അമ്പലത്തിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരുനേർത്ത രോദനംപോലെയായിരുന്നു.
ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകര്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻതുടങ്ങുകയായിരുന്നു അപ്പോൾ. ധ്യനമന്ത്രങ്ങൾ ഏഴരപ്പുലർച്ചക്കുതന്നെതുടങ്ങണമെന്ന സ്വാമിജിയുടെ ഉപദേശം അണുവിടതെറ്റിക്കാതെ കഴിഞ്ഞ അഞ്ചുവർഷമായി തുടരുകയാണ് അയാൾ.
സ്വാമിജി ഹിന്ദുമതത്തിന്റെ പൊട്ടാത്തകണ്ണികളിലെ ഒരേയൊരുസ്വർണ്ണം പൊതിഞ്ഞ കണ്ണിയാണ്. ഒട്ടേറെ അനര്ഘനിമിഷങ്ങളിലും പലർക്കും ആശ്വാസവചനങ്ങൾ കൊടുത്തിട്ടുണ്ട് ഗായത്രീമന്ത്രം ചൊല്ലി ഗംഗയിൽ മുങ്ങിനിവരുമ്പോൾ സകലപാപങ്ങളും കഴുകിപ്പോകുമെന്നുവിശ്വസിക്കുന്ന ഒരേയൊരു മതാചാര്യൻ !.
കൃഷ്ണനായിജനിച്ചു് ആരോരുമില്ലാതെ വളർന്ന് വിശ്വാസത്തിനുവേണ്ടി സർവ്വതും അർപ്പിച്ചു്ഉത്തരേന്ത്യയിലേക്ക്‌യാത്രയാവുമ്പോൾ…… സ്വാമിജി അന്ന് പറഞ്ഞുനിർത്തിയതെവിടെയാണ്.
ഹരികൃഷ്ണൻ ശിവമന്ദ്രങ്ങളിലൂടലഞ്ഞു. വാക്കുകൾസ്ഫുടങ്ങളായി മനസ്സിൽനിറഞ്ഞു….
അന്ന് മനസ്സിന് സംയമനം നഷ്ടപ്പെടുമെന്നുഭയന്ന ആ രാത്രി കഴിഞ്ഞ പകലിൽ അനന്തമായ യാത്രയിൽ അറ്റംകാണാത്തൊരിടത്തുചെന്നുനിന്നപ്പോൾ ആരോപറഞ്ഞു….. ആ സ്വാമിയുടെ കാലിൽതൊട്ടുനമസ്കരിച്ചോളൂ മനസ്സിനും ശരീരത്തിനാകെയും ഒരുകുളിര്മയും ആശ്വാസവും ലഭിക്കും.
സ്വാമിജിയെ കണ്ടു. മുഖം തേജസ്വരൂപമാണ്. എന്നും മനസ്സിൽ നിറയുന്ന ഉഗ്രരൂപിയും തേജസ്വരൂപനുമായ മഹേശ്വരന്റെ പ്രതിരൂപമെന്നുതോന്നിപ്പോയി. വിടർത്തിയിട്ട മുടിയിൽ ഉറങ്ങുന്ന ശാന്തത
അകക്കാമ്പിൽ നിറഞ്ഞു. പ്രൗഡഗംഭീര്യമാർന്നമുഖത്തെ വീതിയുള്ള നെറ്റിയിലെ വരകൾതീർത്ത ഭസ്മക്കുറിയിലെ നടുക്കുള്ള കുംകുമപ്പൊട്ട് ശാന്തമായുറങ്ങുന്ന തൃക്കണ്ണുപോലെ തോന്നിച്ചു.
പലരെയും നോക്കി സ്വാമിജി ചിരിക്കുന്നു. പലരും സ്വാമിജിയിലേക്കു വിഷാദങ്ങൾ ഒഴുക്കിവിടുന്നു. സ്വാമിജി ഒരിക്കൽപ്പോലും ഹരികൃഷ്ണനിലേക്കുനോക്കിയതേയില്ല. അടുത്തുവന്നുനിന്നിട്ടും കാണാത്തപോലെ അകലങ്ങളിലേക്കെവിടെയൊക്കെയോ ദൃഷ്ടികൾപായിച്ചുനിന്നു. മനസ്സാകെ കലുഷിതമായി. തിരിഞ്ഞുനടക്കുമ്പോൾ സ്വാമിജി പൊതുദർശനം നടത്തുന്ന ഹാളിലേക്കൊന്നുവെറുതെ നോക്കിപ്പോയി. അവിടെ മിന്നിപ്പൊലിഞ്ഞ പ്രകാശത്തിൽ കണ്ടുഞാൻ ആരോ കൈയാട്ടിവിളിക്കുന്നതായി. എന്താണ് സംഭവിച്ചതെന്നറിയുന്നമാത്രയിൽത്തന്നെ മനസ്സൊന്നുകുളിർത്തു.
–ധൈര്യമായി പൊയ്ക്കൊള്ളൂ നിന്നോടൊപ്പം ഞാനുമുണ്ട് —
എന്ന മന്ത്രം വ്യക്തതയിൽ അവ്യക്തമായി മാത്രം കേട്ടു.
അപ്പോൾ നിറഞ്ഞ ഒരുലഘവത്വം ഇപ്പോഴും തുടരുന്നു. മനസ്സ് തീർത്തും ഏകാഗ്രമായി. എന്താണുസംഭവിക്കുന്നതെന്നും ഏതുമറിയാതെ അത് ആത്‌മാവിനെയും കൂട്ടിഎങ്ങോ പോയ്മറഞ്ഞു. ആത്‌മാവ്‌ശരീരത്തിൽനിന്നുമറഞ്ഞാൽ ശരീരം ജഡമായി. ഹരികൃഷ്ണൻ യഥാർത്ഥത്തിൽ ജഡമായിമാറി.
നിമിഷങ്ങൾ മാത്രകളായി എണ്ണപ്പെട്ടപ്പോൾ,
അത് നഗരത്തിലെ ഒരു ബംഗ്ലാവിന്റെ അകത്തളത്തിലൂടെയൊരു ചെറുകാറ്റായിഴഞ്ഞു. പകുതിമാത്രം പുതച്ച ഒരു അർദ്ധനഗ്നശരീരത്തെ അത് അണുവിടതെറ്റാതെയൊന്നുനോക്കിനിന്നു. പിന്നെ വളരെപെട്ടെന്നുതിരിഞ്ഞു് വേഗത്തിൽ
ചേരിയിലുള്ള ഹരികൃഷ്ണന്റെ ശരീരത്തിൽ ചെന്നുപ്രവേശിച്ചു.
ആ ജഡത്തിനൊരുഞെട്ടലുളവായതുപോലെ, ഹരികൃഷ്ണന്റെ കൃഷ്ണമണികൾമാത്രമൊന്നുചലിച്ചു അമർന്ന നെഞ്ചിൻകൂടൊന്നുവിരിഞ്ഞു ശോഷിച്ച വയറൊന്നുതുടുത്തു കൈവിരലുകളിലൊന്ന് ഒന്നു ചലിച്ചു ഹരികൃഷ്ണന്റെ കണ്ണുകൾ ഉറക്കത്തിൽനിന്നെന്നപോലെ തുറന്നു. കണ്ണുകളിലും ചുണ്ടുകളിലും ഒരുസംശയം മാത്രം ബാക്കിയായി.
വര്ഷങ്ങള്ക്കുമുന്പുള്ള ഒരുപകലിൽ,
ആത്‌മീയതയുടെ മൂടുപടത്തെക്കുറിച്ചു ക്ലാസ്സെടുക്കുമ്പോൾ
ഉറക്കംകൂമ്പുന്ന മിഴികളുമായി തന്റെ മുമ്പിലിരിക്കുന്ന വിദ്യാര്ഥികളെക്കണ്ട് ഒറ്റശ്വാസത്തിൽ ഹരികൃഷ്ണൻ പറഞ്ഞുതീർത്തു.
–ആത്‌മീയത ഒരുവലിയ സംസ്കാരത്തിന്റെ ഇടനാഴിയാണ്.
ഇടനാഴി മണ്ണുവീണടഞ്ഞിരിക്കുന്നു, സംസ്കാരം ശവപ്പറമ്പിലെ ഒരുശവക്കുഴിയിൽ ഉറങ്ങുന്നു. അതിനുമുകളിൽ ശവംനാറിപ്പൂക്കൾകാറ്റത്തൂയലാടുന്നു. അദ്ധ്യാൽമികത വെർമോരു കറുത്ത മൂടുപടമാണ്.
–സർ എന്തേ ഒരുസന്യാസിയാവാത്തതു്?
–സന്യാസം ആത്‌മീയതയുടെ തൊട്ടിലാണ്, എനിക്കതിൽക്കയറിക്കിടക്കാനുള്ള സമയമായിട്ടില്ല. സമയം ഒരുപേക്കിനാവാണ്‌, ഞാനതുകണ്ടുതുടങ്ങിയിട്ടില്ല.
–സർ എന്നെങ്കിലും സംന്യാസിയാവുമോ?
— തീർച്ചയായും. എൻ്റെ മരണത്തിൽ. അന്നുഞാൻ എൻ്റെ ആത്‌മാവിനെമുന്നില്നിര്ത്തി ഗായത്രീശർമ്മയെ കാണാൻവരും.
— പ്രേതത്തെ സർ വിശ്വസിക്കുന്നുവെന്നോ !!!!
— എന്തുകൊണ്ടുപാടില്ല, ദൈവം എന്ന ഒന്നുണ്ടോ? നന്മ എന്ന ഒന്നുണ്ടോ? നല്ലത് എന്ന ഒന്നുണ്ടോ?………. എങ്കിൽ പ്രേതമുണ്ട്, തിന്മയുണ്ട്, ചീത്തയുമുണ്ട്.
— ദൈവം എന്ന ഒന്നുണ്ടോ.. !
— അതൊന്നേയുള്ളൂ. പലതില്ല. ക്രിസ്തുവെന്നോന്നില്ല, അള്ളായെന്നൊന്നില്ല,
മുപ്പത്തിമുക്കോടിയുമില്ല.
— സർ കണ്ടിട്ടുണ്ടോ?
തീർച്ചയായും. അതെന്നിലുണ്ട്, നിങ്ങളിലുണ്ട്, സർവവ്യാപിയുമാണ്. നിങ്ങൾക്കുതന്നെയതുകാണാം. സർവ്വതും ഏകാഗ്രതയിൽ ലയിപ്പിച്ചു് ഉള്ളുതുറന്ന് കണ്ണുതുറന്നു നോക്കൂ. അപ്പോൾ ഒന്നുമാത്രമേ കാണൂ. അതാണ് ഈശ്വരൻ. പക്ഷേ, നിങ്ങൾക്കതൊരിക്കലും കാണാൻ കഴിയില്ല. കാരണം നിങ്ങൾ അവിശ്വാസികളാണ്.
ക്ലാസ്സ്‌ കഴിഞ്ഞ്, നിറഞ്ഞൊഴുകുന്ന
നഗരിയിൽ വിജനതയറിഞ്ഞുകൊണ്ട് അയാൾ നടന്നു. ഒരുപുഴയിൽ ഒരിലച്ചാർത്തൊഴുകുന്നതുപോലെ, അയാൾ ഒഴുകുകയായിരുന്നു.ഒഴുകിത്തീർന്നത് ഒരുസംവത്സരങ്ങളിലും മറക്കാനാവാത്തൊരുയാത്രയിലാണ്. തിരക്കിലെ മനംമടുപ്പിക്കുന്ന ഗന്ധത്തിൽനിന്നും മോചനംനേടാനായി സൈഡ് സീറ്റിലിരുന്ന്
പുറത്തേക്കുനോക്കിയിരുന്ന് ഒന്നുമയങ്ങാൻതുടങ്ങുമ്പോഴാണ്, ദീർഘനിശ്വാസംവിട്ടുകടന്നുപോയ മറ്റൊരുബസ്സിൽ മുമ്പിലത്തെ സീറ്റിൽ തിളങ്ങുന്നൊരു മൂക്കുത്തികണ്ടത്. അത് ഓർ മയിൽ നിന്നും വിസ്മൃതിയിലേക്ക്‌ കടന്നുപോയതിനുശേഷം
ഒരുസായന്തനത്തിൽ ജാനകീദേവിയെന്ന തന്റെ അമ്മയുടെ കൈയ്യുംപിടിച്ചു നിരത്തോരങ്ങളിലൂടെ നടന്നുപോകുമ്പോൾ
ഒരു ബസ്റ്റോപ്പിൽ വച്ചാണ് വീണ്ടും കണ്ടത്,
പൊലിമയണയാത്ത ആ മൂക്കുത്തി. കൂർത്ത മൂക്കിൽപ്പറ്റിചേർന്നിരിക്കുമ്പോൾ അതിനൊരുവശ്യത. അത് മുഖത്തിനാകെയൊരുത്തിളക്കം തന്നെ നല്കിയിട്ടുണ്ട്. ആകണ്ണുകളിലൊരുകുസൃതിയൊളിഞ്ഞിരിക്കുന്നുണ്ട്. അറ്റം കെട്ടിയമുടി അരക്കെട്ടിനുമുകളിക്കിടന്നുചാഞ്ചാടുന്നു.
ജാനകീദേവിയമ്മ മകന്റെ മുഖത്തെ ആകസ്മികത കണ്ടു.. !
— ആരാത്?
അയാളുടെ കണ്ണുകൾ പതറിത്തെറിച്ചു് അമ്മയുടെ മുഖത്തു വന്നു നിന്നു. വീണ്ടുമാകണ്ണുകൾ മൂക്കുത്തിയെത്തിരഞ്ഞു. അതെവിടെയോ പോയ്മറഞ്ഞിരുന്നു. അയാളിലെവിഹ്വലത അമ്മ കണ്ടു.
— ആരാത്. !!
അറിയില്ലെന്നമറുപടി അയാളുടെ പുരികക്കൊടിയിലും ചുണ്ടുകൾക്കുമുകളിലും
കനച്ചുകിടന്നു.
കനത്തമൂടൽ മഞ്ഞുപോലെ പരന്ന വിഷപ്പുക നിറഞ്ഞ ഒരുസായംസന്ധ്യയിൽ
ജാനകീദേവിയമ്മയുടെ സമീപമെത്താൻ വെമ്പൽകൊണ്ട് തിരക്കുപിടിച്ച ബസ്സിലെ തുരുമ്പിച്ച അഴികളില്പിടിച്ചു നടുനിവരാൻ ശ്രമിക്കുമ്പോൾ മുമ്പിൽതിളങ്ങിയത് ആ മൂക്കുത്തിയുടെ ചിരിയായിരുന്നു. അറ്റം കാണാതെപിന്നിയിട്ട മുടിയോടൊപ്പം ആകെത്തളർന്നു സർവ്വതും വാരിപ്പിടിച്ചു തിരക്കിൽനിന്നും ബദ്ധപ്പെട്ടിറങ്ങി ദീർഘനിശ്വാസം വിട്ടുനടന്നുനീങ്ങിയത് അവളാണെന്നത് ബസ്സു വിട്ടപ്പോഴാണ് ശ്രദ്ധിച്ചത്. തലയുംകുനിച്ചു ധൃതിയിൽ ഇരുട്ടിനെ മുറിച്ചുകടന്ന്…………… ദേവി.
ദേവി എന്ന് പേരു പറഞ്ഞപ്പോൾ അവൾ ആകെപൂത്തുലഞ്ഞിരുന്നു. നാണത്താൽ കൺപോളകൾ പകുതി കൂമ്പിയിരുന്നൂ….
കഴുത്തിലെ ഞരമ്പുമുറിഞ്ഞു് ചോരവാർന്ന് മടിയിൽ കിടക്കുമ്പോഴും അവളുടെ കണ്ണുകൾ കൂമ്പിയിരുന്നു, ഭീതി കണ്ണുകളിലും മുഖത്തുമാകെയും വ്യാപിച്ചിരുന്നു, ഹരീ എന്ന വിളിച്ചു പകുതിക്കു മുമ്പേമുറിഞ്ഞുപോയിരുന്നു………..
ഹരികൃഷ്ണൻ ദേവിയെ വിവാഹം ചെയ്യുന്നത് ഇടത്തട്ടുകാർ ജീവിക്കുന്ന തെരുവിലെ ഗണപതികോവിലിൽ വച്ചാണ്. കഴുത്തിൽ ചാർത്തിയ മഞ്ഞച്ചരടിൽ തുടങ്ങി അവരുടെ ജീവിതം. ഒരു സായന്തനത്തിൽ കറുത്തപുക നിറഞ്ഞ തെരുവിലൂടെ സന്തോഷചിത്തരായി നടന്നുനീങ്ങുന്ന അവരുടെയടുത്തേക്ക് വിധി ഒരക്രമിയുടെ രൂപത്തിൽ കടന്നുവന്നു.അവളെ തള്ളിയിട്ട് ഓടുന്നതിനുമുമ്പ് അവളുടെ കഴുത്തിലെ ഞരമ്പുകൾ………
അയാൾ ഓടിമറഞ്ഞു…..

ഹരികൃഷ്ണൻ ദീർഘനിശ്വാസം ഉതിർത്
നടന്നുകൊണ്ടേയിരുന്നു. ശാന്തിമന്ത്രത്തിന്റ
ധ്വനികൾ തൊണ്ടയിൽ കിടന്നു പിടഞ്ഞു. അയാളുടെ കണ്ണുകൾ ആർദ്രമായി.
ജഗബീർ സിംഗ് എന്ന സിംഹത്തിന്റെ ബംഗ്ലാവിൽ ചെന്നുകയറുമ്പോൾ അയാളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പരിചയപെടുത്തണമെന്നും ഉള്ള ചിന്തകളാൽ ഹരികൃഷ്ണൻ വലഞ്ഞു.
–കടന്നുവരൂ. ഹരികൃഷ്ണൻ എന്നല്ലേ പേര്.
നരഭോജിയായ ഒരു അക്രമിയുടെ മുമ്പിലേക്ക് അയാൾ ചെന്നു വീഴപ്പെടുകയായിരുന്നു.
ശാന്തമായ കണ്ണുകളും നീളൻ താടിയും
ചുരുണ്ടു നീണ്ട മുടിയിഴകളുമുള്ള ജഗബീർസിങ് ഹരികൃണനെ കണ്ട് ബഹുമാനപുരസ്സരം കൂപ്പുകൈകളോടേ എഴുന്നേറ്റു. വളരെയേറെ നേർമയുള്ള സ്വരത്തിൽ ദയക്കുവേണ്ടി യാചിക്കുന്നതുപോലെ അയാൾ പറഞ്ഞു.
— താങ്കൾ എന്നെ ശിഷ്യനായി സ്വീകരിക്കണം.

അമൂർത്തനന്ദ സ്വാമികളുടെ മുമ്പിൽ ജഗബീർ സിംഗ് വിറങ്ങലിച്ചു നിന്നു. ഹരികൃഷ്ണന്റെ മനഃശക്തിക്കു മുമ്പിൽ തന്റെ ജീവന് ബലമില്ലെന്നറിഞ്ഞു. ചെയ്തതെല്ലാം തെറ്റുകളും പാപങ്ങളും അക്രമങ്ങളും ആണെന്ന് ഏറ്റുപറഞ്ഞു. ഒരു വഴി മാത്രമാണ് അമൂർത്തനന്ദ നിർദേശിച്ചത്.
—ഹരികൃഷ്ണനിൽ ശരണം പ്രാപിക്കൂ.

മനസിന്റെ ഏകാഗ്രത നഷ്ടപ്പെട്ട് വികലമായ ചുവടുകളോടെ, അവിടെനിന്നും തിരിഞ്ഞുനടക്കുമ്പോൾ ഹരികൃഷ്ണന്റെ ചിന്തയിൽ ഓംകാരത്തിന്റെ ധ്വനികൾ മുഴങ്ങുകയായിരുന്നു. ഹരികൃഷ്ണൻ തന്റെ തെരുവിലെ ഇരുണ്ട മുറിയിൽ കടന്നു. ജനകീദേവിയുടെ ആത്മാവ് മന്ത്രിച്ചു.
നീ ചെയ്തത് ശരിയായിരുന്നുവോ..?
തന്നെ കാത്തു നിവർന്നു കിടന്നിരുന്ന പുൽപ്പായ ഹരികൃഷ്ണൻ ചുരുട്ടിക്കൂട്ടി മൂലയിലേക്കെറിഞ്ഞു.

നഗരത്തിരക്കിൽ ഒരു നട്ടുച്ചയിൽ കണ്ട കുടുംബിനിയായ ഗായത്രീശർമയോട്
ഹരികൃഷ്ണൻ പറഞ്ഞു……….

—-സന്യാസം ഒരു മരീചികയാണ്.
*******0******-
ബിനുരാധാകൃഷൻ

By ivayana