ഉണ്ടായതിൻ്റെ പതിനഞ്ചാംപക്കം
അച്ഛൻ മരിച്ചതാണ് …

മുത്തശ്ശി ,
അടുത്തു ചെല്ലുന്നതേ ആട്ടിയോടിക്കും
തന്തേ ചുട്ടു തിന്നിട്ട് നടക്കുന്നു
നശൂലം …
കല്ലുരുള പോലിരുന്ന ചെറുക്കനല്ലിയോ
ദൈവമേ!വെട്ടിയിട്ട പോലെ
വീണു ചത്തത്

ശരിയാ
അച്ഛനൊരാരോഗ്യക്കുറവുമുണ്ടായിരുന്നില്ലത്രേ
കൂട്ടുകാർക്ക് ,
മകളുണ്ടായതിൻ്റെ ചെലവ് നടത്തി
തിരികെ വരുമ്പോഴാ
പറമ്പിലോട്ടു കേറുന്ന
കയ്യാലയുടെ പൊത്തിൽ നിന്ന്
മരണം അച്ഛനെ കടിച്ചത്

അമ്മയും സങ്കടം പറയും
ശരിയാ …
ഇതൊണ്ടായതു കൊണ്ടാ അതിയാൻ
പോയത്
എന്നും വച്ച് എനിക്കിതിനെ
കളയാനൊക്കുവോ?

തൊട്ടടുത്ത വീട്ടിലെ രമ്യച്ചേച്ചീടെ
കൂടെ കൊത്താങ്കല്ല്
കളിക്കുമ്പോൾ
രമ്യച്ചേച്ചീടെ അമ്മ ശിവാനിയാൻ്റി പറയും
വീട്ടിക്കേറ്റാൻ കൊള്ളത്തില്ല
തന്തേക്കൊല്ലിയാ
സുഗുണച്ഛൻ ,രമ്യച്ചേച്ചീടച്ഛൻ , മാത്രം
പറയും
പോട്ടെടീ അതിനെന്തറിയാം !
രമ്യ ചേച്ചിയെ സുഗുണച്ഛൻ
നെഞ്ചിൽ കിടത്തിയുറക്കുന്നത്
എത്ര തവണ കൊതിയോടെ നോക്കി നിന്നിരിക്കുന്നു
അപ്പോഴെല്ലാം അറിയാത്ത
ഭാവത്തിൽ
സുഗുണച്ഛൻ്റെ കാൽമുട്ടിൽ പിടിച്ച്
ചേർന്നു നിൽക്കും

അതുകൊണ്ടാണ് ,
ശിവാനിയാൻ്റിയും രമ്യച്ചേച്ചിയും
അമ്പലത്തിൽ പോയ നേരം
സുഗുണച്ഛൻ വിളിച്ചപ്പോൾ
ഓടിച്ചെന്നത്…
കൂടെ മടിയില്ലാതെ കിടന്നത്…

സുഗുണച്ഛൻ്റെ കൈകൾ മുറുകിയപ്പോൾ
പ്രതിഷേധിക്കാതിരുന്നത് …
സുഗുണച്ഛൻ്റെ ഭാരവും
നാറ്റവും സഹിച്ചത് …
ചൂച്ചുവയ്ക്കുന്നിടം പൊള്ളിയപ്പോൾ
കരയാതിരുന്നത്,
പക്ഷെ ശ്വാസം കിട്ടാഞ്ഞിട്ടാണ്…
സുഗുണച്ഛൻ എഴുന്നേൽപിച്ചു വിട്ടപ്പോൾ
കാലുകൾ വിറച്ചു വീണു പോയി
വീണിടത്ത് ചൂച്ചുവച്ചത് ചോരയായിരുന്നു
മോള് വേഗം പൊയ്ക്കോന്ന്
സുഗുണച്ഛൻ പറഞ്ഞപ്പോൾ
നീറിക്കരഞ്ഞുകൊണ്ടാണ്
ഇഴഞ്ഞ് ഇറങ്ങിയത് …
ചൂച്ചു നീറിയതായിരുന്നില്ല
സങ്കടം …
അമ്മയുടെ പഴയ സാരി വെട്ടിത്തയ്ച്ച്
തന്ന
ഒരേയൊരു പെറ്റിക്കോട്ട്
കീറി പോയതായിരുന്നു …
അമ്മ വഴക്കു പറഞ്ഞേക്കും …

അന്നു മുതൽ ,
അച്ഛനെ വെറുത്തു തുടങ്ങി

✍️ വൈഗ

By ivayana