അമ്മയെക്കൊന്ന കുഞ്ഞുങ്ങൾ
അമ്മ കൊന്ന കുരുന്നുകൾ
കൊന്നവയ്ക്കൊക്കെയെരി- യിറ്റിച്ചിട്ടുപ്പില്ലാതെ തിന്നു നാം!
കപ്പ തിന്നുന്ന തുരപ്പനെ- യടിവില്ലാൽ തകർത്തു നാം
ഉറുമ്പു കേറാതിരിക്കുവാൻ
ഡീഡീറ്റി ചൊരിഞ്ഞു നാം
കടൽമീനിന്റെ വീട്ടിൽപ്പോയ്
അവയേയും ചതിച്ചുകൊല്ലുവാൻ
ജലധിക്കുമുകളിൽക്കൂടി
ഒാടുന്ന രഥമേറി നാം
പക്ഷിയെപ്പിടിച്ചതിൻ ചിറകും,
കരളും വെട്ടി
ചുമ്മാതെ രസത്തിനായ്
കൂട്ടിലേയ്ക്കിട്ടൂ നമ്മൾ
ആനയെക്കാണാനെന്തു-
രസമാണതിനായിട്ടാനയെ-
ച്ചതിച്ചു നാം കുഴിൽവീഴ്ത്തുന്നവർ
കാണുവാൻ രസമുള്ള ജീവ-
ജന്തുക്കൾക്കെല്ലാം
ആജീവനാന്തം ജയിലേകിയ
ന്യായാധിപർ!
കൊന്നതിൻ പാപം
തിന്നുതീർക്കുവാനൊരുമ്പെട്ട
ഉന്നത മാഹാത്മ്യത്തിൻ
സൂത്രവാഹകർ നമ്മൾ!
പാവമപ്പൈക്കുട്ടിതൻ
പാലുമ,ത്തള്ളപ്പൈയ്യിൻ
മാംസവും തോലും വിറ്റ
കാശുണ്ടു നമ്മൾക്കെല്ലാം
പന്നിയെക്കൊല്ലാൻ കൈതച്ചക്കയിൽ വിഷം വച്ച-
താനയോ മനുഷ്യരോ
തിന്നട്ടെ വിശപ്പിനായ്!
മാനുഷന്മാരെത്തീറ്റി- പ്പോറ്റുവാനായിട്ടെല്ലാ
വിത്തിലും ഫലത്തിലും
കൈവിഷം വച്ചോർ നമ്മൾ!
മാതംഗകുലോത്തമേ
നിന്നുടെ കുഞ്ഞും നീയും
ആതങ്കഹീനം ഞങ്ങളാ-
ഘോഷിച്ചീടുന്നവർ!
ഉറ്റവർ ചത്താൽപ്പോലും
വിത്തമുണ്ടെന്നാൽപ്പിന്നെ
മൊത്തമായ് ലഭിച്ചാലോ
സന്തോഷം സമാധാനം!
ആയതുകൊണ്ടെൻ പ്രിയ
വാരണപ്പെണ്ണേ പോകൂ
മാനവന്മാർക്കേ പോകാൻ
കഴിയാ സ്വർഗ്ഗത്തിങ്കൽ…