ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : സജി കണ്ണമംഗലം*

ഇളവെയിൽ കൊണ്ടു വൃക്ഷങ്ങളാകവേ
തളിരു തങ്ങളിൽ ചുംബിച്ചു നിൽക്കയായ്
കളിചിരിക്കൊഞ്ചലുന്മേഷദായകം
വെളുവെളെച്ചിന്നുമർക്കാംശുവേൽക്കയാൽ

ഹരിതതീരം , ജലം,വായുവൊക്കെയും
വിരളമാകാതിരിക്കുവാൻ ഭൂമിയിൽ
കരതലങ്ങളിൽ കൈക്കോട്ടുമേന്തിയീ
ധരയിലൂർജ്ജം നിറയ്ക്കുന്നു കർഷകർ

അറിക നമ്മൾ ശ്വസിക്കുന്ന വായുവും
വറുതി മാറ്റുന്നൊരന്നവും നല്കുവാൻ
അരവയർ പോലുമുണ്ണാതെ നിത്യവും
പൊരുതി നേടുന്നു കാർഷികോല്പാദനം

അവർ ജയിക്കട്ടെ നമ്മൾ ജയിക്കുവാൻ
അവർ നമുക്കുള്ള ഭക്ഷ്യം തരുന്നവർ
അവർ ജയിക്കട്ടെ നമ്മൾ ജയിക്കുവാൻ
അവർ നമുക്കായി ജീവൻ തരുന്നവർ!

സജി കണ്ണമംഗലം

By ivayana