എല്ലാ പക്വതയാർന്ന വനിതകൾക്കും വേണ്ടി.

‘ഒറ്റമുലച്ചി’

ഒരു പനിക്കോളിൽ പെട്ടു കിടക്കുന്ന കാലത്താണ് ചേലക്കോട്ട് കുഞ്ഞിരാമൻ മരിച്ച വിവരം നീർക്കുളമ്പ് മാധവിയമ്മ അറിയുന്നത് .

കുഞ്ഞിരാമന്റെ മകൾ ഭാർഗവി ആയിരംതെങ്ങ് കടപ്പുറത്ത് സന്നിപാതജ്വരം ബാധിച്ചു കിടക്കുന്നതായി മാധവിയമ്മ അപ്പോൾ സ്വപ്നം കണ്ടതേയുള്ളൂ .

പനി ഒന്നയഞ്ഞപ്പോൾ മാധവിയമ്മ ചുക്ക് കാപ്പി ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു . പക്ഷേ തലേന്നു പെയ്ത അപ്രതീക്ഷിത മഴയിൽ പുര ചോർന്ന് അടുപ്പും നനഞ്ഞു പോയിരുന്നു . വിറകും പാറപ്പുറത്ത് വച്ചിരുന്ന തീപ്പെട്ടിയും പാടെ നനഞ്ഞുപോയിരുന്നു .

അന്നേരമാണ് റേഡിയോയിലെ പ്രാദേശിക വാർത്തയിൽ മരണം രണ്ടു വാചകങ്ങളിലായി കേട്ടത് . മരണ വാർത്ത കേട്ടപ്പോൾ തോപ്പിൽ ഭാസിയുടെ ‘ഒളിവിലെ ഓർമ്മകൾ’ വായിക്കണമെന്ന് മാധവിക്ക് തോന്നി . കാപ്പിയുടെ ശ്രമം ഉപേക്ഷിച്ച് അവർ പഴയ കടലാസുകൾ തിരയാൻ തുടങ്ങി .

കുറച്ചു കാലമായി മാധവിയമ്മക്ക് വായന തീരെയില്ല . അക്ഷരങ്ങൾ കണ്ണ് പിടിക്കുമെന്ന് തീരെ നിശ്ചയവും ഇല്ല . എങ്കിലും പണ്ടത്തെ ശീലം പോലെ ഒരാഗ്രഹം മനസ്സിൽ കയറിയാൽ സാധിച്ചു തീരുന്നവരെ ഇരിക്കപ്പൊറുതി ഇല്ല മാധവിയമ്മക്ക് .

പണ്ടെങ്ങോ ഒരിക്കൽ വായിച്ചതാണ് ഭാസിയുടെ ആ പുസ്തകം . കടലാസുകളും പുസ്തകങ്ങളും നിറച്ചു വച്ചിരുന്ന പഴയ നാല് വീഞ്ഞപ്പെട്ടികളും അവർ മറിച്ചിട്ടു പരിശോധിച്ചു.അതിനുള്ളിലെ സഹവാസികളായ വാലൻ മുട്ടകൾ മാധവിയെ ഉപദ്രവിച്ചു .

ഒരുപാട് പഴയ പുസ്തകങ്ങൾ . എല്ലാം പഴകി മഞ്ഞ പിടിച്ചു . ചിലതൊക്കെ ചട്ട വിട്ടുപോയി . ഇടയിൽ എവിടെയോ കിടന്നിരുന്ന പി . ജെ ആന്റണിയുടെ ‘നിലയ്ക്കാത്ത ഗാനം’ എന്ന നാടകത്തിന്റെ മഞ്ഞ നിറം കലർന്ന നോട്ടീസ് .

ഒരുവശത്ത് ആനന്ദത്തിന്റെ ആറാട്ടാണെന്നു തോന്നുമ്പോൾ മറുവശത്ത് അല്ലലിന്റെ അലതല്ലൽ . എത്ര തിരഞ്ഞിട്ടും ‘ഒളിവിലെ ഓർമ്മകൾ’ കിട്ടിയില്ല .

ആ നോട്ടീസ് കയ്യിലെടുത്ത് മാധവിയമ്മ ഈർപ്പമുള്ള നിലത്ത് മതിലും ചാരിയിരുന്നു . കണ്ണിൽ നിന്നും തീക്കനൽ ഉരുകിയപോലെ ചാലുകൾ കീറി .

പ്രഭാത് ബുക്ക് ഹൌസിലെ അവസാന പ്രതിയായിരുന്നു ആ പുസ്തകം . ഇപ്പോൾ അതെല്ലാം ഓർമ മാത്രം . പുറം ലോകം കണ്ടിട്ടുതന്നെ വർഷങ്ങളായി.

തൃശൂർ ആശുപത്രിയിൽ നിന്നും ഇവിടെയീ വീട്ടിൽ കൊണ്ടാക്കി പോരുമ്പോൾ മാധവിയമ്മക്ക് ആരും കൂട്ടിനായി ഉണ്ടായിരുന്നില്ല . കഞ്ജാനംപാറയിലെ ഒളിവു സമയത്തു ഭർത്താവ് കുമാരനൊപ്പം കൂടെക്കൂടിയ സഖാവ് സുഗുണനായിരുന്നു മാധവിയമ്മക്ക് ഒരു സഹായം .

മാധവിയമ്മ മുഖം കഴുകി ഒരു ചെലയെടുത്ത് ചുറ്റി . തൃശൂരിലേക്ക് പുറപ്പെട്ടു . പടിഞ്ഞാറ്റുംമുറിയിൽ നിന്നും ഇപ്പോൾ ഓരോ മണിക്കൂർ ഇടവിട്ട് ബസ്സുണ്ടെന്നു കേട്ടു . ലോകം വല്ലാതെ മാറിയിരിക്കുന്നു .

പടവിനെ മുറിച്ചുകൊണ്ട് പുതിയ റോഡ് വന്നിരിക്കുന്നു . ഹെൽത്ത് സെന്ററിനും സാന്റോ മൂക്കിനും പുതിയ രൂപം കൈവന്ന പോലെ . ടാക്സിക്ക് ടാക്സി ,ഓട്ടോയിൽ പോകേണ്ടവർക്ക് അങ്ങനെ .

‘എവിടേക്കാ മാധവിയമ്മേ പതിവില്യാണ്ട് ?’

എതിരേ വന്നൊരാൾ ചോദിച്ചു . മാധവിയമ്മ മിണ്ടിയില്ല . മഴ മാറിയിരുന്നു . വേലിപൊന്തുകളിൽ നനവുണ്ട് . പാടത്തുനിന്നും കയറി വന്ന കാറ്റിൽ മാധവിയമ്മ മെല്ലെ വിറച്ചു.

മരിക്കുമ്പോൾ മാധവിയമ്മയുടെ ഭർത്താവ് കുമാരന് പത്തെഴുപത് വയസുണ്ടായിരുന്നിരിക്കണം . ഒപ്പം പിടിച്ച പലരും ലോക്കപ്പിൽ തന്നെ മരിച്ചു . ജീവന്റെ ഓരോ ഇന്ദ്രജാലങ്ങൾ . ഒരു തുരുമ്പ് ബാക്കി കിടന്നാൽ മതി അത് പൊടിച്ചു വളർന്ന് നിലനിന്നു കൊള്ളും.

ഇരിങ്ങാലക്കുടയിലെ കെ.വി .ഉണ്ണി ഇപ്പോഴും ആരോഗ്യവാനായി ഉണ്ട് . മാധവിയമ്മക്ക് ഇപ്പോൾ എൺപത്തിമൂന്ന്‌ കഴിഞ്ഞു . ശരീരം ഉള്ളിലേക്ക് വളഞ്ഞത് ആ ഓപ്പറേഷൻ കഴിഞ്ഞ ശേഷമാണ് . നന്നായി മെലിഞ്ഞു . കണ്ണുകൾ കുഴിഞ്ഞ് ഒരു പക്ഷിയുടേത് പോലെ ചെറുതായി .

ഭർത്താവിനെ കാണാൻ ലോക്കപ്പിലേക്ക് ചെന്ന അവരെ
‘നിന്റെ ജന്മം എത്ര കാലത്തേക്കെന്നു ഞാനിപ്പോ നിശ്ചയിക്കും ‘ എന്നാണു ആദ്യത്തെ ചവിട്ട് മാധവിയമ്മയുടെ നെഞ്ചിലേക്ക് ചവിട്ടിക്കൊണ്ട് ഇൻസ്‌പെക്‌ടർ പാപ്പാളി പറഞ്ഞത് .

അത് കഴിഞ്ഞിട്ട് ഇപ്പോൾ കൊല്ലം അമ്പതോ അമ്പത്തഞ്ചോ കഴിഞ്ഞു . മാധവിയമ്മ ചവിട്ടേറ്റ നെഞ്ചിന്റെ ഭാഗം ഒരിക്കൽ കൂടെ തടവി നോക്കി. അവിടെ മാംസത്തിന്റെ ഒരു ഗോളം മാത്രമേ എന്നത്തേയും പോലെ സ്പർശിക്കാൻ അവർക്കായുള്ളൂ .

ഭർത്താവ് മരിച്ചതിൽപ്പിന്നെ മാധവിയമ്മ ഒറ്റക്കാണ് . വേവിക്കാത്ത മണ്ണിഷ്ടികകൊണ്ട് പണിത അത്തരം വീടുകൾ ഇപ്പോൾ പടിഞ്ഞാറ്റുംമൂലയിൽ ബാക്കിയില്ല .ചുമരിലെ വെള്ളക്കുമ്മായമെല്ലാം അടർന്നു പോയി .

കുമാരൻ ഉണ്ടായിരുന്നപ്പോൾ ഓരോ ഓണത്തിനും ഇത്തിൾ നീറ്റി നീലം കലക്കി വെള്ള പൂശുമായിരുന്നു . ഇറയത്ത് ബാറ്ററിക്കരി കൂട്ടി മെഴുക് മിനുക്കിയിടും . ഇന്നതൊക്കെ ആര് ചെയ്യാൻ . മുറികളെല്ലാം ചപ്പും ചവറും നിറഞ്ഞു .പണം അടയ്ക്കാത്തതു കൊണ്ട് ഇലക്ട്രിസിറ്റിക്കാർ വന്നു കറണ്ടും കട്ട് ചെയ്തു .

വീടിനു ചുറ്റുമുള്ള പറമ്പിൽ കൊത്തിയും കിളിച്ചുമാണ് മാധവിയമ്മ പകൽ കഴിയുന്നത് . ഒരു തോർത്തു മുണ്ട് മാത്രം മറയ്ക്കും . ക്ഷീണം തോന്നുമ്പോൾ ഓരോന്നാലോചിച്ച് ഇറയത്തു നീണ്ടു നിവർന്നു കിടക്കും .

പറമ്പ് മരങ്ങൾ വളർന്നു കാട് പോലെയായി . ഇരുട്ടും തണുപ്പും നിറഞ്ഞു നിന്നു. ഫലമുള്ളതോ ഇല്ലാത്തതോ എന്ന വേർതിരിവില്ലാതെ എല്ലാ മരങ്ങളും മാധവിയമ്മ വളർത്തി . ഇരുണ്ട ഇലകളുള്ള പുന്നമരം നാനാജാതി മാവുകൾ പേരമരങ്ങൾ ആടലോടകം കരിനൊച്ചി അങ്ങനെ പലതും .

മരങ്ങൾക്ക് കാവലായി മുള്ളുവേലി കെട്ടി മുളമ്പടിച്ചു വെച്ചു . കീരിയും ചേരയും അണ്ണാറക്കണ്ണൻമാരും രാജവാഴ്ച നടത്തി . അയൽപക്കത്തെ പള്ളിക്കൂടത്തിൽ പഠിക്കുന്ന കുട്ടികൾ ഇടക്ക് അതിക്രമിച്ചു കടന്നു വരും . അങ്ങനെ കടന്നു വന്ന കുട്ടികളാണ് തോർത്തു മുണ്ടിൽ മലർന്നു കിടന്ന മാധവിയമ്മയെ ആ പേര് വിളിച്ചത് . ‘ഒറ്റമുലച്ചി’ .

പാപ്പാളി ഇൻസ്‌പെക്ടർ ചവുട്ടിയ ഭാഗം കറുത്തു വന്നിരുന്നു . കലശലായ ചുമയും . കുളിക്കുമ്പോ പലപ്പോഴും മാധവിയമ്മ ഇടം കൈകൊണ്ട് മാറിലെ വേദന തടവി നിറുത്താൻ വിഫലമായ ഒരു ശ്രമം നടത്തിയിരുന്നു .

ഒരു വർഷകാലത്ത് പാടത്തെ വെള്ളം കടന്ന് വരമ്പിന്റെ വഴുക്കിലൂടെ സഖാവ് സുഗുണനും വേറെ ചില സഖാക്കന്മാരും അവിടെയെത്തി . സഖാവ് പി . ഗംഗാധരനെ കാണുന്നത് അന്നാണ് . സഖാവ് പറഞ്ഞു
” ഷെൽട്ടറിനു പറ്റിയ സുന്ദരൻ സ്ഥലം . ആരും കാണാതെ വെളിക്കിരിക്കുവാനും പറ്റും “

അങ്ങനെ ആരും ആ പറമ്പിലേക്ക് കടന്നു വരില്ലായിരുന്നു . വർഷത്തിലൊരിക്കൽ ആയിരംകണ്ണി ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് പിരിവുകാർ വന്നാലായി . ഇലക്ഷൻ കാലത്ത് ചിലപ്പോ പാർട്ടി സ്‌ക്വാഡുകൾ വരും . കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഒരു സംഘം കടന്നു വന്നു .

“ഈടെ ആകെ ഒരൊറ്റ ഓട്ടേ ഒള്ളൂ “

പടി കടക്കുമ്പോൾ തന്നെ അവരിലൊരാൾ പറഞ്ഞു . ചെറുപ്പക്കാരുടെ ഉല്ലാസഭരിതമായ വാക്കുകളും ചിരിയും ആ നിശബ്ദമേഖലയെ കുറച്ചുസമയം ശബ്ദമുഖരിതമാക്കി . കിളികളും അണ്ണാന്മാരും കലപില കൂട്ടി .

” തള്ളാര്‌ കെളക്കണ കെള കണ്ടാ , ഒരെണ്ണം കുറവാണെങ്കിലും എന്താ ആ ബോഡീരെ ഒരു ഷെയിപ്പ്. തനി സ്റ്റീലാണ് ! “

മാധവിയമ്മ കേട്ടിട്ടും തലയുയർത്തി നോക്കിയില്ല .

എല്ലാവരും ചിരിച്ചു .
” ഒന്ന് മിണ്ടാതിരിയടാ തള്ള നമ്മടെ പഴയ സഖാവ് കുമാരേട്ടന്റെ പാതിയാണ് …കുമാരേട്ടനെ അറിയില്ലേ ? അന്തിക്കാട്ടെ കൊലമുറിക്കേസ് പ്രതി . രണ്ടു കൊല്ലം ജയിലീ കെടന്നു “

” കൊലക്കേസോ ?” വേറൊരുത്തൻ ചോദിച്ചു .

“ങ്ങാ .. അതുമാതിരി ഒരു കേസ് . കൊറേ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയ സംഭവാ “

“ന്റമ്മോ അന്നത്തെ കൊട്ടേഷൻ പാർട്ട്യാവും കുമാരേട്ടൻ . മ്മടെ ക്ളാഞ്ചി രഘൂനെപ്പോലെ . ല്ല്യേ ? “
അവരുടെ സംസാരം കുമാരനെ കുറിച്ചായിരുന്നു . സഖാവ് കുമാരൻ .

“പ്ഫ എരപ്പാളി മക്കളെ ! നെനക്കൊക്കെ എന്തറിയാടാ സഖാവ് കുമാരനെ പറ്റി ? “
മാധവിയമ്മ രോഷം കൊണ്ട് തിളച്ചു .

ഇലക്ഷൻ സ്‌ക്വാഡ് ഞെട്ടിയെണീറ്റു . അവരിൽ പലരും മാധവിയമ്മയെ ഈ ഭാവത്തിൽ കാണുന്നത് ആദ്യമായിരുന്നു .

”നീയൊക്കെ പറഞ്ഞല്ലോ ഒരെണ്ണം കുറവാണെന്ന് .അതേടാ മാധവിക്ക് ഒന്ന് കുറവാ “
തോർത്തിന്റെ മറ നീക്കി മാധവിയമ്മ ഇറയത്തു വന്നു .

“സഖാവ് കുമാരനെ ലോക്കപ്പി കാണാൻ പോയ എനിക്ക് പാപ്പാളി തന്ന സമ്മാനം . ഒരു മുല നഷ്ട്ടായി . അർബുദം .

പക്ഷെ അതിക്കും മുന്നേ സഖാവ് കുമാരനും കൂട്ടരും തല അരിഞ്ഞു പാപ്പാളിയുടെ അറിയ്‌വോ സഹാക്കൻമ്മാരിക്ക് “

അന്നത്തെ ദിവസം മാധവിയമ്മ പറമ്പിൽ പോലും ഇറങ്ങിയില്ല . പഴയൊരു നാഷണൽ ട്രാൻസിസ്റ്റർ ഉണ്ട് . പണ്ട് സഖാവ് കുമാരൻ ഉപയോഗിച്ചിരുന്നത് . ഇപ്പോൾ മാധവിയമ്മയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു വസ്തു . മഴയില്ലാത്തപ്പോൾ ബാറ്ററി ഊരി വെയിലത്ത് വയ്ക്കും . അല്ലാത്തപ്പോൾ റേഡിയോ ഏതുസമയത്തും ശബ്ദിച്ചു കൊണ്ടിരിക്കും .

സുഭാഷിതങ്ങളിൽ തുടങ്ങി രാത്രിയിലെ നാടകോത്സവം വരെ . മലയാളം ഇല്ലാത്തപ്പോൾ കൊളംബോ സ്റ്റേഷൻ പിടിക്കും . പാതിരാത്രി സ്റ്റേഷനിൽ നിന്നുള്ള നമസ്ക്കാരം കേൾക്കുന്നതു വരെ അതിങ്ങനെ കരകരാ ചിലച്ചു കൊണ്ടേയിരിക്കും .

അന്ന് മാധവിയമ്മക്ക് ഉറക്കം വന്നില്ല . മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ മഞ്ഞ കയറിയ കുമാരന്റെ ഡയറിക്കുറിപ്പുകൾ പൊടിതട്ടിയെടുത്തു . പുലർച്ചെവരെ അതിലെങ്ങനെ കണ്ണും നട്ട് നോക്കിയിരുന്നു . മാസവും ദിവസവും ക്രമമില്ലാതെ പേജുകളിൽ കുനുകുനാന്ന് എഴുതിയിരിക്കുന്നു . എത്രയോ തവണ വായിച്ചതാണ് . എല്ലാം മരണാനന്തര ചടങ്ങുകളെക്കുറിച്ച്.

ജൂലായ് 15 : ” ഞാൻ മരിച്ചാൽ മൃതദേഹം തൃശൂരിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു കൊടുക്കണം . മരിച്ചയുടനെ ശരീരത്തിന്റെ കൈ കാലുകൾ നിവർത്തി വയ്ക്കണം . കുപ്പായം പഴയതു മതി . ആശുപത്രി അധികൃതരെ അറിയിച്ചാൽ അവർ വന്നു കൊണ്ട് പോയിക്കോളും . വേറെ ആരെയും അറിയിക്കേണ്ടതില്ല . “

ജൂലായ് 27 : ” എന്റെ മരണ വിവരം കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടു ആപ്പീസുകളിലും അറിയിക്കണം . സഖാവ് കുമാരൻ എന്ന് പ്രത്യേകം പറയണം . അവർക്ക് മനസിലായില്ലങ്കിൽ നാല്പത്തൊമ്പതിലെ തൃശൂർ സെഷൻസ് കേസ് നമ്പർ 125 ഓർമ്മിപ്പിക്കണം . അവർ വരുമ്പോൾ കാൽമുട്ടിന് താഴെയുള്ള പൊള്ളിയ പാട് കാണിച്ചു കൊടുക്കണം . വള്ളൂർക്കടവിലെ ബോംബ് കേസിൽ പൊള്ളിയതാണ് . അത് കാണുമ്പോൾ അവർ പാർട്ടി പതാക പുതയ്ക്കും . മുഷ്ട്ടി ചുരുട്ടി വിളിക്കും ‘ലാൽ സലാം ‘ “

ജൂലായ് 30 : ” എന്റെ മൃതദേഹത്തിൽ കൊടിയോ പുഷ്പചക്രമോ വയ്ക്കാൻ അനുവദിക്കരുത് . മൃതദേഹം ഒരു മണിക്കൂറിൽ കൂടുതൽ വെച്ചിരിക്കരുത് . കുളിപ്പിക്കുകയോ പുതു വസ്ത്രങ്ങൾ ധരിപ്പിക്കുകയോ ചെയ്യരുത് . ശരീരം ദഹിപ്പിക്കരുത് . അത് പുഴുക്കളുടെ ഭക്ഷണമാണ് . വീടിനു പിന്നാമ്പുറത്തെ പുന്നമരത്തിനു ചുവട്ടിൽ മൂന്നടി മാത്രം താഴ്ത്തി കുഴിച്ചിടണം ” .

എല്ലാ കുറിപ്പുകളും മാധവിയമ്മക്കുള്ള നിർദ്ദേശങ്ങളാണ് . ഓരോ എഴുത്തും പരസ്പര വിരുദ്ധമായ നാലോ അഞ്ചോ ഡയറിക്കുറിപ്പുകൾ. മാധവിയമ്മക്കും ഓർമ്മ മങ്ങിത്തുടങ്ങി .

ഡയറിൽ ഏതോ ഒരു പേജിൽ നിറം മങ്ങിയ മെമ്പർഷിപ്പ് ചിറ്റെടുത്ത് അവർ മണപ്പിക്കും . “സഖാവ് : കുമാരൻ . നീർക്കുളമ്പ് .” എന്നെഴുതിയ രസീതി വായിച്ച് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിരലൂന്നി അവർ ആരോടെന്നില്ലാതെ ഉച്ചത്തിൽ വിളിക്കും

“ഈങ്കിലാബ് സിന്ദാബാദ് . ലാൽ സലാം ! “

കുമാരനെയും സുഗുണനെയും മാധവിയമ്മയേയും പാർട്ടി പുറത്താക്കിയ കാര്യം പലപ്പോഴും മാധവിയമ്മ മറന്നുപോകും . അല്ലെങ്കിൽ പാർട്ടി തിരിച്ചെടുത്തതായി സ്വയം ചിന്തിക്കും .

വെള്ളിയാഴ്ച്ചകളിലെ ചന്തയിൽ കൊപ്രാ പാണ്ടികശാലയ്ക്ക് മുകളിലുള്ള പാർട്ടി ആപ്പീസിൽ നിറുത്താതെ ബീഡി വലിച്ചുകൊണ്ട് സഖാവ് കുമാരൻ കരട് പ്രമേയം ചർച്ച ചെയ്യുന്നത് ശ്രവിക്കുന്നതായി വിചാരിക്കും .

ബീഡിപ്പുക കാരണം ആളുകളെ പരസ്പരം കണ്ടുകൂടാ . എങ്കിലും കുമാരന്റെ വിലപ്പെട്ട അഭിപ്രായങ്ങൾ കേട്ട് തൊഴിലാളി സഖാക്കൾ കയ്യടിക്കുമ്പോൾ സെക്രട്ടറി സഖാവ് മൊയ്തീൻ കുട്ടി പുച്ഛഭാവത്തിൽ ചിരിക്കുന്നത് കാണാം . മൊയ്തീൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആവോ .

ആലോചനകളിൽ മുഴുകി മാധവിയമ്മ ബസ്സിലിരുന്നു മയങ്ങി . റൗണ്ടിൽ ഇറങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു . വെയിലിന്റെ കാഠിന്യത്തിൽ മാധവിയമ്മക്ക് ചെറുതായി തല കറങ്ങുന്ന പോലെ തോന്നി . പട്ടണം വല്ലാണ്ട് മാറിപ്പോയിരിക്കുന്നു .

എപ്പോഴും പൂരത്തിന്റത്ര തിക്കും തിരക്കുമാണ് . പണ്ട് പാർട്ടി ആപ്പീസിൽ നിന്നും തേക്കിൻകാട് വരെയുള്ള സ്ഥലം വിജനമായിരുന്നു . ചെങ്കല്ല് കെട്ടിയ പൂപ്പൽ പടർന്ന മതിലിനകത്ത് ഇരുനില മാളിക വീടുകൾ ഉണ്ടായിരുന്നു . ചെറിയ ഗെയ്റ്റുകൾ എപ്പോഴും തുറന്നു കിടന്നിരുന്നു . മതിലുകളിൽ മുല്ലയും കനകാംബരവും പൂത്തു കിടന്നിരുന്നു . ഇന്നിപ്പോൾ വീടുകളില്ല കച്ചവടപ്പീടികൾ മാത്രം .

പത്തൻസ് ഹോട്ടൽ പൊളിച്ചു പണിതിരിക്കുന്നു . കുമാരന്റെ കൂടെ അവിടെ വന്ന ഓർമ്മകൾ മാധവിയമ്മയിലൂടെ കടന്നുപോയി . ഉണ്ണുമ്പോൾ കുമാരൻ പറയും

“മാധവ്യെ മടിക്കാണ്ട് ചോദിച്ചു വാങ്ങിക്കോ . ഇനിയെന്നാ ഒരൂണ് കിട്ടൂന്ന് ദൈവത്തിനറിയാം . പ്രജാമണ്ഡലംന്നും പാർട്ടീന്നും പറഞ്ഞു സാമീടെ സൗജന്യം എന്നും ചോദിക്കണത് ശെര്യല്ലല്ലോ ” .

മാധവിയമ്മ മുന്നോട്ടു നീങ്ങി . അഴീക്കോടൻ മന്ദിരത്തിന്റെയും കെ.കെ വാരിയർ സ്മാരകത്തിന്റെയും വിശാലമായ മുറ്റത്ത് പലജാതി കാറുകളും വണ്ടികളും . പഴയൊരു ഇരുനില കെട്ടിടമായിരുന്നു പാർട്ടി ആപ്പീസ് .

സന്ധ്യയായാൽ ഗുഡ്‌സ് യാഡിൽ നിന്നുള്ള പണിക്കാരും റിക്ഷാത്തൊഴിലാളികളും വരും . സ്റ്റാലിൻ വിരോധികളും ക്രൂഷ്ചേവ് വിമർശകരും ഒക്കെ കൂടെയുണ്ടാവും .എത്ര വലിയ സംവാദം ആയാലും ഒടുവിലൊരു ബീഡിപ്പുകയുടെ സൗഹൃദത്തിൽ വിപ്ലവം വളരുക മാത്രമേയുണ്ടായുള്ളൂ .

പലപ്പോഴായി അവിടെ മാധവിയമ്മ പോയിട്ടുണ്ട് . ആദ്യകാലങ്ങളിൽ അവരെ കാണുമ്പോൾ സെക്രട്ടറി മൊയ്ദീനും സഖാക്കളും കൂട്ടമായി എഴുന്നേറ്റ് നിന്ന് ‘ലാൽ സലാം’ വിളിച്ചിരുന്നു . സഖാവ് കുമാരൻ പാർട്ടിക്ക് അഭിമതനായതോടെ അതൊക്കെ നിലച്ചു .

പാർട്ടി ആപ്പീസിനു താഴത്തെ നിരയിലെ കടകളിൽ ഒന്നാണ് പ്രഭാത് ബുക്ക് ഹൌസും. തൊട്ടടുത്ത് വീര്യം കൂട്ടാൻ ബീവറേജ് കൗണ്ടറും .

മാധവിയമ്മ എത്തുമ്പോൾ ഇറവെള്ളം പോലെ അങ്ങുമിങ്ങും ഒഴുകി നിറയെ ആളുകൾ . ബുക്കുകൾ അടുക്കി വെച്ചിരുന്ന പുസ്തകശാലയിൽ ഒരാള് പോലും ഉണ്ടായിരുന്നില്ല . ചില്ലുവാതിൽ പൂട്ടിയിരിക്കുകയാണ് . തെല്ലുസമയം അതിനു മുന്നിൽ നിന്ന് കാലു കഴച്ചപ്പോൾ മാധവിയമ്മ തിണ്ണമേൽ ഇരുന്നു .

ഇരിക്കുന്നതിന് എതിർവശത്തെ മാർബിൾ ഫലകം മാധവിയമ്മ വായിക്കാൻ ശ്രമിച്ചു . കറുത്തപ്രതലത്തിലെ സ്വർണ്ണ ലിപികൾ .

‘സി . ജനാർദ്ദനൻ സ്മാരകം . 12.11.2001. സഖാവ് വെളിയം ഭാർഗ്ഗവൻ ഉത്‌ഘാടനം നിർവഹിച്ചു . സഖാവ് കെ.പി പ്രഭാകരൻ അധ്യക്ഷൻ . ‘സഖാവ് .നീർക്കുളമ്പ് കുമാരൻ’ – എന്ന ഭാഗം വെക്തമല്ല .ആരോ ചുരണ്ടി മാറ്റിയത് പോലെ !.

മാധവിയമ്മയുടെ കണ്ണൊരു ചാലായി . ഓർമകളിൽ ചുവപ്പിന്റെ കനൽ . അറുപത്തിനാലിൽ പാടത്തെ വെള്ളം കയറിയ കാലത്താണ് സഖാവ് സി.ജനാർദ്ധനൻ അവസാനമായി വീട്ടിൽ വന്നത് . അപ്പോഴേക്കും പാർട്ടി ഏതാണ്ട് പിളർന്നു കഴിഞ്ഞിരുന്നു .

സി.എച്ച് കണാരൻ വിളിച്ചുചേർത്ത യോഗത്തിലേക്ക് പോകുവാൻ പുറപ്പെട്ടു നിൽക്കുകയായിരുന്നു മാധവിയും കുമാരനും . ജനാർദ്ധനൻ പറഞ്ഞു

“നിങ്ങളും പോവ്വാന്നു വെച്ചാ – “
പൂർത്തിയാക്കിയില്ല .കുമാരൻ അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി . നിരാശയും സങ്കടവും ഉണ്ടെങ്കിലും ജനാർദ്ധനന്റെ കണ്ണ് നിറഞ്ഞിട്ടില്ല . കരയില്ലാന്ന് ഉറപ്പുള്ള മുഖം .

ഫോർട്ട് സ്റ്റേഷനിൽ കുമാരനും ജനാർദ്ധനനും ഒരേ മുറിയിലായിരുന്നു . ഇടിയുടേയും ചവിട്ടിന്റേയും ശബ്ദവും അതിനെതിരെയുള്ള മുദ്രാവാക്യം വിളിയുമല്ലാതെ അവിടെ നിന്നും ഒരിക്കൽപ്പോലും കരച്ചിൽ കേട്ടതായി മാധവിയമ്മ ഓർക്കുന്നില്ല .

നാൽപ്പൊത്തമ്പത്തിൽ പാപ്പാളി വധക്കേസിൽ പിടിയിലാകുമ്പോ സഖാവ് ജനാർദ്ധനൻ മാധവിയമ്മക്ക് വാക്കു കൊടുത്തിരുന്നു .

” സഖാവേ വിപ്ലവം ഉള്ളിടത്തോളം കാലം കുമാരനും ഞാനും കഴുവേറ്റപ്പെട്ടാൽ പോലും ഇങ്ങടെ കണ്ണിന്ന് ഒരു തുള്ളി പോലും പൊടിയരുത് ! “

ഇന്നിപ്പോൾ അറിയാതെ മുങ്ങിപ്പോയ ഓർമകളിൽ മാധവിയമ്മ ഒന്ന് പിടഞ്ഞു . നെഞ്ചിലൊരു ഭാരം . കണ്ണിലൂടെ വിപ്ലവ നിറമുള്ള ധാര ഒഴുകുന്നു . ചാരിയിരുന്ന് ഫലകം നോക്കി നെഞ്ചൊന്നു തടവി ഇടറുന്ന സ്വരത്തിൽ ആ സഖാവ് മെല്ലെ പറഞ്ഞു
” വിപ്ലവം ജയിക്കട്ടെ ” .

ഓർമ്മകളിൽ മുങ്ങിയിരുന്നു മാധവിയമ്മ മയങ്ങിപ്പോയി . ആരോ ഒരാൾ തട്ടി വിളിച്ചപ്പോഴാണ് കണ്ണു തുറന്നത് .

“രണ്ടരേടെ ജാക്ക്പോട്ട് കഴിഞ്ഞൂട്ടാ . അമ്മച്ചിക്ക് കുരുത്തോണ്ടെങ്കി അടുത്ത കളിക്ക് അടിക്കും . ഒരെണ്ണം എടുക്കട്ടേ ? “

കാലിൽ ആടിയാടി നിൽക്കുന്ന ചുമട്ടു തൊഴിലാളി സഖാവായ ഒരു ബീവറേജ് രോഗി മാധവിയമ്മയോടു ചോദിച്ചു . ചോദ്യത്തിനിടയിലും നോട്ടം മുഴുവനും പഴകിയ കായസഞ്ചിയിലേക്കാണ് . മാധവിയമ്മ ഒന്നൊതുങ്ങിയിരുന്നു .

പുസ്തകശാല അപ്പോഴും തുറന്നിട്ടുണ്ടായില്ല . ജനാർദ്ധനൻ സ്മാരകത്തിനടുത്ത് രണ്ടു ലോട്ടറിക്കടകൾ പ്രവർത്തിക്കുന്നുണ്ട് . അവിടെയുള്ള ടി വിയിൽ നിന്നും സംഗീതം ഒഴുകി വരുന്നു .

സ്‌ക്രീനിൽ ഇടക്കിടക്ക് സഖാവ് ലെനിനും ,മാർക്‌സും,ചെഗുവേരയും തുങ്ങി ഇ .എം.എസ് വരെ തെളിയുന്നു .

മാധവിയമ്മ ഓർത്തു

‘ലോട്ടറി കച്ചവടത്തിനും സഖാവിന്റെ ആശിർവാദം വേണം ! ‘

ബീവറേജ്‌ ,ലോട്ടറി അവക്ക് മുകളിലായി പാർട്ടി ഓഫീസ് മന്ദിരം . മാധവിയമ്മ മന്ദഹസിച്ചു .

അവരുടെ മനസ്സിലൂടെ ചിന്തകൾ പാഞ്ഞു . വിപ്ലവ വീര്യത്തോടെ ….

‘ മാർക്സ് നീയിനിയും പുനർജ്ജനിക്കണം . നിന്റെ ചിന്തകളിലൂടെ നവമൊരു ‘ദാസ് ക്യാപ്പിറ്റൽ’ ഉരുത്തിരിയണം. ‘ക്യാപ്പിറ്റൽ’ ഉണ്ടാക്കാൻ പുതിയ രസതന്ത്രങ്ങൾ സഖാക്കൻമാർക്ക് പകർന്നു നൽകണം ! ‘

അടുത്തു വന്ന ബീവറേജനു കൂട്ടായി അടുത്തയാളുമെത്തി . മെല്ലെ അവരുടെ സംസാരം തുടങ്ങി .

“ഇന്നലെ സഖാവ് കില്ലാടി രാജന് ഏഴരെടെ ഗുഡ്‌നൈറ്റ് അടിച്ചത് നീയ്യ് അറിഞ്ഞോ ? “

“ഉവ്വ് . ന്നട്ടാ ശ്ശവി അയ്യായിരോം കെട്ട് പൊട്ടിക്കാണ്ട് കുടുമ്മത്തിക്ക് കൊണ്ടോയി . ഒരു ഷെയറടിക്കാൻ കൂടി വിളിച്ചില്ല “

മറുപടി നീണ്ടു

“അതവന്റെ യൂണിയന്റെ സ്വഭാവഗുണം . ഇനിക്കിന്നാള് കിനോ സിൽവറ് അടിച്ചപ്പോ മുഴ്വൻ കാശും വോൾഗേല് കലക്കീലെ ? അന്ന് ലാസ്റ്റ് ബസ്സ്‌ പോണവരെ അവൻ നമ്മടെ കൂടെയിരുന്ന് നക്കി നക്കി നിന്നു “

“ങ്‌ഹും .. അതൊക്കെ പോട്ടെ . ഡാ ഇപ്പൊ നിനക്കൊരു ബമ്പറടിചൂന്ന് വെക്ക്യ . രണ്ടരക്കോടി . നീയെന്തൂട്ടാ ചെയ്യാ ? “

കേട്ടവൻ തലയൊന്നു ചൊറിഞ്ഞു .

” ഇനിക്ക് വല്യ മോഹോന്നൂല്യഡാ . ഇമ്മടെ എല്ലാ കൂട്ടാര്ക്കും ഓരോ ഫുള്ള് ആദ്യം . ഞാനപ്പൊ കുടിക്കില്യ . അവര് കുടിച്ചു കുന്തം മറിയണത് കണ്ടുകൊണ്ടിര്ക്കണം . കുടുമ്മത്തേങ്കൊണ്ട് വേളാങ്കണ്ണീല് പോയി മാതാവിനെ കാണണം . പെണ്ണിനും ക്ടാങ്ങൾക്കും തുണി മേടിക്കണം . പിന്നെ മുഴവ്വ്ൻ കാശും കൊണ്ട് ഞാനൊരു അനാഥശാല പണിയും . ആരൂല്ലാത്തോരിക്ക് വന്ന് കെടന്ന് ജീവിക്കാൻ … “

” ഉവ്വ അനാഥശാല – ഒന്നു മിണ്ടാതിരി ശ്ശവ്യേ “.

കേൾവിയിലൂടെ നവയുഗ സഖാക്കന്മാരുടെ ചിന്തകൾ മാധവിയമ്മ പരിചയപ്പെടുകയായിരുന്നു.

ഒരുത്തൻ മാധവിയമ്മയോടായി ചോദിച്ചു .

” തള്ളാരേ… ഇങ്ങളിങ്ങനെ ഇരുന്ന് മുട്ടില് വേര് പിടിക്കൂന്നാ തോന്നണേ . നേരം ഒത്തിരിയായില്ലേ . ന്തൂട്ടിരിപ്പാദ് . നെങ്ങള് വെരീ നുമ്മക്ക് വേറെ പൊരേല് പോകാം “

അയാളുടെ കയ്യ് സഞ്ചിയുടെ ചില്ലറ കനത്തിലേക്ക് നീളുന്നതായി അവർക്കു തോന്നി.

മാധവിയമ്മ സഞ്ചി നെഞ്ചോട് ചേർത്തു പിടിച്ചു . ഇരുട്ട് വീണിരുന്നു . വാരിയർ സ്മാരകത്തിന് മുന്നിലുണ്ടായിരുന്ന കാറുകളൊക്കെ പോയിക്കഴിഞ്ഞിരുന്നു . ആളനക്കം കുറഞ്ഞു . ഒൻപതു മണിക്കാണ് അവസാനത്തെ ബസ്സ് . മരണകരമായ നിശബ്ദത തെരുവകളെ ബാധിച്ചതുപോലെ .
ഒരു നിലവിളിക്ക് രാത്രിയുടെ ചേതനകളെ തൊട്ടുണർത്താൻ കഴിയാതെ നഗരത്തിൽ അലിഞ്ഞു ചേർന്നു.

രാവിലെ നഗരം യാതൊരു ഭാവഭേദവുമില്ലാതെ ഉണർന്നു . മാധവിയമ്മയുടെ മൃതശരീരം പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോകാൻ പറമ്പിനു മുന്നിലായി വലിയ വണ്ടികൾ നിരന്നു നിന്നു .

സ്വത്തുവകകൾ പാർട്ടിക്കായി എഴുതിവച്ച ഒസ്യത്ത് ഡയറികൾക്കിടയിൽ നിന്നും കിട്ടി .
സ്വത്തിൽ നിന്നുള്ള ഒരു വിഹിതം അന്തിക്കാട്ടെ ജോർജ്ജ് ചടയംമുറി സ്മാരകത്തിനും ഈശാൻ സ്മാരകത്തിനും നൽകാൻ നിർദ്ദേശമുണ്ടായിരുന്നു .

ചടങ്ങിനായി ഒരുവട്ടം പാർട്ടി മന്ദിരത്തിലൊരു ദർശനം നടത്തിയ ശേഷം
ചുവപ്പ് പൊതിഞ്ഞ ശരീരം മരച്ചോട്ടിലെ മൂന്നടി ആഴത്തിൽ സഖാവ് കുമാരനോടൊപ്പം താഴുമ്പോൾ മന്ത്രിമാരോ എം .എൽ .എ മാരോ യൂണിയൻ നേതാക്കളോ അടങ്ങുന്ന സംഘം യാതൊരു വിധ ഭാവ ഭേദവുമില്ലാതെ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു

“സഖാവ് കുമാരൻ കീ ജെയ് ! സഖാവ് മാധവി കീ ജെയ് . വിപ്ലവം ജയിക്കട്ടെ .
ലാൽ സലാം ! “

By ivayana