ആപ്പ് എപ്പ വരും? എങ്ങന വരും? എവടവരും? ഇത്യാതിചിന്തകൾ ചില അലമ്പ് പിള്ളാരെപ്പോലെ തലങ്ങും വിലങ്ങും ഓടുകയും, ഹൃദയ ഭിത്തിയിൽ ശക്തിയോടെ വന്നിടിച്ച് പൊത്തോ എന്ന് താഴെവീഴുകയും പിന്നെയുമെഴുന്നേറ്റ് കാറിക്കൊണ്ട് ഓട്ടം തുടരുകയും ചെയ്തു കൊണ്ടിരുന്നതിനാൽ നെഞ്ചിന് വല്ലാത്ത വേദനയും അസ്വസ്ഥതയുമായിരുന്നു! പക്ഷേ അത് കാര്യമാക്കാതെ ഞാൻ മൊബൈലിൽ തുറിച്ച് നോക്കിയിരുന്ന് നാക്ക് നുണച്ചു കൊണ്ടിരുന്നു. ആപ്പ് കുഞ്ഞുവാവ പിറന്ന് വീണാൽ ഉടനെ തന്നെ വാരിയെടുത്ത് സ്വന്തമാക്കണം, ഒരുത്തനും കൊടുക്കൂല!കുഞ്ഞുവാവേ ആദ്യത്തെ ഉമ്മ എൻ്റെ വഹ !

രാവിലെ മുതൽ നോക്കിയിരിക്കുകയാണ് ഇപ്പ വരും ഇപ്പ വരും എന്നും പറഞ്ഞ്, അഞ്ച് മണിയായിട്ടും വന്നില്ല.
ഫെയ്സ് ബുക്കിൽ വന്നോ… ഓടി ചെന്നവിടെ നോക്കും.അവിടെ കാണാഞ്ഞ് നിരാശയോടെ വാട്സ് ആപ്പിലേക്ക് ഓടും… അവിടെ കാണാഞ്ഞ് ആർത്തനാദങ്ങളോടെ പ്ലേ സ്റ്റോറിലേക്ക് ഓടും…. നിരാശയോടെ വീണ്ടും ഫെയ്സ് ബുക്കിലേക്ക്… ഹൊ! എത ഹൃദയഭേദകം!

ജീവിതത്തിലുവരെ ഒരാളെ ഇത്ര പ്രതീക്ഷയോടെ കാത്തിരുന്നിട്ടില്ല. അന്വേഷിച്ച് ഓടി നടന്നിട്ടില്ല. ഇതു പോലെ ദൈവത്തിനെ വിളിച്ച് കരഞ്ഞ സന്ദർഭങ്ങൾ ജീവിതത്തിൽ വിരളമണ്. ദൈവം സഹായിക്കുമെന്ന് വിചാരിച്ച് അടുത്തുള്ള അമ്പലത്തിൽ നിലവിളക്ക് നേർന്നു. അതും പോരാഞ്ഞ് വെള്ളമടിച്ച് മരിച്ച പിതൃക്കൾക്കായി സാമ്പ്റാണി തിരി കത്തിച്ചു വച്ചു.പിതൃക്കളേ വരമരുളു…. ബട്ട് അൺഫോർച്ചുനേട്ട്ലി ആപ്പ് വന്നില്ല! എവിടെയോ എന്തോ തടസമുള്ളതുപോലെ!ദൈവങ്ങളും പിതൃക്കളുമൊന്നും രക്ഷക്കെത്തുന്നില്ല! ഈയുള്ളവനെ നിങ്ങൾക്ക് വേണ്ടേ ദൈവപിതൃക്കളേ? ഇതു പോലൊരു ക്രിട്ടിക്കൽ സ്‌റ്റേജിൽ സഹായിച്ചില്ലേൽ പിന്നെപ്പഴാ…?!

അതിന് ശേഷം പലരെയും ഫോൺ വിളിച്ചു. ശത്രുക്കളുടെ വരെ ഫോൺ നമ്പർ തേടിപ്പിടിച്ച് വിളിച്ച് ആശയോടെ ആപ്പ് വന്നോ എന്നാരാഞ്ഞു. എല്ലായിടത്ത് നിന്നും നെഗറ്റീവ് പ്രതികരണങ്ങൾ മാത്രം! രാത്രി പത്ത് മണി വരെ ഇതുതന്നെ തുടർന്നു. അപ്പോഴേക്കും ,തുടർച്ചയായി ഫോണിൽ നോക്കിയിരുന്ന് കണ്ണ് ചുട്ടുപഴുത്ത് ചുവന്ന് തുടുത്ത് പുറത്തേക്ക് തള്ളിവന്നിരുന്നു. പക്ഷേ ആപ്പ് വന്നില്ല…

നിൻ്റെ ഒന്നരജിബി കഴിഞ്ഞ്.. പോയി കിടന്ന് ഉറങ്ങ്… പത്തര മണിയായപ്പോൾ ജിയോ മുതലാളി വന്ന് തോളിൽ തട്ടി പറഞ്ഞു. അതു വരെ അടക്കി വച്ചിരുന്ന നിരാശയും സങ്കടവുമെല്ലാം ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു. ഫോണിനെ കെട്ടിപ്പിടിച്ച് മതിയാവോളം ഞാൻ കരഞ്ഞു,കരഞ്ഞ് കരഞ്ഞ് തളർന്ന് എപ്പഴോ ഞാനുറങ്ങിപ്പോയി. ഉറക്കത്തിൽ വന്ന കിനാവുകളെല്ലാം ആപ്പിനെ കുറിച്ചുള്ളതായിരുന്നു. ഞാൻ വലിയൊരാപ്പും തലയിൽ ചുമന്ന് ബിവറേജിൽ ബിവറേജിൽ ക്യൂ നിൽക്കുന്ന ഒരു സുന്ദര സുരഭില സ്വപ്നമാണ് എന്നെ ഉണർത്തിയത്.ആ സ്വപ്നം ഞാൻ വിശ്വസിച്ചു പോയി. ആപ്പ് വന്നു….! അലറിക്കൊണ്ട് ഞാൻ ചാടിയെണീറ്റു.കിടക്കയിൽ നിന്ന് പെട്ടെന്ന് ചാടിയെണീറ്റതിൻ പ്രകാരം ഞാൻ തലചുറ്റി തറയിൽ വീണു. ജീവൻമരണ പോരാട്ടമാണ് സമയം പാഴാക്കിക്കൂടാ..തറയിൽ കിടന്ന് സമയം കളയാതെ, പട്ടാളക്കാരെ പോലെ ഞാൻ ഫോണിനരികിലേക്ക് ഇഴഞ്ഞു നീങ്ങി. ഫോണെടുത്ത് പ്ലേ സ്റ്റോറിലേക്ക് ഓടിക്കേറിആപ്പിൻ്റെ പേര് സെർച്ച് ചെയ്തു. പക്ഷേ.. പക്ഷേ.. എൻ്റെ ആപ്പവിടെ ഇല്ല. വെപ്രാളത്തോടെ വാട്സ് ആപ്പിലേക്ക് പാഞ്ഞു.ഗ്രൂപ്പിൽ ഒരു പാട് പേർ ആപ്പ് കിട്ടി ടോക്കൻ കിട്ടി എന്നൊക്കെ പോസ്റ്റിട്ടിരിക്കുന്നു. എനിക്ക് മാത്രമെന്താ കിട്ടാത്തത്..? എൻ്റെ പ്ലേ സ്റ്റോറിലുമാത്രം എന്താ ഇത് വരാത്തത്? ദൈവങ്ങളോടും പിതൃക്കളോടും ഗവൺമെൻ്റിനോടും എന്ത് തെറ്റാ ഞാൻ ചെയ്തത്? എന്നെ എന്തിനാ എല്ലാരും കൂടെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്? എൻ്റെ കണ്ണിൽ കൂടെ കണ്ണ് നീർ ധാരധാരയായി ഒഴുകി.

ആപ്പ് കിട്ടിയെന്ന് പറഞ്ഞ് വാട്ട്സ് ആപ്പിൽ ഫോട്ടോയിട്ട ഫ്രണ്ടിനെ ഞാൻ ഫോണിൽ വിളിച്ചു.

എന്താടാ ഈ വെളുപ്പാൻരാവിലെ..?അവൻ ചോദിച്ചു

എടാ എനിക്ക് ആപ്പ്…. ഇത്രയും പറയാനേ എനിക്ക് പറ്റിയുള്ളു. അതിനിടക്ക് വലിയൊരു കരച്ചില് വന്ന് എൻ്റെ വാക്കുകളെ ഒഴുക്കിക്കൊണ്ട് പോയി.

ആപ്പ് കിട്ടീല അല്ലേ.. സാരമില്ല .. കരയണ്ട.. ഞാൻ ലിങ്ക് അയച്ചു തരാം… അവൻ കരുണാർദ്രനായി പറഞ്ഞു.

ഒരു സുഹൃത്ത് ദൈവത്തിനേക്കാൾ വളർന്ന് പൊക്കം വയ്ക്കുന്ന അത്ഭുത ദൃശ്യത്തിന് ഞാൻ സാക്ഷിയാവുകയായിരുന്നു.

ലിങ്കിൽ കേറി ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ വാനഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥൻ്റെ സന്തോഷമായിരുന്നു. എനിക്ക് ആപ്പ് കിട്ടി.. ബിവറേജിലെ അണ്ണാ ഞാനിതാ എത്തിപ്പോയി.

പേരും പിൻകോഡും ടൈപ്പ് ചെയ്ത് ഒപ്പിടാൻ പറഞ്ഞിടത്തൊക്കെ ഒപ്പിട്ട് OT P ക്കായി കാത്തിരുന്നു.ശ്ശെ .. എന്തായിത്, OT P വരുന്നില്ലല്ലോ. അഞ്ച് മിനിട്ടിനുള്ളിൽ oTP കൊടുക്കണം. എറങ്ങി വാടാ ഓ ടീ പീ… സമയം പോവുകയാണ്, OT Pവരുന്നില്ല. ഞാൻ വെപ്രാളത്തോടെ അഞ്ചാറ് പ്രാവശ്യം റീസെൻ്റ് OTp എന്ന സംഗതിയിലിട്ട് കുത്തി. ഇല്ല.. വരുന്നില്ല. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ദാ വരുന്ന് 8 OTP…. ഇതിലേതാ എൻ്റെ ഓടി പി ..? പറയൂ പ്രകൃതി ശക്തി കളേ…! ഞാൻ ആപ്പിൽ നിന്ന് പുറത്തേക്ക് ചാടിയിട്ട് വീണ്ടും കേറി, എന്നിട്ട് വീണ്ടും പേരും നാളും ഫോൺ നമ്പറും കൊടുത്തു. അപ്പോ സ്മൂത്തായി ഓ ടി പി ഇറങ്ങി വന്നു. ഹായ്.. എന്തൊരു അനുസരണ! ആ പാസ്വേഡ് കൊടുത്തതും ഉടനെ ദാ വരുന്ന് ഒരു ഇണ്ടാസ് ‘ ൻറെ ഉണ്യേ…സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സമയം കഴിഞ്ഞിരിക്ക്ണൂ.. നാളെ രാവിലെ ആറ് മുതൽ ഒരു മണി വരെ അങ്ങ്ട് ശ്രമിക്യാ…’ വീർത്തു നിന്ന എൻ്റെ ഹൃദയം ഒറ്റ പൊട്ടൽ… ഞാൻ തളർന്നടിച്ച് കട്ടിലിലേക്ക് വീണു.എന്തെല്ലാം പ്രതീക്ഷകളാര്ന്ന്.. എല്ലാം കത്തിച്ചാമ്പലായി.

ഞാൻ പിറ്റെന്ന് അതിരാവിലെ ആറ് മണിക്ക് അലാറം വച്ച് ഉണർന്നു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഒരു സാധാആപ്പിനോട് തോറ്റാൽ പിന്നെ ആണെന്നും പറഞ്ഞ് നടന്നിട്ടെന്തിനാ. ഇന്ന് OT Pയെടുത്ത് ആപ്പിൻ്റെ വായ്ക്കരിയായി ഇട്ട് മൂന്ന് ലിറ്റർ ചാരായം വാങ്ങിയിട്ടേ ഉള്ളൂ ബാക്കി കാര്യങ്ങൾ ! ആപ്പിലേക്ക് കേറിയപ്പോ കണ്ട കാഴ്ച കണക്ഷൻ എറർ എന്ന ബോർഡ്. വീണ്ടും നോക്കി, വീണ്ടും വീണ്ടും വീണ്ടും നോക്കി. ബോർഡ് മാത്രമേ കാണാനുള്ളൂ.എന്താണിവിടെ സംഭവിക്കുന്നത്? എന്നെ നന്നാക്കാനായി എൻ്റെ പിതാവിൻ്റെ ആത്മാവ് കളിക്കുന്ന കളികളാണോ?ആണോ..?അച്ഛൻ്റെ ഫോട്ടോയിൽ തൊട്ട് തൊഴുത് വീണ്ടും ശ്രമിച്ചു.ബോർഡ് മാത്രമേ വരുന്നുള്ളൂ. ആപ്പിലെ കോപ്പൻമാർ ബോർഡും നാട്ടിയിട്ട് എവിടെ തെണ്ടാൻ പോയിരിക്കുന്നു? എടാ കൈവെറക്കണടാ…

ആറ് മണി മുതൽ ഉച്ചക്ക് 12 മണി വരെ ആപ്പിൻ്റെ മുഖത്തും നെഞ്ചത്തും വാശിയോടെ കുത്തി വിരള് നീര് വന്ന് കനത്തു.എന്നിട്ടും കണക്ഷൻ എറർ എന്ന ബോർഡല്ലാതെ വേറൊന്നും ഞാൻ കണ്ടില്ല.

ഞാൻ കൂട്ടുകാരെയൊക്കെ വിളിച്ച് സങ്കടം പറഞ്ഞു.എന്തു ചെയ്യാം അവരിൽ ഭൂരിഭാഗത്തിനും എൻ്റെ അവസ്ഥ തന്നെയായിരുന്നു.

അങ്ങനെ വിഷമിച്ച് ഇരിക്കേ മൂന്ന് മണിയായപ്പോൾ സുഹൃത്തും ,കുടിയനുമായ ജയൻ വിളിച്ചു “എടാ ഞാൻ ബിവറേജിൽ പോണ്. നീ വരണാ”

വരാം… ഞാൻ ആർത്തിയോടെ അമറി. നിനക്ക് ടോക്കൻ കിട്ടിയോ?

കിട്ടി. ഓട്ടോ പിടിച്ച് പോകാം.ഓട്ടോ കൂലിയും നിൻ്റെ സാധനത്തിൻ്റെ പൈസയും നീ കൊടുക്കണം. ടോക്കൻ എൻ്റെ വക ! അവൻ പറഞ്ഞു.

സമ്മതിക്കാതെ തരമില്ല. അവനത് പറയാനുള്ള അവകാശം ഉണ്ട്.കാരണം അവൻ്റെ കയ്യില് ടോക്കൻ ഉണ്ട്.

ഓട്ടോയിൽ ഞാനും ജയനും യാത്ര ആരംഭിച്ചു.സാനിറ്റസറും സോപ്പും മാസ്കുമൊക്കെ ആയിട്ടാണ് ജയൻ്റെ യാത്ര. ഒട്ടനവധി ബിയർ വൈൻ ഷോപ്പുകളും, ബാറുകളും ബിവറേജ് ഷോപ്പുകളും കടന്ന് ഞങ്ങളുടെ ഓട്ടോ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു.

എത്ര ബാറ് കഴിഞ്ഞു .. നിനക്കിവിടെയെങ്ങാനും അപേക്ഷിച്ചൂടാരുന്നോ..? എനിക്ക് ദേഷ്യം വന്നു.

എടാ അതൊന്നും പറ്റൂല.. ചോദിക്കലും പറയലുമൊന്നുമില്ല ,അവര് ഒരു ബാറിൻ്റെ പേര് പറയും.. നമ്മളവിടെ പോയി വാങ്ങിച്ചോളണം..

25 കിലോമീറ്റർ അകലെയുള്ള ബാറിൻ്റെ മുന്നിൽ ഓട്ടോ നിർത്തിയതും ജയനും ഞാനും ഇറങ്ങി കൗണ്ടറിനടുത്തേക്ക് ഓടി.ജയൻ വെപ്രാളത്തോടെ ഫോണെടുത്ത് കൗണ്ടറിലിരുന്ന വിദ്വാന് നേരെ നീട്ടിയിട്ട് പറഞ്ഞു: മൂന്ന് കിലോ ചാരായം!

സാധനമില്ല… സ്റ്റോക്ക് തീർന്നു … കൗണ്ടർമണി മുരണ്ടു.

തീർന്നോ…?

തീർന്നു .. !

ദൈവമേ… !ഒറ്റ നിലവിളിയായിരുന്നു, ആ നിലവിളിയിൽ മാസ്ക് ജയൻ്റ വായ്ക്കകത്തേക്ക് കയറിപ്പോയി!

നിലത്ത് വീണ ജയനെ ഞാൻ താങ്ങിയെണീപ്പിച്ചു.ശ്വാസം മുട്ട് മാറിയപ്പോൾ ജയൻ അലറി’എടാ നിൻ്റെ ആപ്പില് ബുക്ക് ചെയ്യ്… വേഗം! വേറെ ഏതെങ്കിലും ബാറിന്ന് കിട്ടും. ചാരായം കിട്ടിയില്ലേൽ ഞാൻ വല്ല വണ്ടിക്ക് മുന്നിലും ചാടി ചാവും പറഞ്ഞേക്കാം .. “

ഞാൻ പെട്ടെന്ന് ഫോണെടുത്ത് എൻ്റെ ആപ്പ് തുറന്നു.അതിൽ ഞാൻ വീണ്ടും കണ്ടു “കണക്ഷൻ എറർ !!!”

🍹 ശിവൻ മണ്ണയം

NB :ആപ്പില് ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ശരിയാവുമെന്നും പണി ക്കാരെ വിളിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞതായി ഇപ്പോ അറിഞ്ഞു.രണ്ട് മൂന്ന് നട്ടുകൾ ഒന്ന് മുറുക്കണം, അൽപ്പം ഓയില് ഒഴിക്കണം.. അത്രേം മതിയത്രേ ശരിയായിക്കൊള്ളും !എന്തെരോ ആവട്ട് നാളെയെങ്കിലും നമ്മളെയിട്ട് ഇങ്ങനെ വട്ട് കളിപ്പിക്കല്ലേടേ..

By ivayana