രചന : സഫി അലി താഹ ✍

മൂന്നാല് ദിവസമായി മനസ്സിൽ നിറയുന്നത് ഖത്തറാണ്,ലോകത്തോടൊപ്പം എന്റെയും കണ്ണുകളും ചെവികളും അൽ ബൈത്ത് സ്റ്റേഡിയത്തിന് അരികിലായിരുന്നു.
ഖത്തറിന്‍റെ സാംസ്കാരവും പ്രൗഢിയും ചരിത്രവും ഓരോ മനസ്സിലും അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ ഹൃദയത്തിൽ തണുപ്പ് പടർത്തിയ കാഴ്ചകൾ അനവധിയാണ്.
ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം ഖത്തർ ലോകകപ്പിന്‍റെ അംബസാഡറായ ഗാനീം അൽ മുഫ്‌താഹ് വേദിയിലിരുന്ന കാഴ്ച ഓരോ മനസ്സിലും എന്നും പച്ചപ്പോടെ നിറഞ്ഞു നിൽക്കും.മോർഗൻ ഫ്രീമാന്‍ ഗാനീം അൽ മുഫ്‌താഹിനോട് സംസാരിക്കുന്ന ഈയൊരു ചിത്രത്തിൽ നാളെകളിലേക്ക് എന്തൊക്കെ സന്ദേശങ്ങളാണ് പതിയിരിക്കുന്നത്!എത്ര സ്നേഹമാണ് ആ മുഖത്ത് നിറയെ, എത്ര സന്തോഷമാണ് അത് കാണുന്ന ഓരോ ‘മനുഷ്യനു’മുള്ളത്!
ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് ന്റെ ഉച്ചിയിലെത്തിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്ന അളവറ്റ ആഗ്രഹവും സഫലീകരിക്കാനാകും, അത്രയേറെ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ സമ്പത്ത്.നട്ടെല്ലിന്‍റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ് എന്ന് കൂടിയറിയുമ്പോഴാണ് ആ ആഗ്രഹങ്ങളുടെ വേരുകൾ എത്രയേറെ പടർന്നാണ് അദ്ദേഹത്തിന്റെ ചില്ലകൾ ഉയർന്നു നിൽക്കുന്നതെന്ന് നാമേവരും ചിന്തിക്കേണ്ടത്.രോഗത്തെ മറവിക്ക് വിട്ടുകൊടുത്ത് സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്ലുവൻസറായും മുന്നോട്ട് നടന്ന് ലോകകപ്പ് വേദിയിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.ഒരു കൊടുങ്കാറ്റിലും ആടിയുലയാതെ മനുഷ്യമനസ്സുകളിൽ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വസന്തമായി നിറയുന്നു.
മനഃശക്തിയുണ്ടെങ്കിൽ ഉയരങ്ങളിലേക്ക് കയറിപോകാമെന്നും,സ്വപ്‌നങ്ങൾ വെട്ടിപിടിക്കാമെന്നും അദ്ദേഹം കാണിച്ചു തരുന്നുണ്ട്. ആത്‍മവിശ്വാസത്തിന്റെ അത്യുംഗശ്രിംഗത്തിലെത്തിയ മനുഷ്യന് ലക്ഷ്യസ്ഥാനങ്ങളുടെ ഉന്നതിയിലെത്തുവാൻ ഉയരക്കുറവ് ഒരു വിഘാതമാവില്ലല്ലോ!കാൽപന്തിന്‍റെ അംബാസഡറായി മുഫ്തയെ തെരഞ്ഞെടുത്തതിലൂടെ ഖത്തർ ലോകത്തിന് നൽകുന്നത് മഹനീയമായ സന്ദേശങ്ങളാണ്.
മാനവികതയുടെ അടിയുറച്ച നേർസാക്ഷ്യങ്ങളാണ്.
ദേശീയഗാനം മുഴങ്ങി കേൾക്കുമ്പോൾ,
വിങ്ങി പൊട്ടുന്ന സ്ത്രീകളുടെ,സ്‌നേഹം നിറച്ചുവെച്ച, ദൃഢ നിശ്ചയം സ്ഫുരിക്കുന്ന ഒരായിരം മുഖങ്ങളുടെ തെളിഞ്ഞ ചിത്രങ്ങൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങി.റേസിസത്തിന്റെ,
പരിഹാസങ്ങളുടെ ,മതവർഗ്ഗ ഭ്രാന്തിന്റെ നട്ടെല്ലിനേറ്റ പ്രഹരമായി ഓരോ കാഴ്ചകളെയും ഞാൻ വാരിപുണരുന്നു.രാഷ്ട്രീയം സ്നേഹമാണ്, മനുഷ്യത്വമാണ്, ആത്മവിശ്വാസമാണ് എന്നത് ഓരോ നിമിഷവും ഓരോ മനുഷ്യരും വ്യക്തമാക്കികൊണ്ടിരിക്കുന്നു.
സ്‌നേഹം രാഷ്ട്രീയമാക്കിയ മനുഷ്യർ എന്ത് സൂപ്പറാല്ലേ?ഖത്തറിന്റെ തോൽവി എന്നെ ഒരു തരത്തിലും ബാധിച്ചതേയില്ല, എന്തൊക്കെയോ പൂർണ്ണതകൾ കൊണ്ട് ഖത്തർ ലോകമനസ്സിൽ വിജയിച്ചിരിക്കുന്നു.എവിടെയൊക്കെ നേട്ടങ്ങളുണ്ടാക്കിയാലും ‘മനുഷ്യൻ’ എന്ന പദത്തിന് നിങ്ങൾ അർഹമാകുന്നത് നിങ്ങളൊരാളുടെ മനസ്സിൽ ആഴത്തിൽ പടരുമ്പോൾ മാത്രമാണ്, അതേ, ഖത്തർ ഇന്നെന്റെ നെഞ്ചിൽ സമാധാനത്തിന്റെ വെന്നിക്കൊടി പാറിപ്പിക്കുന്നു.വീണ്ടും അവിടേയ്ക്ക് തന്നെ ഞാൻ മിഴികൾ നീട്ടുന്നു,ഇനിയും നിറയുന്ന സന്തോഷത്തിന്റെ ഒരു പറുദീസയെ അപ്പാടെ നെഞ്ചിലേക്ക് ആശ്ലേഷിക്കാൻ……സ്നേഹത്തിന്റെ നിറവുകൾ ഹൃദയത്തിലേക്ക് പച്ചകുത്താൻ……

By ivayana