ആറ്റുനോറ്റുണ്ടായതാ
കെട്ടുകഴിഞ്ഞാറാം വര്‍ഷവും
റോസക്കുട്ടി പെറാത്ത കൊണ്ട്
തോമാച്ചന്റെയമ്മ
റാഹേലമ്മ കന്യാസ്ത്രി
മഠത്തിലേയ്ക്ക് നേര്‍ന്നുണ്ടായതാ

കൊച്ചു റാഹേലെന്നപ്പനാ
പേരിട്ടത്

അമ്മയുണ്ടായിട്ടെന്താ
കൊച്ചു റാഹേലിനപ്പന്‍ മതി

കൊത്തം കല്ല്‌ കളിക്കാനപ്പന്‍
തുമ്പിയെപ്പിടിക്കാനപ്പന്‍

കൊച്ചു റാഹേലിന്റെ
പനങ്കുലപോലുള്ള മുടിയില്‍
കാച്ചെണ്ണ തേച്ച്
പിന്നി മടക്കി-
കെട്ടിക്കൊടുക്കുമപ്പന്‍

നനവുള്ള മുടിയില്‍
കുന്തിരിക്ക പുകയേറ്റി
നനവാറ്റുമപ്പന്‍

“ഹും ഒരപ്പനും മോളുമെന്ന്”
മുഖം വീര്‍പ്പിക്കുന്ന റോസയെ
തൊട്ട് തോമാച്ചന്‍ പറയും
“എന്‍റെ ശ്വാസമാടീയിവള്‍”

മുഖം വീര്‍പ്പിച്ചാലെന്താ
ഉള്ളിലൊരു
സന്തോഷപ്പൂത്തിരി
കത്തുന്നത് റോസ
പുറത്ത് കാട്ടാറില്ല

എന്നിട്ടുമന്ന് അപ്പനുറങ്ങിയില്ല
കൊച്ചു റാഹേലിനു ദൈവവിളി
വന്നയന്ന് അപ്പനുറങ്ങിയില്ല

കൊച്ചു റാഹേലിന്‍റെ
കൊച്ചിനെ കൊഞ്ചിക്കുന്നതപ്പന്‍
എത്ര സ്വപ്നം കണ്ടതാ

എന്റെ കൊച്ചിന്റെ മനസ്സ് മാറ്റണേ
കര്‍ത്താവേയെന്നു പറഞ്ഞിട്ട്
കര്‍ത്താവും കേട്ടില്ല

പനം കുലപോലുള്ള മുടി
മുറിച്ചയന്ന്
അപ്പന് കുന്തിരിക്ക പുകമൂലം
ശ്വാസം മുട്ടലുണ്ടായി

കന്യാവ്രതങ്ങളുടെ തടവറയില്‍
പീഡനങ്ങളുടെ കുരിശുമാല
ചുമന്നിട്ടും കൊച്ചു റാഹേല്‍
അപ്പനോടൊന്നും പറഞ്ഞില്ല
അപ്പനുരുകി ചത്താലോന്ന് പേടിച്ചിട്ടാ

എന്നിട്ടും
പിടിച്ചു നിര്‍ത്താന്‍
കഴിയാതിരുന്നൊരു ദിവസം
മഠത്തിലെ കിണറ്റുവെള്ളത്തില്‍
ചീര്‍ത്ത് വീര്‍ത്ത് കൊച്ചു റാഹേല്‍

ഒരു പൂവ് വീണ്
ചീയുംപോലല്ല
ഒരു പൂമരം വീണ്
ചീയുംപോലൊരു വീടിന്‍റെ
വിളക്ക് കെട്ടുപോയതപ്പഴാണ്

പെണ്ണുങ്ങളെപ്പോലെ അലമുറയിട്ട്
കരയുന്നൊരാണിനെ
കണ്ടതന്നാ നാട്ടാര്

അന്നുമുതലാണ്
കര്‍ത്താവും തോമാച്ചനൊപ്പം
പള്ളിയില്‍ കയറാതായത്.

By ivayana