സോമരാജൻ പണിക്കർ*

നമ്മൾ ഓരോരുത്തരുടെയും ജീവിതം ഓരോ അത്ഭുതം ആണ് , അല്ലെങ്കിൽ നിരവധി അത്ഭുത സംഭവങ്ങളുടെ പരമ്പര ആണ് . ഒരു പക്ഷെ യാദൃശ്ചികമായി സംഭവിച്ച പല സംഭവങ്ങൾ ആയിരിക്കും . ചിലപ്പോൾ അവ നല്ലതും ചിലപ്പോൾ ദുരന്തവും ആകാം . പക്ഷെ പിന്നീട് അവ ഓർത്തെടുക്കുമ്പോൾ ഒരിക്കൽ സംഭവിച്ച ദുരന്തങ്ങൾ പോലും നമ്മെ പലതും പഠിപ്പിച്ചു എന്ന് ആശ്വാസം കൊണ്ടെക്കാം .

എന്റെ ജീവിതവും അങ്ങിനെ നിരവധി അത്ഭുതങ്ങളുടെ ഒരു നിര തന്നെയാണ് . ഒരു കുഗ്രാമത്തിൽ യാതൊരു ലക്ഷ്യബോധമോ ദൃഡനിശ്ചയമോ ഇല്ലാതെ വളര്ന്നു അമ്മയുടെ ഭാഷ കടമെടുത്തു പറഞ്ഞാൽ ” തേരാപ്പാരാ തെണ്ടി നടന്ന ഒരു അസത്ത് ചെറുക്കൻ ” ഒരു ദിവസം ഒരു ഉൾവിളി പോലെ മുംബയ്ക്ക് വണ്ടി കയറുന്നു . അവിടെ എഞ്ചിനീയറിംഗിന് ചേരുന്നു . അവിടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുമായി 110 കുട്ടികളുമായി നാലു കൊല്ലം ഒരു പുതിയ കലാലയ ജീവിതം നയിക്കുന്നു . അത് എന്റെ ജീവിതവും ജീവിത വീക്ഷണവും മാറ്റി മറിക്കുന്നു. ഭാരതം എത്ര വൈവിധ്യമുള്ള ഒരു രാജ്യം ആണെന്ന് ആ ജീവിതം എന്നെ പഠിപ്പിക്കുന്നു .

ഷോലാപ്പൂര്‍കാരനായ ഫാരൂക് ഉം പാകിസ്ഥാനിൽ തറവാട് ഉണ്ടായിരുന്ന ശിവ ഭാട്ടിയയും ബംഗാളി ആയ സഞ്ജയ്‌ മിത്രയും ഗുജറാത്ത് കാരിയായ മീതാ ദേശായിയും അനേകം മറാത്തി, ഗുജറാത്തി, രാജസ്ഥാനി , യൂപ്പി ബാലന്മാരും ചേർന്ന് താമസിച്ച ബാന്ദ്രയിലെ ബോയ്സ് ഹോസ്റെലും മനോഹരമായ വർളി കടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ വാട്ടുമുൽ എഞ്ചിനീയറിംഗ് കോളേജും, ഒരുപാട് അപകർഷതാബോധവും ഭയവും അജ്ഞതയും വികലമായ ഹിന്ദിയും മാത്രം കൈമുതൽ ആക്കിയ ഒരു ഗ്രാമീണ ബാലനെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തി . എന്റെ ഹോസ്റ്റൽ , കോളേജ് , മുംബൈ നഗരം , സഹപാഠികൾ , അദ്ധ്യാപകർ, എന്ന് വേണ്ട കണ്ടു മുട്ടുന്ന ഓരോ മനുഷ്യരും നമ്മെ എന്തൊക്കെയാണ് ഓരോ ദിവസവും പുതിയതായി പഠിപ്പിക്കുന്നതു എന്ന് വിസ്മയത്തോടെ ഞാൻ അറിഞ്ഞു .

ഞങ്ങളുടെ ഉള്ളു തുറന്ന സൗഹൃദം , മറ്റു മതക്കാരോടും ഭാഷക്കാരോടും ഉള്ള സഹിഷ്ണുത നിറഞ്ഞ പെരുമാറ്റം , ആരെങ്കിലും ഒന്ന് കളിയാക്കിയാൽ കരയാതിരിക്കാനും ഒരു തമാശു കേട്ടാൽ പൊട്ടിച്ചിരിക്കാനും ഒക്കെ പഠിച്ചതു ഈ ഹോസ്റ്റൽ ജീവിതം കൊണ്ടാണ് . മാസാന്ത്യത്തിൽ പണം തീരുമ്പോൾ പരസ്പരം കടം വാങ്ങുക , അടുത്ത് നില്ക്കുന്ന ചങ്ങാതിയുടെ പോക്കെറ്റിൽ കൈയിട്ടു കൈയ്യിൽ കിട്ടിയ പണം എടുക്കുക , ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് കടം പറയുക , ധനിക കുടുംബത്തിലെ അംഗങ്ങള്‍ ആയ മീതയും സഞ്ജയ്‌ ഉം ഞങ്ങൾക്ക് ചില ലോണുകൾ തരപ്പെടുത്തി തരിക . പണം ലാഭിക്കാൻ സഞ്ജയ്‌ മിത്രയുടെ ബാന്ദ്രയിലെ വീട്ടിൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ പോവുക അങ്ങിനെ ” ത്രീ ഇടിയട്റ്റ്‌സ് ” സിനിമയിലെ പോലെ ഒരു ജീവിതം ആയിരുന്നു അത് . എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അത്ഭുതവും അത് തന്നെയായിരുന്നു .

ഹോസ്റ്റൽ ലെ ഓരോ ദിവസവും ഓരോ ആഘോഷമായിരുന്നു . എല്ലാവരുടെയും ബർത്ത് ഡേ , ഹോളി , ഈദ്, ഗണപതി , അങ്ങിനെ മുംബയിൽ ആഘോഷങ്ങൾക്ക് വല്ല പഞ്ഞവും ഉണ്ടോ ? ഒരു ചെണ്ട കൊട്ട് കേട്ടാൽ ഉടൻ ഓഫിസിൽ നിന്നോ ക്ളാസ്സിൽ നിന്നോ പുറത്തേക്ക് ഓടിയിറങ്ങി മൂന്നു നാലു നൃത്ത ചുവടു വെച്ചിട്ട് പോകുന്നവരാണ് മുംബൈ നിവാസികൾ . അത്തരം നൃത്ത രംഗങ്ങളിൽ നാട്ടിലെ ” ഓട്ടൻ തുള്ളലും ” ആയി വന്നു കഷ്ടപ്പെട്ടു പോയ ഒരാളാണ് ഞാൻ . എങ്ങിനെ നോക്കിയാലും ആ മുംബൈ നൃത്തം എനിക്ക് വഴങ്ങില്ല . എങ്കിലും ദർബ മുതൽ ക്രിസ്തുമസ് നൃത്തം വരെ പയറ്റി വശം കെടാൻ എനിക്ക് ഒരു നാണക്കേടും തോന്നിയില്ല .

ക്ളാസിലെ 110 കുട്ടികളും 110 പാഠ പുസ്തകങ്ങൾ എന്ന് വിളിക്കാം . വിവിധ ഭാഷക്കാർ , വിവിധ ദേശക്കാർ , വിവിധ മതക്കാർ , വിവിധ വേഷക്കാർ , വിവിധ സാമ്പത്തിക സ്ഥിതി ഉള്ളവർ , എന്നീട്ടും തമ്മിൽ വല്ലാത്ത ഇഴയടുപ്പം ഉള്ള സൗഹൃദം ആ സംഘത്തിന്റെ പ്രത്യേകത ആയിരുന്നു . ആ അടുപ്പവും സൌഹൃദവും അദ്ധ്യാപകർ മുതൽ ചായ കൊണ്ടുവരുന്ന ഭയ്യ വരെ എടുത്തു പറയുമായിരുന്നു . സംഘം തിരിഞ്ഞു ഒരു വഴക്കോ വയ്യവേലിയോ ആ നാലു കൊല്ലവും ഉണ്ടായിരുന്നില്ല . ക്രിക്കറ്റ് കളിയും ടേബിൾ റ്റെന്നീസ് ഉം ഒക്കെ ഉണ്ടായിരുന്നു എങ്കിലും എല്ലാ മത്സരങ്ങളും തീരുമ്പോൾ തോളിൽ കൈയ്യിട്ടു പാട്ട് പാടി പോകുന്ന നല്ല സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ . പരീക്ഷ തലേന്ന് ഹോസ്റ്റൽ മുറികൾ മുഴുവൻ ഹോസ്റ്റൽ ഇല്ലാതെ താമസിക്കുന്ന മറ്റു കുട്ടികൾ കയ്യടക്കും . പഠിത്തവും പാട്ടും ഡാൻസും കളിയാക്കലും തയ്യാറെടുപ്പും പഠിപ്പികലും ആയി രാത്രി മുഴുവൻ ഉറങ്ങാതെ ചിലവഴിക്കും . ആണ്‍കുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റൽ ലെ ഏക പെണ്‍കുട്ടി ആയ മീത എപ്പോഴും ഏതു മുറിയിലും കയറിച്ചെല്ലാൻ ധൈര്യപ്പെട്ടിരുന്നു . അത്രയ്ക്ക് സുരക്ഷിത ആയാണ് മീത ഞങ്ങളുടെ ഹോസ്റ്റലിൽ നാലു കൊല്ലം താമസിച്ചത് .

അത്തരം സൌഹൃദ വലയത്തിൽ അധികം ബഹളങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഒരു സഹപാഠി ആയിരുന്നു ടീ ആർ മോഹൻ എന്ന ഒരു കൊലുന്നു പയ്യൻ. പേര് വെച്ച് നോക്കിയാല്‍ ആൾ തെലുങ്ക് ആണ് , പക്ഷെ ഗുജറാത്തിലെ സൌരാഷ്ട്ര ആണ് സ്വദേശം . തലമുറകൾ ആയി തമിഴ് നാട്ടിലെ മധുരയിൽ കുടിയേറി , പിന്നീടു മുംബൈ യിൽ എത്തി . ഇപ്പോഴും വീട്ടിൽ സൌരാഷ്ട്ര ഭാഷയും തെലുങ്കും തമിഴും എല്ലാം ഇടകലര്ത്തി സംസാരിക്കുന്നു . ഭാരതത്തിന്റെ വൈവിധ്യം ഒരു വീട്ടിൽ തന്നെ എത്ര മനോഹരമായാണ് ഉൾപ്പെട്ടിരിക്കുന്നത്.

മനോഹരമായ ആ കലാലയ കാലം നാലു കൊല്ലം കൊണ്ട് അവസാനിച്ചു എങ്കിലും നാല്പ്പത് കൊല്ലത്തെ പരിചയവും സൌഹൃദവും ആണ് അത് ഞങ്ങൾ സഹപാഠികൾക്കു സമ്മാനിച്ചത്‌ . ക്യാമ്പസ് സെലെക്ഷൻ നും ഒക്കെ അന്ന് നാട്ടിൽ കെട്ടു കേഴ്‌വി പോലും ഇല്ലാതിരുന്ന ഒരു കാലത്താണ് ഞങ്ങളിൽ എല്ലാവർക്കും തന്നെ അത്തരം ജോലികൾ പഠനം പൂർത്തിയാകുന്നതിനു മുൻപ് തന്നെ കിട്ടുന്നത് . അങ്ങിനെ പലരും പലയിടങ്ങളിൽ ആയി , നല്ലൊരു ശതമാനം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കടന്നു . ബന്ധങ്ങൾ പലതും മുറിഞ്ഞു . മുംബയിൽ ഉള്ളവരും ജോലി ചെയ്യുന്നവരും അപ്പോഴും ബാന്ദ്രയിൽ ഒത്തു കൂടി . ശിവ ഡൽഹിക്കും സഞ്ജയ്‌ ഉം മീതയും അമേരിക്കക്കും കടന്നു . ഫാരൂക് ടൈംസ്‌ ഓഫ് ഇന്ത്യയിൽ ജോലിക്കു കയറി , ഞാൻ തോഷിബാ കമ്പനിയിൽ കയറിക്കൂടി , പിന്നെ അവിടെനിന്നും സൗദിക്കും കടന്നു .

വർഷങ്ങൾ പറന്നു പോയി , എല്ലാവരും കുടുംബ ജീവിതം തുടങ്ങി , ചിലർ സ്വന്തം ജോലികളും വ്യവസായങ്ങളും തുടങ്ങി . ചിലർ അമേരിക്കയിൽ പ്രൊഫസർ ആയി , ചിലർ ഇവിടെ പ്രൊഫസർ ഉം സയന്റിസ്റ്റും കമ്പനി മേധാവിയും ഒക്കെ ആയി . ഇതിനിടെ ഈമെയിൽ സംവിധാനം വന്നതോടെ മിക്കവാറും വീണ്ടും പഴയ സുഹൃത്തുക്കളെ കണ്ടുപിടിച്ചു . യാഹൂ ഗ്രൂപ്പും വാട്ട്സ് ആപ്പ് ഗ്രൂപ്പും ലിങ്കെഡ് ഇൻ ഉം ഒക്കെ വന്നതോടെ ഞങ്ങൾ വീണ്ടും വലിയ ഒരു സൌഹൃദ വലയം കെട്ടിപ്പടുത്തു. അതിൽ വലിയവരും ചെറിയവരും എല്ലാം ഉണ്ട് . ജോലി കൊടുക്കന്നവരും ജോലി നഷ്ടപ്പെട്ടവരും ചെറിയ വരുമാനക്കാരും എല്ലാം ചേർന്ന് ഞങ്ങൾ ഒരു നല്ല ലോകം ഉണ്ടാക്കി . ഞങ്ങൾ വീണ്ടും ആ പഴയ സഹപാഠികൾ ആയി .

ഇരുപത്തഞ്ചു വർഷം കഴിഞ്ഞു എന്നും തലമുടി നരച്ചു തുടങ്ങി എന്നും ഓർമ പഴയത് പോലെ കിട്ടുന്നില്ല എന്നൊക്കെ പലരും പരാതിപ്പെട്ടു തുടങ്ങി . അങ്ങിനെ ഞങ്ങൾ ഒരു ക്ളാസ് മേറ്റ്സ് സമാഗമം നടത്തി . വാട്ടുമുൽ കോളേജ് ന്റെ ചരിത്രത്തിൽ ഇത്രയും വലിയ ഒരു റീ യൂണിയൻ അതിനു മുൻപോ പിന്പോ നടത്തിയില്ല . അന്നത്തെ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും എല്ലാം തിരഞ്ഞു പിടിച്ചു കൊണ്ടുവന്നു . അമേരിക്കയിലും ആസ്ട്രേലിയ യിലും ഉള്ള പല സഹപാഠികളും എത്തി . നമ്മുടെ പഴയ നാണം കുണുങ്ങി ടീ ആർ മോഹനും എത്തി . ഏതോ ഒരു രോഗം അദ്ദേഹത്തെ അലട്ടുന്നു എന്നും കോച്ചിംഗ് ക്ലാസ് അധ്യാപക ജോലി ചെയ്യാൻ വിഷമം ആണെന്നും ഒന്ന് സൂചിപ്പിക്കുകയും ചെയ്തു . ഈ ജൂബിലി ആഘോഷത്തിനു സഹപാഠികളെ തിരഞ്ഞു പിടിക്കുന്ന പണി ആണ് ഞാൻ ഏറ്റെടുത്തത് .

അതിനാൽ മിക്കവരെയും കണ്ടുപിടിക്കാനും സംസാരിക്കാനും എല്ലാം ജോലിക്കിടയിൽ ഞാൻ വളരെ കഷ്ടപ്പെട്ടു. ഞങ്ങൾ മുപ്പതു പേര് വീണ്ടും പൂനയിൽ ഒരു പിക്നിക് സംഘടിപ്പിക്കുകയും ഹോസ്റ്റൽ ദിനങ്ങളിലെ മിക്ക സുഹൃത്തുക്കളും, മീത ദേശായി അടക്കം വരികയും ചെയ്തു . അങ്ങിനെ ഇരുപത്തഞ്ചു വർഷം പിന്നിട്ട ഒരു കലാലയ സംഘം അതെ സൌഹൃദത്തോടെ പോയ കാലം വീണ്ടും തിരിച്ചു പിടിച്ചു .

ഈ മെയിലും വാട്ട്സ് ആപ്പ് ഉം ഒക്കെ ഞങ്ങളുടെ ആശയവിനിമയം എത്ര എളുപ്പം ആക്കി എന്ന് ഞങ്ങൾക്ക് ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരുന്ന സന്ദേശങ്ങളും ചിത്രങ്ങളും പഠിപ്പിച്ചു . ഈ ലോകം വളരെ ചെറുതായപോലെ!

കഴിഞ്ഞ മാസം ഞാൻ ഒരു ചെറിയ അവധിക്കു അരീക്കര കഷ്ടിച്ചു നാലു ദിവസം ചിലവഴിച്ചു . അവിടെയാണെങ്കിൽ ഈ മെയിലോ ഇന്റർനെറ്റ്‌ ഓ കിട്ടാൻ വളരെ പ്രയാസം . നമ്മുടെ ഫോണുമായി മുറ്റത്ത് കറങ്ങി നടന്നാൽ ചില സിഗ്നലുകൾ കിട്ടിയെങ്കിൽ ആയി .അങ്ങിനെ ഒരു സന്ധ്യക്ക്‌ ഇടതടവില്ലാതെ ഫോണ്‍ അടിക്കാൻ തുടങ്ങി . ഫോണിൽ ” മോഹൻ വാട്ടുമുൽ ” എന്ന പേര് തെളിയുന്നത് കണ്ടു ഞാൻ മുറ്റത്തേക്ക്‌ ഓടി .

വളരെ അവ്യക്തമായ ശബ്ദം ,
” മോഹൻ , ഞാൻ ലാൻഡ്‌ ലൈനിൽ വിളിക്കാം , ഈ മൊബൈൽ വ്യക്തമല്ല “
എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് മനസ്സിലായി , ഞാൻ ഉടൻ തന്നെ വീട്ടിലെ ലാൻഡ്‌ ലൈൻ ഇൽ മോഹന്റെ മൊബൈൽ ലേക്ക് വിളിച്ചു .
” മോഹൻ , കേള്ക്കാമോ , ഇനി പറയൂ , എന്താണ് പ്രശ്നം ?”
” സോം , എനിക്ക് ഒരു ആരോഗ്യ പ്രശ്നം ഉണ്ട് , അന്ന് കോളേജിൽ വെച്ച് പറഞ്ഞല്ലോ , വർഷങ്ങൾ ആയി ചികിത്സ ആയിരുന്നു , ആരോടും പറഞ്ഞില്ല , ഇപ്പൊ ഡോക്ടർ ഒരു അവസാന തീരുമാനം പറഞ്ഞു
നോണ്‍ ആൽക്കഹോളിക് ഹെപ്പറ്റൈട്ടിസ് ലിവർ സിറോസിസ് ആണ് രോഗം . “
” അവസാന തീരുമാനം എന്ന് പറഞ്ഞാൽ … ?”
” ലിവർ ട്രാൻസ്പ്ലാന്റ് വേണം …”
അത് കഴിഞ്ഞു മോഹൻ ഒരു പൊട്ടി കരച്ചിൽ ആയിരുന്നു . ഞാൻ ഒരു നിമിഷം പകച്ചു പോയി . എന്ത് പറയണം എന്നറിയാതെ ,

” മോഹൻ ,,,, മോഹൻ …. കരയാതെ കാര്യം പറയൂ … എങ്കിൽ ഇല്ലെ എനിക്ക് മനസ്സിലാവൂ …”
ഞാൻ കുറെ നേരം ഫോണ്‍ പിടിച്ചു കൊണ്ട് നിന്നു, ഈശ്വരാ ..കരൾ മാറ്റിവെക്കൽ എന്നൊക്കെ വായിച്ചിട്ടേ ഉള്ളൂ , അതിനു ഇരുപതോ മുപ്പതോ ലക്ഷം രൂപയോളം ചിലവു വരും , ആരെങ്കിലും ദാനം ചെയ്യണം അല്ലെങ്കിൽ മരണം ഉറപ്പാക്കിയ ഒരു രോഗിയുടെ കരൾ അയാളുടെ ബന്ധുക്കളുടെ സമ്മതത്തോടെ മാറ്റിവെക്കണം എന്നൊക്കെ വായിച്ചിട്ടുണ്ട്.. പക്ഷെ ഇതിപ്പോൾ എന്റെ സ്വന്തം സഹപാഠി , അതും മോഹൻ പോലെയൊരു പാവത്തിന് …..

” സോം … എനിക്ക് ഇനി ഈ മാർഗമേയുള്ളൂ , ആരോട് എങ്ങിനെ ചോദിക്കണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു , രണ്ടു കൊല്ലം ആയി ഒരുപാട് ചികിത്സ ആയിരുന്നു , കരുതി വെച്ച പണം എല്ലാം ചിലവായി , മകളും മകനും പഠിക്കുന്നു , ഭാര്യക്ക് ജോലിക്ക് പോയാൽ ആഗ്രഹം ഉണ്ട് , പക്ഷെ എന്റെ ഈ അവസ്ഥയിൽ അവർ എന്ത് ചെയ്യും ? ഡോക്ടർ പറഞ്ഞു ഇനി കരൾ മാറ്റി വെക്കൽ അല്ലാതെ മറ്റൊരു മാര്ഗവും ഇല്ല ,,, പക്ഷെ ഇരുപത്തഞ്ചു ലക്ഷം രൂപ എങ്കിലും മിനിമം വേണം .. എനിക്ക് ഇനി ഈ വീടും അതിലെ ഫർണീച്ചർ ഉം മാത്രമാണ് വിൽക്കാൻ ബാക്കി …. സോം നോട് ഒന്ന് ആലോചിക്കാം എന്ന് ഇന്ന് തോന്നി … എന്റെ ബന്ധുക്കൾ ഒക്കെ കൈമലർത്തി…. എന്റെ ഭാര്യയും മകളും കരൾ ദാനം ചെയ്യാൻ തയ്യാറാ ….. സോം .. എന്റെ ബാങ്ക് അക്കൗണ്ട്‌ ഇന്ന് സീറോ ബാലന്സ് ആയി ……..”

പകുതി വാക്കുകളും ബാക്കി കരച്ചിലും ആയി മോഹൻ ആ ഫോണ്‍ സംഭാഷണം പൂർത്തിയാക്കി എന്റെ മറുപടിക്ക് കാത്തു …
” മോഹൻ … നീ ഇങ്ങനെ കരഞ്ഞാലോ …ഒരു കരൾ മാറ്റിവെക്കൽ അത്രേ ഉള്ളാല്ലോ … ഒന്നും ഒരു വലിയ പ്രശ്നം അല്ല , ഞങ്ങൾ നിനക്ക് പത്തമ്പത് കൂട്ടുകാർ ഇല്ലേ ..ഞങ്ങൾ എന്തെങ്കിലും ഒരു വഴി കാണും …നീ ധൈര്യമായി ഇരിക്ക് ..ഞാൻ എന്റെ ഗ്രാമത്തിലാണ് ..മറ്റെന്നാൾ മുംബൈ എത്തും ..എല്ലാത്തിനും മാര്ഗം ഉണ്ടാക്കാം …”

ഏതു ധൈര്യത്തിൽ ആണ് അയാളോട് കരൾ മാറ്റിവെക്കൽ നിസ്സാരം ആണെന്നും ഞങ്ങൾ ഉണ്ട് ഒന്നും പേടിക്കേണ്ട എന്നും പറഞ്ഞത് എന്ന് എനിക്കറിഞ്ഞു കൂടാ . എന്റെ ബാങ്കിൽ അയാൾക്ക്‌ കൊടുക്കാൻ കാര്യമായി ഒന്നും ബാലന്സും ഇല്ല . പോരെങ്കിൽ അശ്വതിയുടെ വാർഷിക ഫീസ്‌ കൊടുക്കാനുള്ള തീയതിയും അടുത്ത് വരുന്നു .
അല്ലെങ്കിലും എന്റെ കാര്യങ്ങൾ എല്ലാം അങ്ങിനെയാണ് , കൈയ്യിൽ കാര്യമായി ഒന്നും ഇല്ലാതിരുന്ന കാലത്താണ് എങ്ങിനെയൊക്കെയോ വഴികൾ കാണുന്നതും പരിഹരിക്കുന്നതും . കൂട്ടി വെച്ച് ഇന്നുവരെ ഒന്നും നേടിയിട്ടും ഇല്ല .

പെട്ടന്ന് ഓര്ത്തത് ഞങ്ങളുടെ റീ യൂണിയൻ ഫണ്ട്‌ പിരിച്ച ആനന്ദ് ദേശ്പാണ്ടേയാണ് . അന്നത്തെ ഫണ്ട്‌ ന്റെ ബാക്കി ഉണ്ട് എന്ന് പറഞ്ഞിരുന്നത് എനിക്ക് നല്ല ഓർമയുണ്ട് .
ആനന്ദ് നെ വിളിച്ചു , ഉടൻ ബാക്കി വന്ന ഫണ്ട്‌ മോഹന്റെ അക്കൗണ്ട്‌ ലേക്ക് ഇടാൻ പറഞ്ഞു . പാവം അത്രയും ഉടൻ ആശ്വാസം ആവുമല്ലോ . ബാക്കി ഒക്കെ മുംബൈയിൽ വന്നിട്ട് നോക്കാം . മിനിറ്റുകള്‍ കഴിഞ്ഞു മോഹന്റെ അക്കൌണ്ട് ഇല്‍ പണം എത്തി. .

ഞാൻ എന്റെ സഹപാഠികൾക്കു ഒരു നീണ്ട മെയിൽ തയാറാക്കി . മോഹന്റെ ജീവന്‍ രക്ഷിക്കാൻ നമ്മൾ സഹപാഠികൾ മാത്രമേ ഉള്ളൂ എന്ന് എന്റെ മനസ്സിൽ തട്ടിയ ഭാഷയിൽ എഴുതി . നമ്മൾ അമ്പതു പേര് വിചാരിച്ചാൽ ഒരു നല്ല തുക സമാഹരിക്കാം . എനിക്ക് തരാൻ കഴിയുന്ന തുക ഞാൻ ആദ്യമേ അതിൽ എഴുതി . അതുപോലെ അൻപതുപേർ അവര്ക്ക് കഴിയുന്ന തുക അയക്കട്ടെ . അങ്ങിനെ ഒരു പകുതി എങ്കിലും ആയാൽ ബാക്കി എൻ ജീ ഓ യെ സോഷ്യൽ വർക്കർ വഴിയോ വ്യക്തികളെ സമീപിച്ചൊ ഒക്കെ സമാഹരിക്കാം . നമ്മൾ ആദ്യം ഇറങ്ങാം , അതെ സന്ദേശം വാട്ട്സ് ആപ്പ് വഴിയും അയച്ചു .

നന്മയുടെ വഴി എങ്ങിനെയാണ് ഈശ്വരൻ തുറന്നിടുന്നത് എന്ന് ഒരു സ്വന്തം അനുഭവത്തിലൂടെ ഞാൻ അറിഞ്ഞു . മുംബൈ ഇൽ തിരികെ എത്തിയപ്പോൾ എന്റെ ജീവിതം മാറ്റി മറിച്ച അതേ കലാലയത്തിലെ സഹപാഠികളുടെ നൂറ്റി അൻപതിൽ പരം മെയിലുകൾ . ഞങ്ങൾ ഒരു കമ്മിറ്റി ഉണ്ടാക്കി , സഹായങ്ങൾ സ്വരൂപിക്കാൻ ആനന്ദ് നെ വീണ്ടും കണ്‍വീനർ ആക്കി . ഒരാഴ്ച്ച കൊണ്ട് ഞങ്ങൾ അമ്പതു സഹപാഠികൾ ഇരുപതു ലക്ഷം രൂപ സ്വരൂപിക്കാൻ സമ്മതപത്രം നല്കി . എന്റെ ജീവിതത്തിൽ ഇത്രയധികം ഫോണുകളും ഈ മെയിലുകളും ചെയ്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല . ഇതിനേക്കാള്‍ ഒരു നല്ല കാര്യം ജീവിതത്തില്‍ ചെയ്തിട്ടുമില്ല .

ഒരു കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ എത്ര ദുഷ്കരം ആണ് എന്ന് അടുത്ത ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കി . മസ്തിഷ്ക മരണം സംഭവിച്ച ഒരു രോഗിയുടെ കരൾ ആണ് ആദ്യം അന്വേഷിക്കുന്നത് . കാരണം മോഹന്റെ ഭാര്യയും മകളും വ്യത്യസ്ത രക്ത ഗ്രൂപ്പുകൾ ആണ് . അത്തരം ശസ്ത്രക്രിയ കൂടുതൽ ദുഷ്കരവും പരാജയ സാദ്ധ്യത കൂടുതലും ആണ് . മോഹന്റെ 22 വയസ്സ് മാത്രം പ്രായമുള്ള നന്ദിത എന്ന കൊച്ചു മിടുക്കി അച്ഛന് വേണ്ടി കരൾ കൊടുക്കാൻ തയാറാണ് താനും . കരൾ ശസ്ത്രക്രിയക്കു വിധേയരാവാൻ ആദ്യം ഒരു ഇവാലുവേഷൻ ടെസ്റ്റ്‌ രണ്ടു ലക്ഷം രൂപ മുടക്കി നടത്തണം , കരൾ നല്കാൻ തയ്യാറാകുന്ന ആളും ഏറെക്കുറെ ഇതേ ടെസ്റ്റ്‌ ചെയ്യണം . അങ്ങിനെ ഞങ്ങൾ വിവരങ്ങളും ചിലവുകളും തിരക്കി മുംബയിലെയും മറ്റു പല സ്ഥലങ്ങളിലെയും ആശുപത്രികൾ കയറി ഇറങ്ങി .

മോഹന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു . ആരോഗ്യം മാത്രമല്ല മോശം , പണമുള്ള പല ബന്ധുക്കളും കൈയ്യൊഴിഞ്ഞ ആ ചെറിയ മനുഷ്യനെ കൈവിടാൻ ഞങ്ങൾ സഹപഠികൾക്കു മനസ്സു വന്നില്ല . നിലവിൽ ഏറ്റവും മിതമായ കരള്‍ ശസ്ത്രക്രിയാ നിരക്കുകൾ ഉള്ള കോകിലാ ബെൻ അംബാനി ആശുപത്രിയിൽ ശസ്ത്രക്രിയക്കു മാത്രം ഇരുപതു ലക്ഷം രൂപയ്ക്കു ചെയ്യാം എന്ന് തീരുമാനിച്ചു . എങ്കിലും കടാവർ ( മസ്തിഷ്ക്ക മരണം സംഭവിച്ച രോഗിയിൽ നിന്നും എടുക്കുന്ന കരൾ ) ദാനത്തിനു വേണ്ടി ബുക്ക്‌ ചെയ്യാൻ തീരുമാനിച്ചു . 60 ദിവസത്തിനകം അങ്ങിനെ ലഭിച്ചില്ലെങ്കിൽ മോഹന്റെ വീട്ടിൽ നിന്നു തന്നെ ഒരു ദാതാവ് വേണ്ടി വരും . മൊത്തം മുപ്പതു ലക്ഷം രൂപ സമാഹരിക്കാൻ എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കാനും ഞങ്ങൾ തീരുമാനിച്ചു . മോഹന്റെ ജീവൻ രക്ഷിക്കാൻ ആരോടും സഹായം അഭ്യർതിക്കാന്‍ ഞങ്ങൾ മനസ്സ് കൊണ്ടും പ്രവര്ത്തി കൊണ്ടും തീരുമാനിച്ചു .

കഴിഞ്ഞ തിങ്കളാഴ്ച മോഹനെ കോകിലാ ബെൻ ആശുപത്രിയിൽ ഇവാലുവേഷൻ ടെസ്റ്റ്‌ നു അഡ്മിറ്റ്‌ ചെയ്തു . എന്റെ സഹപാഠി സ്വന്തം വാഹനത്തിൽ അവനെ കുടുംബ സമേതം കൊണ്ട് വന്നു . ഞാനും മറ്റു നാലു സഹപാഠികളും പോയി . മലയാളി ആയ പ്രശസ്ത കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ.വിനയകുമാരനെ കണ്ടു .

” നാലു മാസം തരൂ ,നിങ്ങളുടെ സഹപാഠി മോഹനെ ഞാൻ പഴയ സ്ഥിതിയിൽ തിരിച്ചു തരാം “
അദ്ദേഹം നല്കിയ ആത്മവിശ്വാസം , അറുപതു ദിവസത്തെ കൌണ്ട് ഡൌണ്‍ , സ്വന്തം സഹപാഠിയെ കൈവിടാൻ മനസ്സ് വരാഞ്ഞ അമ്പതു സഹപാഠികൾ ! അങ്ങിനെ മോഹന്റെ ജീവിതത്തിൽ വീണ്ടും പ്രകാശം പരന്നു.

ഇവാലുവേഷൻ ടെസ്റ്റ്‌ കഴിഞ്ഞു കാണാൻ ഞാൻ മോഹൻ ന്റെ മുറിയായ 14 നിലയിലെ 36 നമ്പർ മുറിയിലെത്തി . മകൾ നന്ദിത പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു .പിന്നില്‍ മോഹന്റെ ഭാര്യ ദുര്‍ഗയും .
മോഹൻ എന്റെ കൈപിടിച്ച് മെല്ലെ കുലുക്കി
” എങ്ങിനെയുണ്ട് മോഹൻ …എല്ലാം ശരിയാകും …. നിനക്ക് ഞങ്ങൾ ഇല്ലേ …. എന്തിനാ ഇനി പേടിക്കുന്നെ ?”
” സോം … നിനക്ക് ഞാൻ ഫോണ്‍ ചെയ്തില്ലായിരുന്നു എങ്കിൽ ?”

ഇരു കവിളിലും കൂടി കണ്ണുനീർ ധാരയായി ഒഴുകിയ മോഹന്റെ മുഖത്ത് നോക്കാൻ എനിക്ക് ധൈര്യം വരാതെ ഞാൻ കണ്ണാടി ജനലിലൂടെ പുറത്തേക്ക് നോക്കി . വലിയ ജനൽ പാളികളിൽ മഴത്തുള്ളികള്‍ ഒലിച്ചിറങ്ങുന്നു . പുറത്തു വലിയ അംബരചുംബികള്‍ തലയുയര്‍ത്തി നില്ക്കുന്നു .
രണ്ടാമത്തെ നന്നാവാത്ത മകനെയോർത്ത് ഒരിക്കൽ ഒരുപാട് കരഞ്ഞ എന്റെ അമ്മയുടെ കണ്ണുനീർ തന്നെ ആയിരുന്നു അത് . !

By ivayana