രചന : അജികുമാർ നാരായണൻ! ✍

അക്ഷരമഗ്നി,യായറിവിൻ തെളിച്ചമായ്
അക്ഷീണമുയരട്ടെ മന്നിടത്തിൽ .
അപ്രമേയങ്ങളെ തല്ലിക്കൊഴിക്കാൻ
അക്ഷരപ്പടയാളിക്കൂട്ടമാകാം !

ആവതില്ലാത്ത കാലത്തുമക്ഷരം
ആശയേറ്റുന്നൊരു ദീപമല്ലോ!
ആടിയുലയുന്ന ജീവിതയാത്രയിൽ
ആർക്കുമേ കൈവരും ധൈര്യമല്ലോ!

ആയുധമായി ധരിച്ചിടാമക്ഷരം
ആരാധനയ്ക്കൊരു ഭാവഗീതം
ആഴികൂട്ടുവാൻ അക്ഷരമരണിയും
ആഴികടക്കുവാൻ ഓടമായ് !

ഭാഷതന്നാത്മാവിൻ താളമായ്
ഭാവനയാർന്നിട്ട് ചേലുവിടർത്തിടാം
ഭാവിതന്നിലെയാകാശ സീമയിൽ
ഭാവതീവ്രമായ് ചിറക് വിരിച്ചിടാം!

വങ്കത്തരങ്ങളെ തള്ളി പറഞ്ഞിടാം
വെങ്കലം പോലെ തെളിച്ചമാകാം !
വങ്കിയായേറ്റണം , പാണിമുറുക്കുവിൻ
വങ്കണം നീക്കിചരിച്ചിടാം വീഥിയിൽ !

അജികുമാർ നാരായണൻ!

By ivayana