വർഷങ്ങളേറെക്കഴിഞ്ഞിട്ടും സെല്ലിനുള്ളിൽ ഇപ്പോഴും അവളുടെ ഗന്ധമുള്ള പോലെ തോന്നുന്നു.. അവൾ ഈ ഇരുമ്പഴികളിൽ വിളറിയ മുഖം ചേർത്ത് നിറഞ്ഞ കണ്ണുകളുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന പോലെ ….

എത്രനാളായി കാണുമവളെ പരിചയപ്പെട്ടിട്ട് ..
ശാന്തി ….
മനോനില തെറ്റി നിയമനടപടികൾ നിർത്തിവയ്ക്കേണ്ടി
വന്നവിചാരണത്തടവുകാരി ..

വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ ജയിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നപ്പോൾ എല്ലാറ്റിനും കുറെയൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാലും ശാന്തിയുടെഓർമ്മകളും അവൾ കിടന്ന ഈ സെല്ലും ഇന്നും മാറ്റമില്ലാതെ തുടരുന്നു…..

ശാന്തി…
താൻ ജീവിതത്തിൽ ആദ്യമായി അടുത്തറിയുന്ന തടവുകാരി…
അവളുടെ ഭാഷയിൽ ‘കൈദി’ ഇടയ്ക്ക് തമിഴും മലയാളവും കലർത്തി പറയുന്ന നാടൻ പെൺകുട്ടി.
ജട കെട്ടാൻ തുടങ്ങിയ നീണ്ട മുടിയിഴകളും വിളറിയ മുഖവും. എപ്പോഴും മുട്ടിൽ മുഖമർത്തി അവൾ ഭിത്തിയിൽ ചാരി ഇരിക്കുന്നുണ്ടാവും. അവളുടെ കണ്ണീർപ്പാടുകൾ ധാരാളം വീണുകുഴഞ്ഞ വീണ ആ സെല്ലിന്റെ അഴികളിൽ പിടിച്ചു കൊണ്ട് എത്ര നേരം നിന്നുവെനറിയില്ല
………… ‘……….’ …………..
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു രാമേട്ടൻ മോളെ പഠിപ്പിച്ചു കൊണ്ട് അവളുടെ മുറിയിൽ തന്നെയുണ്ട്… പഠനത്തിനിടയിലേക്ക്‌ കയറി ചെല്ലുമ്പോഴുള്ള രാമേട്ടന്റെ അസ്വസ്ഥതയോർത്ത് വസ്ത്രം മാറ്റിനേരെ കുളിമുറിലേക്ക് കയറി നിലക്കണ്ണാടിയിൽ തെളിഞ്ഞ വിളറിയ കണ്ണുകൾ ശാന്തിയെ ഓർമ്മിപ്പിച്ചു
ആദ്യമായി ജോയിൻ ചെയ്ത ദിനം ഡ്യൂട്ടി ശാന്തിയുടെ സെല്ല് അടങ്ങുന്ന B ബ്ലോക്കിൽ ആയിരുന്നു ..
അവിടെ കൂടുതലായും ഉണ്ടായിരുന്നത് വിചാരണ തടവുകാർ ആയിരുന്നു .
മിക്ക സെല്ലിലും ഒന്നിലധികം പേർ ഉണ്ടായിരുന്നു… പക്ഷെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാൽ ശാന്തിയെ ഒറ്റയ്ക്കായിരുന്നു പാർപ്പിച്ചിരുന്നത്.

ആഗ്രഹിച്ച ജോലിയല്ലാത്തതിനാലാവാം ജയിൽ മുറികളും പരിസരവും ഇതിനോടകംതന്നെ മടുപ്പിച്ചിരുന്നു ‘അതിൽ നിന്നും ആശ്വാസം ഏകിയിരുന്നത് Bബ്ലോക്കിലെ ..
ആ വിചാരണ തടവുകാരിയായിരുന്നു.
ഏതൊരു ജീവിക്കും തന്റെ ഇനത്തിൽപ്പെട്ട മറ്റൊരു ജീവിയോട് തോന്നുന്ന കൗതുകം മാത്രമായിരുന്നു തനിക്കവളോട് മറ്റൊരുവന്റെ ജീവിതത്തിലേക്ക് എത്തിനോക്കാൻ കൊതിയ്ക്കുന്ന ആവറേജ് ആയ ഏതൊരു മനുഷ്യനെയും പോലെ ഞാനും അവളുടെ ഉള്ളിലേക് കടക്കാൻ ഒരു ശ്രമം നടത്തി.അവൾ ഭർത്താവിനെ കൊന്നവളാണ് .
പറഞ്ഞുകേട്ടിട്ടുള്ള ഗാർഹികപീഢനകഥകളിലേതെന്നപോലെ നിസ്സഹായയായ ഒരിര .തടവുകാരുടെ ഹിസ്റ്ററിയിൽ നിന്ന് വായിച്ചെടുക്കുന്നവയൊക്കെ തീർത്തും സത്യമാകാനിടയില്ലെന്ന് കേട്ടിട്ടുണ്ട് .
അവൾ ഭർത്താവിനെ വിഷം കൊടുത്തിട്ടാണ് കൊന്നത് …..

അവളുടെ ഭർത്താവിനെ പറ്റി താൻ നടത്തിയ അന്വേഷണങ്ങൾക്കൊക്കെയും അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി. മദ്യപാനിയല്ല ….
പരസ്ത്രീബന്ധങ്ങളില്ല …..അവളോട് സ്നേഹക്കുറവില്ല .
എനിക്ക് ദേഷ്യം വരാൻ തുടങ്ങി നിന്നെ ഉപദ്രവിക്കാത്ത മദ്യപാനിയും പരസ്ത്രീ ആസക്തനല്ലാത്ത ഒരുവനെ നിന്റെ ഭർത്താവിനെ .. പിന്നെയെന്തിന് നീ കൊന്നു? എന്റെ അലർച്ച അവളെയും ആ സെല്ലും കിടുങ്ങുമാറുച്ചത്തിൽലു ളളതായിരുന്നു…
അതു കേട്ട് ഭയന്നാവണം അവൾ പിന്നാക്കം നടന്ന് ഭിത്തി മേൽ ചാരി കാൽ മുട്ടുകൾക്കിടയിൽ മുഖം ചേർത്തിരുന്നു…
തന്റെ അലർച്ചകേട്ട് സൂപ്രണ്ടും മറ്റ് വാർഡൻമാരും ഓടി വന്നു.. വല്ലാത്ത ജാള്യത തോന്നി,ഭയവും ….. സൂപ്രണ്ട് ഓഫീസിലേക്ക് തിരികെ പോയി.

അല്പനേരം കഴിഞ്ഞാണ്സൂപ്രണ്ട് വിളിപ്പിച്ചത് .
കുനിഞ്ഞ മുഖവുമായി സൂപ്രണ്ടിൻ്റെ മുമ്പിൽ നിന്നു .
സൗമ്യയായാണവർ സംസാരിച്ചത് .
“നോക്കൂ … നമ്മൾ വെറും ജോലിക്കാരാണ് .എങ്കിലും മനുഷ്യരാണ് .കുറ്റവാളികൾക്ക് പറയാൻ ഒരുപാട് കഥകളുണ്ടാവും .കള്ളം പൂശിവെളുപ്പിച്ചവയാണ് പലതും . .
ചില കഥകളിൽ സത്യങ്ങളുണ്ടാവും … ചിലവയിൽ അർദ്ധസത്യങ്ങളും … “

“സോറി മാം ” പതിയെ പറയുമ്പോൾ മുഖം കുനിഞ്ഞിരുന്നു .. “

“ഏയ് സോറിയൊന്നും വേണ്ട .പുതിയയാളായതിനാൽ പറഞ്ഞതാണ് .നാമൊക്കെ മനുഷ്യരാണ് .ചില കഥകൾ നമ്മെ വേദനിപ്പിച്ചെന്നിരിയ്ക്കും .
എന്തിനാ … വെറുതെ … ശാന്തി ഒരു സ്പെഷ്യൽ കേസാണ് … “

തിരിഞ്ഞു നടക്കവെ
വല്ലാത്ത വിമ്മിഷ്ടം തോന്നി “നമ്മളൊക്കെ മനുഷ്യരാണ് … ” ആവർത്തിച്ച സൂപ്രണ്ടിൻ്റെ വാക്കുകൾ .. മനസ്സിലുമാവർത്തിച്ചു .സെല്ലിനുമുമ്പിലെത്തിയപ്പോൾ അവളുടെ തേങ്ങലുകൾ
കാതിൽ പതിച്ചു. പക്ഷേ കേട്ടതായി നടിച്ചില്ല .അങ്ങോട്ട് നോക്കാൻ പോലും കഴിഞ്ഞില്ല .
…………….. ………………
വാതിലിൽ തുടരെയുള്ള മുട്ട് കേട്ടാണ് ചിന്തയിൽ നിന്നുണർന്നത് രാമേട്ടന്റെ ഉച്ചത്തിലുള്ള . ശകാരം ‘കേൾക്കാതിരിക്കാനായി ഷവർ തുറന്നു തോരാമഴ പോലെ വെള്ളം …
അത് ശരീരത്തെ തണുപ്പിച്ചുവെങ്കിലും മനസ്സ് അതിനേക്കാൾ ഉയരെ ചുട്ടുപഴുക്കാൻ തുടങ്ങി…..
നനഞ്ഞ മുടിയിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ അവളുടെ ഓർമ്മകളും അറ്റു പോയിരുന്നെങ്കിലെന്നാശിച്ചു. പക്ഷെ മറക്കാൻ ശ്രമിക്കും തോറും ഓർമ്മകൾ ഓരോ വട്ടവും തന്നെ തോൽപ്പിച്ചു കൊണ്ടേയിരുന്നു.

സൂപ്രണ്ട് സർ തന്നെ അവളുടെ ബ്ലോക്കിൽ നിന്നും മാറ്റി മറ്റൊരു ബ്ലോക്കിൽ ഡ്യൂട്ടിയിലാക്കി. അവളെ കാണാതെ കഴിച്ചുകൂട്ടാമെന്ന ത്‌ ഏറെ ആശ്വാസം പകർന്നു. എങ്കിലും ചിന്തകളിൽ അവൾ നിറഞ്ഞു നിന്നിരുന്നു.
ഒരാഴ്ചക്ക് ശേഷം ഞാൻ വീട്ടിൽ അമ്മയെ കാണാനായി പോയി ശാന്തി എന്ന ഭാരം അമ്മയ്ക്കു മുൻപിൽ ഇറക്കി വച്ചു.എല്ലാം കേട്ട് അമ്മ നെടുവീർപ്പെട്ടു. അമ്മയുടെ അഭിപ്രായത്തിൽ അവൾ തുറന്നു പറയാൻ മടിക്കുന്ന എന്തൊക്കെയോ അവളിൽ കനലായ് എരിയുന്നുണ്ട്…..

അവധി കഴിഞ്ഞ് എത്തിയ എനിക്ക് വീണ്ടും അവളുടെ ബ്ലോക്കിൽ തന്നെ ഡ്യൂട്ടി കിട്ടി. അവൾ കിടക്കുന്ന മുറിയിലേക്കെത്തുമ്പോൾ ഒറ്റയ്ക്കിരുന്നവൾ പിറുപിറുക്കയായിരുന്നു .. എനിയ്ക്ക് വല്ലാത്ത പാവം തോന്നി .

ശാന്തീ… എന്റെ വിളി കേട്ട് തലയുയർത്തി നോക്കിയ അവൾ ഓടി അഴികൾക്കടുത്തേക്കെത്തി. എനക്ക് ദിവ്യാ വെ പാക്കണം … എനക്ക് ദിവ്യവെ പാക്കണം അവൾ സെല്ലിൽ തലയുരുട്ടി കരയാൻ തുടങ്ങി .
“ശാന്തി കരയാതെ.. ദിവ്യ ആരാണ് നിന്റെ മകളാണൊ..?”

അഴികളിൽ അമർത്തിയ അവളുടെ മുഖംകണ്ണീരാൽ നനഞ്ഞു . അവളുടെ മുഖത്തൊന്ന് തൊടാനുയർത്തിയ കൈ പെട്ടെന്ന്പിൻ വലിച്ചുകൊണ്ട് അവളെ നോക്കി നിന്നു .

“ആമാ.. എൻ മകൾ.. എനക്ക് അവളെ ഒരു വാട്ടി പാക്കണം: .. എനക്കാകെ.. ഈ ഒരു ഉദവി സെയ് വീങ്കളാ.. അവൾ താഴെ യി രു ന്നു കൊണ്ട് അഴികൾക്കിടയിലൂടെ എന്റെ ഷൂസിൽ പിടിച്ചു “

“അവളെ നീകണ്ടതല്ലേ … ഇവിടെ വച്ച് എപ്പോഴുമങ്ങിനെ കാണാനൊക്കുമോ ?

ദിവ്യാവെ പാക്കണം ,ദിവ്യാവെ പാക്കണം … “

ഞാൻ സമ്മത രൂപേണ തലയാട്ടി
ഒരുപക്ഷെ അവൾക്ക് നൽകുന്നവാക്ക് എനിക്ക് പാലിക്കാനാവില്ലെന്നറിഞ്ഞ്കൊണ്ട് തന്നെ.

കഴിഞ്ഞ പ്രാവശ്യം തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുപോയപ്പോൾ മകളെ കണ്ട അവൾ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ പറഞ്ഞ് സൂപ്രണ്ട് എന്നെ വീണ്ടും നിരുൽസാഹപ്പെടുത്തി .പക്ഷെ ശാന്തിയുടെ നില വഷളായി തുടങ്ങി അവളുടെ സെല്ലിൽ നിന്നും പിറുപിറുക്കലിനും തേങ്ങിക്കരച്ചിലിനും പകരമായി അലർച്ചകളും അട്ടഹാസങ്ങളും മുഴങ്ങി. അവളിലേയ്ക്ക് ഒരു മനോരോഗി കടന്നെത്തുകയായി .
ജയിലിൽ നോക്കാനെത്തിയ ഡോക്ടർ നൽകിയ ഇൻജക്ഷനും മരുന്നകളും അവളെ താത്കാലികമായി ശാന്തമാക്കി .

“അക്കാ…. എനക്ക് എൻ കണവരെ പാക്കുമ്പോതെല്ലാം എൻ അപ്പാ യാപകം വന്തിച്ച് …
അതു താനെ ഞാൻ അവരെ .. “
ഏതൊ ഒരു നിമിഷത്തിൽ അവൾ അഴികൾക്കിടയിലൂടെ എന്നോട് പിറുപിറുത്തു…

എന്റെ സ്വബോധം നഷ്ടപ്പെടുംപോലെ തോന്നി. ഞാൻ അവളുടെ അടുത്തു നിന്നും ഞെട്ടി അകന്നു: ”എന്നെ നിശ്ചലം നോക്കി നിന്ന അവളുടെ മിഴികൾ നിറഞ്ഞു …
എൻ അപ്പ റൊമ്പ കെട്ടവങ്കെ.. എൻ കൺമുന്നാടി എൻ അക്കാവെ അയാൾ …
കൊന്നിട്ടാങ്കെ .. ..
എന്നെം അയാൾ …..
കടവുളെ ..”

അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞു
പിന്നീട് ഒരലർച്ചയോടെ തന്റെ വസ്ത്രങ്ങൾ പറിച്ചെറിയാൻ തുടങ്ങി
ഓടിക്കൂടിയ സൂപ്രണ്ടും മറ്റ് വാർഡൻമാരും ചേർന്ന് അർദ്ധനഗ്നയായ അവളെ അവളുടെ സാരി കൊണ്ട് തന്നെ ബന്ധിച്ചു –
ഒടുവിലൊരു ദിനം അവളെ ഒരു മികച്ചമാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവ് ലഭിച്ചു…. “എനക്ക് ദിവ്യാ വെ പാക്കണം: .. ” വാനിലേക്ക് മാറ്റുംമ്പോഴും അവൾ അലറി വിളിച്ചുകൊണ്ടിരുന്നു.
നിസ്സഹായയായി അത് നോക്കി നിൽക്കെ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി ആ കാഴ്ച മറച്ചു..
—- ‘—- .. — ………….
ഉറങ്ങാനായി മുറിയിൽ എത്തുമ്പോൾ മോളും രാമേട്ടനും ഉറങ്ങി കഴിഞ്ഞിരുന്നു രാമേട്ടന്റെ വയറിൽ ഉയർത്തി വച്ചിരുന്ന അവളുടെ കാലുകൾ മാറ്റി അവളെ ഭിത്തിക്കരികിലേക്ക് നീക്കി കിടത്തി അവൾക്കരികിലായ് കിടക്കുമ്പോഴും മനസ്സിൽശാന്തിയും അവളുടെ മകളും ആയിരുന്നു ..

ശാന്തിയെ കാണാൻ പിന്നീട് പല പ്രാവശ്യം മനസികാരോഗ്യ കേന്ദ്രത്തിൽ പോയിരുന്നു.’ ആദ്യ നാളുകളിൽ തമ്മിൽ കാണുമ്പോൾ മകളെ കാണാനായി വാശി പിടിച്ചവൾ കരഞ്ഞു..
മകളെ എത്ര കാണിച്ചാലും അവൾ പോകുമ്പോൾ ശാന്തി കൂടുതൽ വിഭ്രാന്തി കാണിച്ചിരുന്നു’
എല്ലാംനിസ്സഹായയായി നോക്കി നിൽക്കാനല്ലാതെ കൂടുതലൊന്നും ചെയ്യാൻ ആവുമായിരുന്നില്ല ..
നിയമങ്ങളും ചട്ടങ്ങളും ആ അമ്മയ്ക്കും മകൾക്കുമിടയിൽ അദൃശ്യ വേലിക്കെട്ടുകൾ തീർത്തിരുന്നു.

രാമേട്ടനുമായുള്ള വിവാഹം കഴിഞ്ഞതോടെ ശാന്തിയുമായുള്ള ബന്ധം പൂർണ്ണമായും വിഛേദിക്കപ്പെട്ടു. അവളെ മനസ്സില്ലാ മനസ്സോടെ ജീവിതത്തിൽ നിന്നും പറിച്ചെറിയേണ്ടി വന്നു..
പക്ഷെ ഇന്നു പെയ്ത മഴയിൽ കുരുത്തു പൊന്തിയതകരയല്ല ‘അവളുടെ ഓർമ്മകൾ ….
അവ
ഉള്ളിൽ നിറയവെ അവളെ കൈവിടാൻ മനസ് അനുവദിക്കുമായിരുന്നില്ല

അടുത്ത അവധി ദിവസം ശാന്തിയെ കാണാനായി ആ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് പുറപ്പെടുമ്പോൾ മനസ്സ് നിറയെ ആധിയായിരുന്നു ..

ഇത്രയും നാൾ മന: പൂർവ്വ മെന്നോണം അവളെ കാണാൻ ശ്രമിച്ചിരുന്നില്ല: ..
ശാന്തീ….
അവളെ കിടത്തിയിരിക്കുന്ന സെല്ലിന്റെ അഴികളിൽ പിടിച്ച് വിളിച്ചു ….
മറുപടിയെന്നോണം ചങ്ങലകൾ കിലുങ്ങി ..പക്ഷെ അഴികൾക്കിപ്പുറം നിൽക്കുന്ന എന്നെ അവൾ മുഖമുയർത്തി ഒന്നു നോക്കിയതു കൂടിയില്ല ദിവ്യാ .. ദിവ്യാവെ പാക്കണം തല മുണ്ഡനം ചെയ്ത് തൊണ്ടു പോലെ വളഞ്ഞ് മൂലയിൽ ചുരുണ്ട് കൂടി കിടക്കുന്ന രൂപം പിറുപിറുത്തു കൊണ്ടിരുന്നു……
തിരിഞ്ഞ് നടക്കുമ്പോൾ .. എന്റെ മിഴികൾ നിറഞ്ഞൊഴുകി ..

ചെറുപ്പത്തിലെ പീഠനങ്ങൾ കാരണം മാനസികാരോഗ്യം നഷ്ടപ്പെട്ട ശാന്തിക്ക് അവളുടെ ഭർത്താവിന്റെ സാമിപ്യം അവളെ നിരന്തരം പീഠിപ്പിച്ച, അവളുടെ അക്കാവെ കൊന്ന അഛനെയാണ് ഓർമ്മപ്പെടുത്തി കൊണ്ടിരുന്നത്’ അയാളിൽ നിന്നൊരു രക്ഷയായിരുന്നു ,അവൾക്ക് കല്യാണം . ‘മകൾ ‘പിറന്നതോടെ അവൾ അസ്വസ്ഥയായി… തന്റെം അക്കയുടേയും അവസ്ഥ മകൾക്ക് വരുമൊ എന്ന ഭയമാകാം ആ കൊലപാതകത്തിലേക്ക് അവളെ നയിച്ചത്. കാണുന്ന പുരുഷനിലും അവൾ ദർശിച്ചത് അവളുടെ അപ്പയെയായിരുന്നു …. അവളുടെ ചിന്തകളിൽ പുരുഷന് വേറൊരു മുഖമുണ്ടായിരുന്നില്ല .
പറ്റിയാൽ അവളുടെ മകളെ കാണണം എന്ന ചിന്തയോടെ കണ്ണുകൾ തുടച്ച് പുറത്തേക്കിറങ്ങി.
ഏറെയകലെയായിട്ടും കേൾക്കാമായിരുന്നു … ” എനക്ക് ദിവ്യാവെ പാക്കണം .”

അവളിപ്പോഴും തലയറഞ്ഞ് കരയുകയാണ് ..ഒരു പക്ഷേ മരണം വരെ അവസാനിയ്ക്കാനിടയില്ലാത്ത കരച്ചിൽ .മെല്ലിച്ച ശരീരവും മുടിയില്ലാത്ത ശിരസ്സും ഒട്ടിയ കവിളുകളും കുഴിഞ്ഞുകുണ്ടിലായ കണ്ണുകളുമായി പകർന്നാട്ടം നടത്തിയ ശാന്തിയെന്ന പഴയ സുന്ദരിക്കുട്ടി …
അതേ മുഖഭംഗിയുള്ളൊരു കുരുന്നുപെൺകുട്ടി നഗരത്തിലെവിടെയോ ഒരനാഥാലയത്തിൽ അമ്മയെക്കാണാൻ വാശിപിടിയ്ക്കുന്നുണ്ടാവുമോ ??

“എനക്ക് ദിവ്യാവെ പാക്കണം …. എനക്ക് ….”

കാതിൽ മുഴങ്ങിക്കൊണ്ടേയിരിയ്ക്കുന്നു .

സന്ധ്യാ സുമോദ്

By ivayana