മരണമെനിക്കൊരു ഹരമാണ്
അതെഴുതുവാനെനിക്കാവേശമാണ്
ആഗ്രഹമല്ലതെന്നിലെ ചിന്തയിൽ
ഞാനറിയാതെയുണരുന്ന വികാരമാണ്

ചില നേരങ്ങളിലെനിക്കത് സാന്ത്വനമാണ്
ചിതറിയ ചിന്തകളടുക്കീടുന്ന പ്രക്രിയയാണ്
സുഖദു:ഖങ്ങളെ ഒപ്പത്തിനൊപ്പം പേറുന്ന
എന്റെ മനസ്സിൽ മരണമൊരു ചാലകമാണ്

ജീവിതവും മരണവുമെന്റെ
തുലാസ്സിൽ ഒപ്പത്തിനൊപ്പമാണ്
മമതയൊന്നിനോടുമില്ലെനിക്കു
ഒന്നിനോടൊട്ടും അകൽച്ചയുമില്ല

നടന്നടക്കുന്ന സത്യത്തെ
മിഴി പൂട്ടിയില്ലാതാക്കുവാനെനിക്കാകില്ല
ഇന്നല്ലെങ്കിൽ നാളെയത് സംഭവിക്കും
എവിടെയെങ്കിലും വെച്ച് നടന്നിരിക്കും

അതുവരെ ജീവിതമൊരാഘോഷമാക്കാം
കൂട്ടാളിയായ് മരണത്തെ ചേർത്തു പിടിക്കാം
അതിനെക്കുറിച്ചെഴുതി രസിക്കാം
വായിച്ചു ചിന്തകളിൽ തീ പടർത്താം.

By ivayana