബാൻ ചെയ്തതിനാലാകണം രതി നിയന്ത്രണം പാലിച്ചു.ഉണ്ണിയും അയാളുടെ കണ്ണുകളും അങ്ങനെ ശശിയായി.നിലംപരിശായി.കാണിക്കണില്ലെങ്കിവേണ്ട ..

കൊതിച്ചു നില്ക്കുന്ന കണ്ണുകളെ കുഴിയിലാഴ്ത്തുന്നവരെ നിങ്ങൾ കുത്തുപാളയെടുത്തു പോക.. എന്ന് ഉണ്ണി മനസിൽ പ്രാകി !
ദാറ്റ് ഡേയ്സ് ടോട്ടൽ മൈഥിലി പലരുമായും വാക്പയറ്റ് മാത്രമല്ല,മാല അവർ എടുത്തു എന്ന് ആരോപിച്ചു ദ്വന്തയുദ്ധങ്ങൾ വരെ നടത്തി.ഉണ്ണി അത് സരസമായി പുഞ്ചിരിയോടെ കണ്ടു നിന്നു. അമർത്തിയമർത്തിച്ചിരിച്ചു.

ശത്രു വിനൊരാപത്ത് വരുമ്പോഴാണല്ലോ നമുക്ക് ഓണം.
കടിപിടികൂടി ചെളി പുരണ്ട് ഓടി വന്ന് ഉണ്ണിയെ കെട്ടിപ്പിടിച്ച് മൈഥിലി കരഞ്ഞു: അവളുമാര് എൻ്റെ അഞ്ച് പവൻ്റെ മാല ..
ഉണ്ണി അവളെ ആശ്വസിപ്പിച്ചു: എനിക്ക് മാല വേണ്ട.. നിന്നെ മതി.
മൈഥിലി കരഞ്ഞു: എനിക്ക് മാല വേണം നിങ്ങളെ വേണ്ട…!
പെണ്ണുങ്ങക്ക് സ്വർണമെന്ന് വച്ചാ പ്രാന്താണ്. സ്വർണ്ണം പോയാൽ ഭർത്താവ് പോയതിനേക്കാൾ സങ്കടമാണ്.

ഓക്കെ.. ഇത്ര മതി. ദാറ്റ്സ് ആൾ.. എനിക്ക് മതിയായി.. മൈഥിലിക്ക് നല്ലവണ്ണം കിട്ടി. ഇനി മാല കൊടുത്തേക്കാം. അവളുടെ അഹങ്കാരം മാറിയല്ലോ. ഉണ്ണി ചിന്തിച്ചു.

മൈഥിലിയോട് എല്ലാം പറയണം ഇതൊരു കുസൃതിയാണ്.. കൃഷ്ണൻ്റെതു പോലെ .. കൃഷ്ണൻ കുസൃതിക്കാരനല്ലേ.. എല്ലാം ഒരു വിനോദത്തിനായിരുന്നു. എന്നൊക്കെ പറയണമെന്ന് ഉദേശിച്ച് ഉണ്ണി ഒരുങ്ങി ഇറങ്ങുന്ന സമയത്താണ് ഉണ്ണി അറിഞ്ഞത്…
മൈമുന മൈഥിലിയെ കടിച്ചു..!

മാല എടുത്തു എന്നും പറഞ്ഞുള്ള വഴക്കിനിടയിലാണ്.
മൈമുന കടിക്കുമെന്നറിഞ്ഞെങ്കിൽ താൻ വഴക്ക് കൂടാൻ പോകുമായിരുന്നല്ലോ.എന്താ തന്നെ വിളിക്കാരുത്? ഉണ്ണിക്ക് ദേഷ്യം വന്നു. മൈമുനയെ തിരിച്ച് കടിക്കാൻ ഉണ്ണിയുടെ പല്ലുകൾ തരിച്ചു. ചാടിയിറങ്ങിയ ഉണ്ണിയെ മൈഥിലി തിരിച്ചുവിളിച്ചു.ഈ ഭാര്യമാരാണ് ഭർത്താക്കൻമാരുടെ പല സുഖങ്ങളെയും ഇല്ലാതാക്കുന്നത് ..

മൈമുന കേസുകൊടുത്തു.
കടിച്ചു എന്നും പറഞ്ഞ്.
അതു കേട്ട് പോലീസിന് പോലും കുളിരായി. റൈട്ടർ മരവിച്ചു ചത്തു.
കുളിരോടെ പോലീസ് വന്നു.

പക്ഷേ അവസാനം കടി കേസ് മാലമോഷണ കേസായി.
സംഗതികളുടെ പോക്ക് കണ്ട് ഉണ്ണി ഒളിഞ്ഞു നിന്ന് വിളറി. കാര്യങ്ങൾ കൈവിട്ട് പോയീ.. ഉണ്ണി പരിതപിച്ചു.
മൈഥിലിയുടെ ബ്രദർ ,ഉണ്ണിയുടെ അളിയൻ, അതിഭീകരൻ.. ഓടി വന്നു. അവൻ ഭയങ്കരനാണ്..പിന്നെ എല്ലാം അവൻ്റെ കൈയിലായി.അവൻ പോലീസിനെ സ്വാധീനിച്ചു. കാര്യങ്ങൾ അതിവേഗതയിലായി.

ഇനി കാര്യം പറഞ്ഞാൽ കള്ളനാകും.മാല മോഷ്ടാവാകും. കുസൃതിയാണ്..തേങ്ങയാണ് എന്നൊക്കെ പറഞ്ഞാൽ പാരയാകും.ഇതോടെ പരിഭ്രാന്തിയിലായ ഉണ്ണി മാല എങ്ങനെയെങ്കിലും മാറ്റാനുള്ള പരിശ്രമത്തിലായി.അദേഹം അടുത്ത സുഹൃത്തായ ശിശുപാലന് മാല കൈമാറി.പോലീസ് വീട് ചെക്ക് ചെയ്താൽ പിടിക്കപ്പെടാതിരിക്കണമല്ലോ.
മാലക്കായി പോലീസും, ഉണ്ണിയുടെ അളിയൻ്റ ഗ്യാങ്ങും ഭയങ്കരമായ അന്വേഷണം തുടങ്ങി.

നീയൊക്കെച്ചേർന്ന് ഇപ്പോ അങ്ങ് മറിക്കും. ഉണ്ണി മാറി നിന്ന് ചിരിച്ചു. അളിയനെ പണ്ടേ ഉണ്ണിക്ക് കണ്ടൂടാ .
പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് ശിശുപാലൻ പോലീസിൻ്റ കയ്യിലെത്തി..അതറിഞ്ഞ് ഉണ്ണി ഞെട്ടി.ഉണ്ണി അറിയാതെ ശിശുപാലൻ മാല കൊണ്ട് പണയം വച്ചു. പോലീസ് പിടിച്ചു. കാശിന് ആവശ്യം വന്നത്രേ. എന്തായാലും ചോദ്യം ചെയ്യലിൽ ശിശുപാലൻ ഉണ്ണിയുടെ പേര് പറഞ്ഞു.

ഒരു കുസൃതി നമ്മൾ ചെയ്യുമ്പോൾ മറ്റുള്ളവരുടെ സഹായം നമ്മൾ തേടരുത്. ആ സത്യം ഉണ്ണി ഒടുവിൽ മനസിലാക്കി. കുസ്രുതി നമ്മൾ ഒറ്റക്ക് രഹസ്യമായി ചെയ്യേണ്ടതാണ്. കൂട്ടുകൂടിയാൽ കുസൃതി വികൃതിയായി മാറും.
പോലീസ് വന്നു.

പോലീസിനോട് ഉണ്ണി പറഞ്ഞു: ഇതെൻ്റെയൊരു കുസൃതി ആയിരുന്നു .. കൃഷ്ണനും മോഹൻലാലുമൊക്കെ ഇങ്ങനെയുള്ള കുസൃതി കാണിക്കും…
ഉണ്ണിയുടെ കപോലത്തിൽ കുസൃതിയോടെ കരതലസ്പർശനതാഡനമേൽപ്പിച്ചു കൊണ്ട് എസ് ഐ പറഞ്ഞു.ഇതെൻ്റെയൊരു കുസൃതിയാണ്.. കൃഷ്ണനെയും മോഹൻലാലിനെയും എനിക്ക് ഇഷ്ടമാണ്..

📎 ശിവൻ മണ്ണയം.

By ivayana