മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ഗതകാല സ്മരണകളുണർത്തി നമ്മിൽ നിന്നും വിട്ടുപോയ സംഗീത സംവിധായകർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 26 ശനിയാഴ്ച വൈകിട്ട് 5 മുതൽ പഴയകാല ഗാനങ്ങളെ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു. “തിയേറ്റർ ജി ന്യൂയോർക്ക്” എന്ന സംഗീത പ്രേമികളുടെ സംഘടന സെന്റർ ഓഫ് ലിവിങ്, കലാകേന്ദ്രം എന്നിവയുമായി കൈകോർത്തൊരുക്കുന്ന ഗാന സന്ധ്യ പഴയകാല സംഗീത സാഗരത്തിലൂടെ പ്രേക്ഷകരെ ആറാടിക്കും എന്നതിൽ സംശയമില്ല. മലയാള സംഗീതത്തിന് എക്കാലവും മുതൽക്കൂട്ടായിരുന്ന പ്രശസ്ത സംഗീത സംവിധായകർ ജീവൻ നൽകിയ ഒരു പിടി മനോഹര ഗാനങ്ങളുടെ ഒരു സദ്യ തന്നെ സംഗീതാസ്വാദകർക്കായി ഒരുക്കുന്നതിനാണ് സംഘാടകർ ശ്രമിക്കുന്നത്.

മലയാള സംഗീത ലോകത്തെ മുടിചൂടാമന്നന്മാർ ആയിരുന്ന വി. ദക്ഷിണാ മൂർത്തി സ്വാമി, ദേവരാജൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ, ബാബുരാജ്, എം. കെ. അർജുനൻ മാസ്റ്റർ, സലിൽ ചൗധരി എ. ടി. ഉമ്മർ, ശ്യാം, കെ. ജെ. ജോയി, കെ. പി. ഉദയഭാനു, ഇളയരാജ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ തുടങ്ങിയ സംഗീത സംവിധായകരുടെ മാസ്മരിക ഈണത്തിലൂടെ ജന്മം കൊണ്ട ഒരിക്കലും മരിക്കാത്ത നിത്യഹരിതഗാനങ്ങൾ കേട്ടാസ്വദിക്കാനുള്ള ഒരു മനോഹര സന്ധ്യയാണ് മലയാളികൾക്കായി അണിയിച്ചൊരുക്കുന്നത്.

ന്യൂയോർക്കിലെ അനുഗ്രഹീത യുവ ഗായകരായ ശബരീനാഥ്‌ നായർ, രവി, സുമ, ജിനു, അലക്സ്, സ്നേഹ, വേദ, അപർണ തുടങ്ങിയവർ നിങ്ങൾക്കായി കാഴ്ച വയ്ക്കുന്ന സംഗീത സന്ധ്യ ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല സ്മരണകളിലൂടെ യാത്ര ചെയ്യുവാനുള്ള ഒരവസരമാണ്. ഒരിക്കലും മറക്കുവാൻ ആഗ്രഹിക്കാതെ എന്നും നെഞ്ചിലേറ്റി ഒരു ചെറു പുഞ്ചിരിയോടെ മനസ്സിൽ മൂളിപ്പാട്ടുമായി നടക്കുന്ന മലയാളികൾക്കു ഒരിക്കൽ കൂടി ആ പഴയകാല ഗാനങ്ങൾ കേട്ടാസ്വദിക്കാൻ വേദി ഒരുക്കുകയാണ് സംഘാടകർ.

എല്ലാ ഗാനങ്ങൾക്കും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി (BGM) സംഗീത വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്ന പല സംഗീത കലാകാരന്മാരെയും പലർക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. പല BGM കലാകാരന്മാരും തങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരോട് പറയാനാകാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അനാരോഗ്യം മൂലവും മറ്റു വിവിധ കാരണങ്ങളാലും അത്തരം കഷ്ടത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക എന്നതാണ് ഈ ഗാന സന്ധ്യയിലൂടെ സംഘാടകരുടെ ഉദ്ദേശം. പ്രേക്ഷകർക്ക് പ്രവേശനം സൗജന്യമാണെങ്കിലും, പരിപാടിക്ക് സ്പോൺസർ ചെയ്യുന്നവരിലൂടെയും സംഗീതത്തെ സ്നേഹിക്കുന്നവരിലൂടെയും ലഭിക്കുന്ന സഹായങ്ങൾ ജീവിത ദുരിതമനുഭവിക്കുന്ന BGM കലാകാരന്മാരുടെ സഹായത്തിന് നൽകുന്നതിനാണ് സംഘാടകർ ആഗ്രഹിക്കുന്നത്. അതിനാൽ ഗാനസന്ധ്യയിൽ പങ്കെടുക്കുന്നവർക്ക് പ്രസ്തുത ജീവകാരുണ്യ ആവശ്യത്തിലേക്കു ഓഡിറ്റോറിയത്തിൽ വച്ച് തങ്ങളാൽ ആകുന്നവിധം സംഭാവന നൽകുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

“Soulful Moments” (സർഗ്ഗാല്മക നിമിഷങ്ങൾ) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പരിപാടിയിലൂടെ പ്രേക്ഷക മനസ്സിന് എന്നും കുളിർമ്മ നൽകുന്ന മനോഹര നൊസ്റ്റാൾജിക് മലയാളം സിനിമാ ഗാനങ്ങളിലൂടെയുള്ള മാസ്മരിക യാത്രയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു. “Soulful Moments” ഓർക്കെസ്ട്രാ ടീമിനെക്കൂടി പരിചയപ്പെടുത്തട്ടെ. തബല – സുബാഷ്‌ കാരിയിൽ, റോണി കുരിയൻ; കീ ബോർഡ് – വിജു ജേക്കബ്; വയലിൻ- ജോർജ് ദേവസ്സി; ഗിറ്റാർ – ഗിവേർട്ട് തങ്കകുട്ടൻ, വിനോയ് ജോൺ. ഗാന സന്ധ്യ ക്രമീകരിച്ചിരിക്കുന്ന സ്കൂൾ ആഡിറ്റോറിയം അഡ്രസ്സ് : PS 115, 80 – 51 262nd Street, Glen Oaks, New York – 11004 .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – മധു പിള്ള – 917-440-8995 ; അജിത് എബ്രഹാം – 516-225-2814 ; ഹരിലാൽ നായർ – 516-754-4571.

By ivayana