അടഞ്ഞുകിടന്ന ജാലകത്തിൻ്റെ ഒരു പാളി തുറന്നപ്പോൾ,
ഇരുൾ മൂടിയ മുറിയകത്തേക്ക് പ്രകാശം വിരുന്നു വന്നു.
ജനാലക്കരുകിലേക്കു ചേർത്തുവച്ച ടീപ്പോയിൽ ‘ഓൾഡ് മങ്ക് റം’ ഫുൾബോട്ടിൽ ഇരിക്കുന്നത് ഇപ്പോൾ സുവ്യക്തമാണ്.
നിറച്ചു വച്ച സഫടിക ഗ്ലാസ്സിൽ ‘മക്ഡവൽ’ സോഡയുടെ നുര പൊന്തുന്നു.
കറുകറുത്ത റമ്മിൽ സോഡാ സമന്വയിച്ചപ്പോൾ,
ഗ്ലാസ്സിലെ മദ്യത്തിന് രക്തത്തിൻ്റെ നിറം.
താഴെ നിരനിരന്ന പീടികക്കെട്ടിടങ്ങളുടെ മുകളിലായി പണിതീർത്ത,
ഒറ്റ മുറിയും അടുക്കളയും മാത്രമുള്ള പാർപ്പിടം.
ജനൽപ്പാളിയിലൂടെ ഒരു തെന്നൽ വരവറിയിച്ചു.
ഏകാകിയായ സൂരജിൻ്റെ കോലൻ മുടിയിഴകളിൽ കാറ്റിൻ്റെ തലോടലേറ്റു.
നിറച്ചു വച്ച ഗ്ലാസ്സുമെടുത്ത്, ജാലകത്തിനരികിൽ ചെന്നു നിന്ന് മിഴികളേ പുറത്തേക്കു പറഞ്ഞയച്ച് അവൻ ഒരു കവിൾ മദ്യം നുകർന്നു.
ലഹരിയുടെ വരവറിഞ്ഞ നാവിലെ രുചിമുകുളങ്ങളിൽ,
മദ്യത്തിൻ്റെ കയ്പ്പു പടർന്നു.
ഞായറിൻ്റെ അവധിഭാവങ്ങളിൽ,
താഴെ പീടികമുറികൾ അടഞ്ഞുകിടന്നു.

റോഡിനു മറുവശം, സുധാകരേട്ടൻ്റെ വീടാണ്.
നാട്ടിലെ പ്രധാന പ്രമാണിയും,
പലചരക്കു കച്ചവടക്കാരനുമായ സുധാകരേട്ടൻ.
സൂരജിൻ്റെ ഫാൻസി ഷോപ്പിനപ്പുറത്താണ് സുധാകരേട്ടൻ്റെ കടയും.
സൂരജ് അന്യ ജില്ലക്കാരനായതിനാൽ, കടമുറികളുടെ മുകളിലുള്ള ചെറിയ ഇടത്തിൽ വാടകയ്ക്കു താമസിക്കുന്നു.
എട്ടുമണിയോടെ കടകൾ മിക്കവാറും അടയ്ക്കും.
മരുന്നുപീടികയും, ഫാസ്റ്റ്ഫുഡ് കടയും മാത്രം, ഒമ്പതുമണി വരേയുണ്ടാകും.
ഒറ്റയ്ക്കായതിനാൽ സൂരജ് ഭക്ഷണം വക്കാൻ മെനക്കെടാറില്ല.
ഫാസ്റ്റ്ഫുഡ് കടയിലേ ചപ്പാത്തിയും, ഏതെങ്കിലും കറിയും അത്താഴമാക്കും.
രാത്രി വൈകും വരേ ഓൺലൈനിൽ എന്തെങ്കിലും ചെയ്തിരിക്കും.
പിന്നേ, പതുക്കേ ഉറക്കത്തിലേക്കു പൊയ്പ്പോകും .
കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന ചര്യകൾ.

സൂരജ്, ഗ്ലാസ് കാലിയാക്കി വീണ്ടും മദ്യം പകർന്നു.
അതു കയ്യിലേന്തി വീണ്ടും ജനാലക്കരികിലെത്തി.
റോഡിനപ്പുറത്ത് നിരന്നു കിടക്കുന്ന അനേകം വാഹനങ്ങൾ,
ട്രാവലറുകൾ, കാറുകൾ, ബൈക്കുകൾ..
സുധാകരേട്ടൻ്റെ വീട് തോരണങ്ങളാൽ അലംകൃതമായിരുന്നു.
വലിയ ഗേറ്റിനും, മതിലിന്നുമപ്പുറം വിശാലമായ നടുമുറ്റമാണ്.
അവിടെ നിന്നും കെട്ടുമേളം ഉയർന്നു കേൾക്കുന്നു.
വായ്ക്കുരവകളുയരുന്നു.
സുധാകരേട്ടൻ്റെ ഏക മകൾ ഭദ്രയുടെ വിവാഹമാണിന്ന്.
അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണു വരൻ.
സുധാകരേട്ടൻ്റെ പണത്തിനും പദവിക്കും ആഢ്യത്വത്തിനും ചേർന്ന ബന്ധം.
സദ്യ, തൊട്ടടുത്തേ ഹാളിലാണെങ്കിലും,
കെട്ട് ഉമ്മറമുറ്റത്തു തന്നേ വേണമെന്ന് സുധാകരേട്ടനു നിർബ്ബന്ധമുണ്ടായിരുന്നു.

കടവും പ്രാരാബ്ധങ്ങളും മാത്രമുള്ള വലിയ തറവാട്ടിലെ ഇളമുറക്കാരൻ സൂരജ്, പ്രവാസിയായതു കടബാധ്യതകൾ തീർത്തു നഷ്ടപ്രതാപം തിരിച്ചെടുക്കാനാണ്.
പക്ഷേ,
അവിടേയും ഗതി പിടിക്കാനായില്ല.
മടങ്ങി വന്ന്, ഇത്തിരി പണമുണ്ടായിരുന്നതെല്ലാം ചേർത്തുവച്ച് ഇന്നാട്ടിൽ ഒരു സംരംഭമാരംഭിച്ചത് പണക്കാരാനാവുന്നതിലുമുപരി,
നാട്ടിലെ പലിശക്കാരിൽ നിന്നും രക്ഷപ്പെടാൻ കൂടിയാണ്.
കഴിഞ്ഞ മൂന്നു വർഷമായി ഇന്നാട്ടിലുണ്ട്.
ഇരുപത്തിയെട്ടു വയസ്സിനുള്ളിൽ ലഭിച്ച ബാധ്യതകളുടെ ഭാരങ്ങളുമായി.

എത്ര പൊടുന്നനേയാണ് താൻ എല്ലാവർക്കും പ്രിയങ്കരനായത്.
സൂരജ് ഓർത്തു.
ഫാൻസി ഷോപ്പിൽ ധാരാളം ആവശ്യക്കാർ വന്നുകയറി.
രണ്ടു കോളേജുകളും, ഒരു ഹയർ സെക്കണ്ടറി സ്കൂളുമുള്ള ബസാറിൽ ധാരാളം വീട്ടമ്മമാരും വന്നു പോയ്ക്കൊണ്ടിരുന്നു.
അവരിൽ മിക്കവാറും പേർ ആഭരണങ്ങളുടെ ലോകവും സന്ദർശിക്കുമായിരുന്നു.
ഉൽപ്പന്നങ്ങളിലെ വൈവിധ്യങ്ങൾക്കുമപ്പുറം,
തൻ്റെ ഹൃദ്യമായ പെരുമാറ്റവും,
സുഭഗ രൂപവുമാകാം പെൺ തിരക്കുകൾക്കു മറ്റൊരു ഹേതു.

ഭദ്ര,
ഇവിടെ വന്നകാലം മുതൽക്കേ അവൾ കൺമുന്നിലുണ്ട്.
പുലർവേളകളിൽ ഇതേ ജാലകങ്ങൾ തുറക്കുമ്പോൾ ഗേറ്റിനപ്പുറത്തേ വിശാലമായ മുറ്റത്ത്, ചെടികൾക്കും കിളിക്കൂടിനരികിലും അവളുണ്ടാകും.
ഒമ്പതുമണിക്ക് ഷോപ്പ് തുറക്കുമ്പോൾ,
അവൾ ഒരുങ്ങി കോളേജിലേക്കു പോകുന്നതു കാണാം.
സായംകാലങ്ങളിലുള്ള മടക്കങ്ങളും.
സുധാകരേട്ടൻ്റെ പലചരക്കുകടയിൽ ബില്ലിംഗ് സ്റ്റാഫ് അപൂർവ്വമായി അവധിയെടുക്കുമ്പോൾ,
പകരം ഭദ്ര വന്നിരിക്കും.
പലപ്പോഴും, കുങ്കുമവും, വളകളും മാലകളും വാങ്ങാനെത്തും.
ഓരോ പുലർവേളയിലും അവളെ കാണുവാനായി ജനൽപ്പാളികൾ തുറന്നു.
അവളുടെ യാത്രകൾക്കു നയനങ്ങളാൽ അനുഗമം ചെയ്യാൻ അന്നേരങ്ങളിൽ ഷോപ്പിനു പുറത്തിറങ്ങി നിന്നു.
അവളതു വേഗം മനസ്സിലാക്കി.
ആ മിഴികളിലും പ്രണയത്തിൻ്റെ നക്ഷത്രദീപ്തികളുണർന്നു.

ആദ്യ പ്രണയലേഖനത്തിൻ്റെ അങ്കലാപ്പുകൾ തന്ന രാത്രി.
ഒരു പ്രണയലേഖനമെഴുതി,
ഗേറ്റിനോട് ചേർന്ന ചെടിച്ചട്ടിക്കരികിലേക്ക് പാതിരാവിൽ കൊണ്ടു വന്നിട്ടു.
അവൾക്കു വ്യക്തമായി കാണും വിധം, മനോഹരമായി പൊതിഞ്ഞ്…
അതിരാവിലെയുണർന്ന് ജനലഴികളിലൂടെ മിഴികൾ പായിച്ചങ്ങനേ നിന്നു.
അവൾ മുറ്റത്തു വന്നു.
ചെടികൾക്കിടയിലൂടെയുള്ള സഞ്ചാരങ്ങൾക്കിടെ ആ എഴുത്ത് ശ്രദ്ധയിൽപ്പെട്ടു.
അവളതെടുത്തു നിവർത്തി,
പതിയേ അകത്തേക്കു നടന്നു.
മനസ്സിലാകെ വിഭ്രാന്തിയായിരുന്നു.
ഈ പ്രണയാഭ്യർത്ഥന സുധാകരേട്ടൻ്റെ കാതുകളിലേക്കവൾ എത്തിക്കുമോ?
നല്ലവനെന്ന പ്രതിഛായ ഇന്നോടെ തീരുമോ?
ഒന്നും സംഭവിച്ചില്ല.
അവൾ, കടമിഴി കൊണ്ടൊരു നോട്ടമെറിഞ്ഞു തന്നു കോളേജിലേക്കു പോയി.
സുധാകരേട്ടൻ കട തുറക്കാൻ വന്നപ്പോൾ ഹൃദ്യമായി പുഞ്ചിരിച്ചു.
വൈകീട്ട്, അവൾ കോളേജിൽ നിന്നു മടങ്ങുമ്പോഴും ആർക്കെന്നില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ചു.
ഉത്കണ്ഠകളേ വെറുതേയാക്കി, പകൽ കടന്നുപോയി.

പിറ്റേന്ന്,
അതിരാവിലെ ഭദ്ര ഗേറ്റിലേക്കു വന്നു.
തുറന്ന ജാലകത്തിൽ തൻ്റെ സാന്നിധ്യം തീർച്ചപ്പെടുത്തി.
ഗേറ്റിനോടു ചേർന്ന മതിലരികിലേക്കെന്തോ വലിച്ചെറിഞ്ഞു.
ഉടൻ, അകത്തേക്കു മടങ്ങി.
പടികളിറങ്ങി വേഗം താഴേക്കു ചെന്നു.
മതിലരികിൽ, മടക്കിയിട്ടൊരു കടലാസുതാൾ,
അതിൽ കുനുകുനേ നിരയിട്ട പ്രണയാക്ഷരങ്ങൾ.

എഴുത്തുകളുടേയും മറുപടികളുടേയും ആവർത്തനങ്ങൾക്കിടയിലാണ്,
ആ സിഗ്നൽ തന്ത്രം നടപ്പിലാക്കിയത്.
രാത്രി ഏഴരയാകുമ്പോൾ ഭദ്രയുടെ മുറിക്കു പുറത്തേ ബൾബ് പലതവണ മിന്നിക്കെടും.
അത്തരം സിഗ്നൽ ദിവസങ്ങളിൽ മതിൽച്ചാടിക്കടന്നു ചെന്നാൽ,
അവൾ മുറിയുടെ ജനൽ തുറന്നു കാത്തുനിൽപ്പുണ്ടാവും.
കട്ടിലിൽ അവളുടെ അമ്മ,
ശാന്തമായി ഉറങ്ങുന്നുണ്ടാകും.
അത്, പൊടുന്നനേയൊന്നും ഉണരില്ല.
ജനലഴികൾ തടസ്സം നിന്നാലും ഏറെ നേരം പുണർന്നു നിൽക്കും,
പിറുപിറുത്തു സംസാരിക്കും,
അമ്മയുടെ ശ്വാസഗതി മുറിയുമ്പോൾ പരസ്പരം വേർപ്പെട്ട് പിന്തിരിയും.
അപ്പോൾ, നടുപ്പാതിര പിന്നിടുന്നതേയുണ്ടാവൂ.
അതങ്ങനേ ഭംഗിയായി ആവർത്തിച്ചു കൊണ്ടേയിരുന്നു.

ഒരിക്കൽ,
ഒരു രാത്രിയിൽ,
ഇടയിലേ ജനൽക്കമ്പിളേ പഴിച്ച് സ്വയം മറന്നു നിൽക്കുമ്പോളാണ് ആ ശബ്ദമുയർന്നത്.

“ഡാ… സൂരജേ…”

ഞെട്ടിത്തരിച്ചു നോക്കുമ്പോൾ,
തീ കത്തുന്ന മിഴികളുമായി ഭദ്രയുടെ അമ്മ അവൾക്കരികിൽ നിൽക്കുന്നു.
പരിരംഭണങ്ങളുടെ ഉന്മാദത്തിൽ,
സ്വയം മറന്നുപോയതിൻ്റെ ഫലം.
മതിൽച്ചാടി, അപ്പുറത്ത് പതുങ്ങിനിൽക്കുമ്പോൾ കേട്ടു.
സുധാകരേട്ടൻ്റെ അലർച്ചയും,
ചെവിക്കല്ലു തകരുന്ന അടിയുടെ ഒച്ചയും.
ഇരുളിൽ പാഞ്ഞ്,
ഗോവണി കയറി മുകളിലെത്തി.
പിറ്റേന്നു മുതൽ പുലരിയിലെ കണിക്കാഴ്ച്ചയും, കോളേജിൽ പോക്കും,
അതോടൊപ്പം സുധാകരേട്ടൻ്റെ കുശലങ്ങളും പുഞ്ചിരിയും നിലച്ചു.
മൂന്നു മാസങ്ങൾക്ക് ശേഷം,
ഭദ്രയുടെ കല്യാണമായി.

മദ്യക്കുപ്പി പാതിയൊഴിഞ്ഞിരുന്നു.
ഗേറ്റു കടന്ന് ജനങ്ങൾ, പുറത്തേക്കൊഴുകാൻ തുടങ്ങി.
വിവാഹസദ്യക്കായി ഹാളിലേക്കുള്ള യാത്രയാണ്.
ഭദ്രയും വരനും പുറത്തിറങ്ങി.
സർവ്വാഭരണ വിഭൂഷിതയായി, പട്ടുചേലയണിഞ്ഞ അവൾ ഏതോ അപ്സരസ്സു പോലെ മോഹിനിയായിരിക്കുന്നു.
അരികിൽ,
സൈബർയുഗ സന്തതിയായ ന്യൂ ജനറേഷൻ പയ്യൻ.
ഒരു നിമിഷം, അവളുടെ മിഴികൾ മുകളിലേക്കു പാഞ്ഞു.
അതൊരു യാത്ര പറച്ചിലായിരുന്നു.
സൂരജ്, ഗ്ലാസ്സിൽ വീണ്ടും മദ്യം നിറച്ചു.

✨✨✨✨✨✨✨✨✨✨✨✨✨✨✨

മൂന്ന് മാസങ്ങൾക്കു ശേഷം…
ഇന്നു സുധാകരേട്ടൻ്റെ വീട്ടിൽ ഭദ്രയെത്തിയിട്ടുണ്ട്.
തലേന്ന്, ഫാസ്റ്റ്ഫുഡ് കടയിൽ നിന്നും അറിഞ്ഞ വിശേഷമാണ്.
അവളുടെ ഭർത്താവ് തിരികേ പോയിരിക്കുന്നു.
രണ്ടു മാസത്തിനുള്ളിലേ ഭദ്രയ്ക്കു അമേരിക്കയിൽ പോകാൻ സാധിക്കൂ.
ചെന്നൈയിലെ യുഎസ് എംബസിയിൽ വിസ ഇൻ്റർവ്യൂ കഴിഞ്ഞു വിസ ശരിയായിട്ടേ അമേരിക്കൻ യാത്രയുണ്ടാകൂ.
പകൽ മുഴുവൻ മനസ്സ് അസ്വസ്ഥമായിരുന്നു.
ഭദ്ര വന്നെന്നറിഞ്ഞപ്പോൾ മുതൽ, മനസ്സിനൊരു ഭാരമാണ്.
ഇന്ന്, അൽപ്പം നേരത്തേ കടയടക്കണം.
ഏഴര മണിയാകാറായിരിക്കുന്നു.

നോക്കി നിൽക്കേ,
ഭദ്രയുടെ മുറിക്കു പുറകിലേ ബൾബ് മിന്നിക്കെടാൻ തുടങ്ങി.
അഞ്ചു മിനിറ്റിൻ്റെ മൂന്ന് ഇടവേളകൾ വച്ച് അതാവർത്തിച്ചു.
പഴയ സിഗ്നൽ…
സൂരജ് ഷോപ്പടച്ച്, ഭക്ഷണം കഴിക്കാൻ പുറപ്പെട്ടു.

പാതിരാവ്,
സൂരജ് തീർത്തും ആലോചനകളിലായിരുന്നു.
മുറിയിൽ എത്രയാവർത്തി ഉലാത്തിയെന്നറിഞ്ഞില്ല.
പിന്നേ,
നടത്തം നിറുത്തി, അവൻ ഗോവണിയിറങ്ങി റോഡു മുറിച്ചുകടന്നു മതിലിന്നരികിലേക്കു നടന്നു.
നക്ഷത്രങ്ങളില്ലാത്ത ആകാശത്തിനു കീഴേ,
ഭൂമി ഇരുളിൻ്റെ കരിമ്പടം പുതച്ചു, നിശ്ചലമായി നിന്നു.

By ivayana