രചന : അൻസാരി ബഷിർ✍

വെട്ടിപ്പിളർന്നിട്ട ജീവൻ്റെ ഉച്ചിയിൽ
രക്തം കിനിയുന്ന പച്ചമുറിവ് നീ
ഒട്ടുമുണങ്ങാൻവിടാതെയാ മുറിവിനെ
കുത്തിച്ചികഞ്ഞ് പിടയ്ക്കുന്നതെൻ സുഖം

പ്രണയം നുരഞ്ഞ നാൾതൊട്ട്, സയാമീസ്-
ഹൃദയങ്ങൾ ഉള്ളിൽ ചുമക്കുന്നവർ നമ്മൾ
ഒന്ന് തളർന്നാലടുത്തതിൽ നിന്നൂർജ്ജ-
മെന്നും വലിച്ചൂ പുലർന്നിരുന്നോർ നമ്മൾ
എന്നിട്ടുമെന്തു നീ തീക്കനൽപ്പായയിൽ
എന്നെ തനിച്ചാക്കി പോയ്മറഞ്ഞു
എന്നിട്ടുമെന്തെൻ നിശ്ശബ്ദമാംനിലവിളി –
ത്തുമ്പിൽ നിൻ പുച്ഛം തികട്ടിവീണു!

ജന്മാന്തരങ്ങൾ കടക്കുമ്പോഴെവിടെയോ
ജന്മങ്ങൾകൊണ്ട് കൊരുത്തുപോയ് നാം
എത്രമേൽ ദൂരെയാണെങ്കിലും തങ്ങളിൽ
കെട്ടിപ്പിടിക്കുന്നൊരുയിരുകൾ നാം
ഒരുകാറ്റ് വന്നെൻ്റെ ഓർമ്മയിൽ മുട്ടുമ്പോൾ
തിരയുന്നതൊക്കെയും നിൻ സുഗന്ധം ..
ഒരു പൂ വിരിഞ്ഞെൻ്റ ജീവനെ പുണരുമ്പോൾ
ഒഴുകുന്നതൊക്കെയും നിൻ മരന്ദം!
ഏകാന്ത നിമിഷങ്ങൾ എന്നെപ്പൊതിയുമ്പോൾ
ആത്മാവിൽ നീ വന്നുകൂട്ടിരിക്കും..
ഏതിരുട്ടിൽപ്പെട്ടു പോയാലും നീ വന്നെൻ
ഉയിരിൻ ജനാല തുറന്നുവെക്കും..

ഇല്ല,നിനക്കൊട്ടുമാകില്ല എന്നിലെ
ചില്ലകൾ ഓരോന്നു വെട്ടിമാറ്റാൻ
ഒരു ചില്ല വെട്ടിമാറ്റും മുമ്പ് നീയെന്നിൽ
ഒരു നൂറ് ശിഖരമായ് മുളയെടുക്കും!

അറിയാതെ നെഞ്ചിൽ നീ തിളക്കുമീ വേവിനെ
അതിഗൂഢമെന്നിൽ തളയ്ക്കട്ടെ ഞാൻ!
അകലെ നിന്നെന്നിൽ നീ തുടിക്കുമീ നോവിനെ
അനുരാഗമെന്ന് വിളിക്കട്ടെ ഞാൻ..

അൻസാരി ബഷിർ

By ivayana