രചന : വാസുദേവൻ. കെ. വി ✍

“മല മൂത്ര വിസർജ്ജനമാകുന്ന പാത്രം
നരജന്മം നരകത്തിലാഴ്ത്തുന്ന ഗാത്രം.”
എന്ന ഗുരുദേവ വചനം ചൂണ്ടിക്കാട്ടി നളിനി ജമീല “എന്റെ ആണുങ്ങൾ ” എന്ന അനുഭവ കൃതിയുടെ ആമുഖത്തിൽ പറഞ്ഞു തുടങ്ങുന്നു പ്രബുദ്ധ മലയാളിയുടെ സ്ത്രീ നിർവ്വചനം.
ഇക്കാലങ്ങളിൽ ഇടപെട്ട ആണുങ്ങളിൽ എഴുപത് ശതമാനം പേരും സ്ത്രീകളോട് സമഭാവന ഇല്ലാത്തവരാണ്. സ്ത്രീ ഭയങ്കര മോശമാണെന്ന ധാരണ മലയാളികളുടെ ജന്മവാസനയാണെന്ന് പറയുന്നതിനൊപ്പം.
വീട്ടിൽ പട്ടിണിമൂലം മൂന്നാം ക്ലാസിൽ പഠിത്തം നിർത്തി; മക്കളെ പോറ്റാൻ 24-ാം വയസു മുതൽ ലൈംഗിക തൊഴിലാളി; മൂവായിരം പുരുഷന്മാർക്ക് താൽക്കാലിക നിർവൃതിയേകിയെന്നും തുറന്നു പറച്ചിൽ. മാധവിക്കുട്ടിക്ക് ശേഷം മലയാളിയെ അത്ഭുതപ്പെടുത്തിയ ബയോ ചിത്രണം അവരുടെ അനുഭവക്കുറിപ്പുകളിൽ ; ശരീരം മറ്റാർക്കും ർക്കും വേണ്ടതാവുന്ന പ്രായത്ത് അവർ സെല്ലുലോയ്ഡ് മാധ്യമരംഗത്തെത്തി. മികച്ച മേക്കപ്പ് ആർടിസ്റ്റ് സംസ്ഥാന പുരസ്‌കാരം സാംസ്കാരിക നഗരിയുടെ പുത്രി നളിനിയെ തേടിയെത്തി ; സിനിമയെ വെല്ലുന്ന നളിനി ജമീലയുടെ ജീവിതം അവരുടെ രചനകളിൽ നമുക്ക് വായിക്കാനാവുന്നു.
എന്തിന് ഈ രംഗം തെരഞ്ഞെടുത്തു ?
തൊഴിലുറപ്പ് പദ്ധതി ഇല്ലാത്ത കാലം, പെണ്ണിന് കൂലി നാമമാത്ര തുക അന്ന്,.. അതൊന്നും ഓർക്കാതെ ചോദ്യം ഉയർത്തുന്ന നവമാധ്യമ മലയാളി. ഉടൽവടിവുള്ള പെണ്ണ് തൊഴിൽ അന്വേഷിച്ചിറങ്ങുമ്പോൾ അവളെ കൊണ്ടുചെന്നെത്തിക്കുന്നവരെ മറന്ന്.
എട്ടു മണിക്കൂർ ജോലി പിന്നെ വിശ്രമം എന്ന തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി നമ്മുടെ പെണ്ണിടങ്ങൾ. തൊഴിലെടുക്കുന്നവൾ എട്ട് മണിക്കൂറിനു ശേഷം വീണ്ടും തൊഴിലിൽ മുങ്ങണം മണിക്കൂറുകളോളം വീട്ടിലും.. അത് വേതന രഹിതവും. സ്ത്രീ അവശതകൾ മറന്ന്..
അവരിലുമുണ്ട് മറ്റൊരു വിഭാഗം..
പുരുഷന്റെ അടക്കിനിർത്തപ്പെട്ട കാമനകൾക്ക് ശാരീരികവും മാനസികവുമായ നിർവൃതി വേതനംവാങ്ങി പ്രദാനം ചെയ്യുന്ന വലിയൊരു ജനതതി പണ്ടുതൊട്ടേ… അവരെ.. അവരുടെ തൊഴിലിനെ തിരിച്ചറിയാൻ തുണിയാതെ അതൊക്കെ അരോചകമാവുന്ന കപട മനസ്സുകൾ സമൂഹത്തിന്ന്. ചതിക്കപ്പെടുന്നവർ, കുഞ്ഞിന് പാലും കുടുംബങ്ങൾക്ക് ഭക്ഷണവും അച്ഛനമ്മമാർക്ക് മരുന്നും വാങ്ങാൻ കിടന്നുകൊടുക്കുന്ന തൊഴിലാളികൾ. കിട്ടാതെ പോകുന്ന സ്ത്രൈണ ലൈംഗിക നിർവൃതി പരീക്ഷണങ്ങളിലൂടെ അനുഭവിച്ചറിയാൻ ഗോപ്യമായി ഉടുതുണി ഊരുന്ന ചില കൊച്ചമ്മമാരെ പോലെ രതിമൂർച്ഛ തേടാൻ മുതിരാതെ അവരൊക്കെ. ലോക ചരിത്രത്തിലെ ഏറ്റവും പുരാതനമായ തൊഴിൽ. അടച്ചിട്ട ഇടങ്ങളിൽ അവരോട് കിന്നരിക്കുന്നവരൊക്കെ പകൽ വെട്ടത്ത് കണ്ടാൽ കണ്ടില്ലെന്നു നടിക്കുന്നു . ഏക പുരുഷന് നിർവൃതി പകരുന്ന സ്ത്രീകൾക്ക് വെപ്പാട്ടി എന്ന് നാമം .സമാന കർമം ആണെങ്കിലും പൊതു സമൂഹം അവരെ ആ പട്ടികയിൽ ഉൾപ്പെടുത്താറുമില്ല.അർദ്ധ സമ്മതി അവർക്ക്.
ലോക രാജ്യങ്ങളിൽ പലതും ഈ തൊഴിൽ സാധ്യതകൾ കണ്ടെത്തി വിദേശനാണ്യം നേടി രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തുന്ന കാലമിത്.തൊഴിൽ അംഗീകരിച്ച് അവർക്ക് അവശ്യം വേണ്ടുന്ന വൈദ്യ സഹായം ചെയ്തുകൊടുക്കാൻ പദ്ധതികൾ നടപ്പിലാക്കുന്നു. സുരക്ഷിതമല്ലാത്ത സമ്പർക്കത്തിലൂടെ എയ്‌ഡ്‌സ്‌, ഹെർപ്പിസ്, ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ബലിയാടുകൾ ഏറെയും ഈ തൊഴിലിടങ്ങൾ .
ശ്രേഷ്ഠ ഭാഷാ മലയാളത്തിൽ
പുല്ലിംഗമന്യമായ പദം “വേശ്യ “.
ചോദ്യങ്ങൾക്ക്‌ ഉത്തരം ഇല്ലാതാവുമ്പോൾ ഏതു സ്ത്രീയെയും അപമാനിച്ചൊതുക്കാനുള്ള നീചവിളിയും ‘വേശ്യ’. “ലൈംഗികത്തൊഴിലാളി” എന്ന് പ്രബുദ്ധ ജനത ഇന്നവരെ വിളിച്ചു തുടങ്ങി. “ജിഗ്ളോ ” എന്ന അന്യ ഭാഷാ വാക്കിലൂടെ പെണ്ണിതര ലൈംഗിക തൊഴിലാളിയെയും. പണമോഹവും ആസക്തികളും പുരുഷന്മാരെയും ഈ തൊഴിലിൽ ഉൾപ്പെടുത്തുന്നുണ്ട്. കൗമാരക്കാർക്കാണ് ഡിമാൻഡ്. വേറിട്ട ലൈംഗികാസ്വാദനം ആഗ്രഹിക്കുന്ന സ്ത്രീകളും സ്വവർഗ്ഗാനുരാഗികളും ഇവരെ സമീപിക്കാറുമുണ്ട്.
തലച്ചോറ് കൊണ്ട് ജോലി ചെയ്യുന്ന എഴുത്തുകാരെയും , നാവിനാൽ പാഠം നൽകുന്ന അധ്യാപകരെയും , കായികമായി അദ്ധാനിക്കുന്ന കൃഷിക്കാരേയും പോലെ ശരീരം കൊണ്ട് ജോലി ചെയ്യുന്നവർ തന്നെയാണ് ലൈംഗിക തൊഴിലാളികൾ. നളിനി ജമീലയുടെ “ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ ” എന്ന പുസ്തകത്തിൽ ഇതൊക്കെ വ്യക്തമാക്കുന്നു. ഇരുളടഞ്ഞ സദാചാരമനസ്സുകൾ ഇന്നും ഈ തൊഴിലിനെ തീണ്ടാപ്പാടകലെ .
അവിവാഹിതർ, വിഭാര്യർ, വിധവകൾ തുടങ്ങി പങ്കാളി സാമീപ്യം ഇല്ലാത്തവർ, പൂർണ്ണ ലൈംഗിക സംതൃപ്തി ലഭിക്കാത്തവർ , കൗതുകമനസ്സാൽ പരീക്ഷണങ്ങൾക്കു മുതിരുന്ന കൗമാര പ്രായക്കാർ, തുടങ്ങിയവർക്ക് ആശ്വാസം നൽകുന്നു ഈ തൊഴിലാളികൾ. ജനതകപരമായി ബഹുപങ്കാളികളെ പരീക്ഷിക്കാൻ ത്വരയുള്ള മനുഷ്യർ ലൈംഗികത്തൊഴിലാളികളെ തേടിപ്പോകുന്നത് സ്വാഭാവികം എന്ന് തത്വചിന്തകൻ ഫ്രോയ്ഡ് . വിവാഹേതര ലൈംഗികപരീക്ഷണങ്ങൾ കൊടുംപാപമായി കാണുന്ന സമൂഹത്ത് ലൈംഗികത്തൊഴിലാളികൾക്ക് ഇനിയെന്ന് അംഗീകാരങ്ങൾ?.
സംഭാവനകളിൽ ക്രിയാത്മകത മികച്ചതാവുന്നതെന്തോ അതാണ് കല. അത്തരത്തിൽ ഈ തൊഴിലും കല തന്നെ. പെറുക്കിയെടുത്ത് കുറിച്ചിടുന്ന ജല്പനങ്ങൾക്ക് , ക്യാമറയ്ക്കു മുന്നിലും പിന്നിലുമുള്ള കോപ്രാട്ടിത്തരങ്ങൾക്ക് , ക്യാൻവാസിൽ മനുഷ്യന് തിരിയാത്ത വർണ്ണവരകൾ കോറിയിടുന്നവർക്ക്,.. നാല് ചാൺ ചാടുന്നവർക്ക് പുരസ്‌കാരങ്ങൾ വേദിയിൽ വിളമ്പുന്നവർ നമ്മൾ. ഈ കലയിൽ മികച്ചവർക്കു ഇനിയെന്ന് ആദരം??
കടലാസിൽ ഒതുങ്ങുന്നു ഇവർക്കുള്ള പദ്ധതികൾ.
കോടതികൾ ചിലപ്പോൾ ഉണർത്തുന്നു ഉറക്കം നടിച്ചു കിടക്കുന്ന നമ്മളെ. സുപ്രീം കോടതി നിയമപരമായി അംഗീകരിച്ചു ഈ തൊഴിലിനെ ഈ വർഷമാദ്യം. കളിക്കളത്തിൽ ഇറങ്ങിക്കളിക്കുന്നവർക്ക് ആശ്വാസം എങ്കിലും.കോച്ചും, റഫറിയുമൊക്കെ ഇന്നും അനഭിമതർ തന്നെ. ഈ തൊഴിലിനും അവശ്യം ഇട നിലക്കാരും, താവളം ഒരുക്കുന്നവരും.
ഒന്നാം പ്രതിയെ ഒഴിവാക്കി രണ്ടാം മൂന്നും പ്രതികളൊക്കെ പ്രതിപട്ടികയിൽ തന്നെ. തൊഴിൽ അംഗീകരിച്ചെങ്കിലും തൊഴിൽ നേടാൻ സഹായിക്കുന്നവരൊക്കെ കുറ്റവാളികൾ.
സൗകര്യം ഒരുക്കികൊടുക്കുന്നവരും നിയമപ്രകാരം ഇനി കൂട്ടിൽ കേറേണ്ടി വരുന്നു . അതുംകൂടി തിരുത്തപ്പെടുന്ന നാൾ ഇനിയെന്ന്., തൊഴിൽക്കാലം തീരുമ്പോൾ
ഭാവി നാളുകൾക്കുള്ളതാണ് പെൻഷൻ.
വേദനകളും ആട്ടിയകറ്റലുകളും മാത്രം ഇവർക്ക് അന്ത്യനാളുകളിൽ.
ഓർക്കുക ഈ തൊഴിലാളികളും മനുഷ്യരാണ്. അവരെയൊന്നു സാന്ത്വനിപ്പിക്കാൻ കുഞ്ഞുണ്ണി മാഷുടെ വരികൾ മാത്രം. ദീർഘ വീക്ഷണതോടെ കുഞ്ഞു കവിതകളുടെ കുലപതി കുറിച്ചിട്ട വരികൾ.
“ആരോഗ്യവും അല്പായുസ്സും കരയാക്കരളും… “
നേരാം നമുക്ക്. എന്തെന്നാൽ വകതിരിവുള്ള പ്രബുദ്ധർ നമ്മൾ,
“കന്യകാത്വം എന്ന മൂഢവിശ്വാസത്തിലാണല്ലോ മലയാളിയുടെ സ്വത്വബോധം തന്നെ ഉറപ്പിച്ചിട്ടുള്ളത്.ആദ്യരാത്രി കരയാത്തതുകൊണ്ട് സംശയിക്കപ്പെട്ട അനുഭവം പല ഭാര്യമാരും എന്നോടു പറഞ്ഞിട്ടുണ്ട്.ഒരുപാട് ക്ലയന്റുകളുള്ളതിനാൽ ലൈംഗികാവയവത്തിൽ പുണ്ണുണ്ടാവുകയും അതുകാരണം കരയുകയും ചെയ്താൽ ഇത്തരം ക്ലയന്റുകൾക്ക് സന്തോഷമാണ് .സ്ത്രീ കന്യകയാണെന്നാണ് അയാളുടെ വിശ്വാസം. “
നളിനി ജമീലയുടെ “എന്റെ ആണുങ്ങൾ”.
ഈ പുസ്തകത്തിന് ‘റൊമാന്റിക് എൻകൗണ്ടെഴ്സ് ഓഫ് എ സെക്സ് വർക്കർ’ എന്ന ആംഗലേയ പരിഭാഷയും.
വേശ്യയുടെ കേവലാനുഭവങ്ങൾ ഉദാത്ത സാഹിത്യമോ എന്ന ചോദ്യം ഉയർത്തുന്ന സാഹിത്യശിരോമണികളോടൊരു മറുചോദ്യം. ജെ. ആർ. ഇന്ദു ഗോപൻ വരച്ചിട്ട തസ്കരൻ മണിയൻ പിള്ളയും, സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവുമൊക്കെ ഉദാത്തമെങ്കിൽ ഇതും…?!!

By ivayana