രചന : പണിക്കർ രാജേഷ്✍

ഭൂമിയിലേയ്ക്കുള്ള യാത്രയ്ക്കു തയ്യാറെടുക്കുന്ന യമരാജനുവേണ്ടി ഉറക്കമൊഴിച്ചു ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരുന്ന ചിത്രഗുപ്തൻ നരകകവാടത്തിലെ ടെലഫോൺ ബൂത്തിൽനിന്നുള്ള ബഹളം കേട്ടുകൊണ്ട് ബുക്കിൽ നിന്ന് തലയുയർത്തി നോക്കി. കഴിഞ്ഞദിവസത്തെ പുതിയ അഡ്മിഷനായ മൂന്നുപേർ കവാടത്തിലെ ബൂത്തിന് മുൻപിൽ നിൽപ്പുണ്ട്. ബൂത്തിലെ ജോലിക്കാരനുമായി വലിയ വാക്കുതർക്കത്തിലാണ് രണ്ടുപേർ. ഒരാൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്നു. ചിത്രഗുപ്തൻ കണക്കുപുസ്തകം മടക്കിവെച്ചു നേരെ ബൂത്തിലേക്ക് നടന്നു.

നരകത്തിൽ പുതിയ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി കൊണ്ടുവന്നതാണ് അപമൃത്യുവിനിരയായവർക്കായി ഒരു ടെലിഫോൺ ബൂത്ത്‌. ഒരു മാസത്തേക്ക് ആഴ്ചയിലൊരിക്കൽ സ്വന്തം ആൾക്കാരെ വിളിച്ചു വിവരങ്ങൾ തിരക്കാം.ആ ബൂത്തിന് മുൻപിലാണ് തർക്കം നടക്കുന്നത്.ചിത്രഗുപ്തൻ നേരെ ബൂത്തിന്റെ കാവൽക്കാരനോട് വിശദീകരണം ആവശ്യപ്പെട്ടു . അയാൾ കാര്യം വിശദീകരിച്ചു.

അവിടെ ഫോൺ ചെയ്യാൻവന്ന മൂന്നുപേരിൽ ഒരാൾ അമേരിക്കക്കാരനും, മറ്റൊരാൾ അറബിയും മൂന്നാമൻ അറബിയുടെ ജോലിക്കാരനായ മലയാളിയുമാണ്. മൂന്നുപേരും ഒരു വിമാനാപകടത്തിൽ പെട്ട് എത്തിയതാണ്. മൂന്നുപേർക്കും അഞ്ചു മിനിറ്റ് വീതമാണ് ഫോൺ ചെയ്യാൻ അനുവദിച്ചത്. ബില്ല് വന്നപ്പോൾ അമേരിക്കക്കാരന് നാന്നൂറ്റിഅൻപത് രൂപയും അറബിക്ക് നൂറ്റിതൊണ്ണൂറ് രൂപയും മലയാളിക്ക് വെറും അഞ്ചുരൂപയും. മൂന്നുപേരും വിളിച്ചത് ഭൂമിയിലേയ്ക്കും.ഇതാണ് മറ്റു രണ്ടുപേരുടെയും തർക്കത്തിന് കാരണം

ചിത്രഗുപ്തൻ ആകെ പ്രശ്നത്തിലായി. ടെക്നീഷനെ വിളിച്ചു വരുത്തി പരിശോധന നടത്തി. പരിശോധനയിൽ കാര്യം തെളിഞ്ഞു മെഷീനിന്റെ കുഴപ്പമല്ല, അമേരിക്കക്കാരൻ വിളിച്ചത് ISD യും അറബിയുടേത് STD യും മലയാളിയുടേത് ലോക്കൽ കോളും ആയിരുന്നു. മൂന്നുപേരെയും കാര്യം പറഞ്ഞു മനസ്സിലാക്കി. സത്യാവസ്ഥ മനസ്സിലാക്കിയ അവർ മറ്റു പ്രശ്നങ്ങൾക്ക് നിൽക്കാതെ തങ്ങളുടെ കൂടാരങ്ങളിൽ ചേക്കേറി.ചിത്രഗുപ്തൻ പിന്നെയും തന്റെ ജോലിയിൽ മുഴുകി.

പണിക്കർ രാജേഷ്

By ivayana