കൂടിയാലോചിച്ച് ആകെ 5 മിനിറ്റിൽ തീരുമാനിക്കാവുന്ന കാര്യങ്ങൾക്കാവും മീറ്റിങ്ങുകൾ നടക്കുക.
എന്നാൽ എന്തു കാര്യത്തിനാണോ കൂടിയത് അതൊഴിച്ചുള്ള കാര്യങ്ങൾ പരത്തി പറഞ്ഞ് ചുരുങ്ങിയത് 3 മണിക്കൂർ ചിലവഴിച്ച് മനുഷ്യൻ്റെ സർവ്വ ക്രിയാശേഷിയേയും ഇച്ഛാശക്തിയേയു തകർത്തിട്ടായിരിക്കും കൂടിയാലോചന അവസാനിക്കുക. എന്നാൽ നായ ചന്തക്കു പോയ പോലെ എന്തിനിരുന്നോ അക്കാര്യം പാടേ മറക്കുകയും അവഗണിക്കുകയും ചെയ്തിട്ടുണ്ടാവും.

മറ്റൊരു ദുരന്തം മീറ്റിങ്ങുകളിൽ ഘോരം ഘോരം ആർപ്പിട്ട കാര്യങ്ങളും തീരുമാനങ്ങളും ഒരിക്കലും പ്രയോഗത്തിൽ എത്താതെ തടിയൻ ബുക്കുകളെ ശ്മശാന പീഠങ്ങളാക്കിയിട്ടും ഉണ്ടാവും.
ഗീർവാണശിരോമണികളായ നമ്മൾ ഇരുന്ന് ഉറഞ്ഞു പോയ ആസനം തട്ടിക്കുടഞ്ഞ് എണിക്കുമ്പോഴേക്കും പറഞ്ഞതും കേട്ടതും തീരുമാനങ്ങളും എല്ലാം മറന്നിട്ടു ഉണ്ടാവും.
ഇനി ഏകാഗ്രതയുള്ള വല്ല കുരുത്തം കെട്ടവരും ഇതൊക്കെ തലയിലേറ്റിയാൽ അവൻ്റെ പണി പാളിയതു തന്നെ.. തീരുമാനമെന്ന പരിവേഷമുള്ള ഹല്യൂസിനേഷൻസിനു പിറകെ അലഞ്ഞാൽ അലയുന്നവർക്കുള്ള മുട്ടൻ പണികൾ പുറകെ വരും.
ഇക്കാലത്തെ മനുഷ്യചേതനയുടെ വൈകല്യവും പരിമിതിയുമാണ് ഇത്തരം യാഥാർത്ഥ്യങ്ങൾ, അല്ലാതെ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വീഴ്ചയെന്നു പറയാനാവില്ല.

ഒന്നാമത് എല്ലാ കസേരകളിലും നിരന്നിരിക്കുന്നത് ആ കസേരയിൽ ഇരുന്നു പ്രവർത്തിക്കേണ്ട കർമ്മങ്ങളുടെ വാസനപേറുന്നവരല്ല.
പലതരം പ്രിവിലേജുകളാൽ കൂട്ടി കൊടുക്കപ്പെട്ടവരാണ്.
അവർക്ക് അവിടെ നടക്കേണ്ട കർമ്മത്തിൻ്റെ സംസ്‌ക്കാരം അശേഷം ഉണ്ടാവില്ല. ഉള്ളവരെ അവരുടെ പാട്ടിന് വിടുകയുമില്ല. ഇത്തരത്തിൽ വല്ലാത്ത ദുരന്തമാണ് സമകാലിക കർമ്മമണ്ഡലം പേറുന്നത്.
എന്തെങ്കിലും പണിക്ക് പര്യാപ്തമായവന് ഒരു പ്രോംബ്ലം കണ്ടെത്തി പരിഹരിക്കുവാൻ നിമിഷാർദ്ധം മതിയാവും. അപ്പോൾ എന്തെങ്കിലും കനപ്പെട്ടു ചെയ്തു എന്നൊന്നും അവർക്ക് തോന്നലുമില്ല.

ഉദാഹരണത്തിന് പാചകത്തിൽ അഭിരുചിയില്ലാത്ത ആളെ അതിനു നിയോഗിച്ചാൽ അയാൾക്ക് അതൊരു ശിക്ഷയാവും. എത്ര ദ്രവ്യങ്ങൾ പാഴാക്കും. എങ്കിലും രുചികരമോ ആരോഗ്യപ്രദമോ ആയതൊന്നും ചമക്കു വാൻ കഴിയുകയുമില്ല. സമയത്തിന് ഒരുത്തനും ആഹാരം കിട്ടുകയുമില്ല. മാത്രമല്ല പാചകത്തിലായിരിക്കില്ല പാടും കേടും പറയുന്നതിലാവും ശ്രദ്ധ അത്രയും. ഇത്തരക്കാർ എല്ലായിടത്തും സാർവ്വത്രികമായി നിരന്നു കഴിഞ്ഞു.
സോഷ്യൽ റിസേർച്ചേഴ്സും ന്യൂറോസൈൻ്റിസ്റ്റുകളും സൈക്കോളജിസ്റ്റുകളും കുത്തക ഭീമൻമാരും ജെൻ Z, ആൽഫ , ബീറ്റ , തീറ്റ എന്നെല്ലാം തലമുറകളെ വർഗ്ഗീകരിച്ചു കഴിഞ്ഞു. അവരുടെ പഠനങ്ങൾ പറയുന്നത് തലമുറ മുന്നോട്ടു പോകും തോറും അറ്റൻഷൻ സ്പാൻ, മെൻ്റൽ എബിലിറ്റി, മെൻ്റൽ ഹെൽത്ത്, കൊഗിനിറ്റീവ് എബിലിറ്റിസ്,, പ്രോബ്ലം സോൾവിങ്ങ് എബിലിറ്റി, മാത്സ് സ്കിൽ ഇവയെല്ലാം കുറഞ്ഞു വരികയാണ് മനുഷ്യന് എന്നാണ്.

ഇനിയൊന്ന് ശ്രദ്ധിക്കണേ ;
എന്തൊക്കെയാണ് ഇതേ ആധുനിക ശാസ്ത്രം നമ്മെ പഠിപ്പിച്ചു വച്ചിരുന്നത്.
നമ്മുടെ പൂർവ്വികർ കൊരങ്ങന്മാർ ആയിരുന്നു. പഴമക്കാർക്ക് അതുകൊണ്ട് മൂളയില്ലായിരുന്നു. ബുദ്ധിയില്ലാത്ത കാർന്നോർക്ക് ബുദ്ധിയുള്ള നാം ജനിച്ചത് പരിണാമ സിദ്ധാന്തത്തിൻ്റെ വെളിച്ചത്തിലാണ് .
പ്രാകൃതമായ മനുഷ്യൻ പുരോഗമിച്ച് നാഗരികനായി
എന്തെന്തു കഥകൾ പറഞ്ഞ് നമ്മെ മോഹിപ്പിച്ച് വശാക്കി. എന്നിട്ടിപ്പോ പുതുതലമുറയ്ക്ക് അതും ഇതും എല്ലാം മുൻ തലമുറകളെ അപേക്ഷിച്ചു കുറയുന്നു എന്നും അതേ ആധുനിക ശാസ്ത്രം പറയുന്നു.

ഒരു ഫാനിൻ്റെ സ്വിച്ചൊന്നു മാറ്റി വെക്കുന്ന തീരുമാനം എടുത്തു നടപ്പിലാക്കുവാൻ മിക്കവാറും 3 മണിക്കൂർ ചർച്ചകൾ കൊണ്ടും ഇന്നു നമുക്കാവുന്നില്ല.
വെറുതെ ഒരു രസത്തിന് ചരകസംഹിത എടുത്തു കഴിഞ്ഞ നാൾ മറിച്ചു നോക്കുകയായിരുന്നു.
അപൂർവ്വവൈദ്യ വിശാരതരായിരുന്ന അഗ്നിവേശാദി മഹർഷിമാർ നടത്തിയ ആയൂർവ്വേദ സത്രം ( മീറ്റിങ്ങ്) ആണ് സമഗ്രമായ ആരോഗ്യശാസ്ത്ര പ്രതിപാദകമായ ചരക സംഹിതയുടെ ആധാരം എന്ന് ചരകൻ പറയുന്നുണ്ട്.

അപ്പോൾ പണി അറിയുന്നവർ മീറ്റിങ്ങിനി രുന്നാൽ നൂറ്റാണ്ടുകളിലൂടെ മാറ്റമില്ലാതെ പാർശ്വഫലങ്ങളില്ലാതെ നിലനിൽക്കുന്ന ഫലമുണ്ട്. ഇന്നും പഠിച്ചു പ്രയോഗിക്കാൻ ശേഷിയുണ്ടെങ്കിൽ മറ്റേതൊരു ചികിത്സാ ശാഖയെക്കാളും ഫലപ്രദമാണല്ലോ ചരകത്തിലെ വൈദ്യ സമീക്ഷകൾ.
എന്തായാലും എൻ്റെ പൂർവ്വികർ മുത്തൻ കുരങ്ങന്മാർ ആയിരുന്നില്ല.
അവർക്ക് എന്നെക്കാൾ അപരിമേയമായ തപസ്സും
തപസ്സിൽ നിന്നുള്ള അറിവും
ഏകാഗ്രതയും ഇച്ഛാശക്തിയും, ജ്ഞാനശക്തിയും ക്രിയാശക്തിയും ഉണ്ടായിരുന്നു.
നിങ്ങളുടെ പൂർവ്വികൻ വിവരദോഷിയായ ഒരു കുരങ്ങച്ച നായിരുന്നെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

അക്കരക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട …എന്ന് ആധുനിക ശാസ്ത്രത്തെ ആശ്വസിപ്പിക്കുവാൻ പോലും ഇവിടാരും ഇല്ലല്ലോ!
എന്തായാലും അറിവിൽ നിന്ന് അറിവില്ലായ്മയിലേക്കാണ് ഈ യാത്ര.

കവിത രാമൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *