ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

കരിഞ്ഞുതീർന്നവന്റെ
കുഴിമാടത്തിനരികിൽ
കരഞ്ഞുതൂവി
തരിച്ചുനിൽക്കുമ്പോൾ
നരകപർവ്വങ്ങൾ തീർത്ത
നോവിന്റെ അരക്കില്ലത്തിൽ
വഴിയറിയാതെ പെട്ടുപോയവനെ
നിസ്സംഗതയുടെ കുടചൂടി
മറന്നെന്നുഭാവിച്ചനിന്നെ
പച്ചമാംസം വെന്തനാറ്റം
ചുറ്റിപ്പൊതിഞ്ഞു
ശ്വാസം മുട്ടിക്കും .,
കഴലുനീറ്റിപ്പറിക്കുന്ന
കഷ്ടകാലത്തിന്റെ
കൂർത്തകനൽമുനകളിൽച്ചവിട്ടി
നൊമ്പരമലയേറിയവന്റെ
കുത്തിനിൽക്കാനൊരു
പാഴ്ത്തടിതേടിത്തളർന്ന
അലറിക്കരച്ചിലുകൾ
ചത്തുമണ്ണടിയും വരെ
നിന്റെ കാതുകളെ
ചുട്ടുപൊള്ളിക്കും .,
തനിച്ചുനീന്താനാവാത്തവൻ
ജന്മബന്ധങ്ങളുടെ
സ്നേഹഭാണ്ഡങ്ങൾ
ഇരുഭുജങ്ങളിൽ കെട്ടിവെച്ച്
ദുരിതങ്ങളുടെ പെരുമഴക്കാലം
മുറിച്ചുകടക്കുമ്പോൾ
അലിവിന്റെ തുരുത്തിലേക്കൊരു
വിരൽത്തുമ്പുതിരഞ്ഞലഞ്ഞ
നീറിനിറഞ്ഞകണ്ണുകൾ
മിഴിയടഞ്ഞൊടുങ്ങും വരെ
നിന്നെ കീറിനോവിക്കും
ദുരന്താവർത്തനങ്ങളിൽ
ആത്മവിശ്വാസത്തിന്റെ
അവസാനചില്ലയും മുറിഞ്ഞ്
സങ്കടത്തീയിൽപൊള്ളിനീറുമ്പോൾ
സാന്ത്വനത്തണലുള്ള
വാക്കിന്റെമറയ്ക്കായി
ചുറ്റും പരതിയവന്റെ
ദയചുരത്തുന്ന തീഷ്‌ണനോട്ടങ്ങൾ
നിദ്രാന്തരത്തിലും
സർപ്പദംശനത്തിന്റെ
പേക്കിനാവുപോൽ
നിന്നെ കുത്തിനീറ്റിക്കും .
ചിറകുമുറിഞ്ഞു
ചോരയിറ്റിപ്പിടയുന്ന
ശിഷ്ടജീവനുകളെനോക്കി
കഷ്ടമെന്ന സഹതാപം
ലോഭമില്ലാതെ വീതിച്ചുനൽകി
കടമയുടെകടം തീർത്തു
തിരികെനടക്കുമ്പോഴോർക്കുക
മരണമെന്ന ഒസ്യത്തിൽ
ഒപ്പിടും വരെ
ജീവിതമെന്നെഴുതിയ
ചുളുങ്ങിയ തുണ്ടുകഷണം
നിനക്കുമുൻപിലും
അവൻ സാക്ഷ്യപെടുത്തിയിരുന്നു .
ലാഭനഷ്ടങ്ങളുടെ
ആപേക്ഷികങ്ങളിൽ
ആശ്വാസത്തിന്റെ
ദീർഘനിശ്വാസവും വിട്ട്
കുറ്റപ്പെടുത്തലുകളുടെ
കൊമ്പുകോർക്കലിൽ
സ്വയം നാറുമ്പോഴോർക്കുക ,
സ്വപ്നങ്ങളുടെ
ചില്ലുപാത്രത്തിൽനിറയുന്ന
തിരസ്കാരത്തിന്റെ
കയ്പുചാറുമോന്തി
ആത്മാവുനീലിക്കുമ്പോഴും
നാളെയെന്ന മോഹവുമായി
മരണവാറോലയെത്തും വരെ
നിന്റെ മുന്നിലവനുണ്ടായിരുന്നു ….

പ്രവീൺ സുപ്രഭ

By ivayana