രചന : നന്ദൻ✍

പ്രിയനേ…
എന്റെ പ്രണയം തുടക്കവും അവസാനവും നിന്നിൽ തന്നെ ആയിരിക്കും.. മനസ്സുകൾ കൊണ്ട് അടുത്തെങ്കിലും കാലത്തിന്റെ വികൃതിയിൽ ഒന്നാവാൻ കഴിയാതെ പോയവർ.. പ്രണയം എന്തെന്ന് അറിഞ്ഞതും.. അതിന്റെ മധുരവും കയിപ്പും അറിഞ്ഞതും നിന്നിലൂടെ ആണ്.. ഒന്നാകാൻ വേണ്ടിയായിരുന്നു തമ്മിൽ അടുത്തത്.. പക്ഷേ വിധി നമ്മെ രണ്ട് ധ്രുവങ്ങളിലാക്കി. പിരിക്കാൻ വേണ്ടിയായിരുന്നുവെങ്കിൽ എന്തിനാ ഈശ്വരൻ നമ്മളെ അടുപ്പിച്ചത്..

ഒന്നാവാൻ ഒരുപാട് കൊതിച്ചൊരു മനസ്സ് ഉണ്ട് എനിക്ക്. ജാതിയോ മതമോ കുടുംബമോ ഒന്നും ഇല്ലാത്ത രണ്ട് അനാഥ ജന്മങ്ങൾ ആയിരുന്നു നാം ഇരുവരുമെങ്കിൽ ഇന്ന് നമ്മുടെ ആഗ്രഹം സ്വപ്നം എല്ലാം പൂവണിയുമായിരുന്നു.. പ്രിയനേ.. നിന്നെ വിട്ട് ഞാൻ അകലുമ്പോൾ ആ വേദന എനിക്ക് താങ്ങാവുന്നതിലും കൂടുതൽ ആണ്. ഹൃദയം ആയിരം കഷ്ണങ്ങളായി നുറുങ്ങുന്ന വേദന ഞാൻ അനുഭവിക്കുന്നു.. ഈ വേദനയിലും മറ്റുള്ളവർക്ക് മുന്നിൽ പുഞ്ചിരിക്കാൻ പഠിപ്പിച്ചത് നീ ആണ്.. നാം വേദനിച്ചാലും നമ്മൾ കാരണം ആരും വേദനിക്കരുത് എന്ന നിന്റെ വാക്ക്..


എല്ലാം ഉപേക്ഷിച്ചു ഓടി വന്നു നിന്റെ മാറിൽ മുഖം പൂഴ്ത്തുവാൻ കൊതിക്കുന്നുണ്ട് ഞാൻ.. ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ആ കൈകളിൽ നിന്റെ മാറിലെ ചൂട് പറ്റി എല്ലാ സങ്കടവും ഭാരവും ഇറക്കി വെക്കുവാൻ.. സ്നേഹിച്ചവനെ സ്വന്തമാക്കുവാൻ കഴിയാതെ പോയവരുടെ കൂട്ടത്തിൽ ഞാനും ഒരുത്തി.. കാലം നാളെ എന്നെ ഒരു വഞ്ചകി എന്ന് വിളിച്ചേക്കാം.. പക്ഷെ എന്നെ അറിയുന്ന നിനക്ക് മനസ്സിലാകും ഞാൻ വഞ്ചകി അല്ല എന്ന്.. വളർത്തി വലുതാക്കിയവരോട് ഉള്ള കടമ.. ജാതിയും മതവും ജോലിയും സമ്പത്തും പറഞ്ഞു പ്രണയത്തെ അളക്കുന്നവർ എന്ത് കൊണ്ട് ആണ് മനസ്സിലാക്കാത്തത് പ്രണയം പരിശുദ്ധമാണ് എന്നത്..

രണ്ടു മനസ്സുകൾ തമ്മിലുള്ള കൂടിച്ചേരൽ ആണ് പ്രണയം എന്ന്.. പരസ്പര വിശ്വാസവും പരസ്പരം മനസ്സിലാക്കുന്നതും ആണ് ഓരോ പ്രണയത്തൂന്റെയും അടിത്തറ എന്നതും.. അവിടെ ഈ ജാതക്കും മതത്തിനും എന്ത് സ്ഥാനം ആണ് ഉള്ളത്. പണത്തിന്റെ മൂല്യം കൊണ്ട് ആണോ പ്രണയം അളക്കാൻ കഴിയുന്നത്.. സമ്പത്ത് എന്ന് വേണമെങ്കിലും നശിക്കാം.. പക്ഷേ നമ്മുടെ പ്രണയത്തിനു ഒരു അവസാനം ഇല്ല എന്ന് എന്ത് കൊണ്ട് ആരും മനസ്സിലാക്കുന്നില്ല..


ഓർമ്മയുണ്ടോ ആ ദിനം ആദ്യം ആയി തമ്മിൽ മിണ്ടിയത്.. പേടി ആയിരുന്നു എനിക്കു ഈ ദേഷ്യക്കാരൻ ചെക്കനെ.. വായാടി ആയ എന്നെ ഇഷ്ടപ്പെടുമോ എന്ന ഭയം.. ആദ്യം ഒരു സൗഹൃദം മാത്രമായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ പിന്നീട് എപ്പോഴോ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് കൈവിട്ടുപോയി. പതിയെ പതിയെ ഞാൻ അറിയുകയായിരുന്നു. ഞാൻ പോലും അറിയാതെ തെമ്മാടി ചെക്കൻ എന്റെ മനസ്സിൽ എന്റെ മാത്രം തെമ്മാടി ചെക്കനായി മാറിയെന്ന്. പിന്നീടാ പേടി ഒന്ന് കൂടി. എന്റെ പ്രണയം പറയണോ.. പറഞ്ഞാൽ പിന്നെ എന്നോട് മിണ്ടുമോ.. നിന്റെ ഒരു മൗനം പോലും എനിക്ക് താങ്ങുവാൻ കഴിയാത്തത് ആയിരുന്നു. അത്രക്ക് നീ എന്റെ മനസിൽ ആഴത്തിൽ വേരുറപ്പിച്ചിരുന്നു..

ഇനിയും പറഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുമെന്ന് ഭയന്ന് ആണ് ഞാൻ എന്റെ ഉള്ളിൽ ഉള്ളത് എല്ലാം നിന്നോട് പറഞ്ഞത്.. പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല അതിന് മുന്നേ ഈ ചെക്കന്റെ ഉള്ളിൽ വേറേ ഒരുവൾ കയറി കൂടിയെന്ന്.. നിന്റെ പ്രണയം മറ്റൊരുവൾ ആണെന്ന് പറഞ്ഞപ്പോൾ ആ നിമിഷം മരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എങ്കിലും ഞാൻ നിന്നെ സ്നേഹിച്ചു എന്റെ പ്രാണനോളം എന്റെ മാത്രമായിരുന്നു. മറ്റൊരുവളുടെ പേര് പറയുന്നതോ മിണ്ടുന്നതോ എന്റെ ഉള്ളിലെ കുശുമ്പി പാറു അനുവദിച്ചിരുന്നില്ല.. എങ്കിലും അത് കേട്ട് ഞാൻ പിണങ്ങിയിരുന്നു ആ നെഞ്ചിലേക് ചേർത്ത് പിടിച്ചു നെറ്റിയിൽ തരുന്ന ആ ഒരു ചുംബനം തന്നെ മതിയായിരുന്നു എന്റെ ഉള്ളിലെ ദേഷ്യവും പിണക്കവും എല്ലാം മാറുവാൻ..

പക്ഷേ അതിന് എനിക്ക് ഭാഗ്യം ഇല്ലായിരുന്നു ഓരോ നിമിഷവും നിന്റെ സ്നേഹം ഞാൻ അറിയുകയായിരുന്നു . ഈ ലോകത്ത് ഏറ്റവും ഭാഗ്യം കെട്ടവൾ ഞാൻ ആണെന്ന് വരെ തോന്നി പോയി .. നിന്റെ പാതി എങ്ങനെ ആവണം എന്ന് ചോദിച്ചപ്പോൾ വാക്കിലൂടെ നീ എനിക്ക് എന്നെ വരച്ചു കാണിച്ചു തന്നിരുന്നു എന്നാൽ നിന്റെ മനസിലെ പാതിക്ക് എന്റെ മുഖം അല്ലായിരുന്നു എന്നാലും എനിക്ക് നീ നല്ലൊരു കൂട്ടുകാരനായി എന്റെ മുന്നിൽ ഈ ദേഷ്യക്കാരൻ ചെക്കൻ അനുസരണ ഉള്ള ഒരു കുട്ടി ആയി. എന്റെ കുറുമ്പുകൾക്ക് കൂട്ട് നിന്നു.. പേടി തോന്നിയപ്പോ സങ്കടം വന്നപ്പോ ഞാൻ പറയാതെ തന്നെ മനസ്സിലാക്കി എന്നെ ചേർത്ത് പിടിച്ചു..

നിന്റെ കൈകളിൽ ആ നെഞ്ചിൽ ഞാൻ എന്നും സുരക്ഷിതയായിരുന്നു.. പക്ഷേ വിധി എനിക്കായി കാത്തു വെച്ചത് വിരഹം ആയിരുന്നു.. ആ വിധിയോടും ദൈവങ്ങളോടും എനിക്ക് ഇപ്പോൾ ദേഷ്യം തോനുന്നു.. എന്നന്നേക്കും ആയി എന്റെ പ്രാണനെ സന്തോഷത്തെ എന്നിൽ നിന്നും തട്ടി പറിച്ചതിനു.. നിന്റെ ഒരു വാക്കിനു വേണ്ടി ഞാൻ കാത്തിരിക്കുക ആണ് എന്ന് നിനക്ക് അറിയാം..പക്ഷേ നീ അത് പറഞ്ഞാലും ഞാൻ നിസ്സഹായ ആണ്.. ബന്ധങ്ങളുടെ ചങ്ങലയിൽ പെട്ടു ഉരുകി തീരുവാൻ വിധിച്ചൊരു ജന്മം ആണ് എന്റേത്.. എന്നോട് ക്ഷമിക്കില്ലേ നീ..


വരും ജന്മകളിൽ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും എന്ന് എനിക്ക് പറയുവാൻ കഴിയുന്നില്ല.. ആ ജന്മങ്ങളിലും ഒന്നാകുവാൻ കഴിഞ്ഞില്ലെങ്കിൽ. ഒരു പ്രാർത്ഥന മാത്രമേ ഉള്ളു പ്രണയം എന്തെന്ന് അറിയുന്ന മനസ്സിലാക്കുന്ന ഒരു ലോകത്തിൽ ജനിക്കണം.. അവിടെ ജാതി മതം പണം കുടുംബമഹിമ എന്നിങ്ങനെയുള്ള വേലിക്കെട്ടുകൾ ഉണ്ടാകരുത്.. അങ്ങനെ ഉള്ള ഒരു ലോകത്തിൽ ജനിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.. ഒന്നാകുവാൻ ഞാൻ കൊതിക്കുന്നു..പ്രിയനേ നിനക്കായ് മാത്രം ഞാൻ പുനർജനിക്കാം ഇനിയുള്ള ജന്മങ്ങളിൽ… ഈ ജന്മം എനിക്ക് വിട നൽകിയാലും.

By ivayana