രചന : ശ്രീകുമാർ എം പി*

ദൈവമെ യാദേവി മറഞ്ഞുവൊ !
ദേവദാരുവൃക്ഷം മറിഞ്ഞുവൊ !
സ്നേഹഗീതങ്ങൾ പാടിത്തളർന്നൊരാ
നാവു നിലച്ചുവൊ നാദം നിലച്ചുവൊ !
വിണ്ടു കീറുന്ന മണ്ണിനെ പാടി
വിങ്ങി നീറുന്ന മനസ്സിനെ പാടി
വിണ്ണിലെ താരശോഭകൾ പാടി
വീണുനിലച്ച ജീവിതം പാടി
അഗതികൾതൻ ദു:ഖങ്ങൾ പാടി
ആരുമില്ലാത്തോർക്കമ്മയായ് മാറി
നാവില്ലാത്തോർ തൻ നാവായി മാറി
നാട്ടിൽ ജ്വലിയ്ക്കുന്ന നാളമായ് മാറി !
കാടു വാടുന്ന കണ്ടതു പാടി
കാടുമേയുന്ന കാടത്തം പാടി
കാട്ടിലാളുന്ന കാട്ടുതീ പാടി
കാട്ടുമക്കൾതൻ കണ്ണീരു പാടി
കത്തുന്ന കാടിന്റെ തീയ്യണയ്ക്കുവാൻ
കത്തും വയറിന്റെ വിശപ്പകറ്റുവാൻ
കത്തുന്നനെഞ്ചുമായ് കാവൽനിന്നാ
കാവിന്റെ ദേവി മറഞ്ഞു പോയൊ !
കരയുന്ന മക്കൾതൻ കണ്ണീർ തുടച്ചു
കാതിലുണർവ്വു പകർന്നു നൽകി
കാതരം വിറപൂണ്ട പാദങ്ങളെ
കൈപിടിച്ചു തന്നൊപ്പം നടത്തിയ
കനിവിന്റെ രൂപമായൊഴുകിയ
കാവ്യവാഹിനിയിന്നു നിലച്ചുവൊ !
കാർമുകിലേകും തീർത്ഥങ്ങൾ പാടി
കാട്ടരുവിചിലമ്പൊലി പാടി
പാവം മാനവമാനസം കണ്ടു
ഭാവംപകർന്നു പാടിയുണർത്തി
ദൂരെയെങ്ങൊ തൻപാട്ടു മൂളുന്ന
സമാനചിത്തം കണ്ടതു പാടി
കണ്ണന്റെ രാധയെന്നപോൽ പാടി
കംസന്റെ കൈയ്യിൽ നിന്നുമുയർന്നു
മേഘനാദം മുഴക്കി ധർമ്മത്തിൻ
ധീരശാസനയേകിയ ദേവിയായ്
രാധതൻ വിരഹതാപം പാടി
രാക്കിളിതൻ ഗദ്ഗദം പാടി
രാത്രിമഴതൻ ഭാവങ്ങൾ പാടി
രാപ്പാടി പോലുറങ്ങാതെ പാടി
പൂത്ത മലതൻ ശോഭകൾ പാടി
പൂച്ചെടിയുടെ സ്വപ്നങ്ങൾ പാടി
നാടുവാഴുന്ന നാട്യങ്ങൾ പാടി
നാവു നേരിനു പിന്നാലെ പോയി.
ചന്ദനം മണക്കുന്നാ മലയാളം
ചന്ദ്രശോഭ ചൊരിയും മലയാളം
ചാരുഗീതമായൊഴുകി വന്നെത്തി
ചാരുപുഷ്പങ്ങൾ ചൂടിക്കൊണ്ടങ്ങനെ !
ചേലിൽ നിന്നു വിളങ്ങുന്നാ നർത്തനം
വിസ്മയമോടെ കണ്ടുകഴിഞ്ഞില്ല
ദൈവമെ യാദേവി മറഞ്ഞുവൊ
ദേവദാരുവൃക്ഷം മറിഞ്ഞുവൊ !
സ്നേഹഗീതങ്ങൾ പാടിത്തളർന്നൊരാ
നാവു നിലച്ചുവൊ നാദം നിലച്ചുവൊ !

(2020 ഡിസംബർ 23ന് കവയിത്രിസുഗതകുമാരിയുടെ വിയോഗവാർത്തയറിഞ്ഞ് എഴുതിയത്.)

By ivayana