രചന : സന്ധ്യാസന്നിധി✍

” പ്ലീസ് അമ്മേ…
എന്നെ ഇവിടെ നിന്നൊന്ന്
വന്ന് കൊണ്ടുപോമ്മേ..
അടക്കിയൊരു എങ്ങലടമ്പടിയോടെ അവൃക്തമായ വാക്കുകള്‍
അവരുടെ കാതുകളില്‍ വീണുകൊണ്ടേയിരുന്നു..
”എനിക്കാ വീട്ടിലൊരു
ഇത്തിരിയിടം മതി
ആര്‍ക്കും ഒരു ശല്ല്യവും ഇല്ലാതെ ഞാൻ ജീവിച്ചുപൊക്കോളാം”
“ഇന്നെന്ത് പറ്റി..
പിന്നേം അവിടെ പ്രശ്നം തുടങ്ങിയോ..
എന്താമ്മേ.. ഇത്
എന്നും ഇതന്നല്ലേ
എല്ലാം അമ്മയ്ക്ക് അറിയാവുന്നതല്ലേമ്മേ…
ഒന്ന് വാ പ്ലീസ്..
എനിക്ക് പറ്റൂല്ലമ്മേ
ഇനി ഒട്ടും പറ്റൂല്ല.
ഞാന്‍…ഞാനെന്തെങ്കിലും ചെയ്തുപോകും.
നീ…പെട്ടന്നിങ്ങനെ പറഞ്ഞാലെങ്ങനാ
“പെട്ടന്നാണോമ്മേ..
എത്രതവണയായി ഞാനിത് പറയുന്നു.
പ്ളീസമ്മേ…
ഇനിം ഞാനിവിടെ നിന്നാൽ
ജീവനോടെ ഉണ്ടാവില്ലമ്മേ.
അത്രക്കും വയ്യാഞ്ഞിട്ടാ.
വേറാരോടാ ഞാൻ പറയാ..
അടക്കിപ്പിടിച്ച കരച്ചിലിനിടയിലൂടെ അവളുടെ ചിലമ്പിച്ച വാക്കുകൾ വീണ്ടും വീണ്ടും തെറിച്ചുവീണുകൊണ്ടിരുന്നു..
ശ്ശോ…
നീ കരയാതെ..
പറയുന്നതങ്ങോട്ട് കേൾക്കൂ
നാട്ടുകാരറിഞ്ഞാൽ എന്തുവിചാരിക്കും?
നാളെ ഞായറാഴ്ചയാണ്.
നമ്മുടെ വീട്ടില്‍ വെച്ചാണ് മീറ്റിംഗ്. കുടുംബശ്രീക്കാരോടൊക്കെ
ഞാനെന്തുപറയും.?
അപ്പോൾ ഞാൻ..?
എന്നെക്കുറിച്ച് ചിന്തിക്കമ്മേ.
എന്റെ ജീവിതം..
പറ്റാഞ്ഞിട്ടല്ലേമ്മേ..
അതൊക്കെ ശരിയാണ്
പക്ഷേ..
നീ വന്നതറിഞ്ഞാൽ അതുമിതും ചോദിക്കുന്നവരോടെന്ത്
സമാധാനം പറയും ഞാൻ.
രണ്ട്‌ വർഷം മുൻപോർക്കുന്നില്ലേ..
നിനക്ക് വയ്യാതെ വന്നുനിന്നപ്പോൾ ആരോടെല്ലാം മറുപടി പറഞ്ഞ്
ഞാൻ മടുത്തത് നീയും കണ്ടതല്ലേ..
അത് പറയുമ്പോള്‍
അവരുടെ സ്വരം അല്‍പ്പം കടുത്തിരുന്നു.
മറുപുറത്തെ അടക്കിപ്പിടിച്ചുള്ള ഏങ്ങലിന് അല്‍പ്പം കൂടി ശക്തിവര്‍ദ്ധിച്ചു.
നീ…കരച്ചിലൊക്കെ നിർത്തി കുറച്ചുനേരം കിടന്നുറങ്ങ്‌.
അല്ലെങ്കിൽ ടിവി കാണുകയോ
പാട്ടുകേൾക്കുകയോ ചെയ്യ്.
കുറച്ചുകഴീമ്പോ ഇതൊക്കെയങ്ങ് മാറും.
ഉം….
കുറച്ച് കഴീമ്പോ ഇതൊക്കെയങ്ങ് മാറും അല്ലേമ്മേ..
പിന്നെ,ഇങ്ങനെയൊന്നും ഉണ്ടാവില്ല..ല്ലേ..
ഇല്ലന്ന്..
ഞാനല്ലേ പറയുന്നേ..
ഒന്നുരണ്ട് ആഴ്ചകൂടി
വല്ലവിധേനയും
അവിടെ പിടിച്ച് നിൽക്കാൻ നോക്ക്..
അപ്പോഴേക്കും നിന്റനിയത്തിക്ക് വന്ന ആലോചന ഏതാണ്ട് ഉറപ്പിക്കാറാകും
അതിന് മുൻപ് നീയിവിടെ വന്നുനിൽക്കുന്നത്
ആൾക്കാരറിഞ്ഞാൽ
നാണക്കേടാണ്.
കല്ല്യാണം കഴിച്ചയച്ച
പെണ്ണുങ്ങള്‍
ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ വന്ന് നിന്നാലേ.. നാട്ടുകാരറിഞ്ഞാല്‍ അതുമിതുമൊക്കെ പറയും.
എന്തായാലും നീ സമാധാനമായിരിക്ക്
അച്ഛനോടൊന്ന് ആലോചിച്ചിട്ട് ഞാൻ രാവിലെ വിളിക്കാം.
മറുവശത്തുനിന്ന് മറുപടിയൊന്നും കേൾക്കാൻ നിൽക്കാതെ
അവര്‍ ഫോൺ കട്ടാക്കി.
അമ്മയും അച്ഛനും ആലോചിച്ചൊരു തീരുമാനത്തിലെത്തിയപ്പോഴേക്കും തിങ്കളാഴ്ച കഴിഞ്ഞിരുന്നു.
അന്ന് വൈകിട്ട്
വീട്ടിൽ വിരുന്നുവന്നവർ മടങ്ങിപ്പോയിട്ട് വിളിക്കാമെന്ന് കരുതിയെങ്കിലും അടുത്തവീട്ടിലെ അതിര് തർക്കതിന് ഒത്തുതീർപ്പിന് പോയി മടങ്ങി വന്നത് ഏറെവൈകിയാണ്.
പിറ്റേന്ന് രാവിലെ വിളിക്കാമെന്ന് വിചാരിച്ചെങ്കിലും
അതിനുമുൻപേ,
അയച്ചവീട്ടിൽ നിന്ന്
മരണവാർത്ത അറിയിച്ചുകൊണ്ട്
ഫോൺ വന്നു.
അവളുടെ മരണവാർത്ത.

  • * * * *
    പിറ്റേന്ന്,
    എം.ബി.എ ക്കാരിയായ പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ കൊല്ലപ്പെട്ടവാര്‍ത്ത കേട്ടാണ് നാടുണര്‍ന്നത്.
    വാര്‍ത്തകേട്ടവര്‍ അമ്പരന്നു..
    ഇത്രയും വിദ്യാഭ്യാസമുള്ള പെണ്ണിന്
    ഇതെന്തിന്‍റെ കേടായിരുന്നു..
    അവള്‍ക്ക് ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോരരുതായിരുന്നോ..
    വിവരക്കേട് അല്ലാതെന്താ..
    അവള്‍ക്ക്
    ജോലിചെയ്ത് ജീവിച്ചുകൂടായിരുന്നോ…
    വീട്ടിലറിയിച്ച് കൂടായിരുന്നോ.
    ശ്ശോ…പെറ്റതള്ള എങ്ങനെസഹിക്കും.
    വീട്ടുകാര്‍ക്ക് പോയി അല്ലാതെയാര്‍ക്കാ ചേതം.
  • * * * * *
    “കൊന്ന് കളഞ്ഞില്ലേ..
    എന്റെ കുഞ്ഞിനെ
    കൊന്ന് കളഞ്ഞില്ലേ…
    അടക്കം കഴിഞ്ഞ്
    അടുത്തദിവസം തന്നെ
    മികച്ചൊരു ചാനലിന് മുന്നിൽ
    അമ്മ വാവിട്ട് നിലവിളിച്ചു..
    “ഞാനിതെങ്ങനെ സഹിക്കും
    എന്നോടൊരു വാക്കവൾക്ക്
    പറയാമായിരുന്നല്ലോ…
    ഒരൊറ്റ ഫോൺകോൾ മതിയായിരുന്നല്ലോ
    ഓടിച്ചെന്ന് ഞാൻ എന്റെ കുഞ്ഞിനെ വാരിയെടുത്ത് കൊണ്ടുപോരുമായിരുന്നില്ലേ..
    കണ്ടുനിന്നവര്‍പോലും അത് കേള്‍ക്കാനാവാതെ കണ്ണുതുടച്ചു.
    ഇടയ്ക്കിടെ തലഭിത്തിയിലിട്ടിടിച്ചും
    ആര്‍ത്തലച്ച് അലമുറയിട്ടും മരണവിവരങ്ങള്‍
    അവര്‍ ചാനല്‍ പ്രവര്‍ത്തകരോട് പറഞ്ഞുകൊണ്ടേയിരുന്നു..
    അലമുറയിടുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ അയല്‍വാസികളിലൊരാള്‍ അകത്തേക്ക് കയറിവന്നു.
    അവരുടെ
    കൈ അറിയാതെ തട്ടി
    മേശപ്പുറത്തിരുന്ന ഫയൽ താഴേക്ക് വീണു.
    ഫയല്‍ കുനിഞ്ഞെടുത്ത് മേശമേൽ വെക്കാനൊരുങ്ങുമ്പോൾ പുറത്തേക്ക് തെറിച്ചുനിന്ന കൂട്ടത്തിലൊരു കടലാസിലൂടെയവർ അറിയാതെ കണ്ണുകളോടിച്ചു.
    Directorate of medical education
    Dipartment of forensic Medicine and office of the police surgeon,
    Gov:medical collage.
    Kottayam.
    POST-MORTEM-FINDINGS
    “A blow to the head
    In the body
    Not in mortal wounds
    The girl died in a silent attack due to severe mental stress.”
    തലയ്ക്കേറ്റ അടിയിലോ
    ശരീരത്തിലേറ്റ
    ഒന്നിലേറെ മുറിവുകളിലോ രക്തം വാര്‍ന്നോ അല്ല,
    കടുത്തമാനസിക സമ്മർദ്ദത്താലുണ്ടായ സൈലന്റ് അറ്റാക്കിലാണ് പെൺകുട്ടിമരണപ്പെട്ടിരിക്കുന്നത്”
    ഒരു നിമിഷം നിറഞ്ഞ കണ്ണുകളോടെ കയ്യിലിരുന്ന കടലാസിലേക്കും
    ക്യാമറയ്ക്ക് മുൻപിലിരിക്കുന്ന
    അമ്മയിലേക്കും അവർ ഒന്ന്നോക്കി.
    അപ്പോഴും അമ്മയുടെ പതംപറച്ചില്‍ ഉയർന്നുകേള്‍ക്കാമായിരുന്നു.
    -സന്ധ്യാസന്നിധി-
    :ജീവിച്ചിരിക്കുമ്പോള്‍
    ജീവന് വിലകല്‍പ്പിക്കുക.
    മരണശേഷം
    മൃതദേഹത്തോടെങ്കിലും നീതിപുലര്‍ത്തുക.

By ivayana