രചന : സിജി സജീവ് വാഴൂർ✍

പണ്ടൊക്കെ എന്നുപറഞ്ഞാൽ ഒരു പത്തു പതിനഞ്ചു വർഷം പുറകിലൊക്കെ പൊതുവെ ചെറുപ്പക്കാർക്ക് സമൂഹത്തോട് ഒരു ഭയമൊക്കെ ഉണ്ടായിരുന്നു. ആളുകൾ കൂടുന്ന നാൽകവലകളിലും ചന്തകളിലും ക്ലബ്ബുകളിലുമൊക്കെ ഒരു ഒച്ചപ്പാടുണ്ടായാൽ ആരെങ്കിലും തല്ലുണ്ടാക്കിയാൽ മുതിർന്നവരിൽ ആരെങ്കിലും ഒരാൾ “”നിർത്തെടാ,,, നിന്റെയൊക്കെ തോന്ന്യവാസം,,, വീട്ടിപ്പോടാ,,,”എന്നൊന്ന് പറഞ്ഞാൽ മതിയായിരുന്നു അവിടെ തീരും വഴക്കും ബഹളങ്ങളും ഒക്കെ…


എന്നാൽ ഇന്ന് കാലം മാറി കോലോം മാറി ആളുകളുടെ മനസ്സും മാറി,, പുതിയ തലമുറ വന്നു,, പുതിയ സാമൂഹിക ചിന്തകൾ വന്നു,, പുതിയ നിയമങ്ങൾ വന്നു,,, അന്ന് വീട്ടീപ്പോടാ എന്നു പറഞ്ഞ കാർന്നോനെ ഇന്നു കിട്ടിയാൽ ഇന്നത്തെ തലമുറ കീറി ഭിത്തിയിൽ ഒട്ടിക്കും…. ഇപ്പോൾ ആ കാർന്നോൻ മാർക്ക് ചില ഓമന പേരുകൾ ഉണ്ട്..” സദാചാര പോലീസ് “… സദാചാര ഗുണ്ട,,, സദാചാര ആങ്ങളമാർ “”. അങ്ങനെ അങ്ങനെ,,,

ഈ അടുത്ത കാലത്ത് ചങ്ങനാശ്ശേരിയിലെ മുൻപ് പ്രശസ്ത മായിരുന്ന ഒരു പാർക്കിന്റെ മുൻപിൽ അല്പസമയം നിൽക്കുവാൻ ഇടയായി.. ഒരു യുവാവും യുവതിയും പാർക്കിനുള്ളിലെ ബഞ്ചിൽ ആരെയും കൂസാതെ അവരുടെ പ്രണയം (കാമം )പങ്കിടുന്നു… വഴിയെ പോകുന്നവർ ഇതൊക്കെയും കാണുന്നുണ്ട് എന്നാൽ ആരും മൈൻഡ് ചെയ്യുന്നില്ല.. ആദ്യമായി പബ്ലിക്കിൽ ഇങ്ങനെ കണ്ടിട്ടാവും എനിക്കാകെ നാണക്കേട് തോന്നി,, അസത്തുക്കൾ എന്ന് മനസ്സിൽ പറഞ്ഞ് അവിടെ നിന്നും മാറി നിന്നു,, അടുത്തു വന്ന ചേച്ചിയോട് പറഞ്ഞു,, അതിവിടെ സ്ഥിരം കലാപരിപാടി ആണെന്ന് അവരുടെ സാക്ഷ്യം, ഈ കമിതാക്കൾ ഇന്നു വന്നു നാളെ മറ്റൊരാൾ അരിക്കും എന്ന്…ആരും അവരോട് ചോദിക്കില്ല, ചോദിക്കുന്നവർ അവസാനം തെറ്റുകാരൻ ആകും ത്രേ,,


അതുപോലെ തിരുനക്കര നിക്കുമ്പോൾ ഇതേ തരത്തിൽ മറ്റൊരു കാഴ്ച്ച കണ്ടു,, മൂന്നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും കൂടി ഗ്രൗണ്ടിൽ തണലു പറ്റി നിൽക്കുന്നു,, ഒരാൾ അവളുടെ കഴുത്തിലൂടെ കൈയ്യിട്ട് മഞ്ചു പോലെ എന്തോ വായിൽ വെച്ചു കൊടുക്കുന്നു,, അവൾ അവന്റെ കൈവിരലിൽ കടിച്ചു,, “”അയ്യോ കടിച്ചേ,,”എന്ന് ഉറക്കെ പരിഭവം പറഞ്ഞ് അവൻ കൈ കുടയുമ്പോൾ മറ്റൊരുവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു ചിരിക്കുന്നു.. അവൾ ഉറക്കെ ഉറക്കെ ചിരിക്കുന്നുണ്ട്,, ഒരുവൻ അവളുടെ സ്ലീവ് ലെസ്സ് കൈകളിൽ തഴുകുന്നു.. ചിരിച്ചും രസിച്ചും പരസ്പരം കെട്ടിപ്പുണർന്നും ഒരുപകൽ സായാഹ്നം അവരവിടെ ചെലവിടും.. ആരുമില്ല ചോദിക്കാൻ,,, ആരുമില്ല ഇതൊന്നും കാണാൻ… ആരെങ്കിലും ചോദിച്ചാൽ????????
നോക്കിനിന്ന ഞാൻ ചിലപ്പോൾ കുറ്റിക്കകത്തു കിടക്കും നോക്കി പീഡനത്തിന് 😏


ഈ തലമുറയുടെ ഏകദേശം പോക്ക് എങ്ങോട്ടാണ് എന്നൊന്ന് പറയാൻ ആണ്‌ ഇത്രയും കാര്യങ്ങൾ പറഞ്ഞത്..


കഴിഞ്ഞ കുറേ നാളുകളായി നമ്മൾ കേൾക്കുകയും കാണുകയും ചെയ്യ്തൊരു വീഡിയോ ക്ലിപ്പ് ഉണ്ട് ഒരു ലൈവ് ചാറ്റിന്റെ,, നവീൻ അഗസ്റ്റിൻ എന്ന ഒരു വ്ലോഗറും തൃശ്ശൂർക്കാരി നയന എന്ന ഒൻപതാം ക്‌ളാസുകാരിയുടെയും.. അതു കണ്ടവർക്കെല്ലാം അറിയാം അതിൽ പറയുന്ന വിഷയം എന്താണെന്നു,, അമിതമായി മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന രണ്ടാളുകളുടെ സൗഹൃദസംഭാഷണം ആയിരുന്നു അത്,, എന്നാൽ അതിൽ എടുത്തു പറയേണ്ടുന്ന വസ്തുത പ്രായപൂർത്തി ആകാത്തൊരു പെൺകുട്ടിയാണ് ഒരു കൂസലുമില്ലാതെ സ്റ്റഫിനേ കുറിച്ച് പറയുന്നതെന്നതാണ്… അവൾ അയാളോട് പറയുന്നതെല്ലാം നുണയാണെന്നു രണ്ടു നാൾക്കകംഅവളുടെ അമ്മ നടത്തിയ ഒരു മീഡിയ ഇന്റർവ്യൂവിൽ വെളിപ്പെടുത്തുന്നു.. കേരളക്കര കേട്ടാൽ ഞെട്ടുന്ന കാര്യങ്ങൾ ആണ്‌ ആ അമ്മ സ്വന്തം മകളെ കുറിച്ചു പറയുന്നത്…


വീണ്ടും മറ്റൊരു സ്കൂളിൽ നിന്നുമുള്ള ചില വോയിസ്‌ ക്ലിപ്പുകൾ വീഡിയോകൾ കാണാൻ ഇടയായി,, തുടർച്ചയായി അവിടെ കുട്ടികളെ ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പോലീസ് പലയിടങ്ങളിൽ നിന്നും പൊക്കുന്നു,,പ്ലസ്റ്റുവിൽ പഠിക്കുന്ന കുട്ടികൾ മുതൽ തീരെ ചെറിയ ക്‌ളാസ്സ് ആയ ഏഴാം ക്‌ളാസ്സ് മുതലുള്ള കുട്ടികൾ LSD യും പാർട്ടി സ്റ്റഫും പിന്നെ പേരറിയാത്ത എന്തൊക്കെയോ ഉപയോഗിക്കുന്നുവത്രേ..
ഇത് ഒരു സ്കൂളിൽ മാത്രം നടക്കുന്ന ഒന്നല്ല,, നമ്മുടെ തൊട്ടടുത്ത സ്കൂളിൽ മുതൽ കേരളമൊട്ടുക്കെ ഈ മയക്കു മരുന്നു ഭീകരന്റെ കൈകളിൽ ആണിപ്പോൾ ജീവിക്കുന്നത്…


നാളെ ഒരുപക്ഷെ നമ്മുടെ കുട്ടിയും അവരുടെ കൈകളിൽ പെട്ടുപോകാം.. ചെറിയ തോതിൽ സൗഹൃദങ്ങൾ സ്ഥാപിച്ചു,, വളരേ പതിയെ അവരെ ഈ വലയിൽ കുടുക്കി പണവും മാനവും കവർന്നു ഒരു തരത്തിലും ഇതിൽ നിന്നും രക്ഷപെട്ടു പോരാൻ ആകാത്ത വിധം ഈ മാഫിയ കുടുക്കിയിടുന്നു…


ഇതിൽ രാഷ്ട്രീയസ്വാധീനവും ചെറുതല്ല.. തീരെ ചെറിയ കുട്ടികളെ അണികളായി കൂടെ കൂട്ടി ചെറിയ ചെറിയ സ്ഥാനമാനങ്ങൾ നൽകി ഒപ്പം ലഹരിയിൽ കുളിപ്പിച്ച് നാളെയുടെ മോഹന വാഗ്ദാനങ്ങളും നൽകി രാഷ്ട്രീയക്കാർ ഈ പുതു തലമുറയെ ചൂഷണം ചെയ്യുന്നു…


അറിയണം ഒരോ മാതാപിതാക്കളും, നിങ്ങളുടെ കുട്ടിയുടെ പോക്കും വരവും ഇരിപ്പും കിടപ്പും,, അവരുടെ ഫ്രെണ്ട്സ്,, അവരുടെ താത്പര്യങ്ങൾ അവരുടെ സംഭാഷണം എല്ലാം എല്ലാം മാതാപിതാക്കൾ ശ്രദ്ദിക്കണം… അവരുടെ കൂട്ടുകാർ നമ്മൾ ആയിരിക്കണം… സ്കൂളിൽ അദ്ധ്യാപകരുമായി നിരന്തരം ബന്ധപ്പെടണം… പുസ്തകങ്ങൾ തുറന്നു നോക്കണം ബാഗ് അവനോ അവളോ അറിയാതെ പരിശോദിക്കണം.. എന്റെ കുട്ടിയെ ഞാൻ അവിശ്വസിക്കില്ല എന്ന് പറയാൻ വരട്ടെ,, അവർ ഒരു തവണ തെറ്റു ചെയ്യ്താൽ പിന്നീട് നിങ്ങളിൽ നിന്നും അവരകലാൻ തുടങ്ങും.. പണത്തിനായി അവർ എന്തും ചെയ്യും കാരണം മയക്കുമരുന്നിന്റെ ഉപയോഗം അവരിൽ അങ്ങനെയൊക്കെ ആണ്‌ പ്രവർത്തിക്കുന്നത്.. നമ്മുടെ കുട്ടികൾ ഉന്മാദ അവസ്ഥയിലാകുന്ന ഭയാനക കാഴ്ച്ച നമ്മൾ കാണേണ്ടി വരരുത്….


എല്ലാവരും പരമാവധി ശ്രദ്ദിക്കുക.. കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരുടെ ലക്ഷ്യം പണവും ഉന്നത സ്ഥാനമാനങ്ങളും ആണ്‌.. അതിന് എന്തിന് നമ്മുടെ കുട്ടികളെ നമ്മൾ ബലി കൊടുക്കണം… നിങ്ങൾ ഏതൊരു അവസ്ഥയിൽ ആയിരുന്നാലും കുട്ടികളിൽ നിങ്ങളുടെ രണ്ടു കണ്ണും വേണം… അല്ലെങ്കിൽ ഒരുസമയത്ത് അവർ അപ്പനാണെന്നോ അമ്മയാണെന്നോ ഓർക്കാതെ നമുക്കു നേരെ അവരുടെ കൈകളും കാലുകളും ഉയരാം..


ചെറുപ്പത്തിൽ എന്റെയൊരു അയൽ ക്കാരി പെൺകുട്ടി പറഞ്ഞു,,”” നിന്റെ വീട്ടിൽ നിന്നെ വഴക്ക് പറയാനും തല്ലാനും ഒക്കെ അച്ഛനും അമ്മയും ആങ്ങളയും ഉണ്ടല്ലോ,, എനിക്ക് അങ്ങനെ ആരുമില്ല.. ഒരുപക്ഷെ നിന്നെപ്പോലെയായിരുന്നു ഞാൻ എങ്കിൽ എന്ന് ആശിച്ചു പോകുന്നു””” എന്ന്.. അവൾ ഇന്ന് ഈ നാട്ടിലെ ഇല്ല,,ആദ്യം ഒരാൾക്കൊപ്പം ഒളിച്ചോടി രണ്ടു കുട്ടികൾ ആയി ക്കഴിഞ്ഞു വീണ്ടും അവരെയിട്ടിട്ടു മറ്റാരുടെയോ കൂടെ പോയി,,,


ആരെങ്കിലും ഒക്കെ ഉപദേശിക്കാൻ ഉള്ളത് നല്ലതാണ്,, സന്ധ്യയായാൽ “വീട്ടിൽ പോടാ,,””എന്നുപറയുന്നൊരു വഴിപോക്കനും അതനുസരിച്ചു വീട്ടിലേക്കു ഓടുന്ന കുട്ടികളെയും ഇനി എന്നെങ്കിലും കാണാൻ കിട്ടുമോ?


NB:മയക്കുമരുന്നിന്റെ ഉപയോഗം ക്രമാതീതമായി കേരളത്തിൽ ഉണ്ടാകുന്നു.. സ്കൂൾ കുട്ടികളിലൂടെ ആണ്‌ ഇതിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നത്,, മാതാപിതാക്കളും അഭ്യൂദയകാംക്ഷികളും
ജാഗരൂകരാകുക..


സിജി സജീവ്

By ivayana