ഗർഭപാത്രത്തിലും സുരക്ഷിതമല്ലാത്ത
മക്കളെക്കുറിച്ചെഴുതാനെനിക്ക്
ഭയമാണ്.

അണ്ഡബീജസങ്കലനങ്ങൾ പോലും
സംശയത്തോടു നോക്കുന്ന തെരുവിലാണിപ്പോൾ
എൻ്റെ വീട്.
ഈ തെരുവിന് ഏതു രാജ്യത്തിൻ്റെ പേരുമിടാം
ഏതു കാടിൻ്റെ പേരുമിടാം
ഏതു ആകാശവും, ഏതു ചുവരും,
ഏതിരുട്ടും, ഏതു വെളിച്ചവും
അന്ധകാരത്താൽ ബധിരരാക്കപ്പെട്ട
തെമ്മാടി നൂറ്റാട്ടിൻ്റെ കരുമഴത്തിൽ
പിടയുന്ന ജീവനാണ്.

നിറഗർഭണിയുടെ വയറിൽ വളരുന്നതിനെ
ശൂലത്തിൽ കുത്തിയെടുത്ത കാലം
എനിക്കോർമ്മയുണ്ട്.
കലാപങ്ങളൾ തന്ന പതിറ്റാണ്ടിൻ്റെ ദാരിദ്ര ഭൂപടം വില്ക്കുന്ന തെരുവിൽ
ഞാനെന്നെയും കൊല്ലാൻ വെച്ചിരിക്കുന്നു.
ഉപ്പു കാറ്റുകൾ മണക്കുന്ന തീരങ്ങളിൽ
ഉപ്പുവെള്ളം കുടിച്ചു മരിച്ചവനെ
തിന്ന മീനിനെ
പോസ്റ്റുമോർട്ടം ചെയ്യാൻ വിധിക്കപ്പെട്ട കാലം.

ഗർഭപാത്രത്തിലും മക്കൾ
സുരക്ഷിതമല്ലെന്ന്
കാടരുകിലെ ചുവരുകളിലും
ആരോ വരച്ചു വെച്ചിരിക്കുന്നു.

ഈ ചുവരുകളിൽ ആനയുടെ ചിത്രം വരച്ചിട്ട്
“ആന
അമ്മ
അരക്കില്ലം
ശ്വാസം മുട്ടി മരിച്ച കുട്ടി “
എന്നിങ്ങനെ ഭ്രാന്തനായന ചിത്രകാരൻ
എഴുതിയതെന്തിനാണെന്ന്
എനിക്കിപ്പോൾ മനസിലായി.

……………… താഹാ ജമാൽ

By ivayana