മിനി സജി ✍

ശ്രീ വിശ്വനാഥൻ വടയം എഴുതിയ അവതാരികയിൽ ശൈലജ ടീച്ചറുടെ നിറച്ചാർത്തുകൾക്ക് സുഗന്ധം നിറയുന്നു. ജീവിതത്തിലുണ്ടാകുന്ന വേദനകളെയും, പ്രശ്നങ്ങളെയും സമൂഹത്തോട് വിളിച്ചു പറയുന്നതാണ് കവിതകൾ. ചുറ്റുപാടുകളെ അവനവൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് സൗന്ദര്യത്തെ ഒട്ടും കുറയ്ക്കാതെ വരികളിലൂടെ പകർത്തി സമൂഹമാധ്യമങ്ങളിലേക്ക് കൈമാറുകയാണ് ഓരോ സൃഷ്ടികളും. ജീവിതത്തിൽ പലപ്പോഴും പ്രതികരണങ്ങൾ നടക്കുന്നത് കവിതയിലൂടെയാണ്. ആകാശവും, ഭൂമിയും, നക്ഷത്രങ്ങളും, വെയിലും മഴയുമെല്ലാം ടീച്ചറുടെ വിഷയങ്ങളാണ്. സന്തോഷവും സങ്കടങ്ങളും കവിതകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ബിംബങ്ങളിലൂടെ വായനക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന കവിതയുടെ ഒരു ചിത്രമാണ് നമുക്ക് ഈ പുസ്തകം സമ്മാനിക്കുന്നത്. ടീച്ചർക്ക് പ്രകൃതിയിലെ സർവ്വചരാചരങ്ങളോടുമുള്ള സ്നേഹം നിറച്ചാർത്തു കളിലൂടെ മനുഷ്യമനസ്സുകളിൽ പാകിവെക്കുകയാണ്.


മുഖം എന്ന കവിതയിലൂടെ അകവും പുറവും ഒരുപോലെ പ്രകാശപൂരിതമാകട്ടെയെന്ന് ടീച്ചർ ആഗ്രഹിക്കുന്നുണ്ട്. നിറച്ചാർത്തുകൾ എന്ന കവിതയിലൂടെ കിളികളുടെയും പൂക്കളുടെയും ആഹ്ലാദത്തോടെയുള്ള നൃത്തമാടലുകൾ മനസ്സിന് നിറം പകരുന്നുണ്ട്. ഓരോ നാമ്പിനും വളരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചവിട്ടിത്താഴ്ത്താൻ നമ്മൾ ശ്രമിക്കരുതെന്നും കവിതയിലൂടെ പറയുന്നു.


ഉദയകിരണങ്ങൾ ഭൂമിയെ പ്രകാശപൂരിതമാകട്ടെന്ന് ആശംസിക്കുക മാത്രമല്ല
ഏതുജോലിയും മഹത്വമുള്ളതാണെന്നും വരികൾ സംസാരിക്കുന്നുണ്ട്. ചില കവിതകളിൽ നൊമ്പരങ്ങൾ
പടർന്നുകയറുന്നത് കാണാം.
മണ്ണിനെ പുൽകുന്ന
മഴപോലും വിതുമ്പുന്ന മനസ്സുകൾക്ക് സാന്ത്വനമാകുന്ന വികാരങ്ങൾ സമ്മാനിക്കുന്നു.

ശലഭമായി പറക്കുന്ന ചിന്തകളെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന സൗഹൃദങ്ങളെയും സ്നേഹദീപം തെളിച്ച് കൂടെ കൂട്ടുകയാണ് ഇവിടെ കവി ചെയ്യുന്നത്. സ്വപ്നങ്ങളെ താലോചിച്ച് താലോലിച്ച് സ്നേഹത്തിന്റെ പാതയിലൂടെ ആത്മസുഹൃത്തുക്കളെ നേടിയെടുക്കുന്നുണ്ട്. ഏകാന്തതകൾ നല്ല കൂട്ടുകാരാകുമ്പോൾ നിമിഷങ്ങൾ മണിക്കൂറുകളായി പറന്നു പോകാറുണ്ട്. ഓരോ മനുഷ്യരും ഓരോ പുസ്തകങ്ങളാണെന്നും പ്രണയം വസന്തമായി പ്രാണനിൽ കൂടിയിരിക്കുന്നുവെന്നും പ്രകൃതിയുടെ താളം തെറ്റാതെ പ്രകൃതിയെ സംരക്ഷിക്കണമെന്നും കവിതകൾ സംസാരിക്കുന്നു. അമ്മയെ വേദനിപ്പിക്കരുതെന്ന് അരുതേ എന്ന കവിതയിലൂടെ സന്ദേശം നൽകുന്നു. സ്വപ്നങ്ങൾ പലപ്പോഴും മധുരമുള്ള നോവായി മാറാറുണ്ട് ചില സൗഹൃദങ്ങൾ വിശുദ്ധിയുള്ളതാണെന്നും
ചില പുഞ്ചിരികൾ മനസ്സിന് സാന്ത്വനമാകുന്നുവെന്നും ഉറ്റവർ എന്ന കവിതയിൽ പറയുന്നുണ്ട് .


നന്മമരമായി വളരുന്ന ചില ജീവിതങ്ങളെ കുറിച്ചും കൊറോണ എന്ന മഹാമാരിയിൽ ജാഗ്രത വേണമെന്നും പുലരികൾ പുഞ്ചിരിയോടെ ഉദിച്ചുവരുന്നത് നമ്മുടെ മനസ്സിലേക്ക് ആകണമെന്നും കാപട്യം അറിയാത്ത ബാല്യങ്ങളെ നന്മ ചിന്തകളോട് കൂടി വളർത്തണമെന്നും ടീച്ചറുടെ കവിത പറയുന്നുണ്ട്. എത്രമാത്രം താഴ്ന്നുവോ അത്രമാത്രം ഉയരങ്ങൾ കീഴടക്കാൻ നമ്മൾ ജീവിതത്തിൽ പ്രാപ്തരാവുകയാണ് അതുകൊണ്ട് ഒട്ടും അഹങ്കാരം പാടില്ല ജീവിതത്തിലെന്ന് ടീച്ചർ പറയുന്നു. തൊട്ടാവാടി തൊട്ടാൽ വാടുമെങ്കിലും ഉൾക്കരുത്ത് ഉള്ളവളാണെന്നും തൊട്ടാവാടി എന്ന കവിതയിൽ പറയുന്നുണ്ട് .


മഴയും മുകുളങ്ങളും ടീച്ചറുടെ കവിതയുടെ കഥാപാത്രങ്ങളാണ് നെടുവീർപ്പുകൾ എന്ന കവിതയിൽ നമ്മുടെ നാടിൻ്റെ വേദനകൾ ഹൃദയത്തിൽ കിടന്ന് പിടഞ്ഞു മരിക്കുന്നതായി കാണാം. എന്നിരുന്നാലും അവതാരികയിൽ പറയുന്നതുപോലെ നിഷ്കളങ്കതയുടെ സൗന്ദര്യം ടീച്ചറുടെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട് ചുറ്റുപാടുകളെ അത്രമേൽ സ്നേഹത്തോടെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ട് ഈ ലോകത്തോട് പറയാനുള്ള കാര്യങ്ങൾ കവിതയിലൂടെ വളരെ ലളിതമായി നമ്മോട് സംസാരിക്കുകയാണ് നിറച്ചാർത്തുകൾ എന്ന കവിത കവിതാ സമാഹാരം.

By ivayana