അരുമയായ് പോറ്റിയ
അരിയ സ്വപ്നങ്ങളേ
മരുപ്പച്ച തേടി,
മരുഭൂവിലലയാതെ ,
എന്റെയരികിൽ ,
വറ്റിവരണ്ടൊരീയരുവി,
തന്നോരത്തിരിക്കുമോ

അലിവിൻ നനവില്ലാ_
ക്കരയിതിൽ കാൺമൂ
ആർക്കോ വേണ്ടി പൂക്കും
കാട്ടുചെടികളെ.

ഒരിക്കലീ പാരിൽ
ഗരിമയാർന്നു നിന്നവർ.
പ്രൗഢി തന്നുത്തുംഗ_
ശൃംഗം കടന്നവർ.
സാളഗ്രാമങ്ങളിൽ ,
പൂജാമലരായവർ.

ഉള്ളിലൊരു ചിതയാളുമ്പൊഴും
പുറമേ മൃദുസ്മേരം
പുതച്ചിരിയ്ക്കുന്നവർ.

ചൂടാത്ത പൂവെന്ന പരിഭവമില്ല.
നേരമായ് പോകാനെന്നാധിയില്ല.
വാടാതെയാടാതെ ,
കുമ്പിട്ടു നിൽക്കാതെ
മരുവുമവരുടെ കരളറിഞ്ഞീടുക.

അരുമയായ് പോറ്റിയ
അരിയ സ്വപ്നങ്ങളേ..
നിഴലനക്കങ്ങളിൽ
നിറം പരതുന്ന ,
നിങ്ങൾ തന്നല്ലെയീ കാട്ടുപൂക്കൾ.

ലത അനിൽ‍

By ivayana