ലോകത്തിന്റെ ‘എണ്ണക്കുഴൽ’ എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയെന്ന വാർത്ത ആഗോള വിപണിയിൽ വൻ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു കടൽപ്പാത എന്നതിലുപരി, ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിന്റെ 30 ശതമാനത്തോളം നിയന്ത്രിക്കുന്ന ഈ തന്ത്രപ്രധാന മേഖല നിശ്ചലമാകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമായ സാഹചര്യമാണ്.

എന്താണ് ഹോർമുസ് പ്രതിസന്ധി?

ഒമാനും ഇറാനും ഇടയിലുള്ള ഇടുങ്ങിയ പാതയാണ് ഹോർമുസ് കടലിടുക്ക്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് പുറംലോകത്തേക്ക് കടക്കാനുള്ള ഏക മാർഗ്ഗമാണിത്. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങളെത്തുടർന്ന് ഈ പാത അടഞ്ഞതോടെ ആഗോള എണ്ണ വിതരണ ശൃംഖല മുറിഞ്ഞിരിക്കുകയാണ്.

ഇന്ത്യയുടെ എണ്ണക്കരുതൽ എത്ര ദിവസത്തേക്ക്?

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയുടെ പക്കൽ നിലവിൽ സുരക്ഷിതമായ അളവിൽ ഇന്ധന ശേഖരമുണ്ട്. ഇത് പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്.
ഒന്ന് സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (SPR) അതായത് അടിയന്തര സാഹചര്യങ്ങൾക്കായി വിശാഖപട്ടണം, മംഗലാപുരം, പാഡൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്ന എണ്ണയാണിത്. ഇത് ഉപയോഗിച്ച് മാത്രം 9.5 ദിവസം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാം. പിന്നെയുള്ളത് കമ്പനികളുടെ സ്റ്റോക്കാണ്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കൈവശം ഏകദേശം 65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളുമുണ്ട്.
ചുരുക്കത്തിൽ: വിതരണം പൂർണ്ണമായും നിലച്ചാലും ഏകദേശം 74 ദിവസത്തോളം (രണ്ടര മാസം) വലിയ പ്രതിസന്ധിയില്ലാതെ പിടിച്ചുനിൽക്കാൻ ഇന്ത്യക്ക് സാധിക്കും.
ഇതിന് പുറമെ റിലയൻസു പോലുള്ള സ്വാകാര്യ കമ്പനിയുടെ കൈവശം നല്ലൊരു ശേഖരമുണ്ട്. അത് കൂടി ഉപയോഗപ്പെടുത്തിയാൽ 90ദിവസം വരെ (മൂന്ന് മാസം)ഇന്ത്യയിൽ ഇന്ധനക്ഷമമുണ്ടാവില്ല. പക്ഷെ ഒരു പ്രശ്നമുണ്ട് സ്വകാര്യ കമ്പനികൾ ഇന്ധന വില ഉയർത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. സർക്കാർ അതിന് വഴങ്ങാനാണ് സാധ്യത.

ഇന്ത്യയെ ബാധിക്കുന്ന മറ്റ്‌ ഗുരുതര ഘടകങ്ങൾ

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 60% വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ പകുതിയിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പാത അടഞ്ഞാൽ ഇറാഖ്, സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവ് അവതാളത്തിലാകും.
എണ്ണയുടെ ലഭ്യത കുറയുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയരും (ബാരലിന് 100 ഡോളറിന് മുകളിൽ). ഇത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് (Inflation) കാരണമാവുകയും ചെയ്യും. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക സുരക്ഷിതത്വം കുറയുന്നത് അവിടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെയും നാട്ടിലേക്കുള്ള പണമൊഴുക്കിനെയും ബാധിച്ചേക്കാം.

ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാത്ത റഷ്യൻ എണ്ണയുടെ ഇറക്കുമതി വർദ്ധിപ്പിക്കുക.എന്നത് ഇന്ത്യക്ക് നല്ലൊരു പോം വഴിയാണ്.
അമേരിക്കയുടെ സമ്മർദ്ദമുള്ളതിനാൽ ഊർജ്ജ സുരക്ഷയ്ക്കായി ഇന്ത്യ ഈ വഴി തിരഞ്ഞെടുക്കുമോ എന്ന് സംശയമാണ്.
ചുരുക്കത്തിൽ ഇന്ത്യയിൽ ഉടൻ തന്നെ ഒരു ഇന്ധനക്ഷാമം ഉണ്ടാകില്ല. എന്നാൽ പ്രതിസന്ധി നീണ്ടുപോയാൽ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

വലിയശാല രാജു

By ivayana

Leave a Reply

Your email address will not be published. Required fields are marked *