രചന : ഒ.കെ.ശൈലജ ടീച്ചർ✍️

സ്ത്രീയുടെ ആഭരണമാണ് ക്ഷമ. മുഖശ്രീയാണ് ത്യാഗം ഐശ്വര്യമാണ് സഹനം എന്നുള്ള പഴമൊഴി കുഞ്ഞുനാളിലേ കേട്ടു വളർന്നതിനാലാവാം അവൾ സർവ്വം സഹയായത്.
ഈ പാഴ് മൊഴിയവൾക്ക് നല്കിയതോ ദുഷ്ക്കരമായൊരു ജീവിതവും.
പുരാണങ്ങളും ചരിത്രങ്ങളും പറയുന്നതുമിതുതന്നെയല്ലേ ?
സഹനവും ത്യാഗവും,ക്ഷമയും സ്നേഹവുമെല്ലാമുള്ളവളായിട്ടവൾ ജീവിക്കുന്നത് അവളുടെ ഉയർച്ചയ്ക്കോ വളർച്ചയ്ക്കോ വേണ്ടിയാണോ ?
കുടുംബമെന്ന ചട്ടക്കൂട്ടിനുള്ളിലെരിഞ്ഞടങ്ങേണ്ട പാഴ്ജന്മമാകുന്നത് അത് കൊണ്ടല്ലേ ?
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്നാൽ ആകാശമിടിഞ്ഞു വീഴുമോ?
ഭൂമി പിളർന്നു പോകുമോ ?
സാഗരം വറ്റിവരണ്ടു പോകുമോ ?
ഇല്ല ഒന്നും സംഭവിക്കുകയില്ല. മറിച്ച് അവളെ അടിമയാക്കി തന്റെ പരിധിയിലൊതുക്കാനാവില്ല അത്ര തന്നെ
അതാണല്ലോ സ്ത്രീ അബലയാണ് ചപലയാണെന്നു ഉദ്ഘോഷിച്ചു കൊണ്ടവളെ പിതാവിനാലും . പതിയാലും പുത്രനാലും സംരക്ഷിക്കപ്പെടേണ്ടവളാണെന്ന് മുദ്ര ചാർത്തിയത്.
സ്ത്രീയും പുരുഷനെപ്പോലെ സ്വതന്ത്രമായൊരു വ്യക്തിയാണെന്നുള്ള തിരിച്ചറിവ് സ്വയമാർജ്ജിക്കണം. തന്റെ ശക്തി താൻ തന്നെയെന്നറിഞ്ഞ് പ്രവർത്തിക്കണം.
ശക്തിയാണ് സ്ത്രീ എന്നത് അവൾ ഉൾക്കൊള്ളണം. അവൾ വേദിയിൽ ഉപവിഷ്ടരായിരിക്കുന്ന മഹത് വ്യക്തികളേയും സദസ്സിൽ സന്നിഹിതരായ കുടുംബശ്രീ പ്രവർത്തകരായ മഹിള കളേയും നോക്കിക്കൊണ്ടു ഇത്രയും പറഞ്ഞപ്പോൾ പലരുടേയും മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ ക്യാമറയിലെന്നപോലെ അവളുടെ മനസ്സിൽ പതിഞ്ഞു.
“പ്രിയ സഹോദരിമാരെ ഇങ്ങനെയൊരു വേദിയിൽ നിങ്ങൾക്ക് മുന്നിലായി നിന്നു കൊണ്ട് രണ്ടു വാക്ക് സംസാരിക്കാനും നിങ്ങളുടെ സ്നേഹാദരവ് സ്വീകരിക്കുവാനും കഴിഞ്ഞതിൽ ഇവിടെ സന്നിഹിതരായ എല്ലാവരോടും ഞാൻ ഹൃദയം നിറഞ്ഞ സ്നേഹാദരവോടെ നന്ദി സമർപ്പിക്കുന്നു.”
നിങ്ങളുടെ മുഖത്ത് . വിരിഞ്ഞ പുഞ്ചിരിയാണ് എനിക്ക് കിട്ടിയ അംഗീകാരം.
മികച്ച കവിതാ സമാഹാരം രചിച്ച കവയിത്രി എന്ന പേരിൽ നിങ്ങളേകിയ ഈ സ്വീകരണവും. ആദരവും ഞാൻ നിങ്ങൾക്കു തന്നെ സമർപ്പിക്കുകയാണ്.
നിങ്ങളിലുണ്ട് കലാകാരികൾ സാഹിത്യകാരികൾ . വ്യത്യസ്തങ്ങളായ പല കഴിവുകളും നിങ്ങളിലുറങ്ങിക്കിടക്കുകയാണ്. നല്ലൊരു കുടുംബിനി ആകുന്നതിനോടൊപ്പം നിങ്ങൾ സ്വയം വളരണം . സമൂഹത്തിലെ എല്ലാ മേഖലകളിലും നിങ്ങളുടെ കൈയ്യൊപ്പ് പതിയട്ടെ. പ്രിയ സഹോദരിമാർക്കെല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്ദി നമസ്ക്കാരം”
സദസ്സിലുയർന്ന കൈയ്യടിയിൽ നിന്നും മഹിളകളുടെ മനസ്സിലൊരു തീപ്പൊരിയായി അവളുടെ വാക്കുകളെന്നുള്ളത് അവളിൽ അഭിമാനം ഉളവാക്കി.

ഒ.കെ.ശൈലജ ടീച്ചർ

By ivayana