രചന : ഡോ .സുഷമ ബിന്ദു ✍

രാവിലെ
ഒരുപറ്റം അവയവങ്ങളെ ആട്ടിത്തെളിച്ചുകൊണ്ട്
അവൾ നടക്കാനിറങ്ങുന്നു.
മെരുങ്ങുന്നില്ലവ തീരെ
അവളുടെവേഗത്തിനൊപ്പമെത്താൻ
കൂട്ടാക്കുന്നുമില്ല.
ഈയിടെയായി
ഒരെണ്ണത്തിനുമില്ല ഉത്സാഹം.
പുലിവന്നാൽപോലുമില്ല വേഗം.
കാലെത്തുമ്പോഴേക്കും
ഓമനിച്ചതിനെ കടിച്ചെടുത്ത്
കുറുക്കൻ
തിരിച്ചു പോകുന്നു.
കയ്യെത്തുമ്പോഴേയ്ക്കും ചോര കുടിച്ച് വീർത്ത്
കൊതുക് പറന്നു പോകുന്നു .
മുന്നോട്ടു മുന്നോട്ടെന്ന് വയർ
അവൾക്കു മുമ്പേ കുതിച്ചു ചാടുന്നു
അനുസരണക്കേട് നന്നല്ല
ആർക്കായാലും .
മുടി കെട്ടാൻ പറഞ്ഞയച്ച കൈ
ചെവിയോളമെത്തി മടങ്ങി വന്നു.
കോണികയറിപ്പോയ കാൽ
കുട്ടികളെപ്പോലെ
താഴേക്കെടുത്തുചാടി.
ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കാതെ
വാക്കുകൾ
മടങ്ങിവന്നു
വെടി പൊട്ടിച്ചാൽ പോലും കൂസാതായി
കാതുകൾ.
ഒരിയ്ക്കൽ
അത്രമേലോമനിച്ച അവളോട്
അവയിങ്ങനെയായാൽ നന്നോ?
പണിയെടുപ്പിച്ചും പട്ടിണിയ്ക്കിട്ടും
അവളവയെ
പരിശീലിപ്പിക്കുന്നു.
വളച്ചും വലിച്ചും മെരുക്കുന്നു.
ഒരിയ്ക്കലോമനിച്ചവ
ഗൗനിയ്ക്കാത്തതിലുള്ള
സങ്കടത്താൽ
നാളെയവൾ മരിച്ചു പോയേയ്ക്കും.
ശകാരിയ്ക്കാനും ശാസിയ്ക്കാനും ആളില്ലാതെ
ക്ഷീണിച്ചുപോയ അവയവങ്ങളെയും
അവളോടൊപ്പം മറവുചെയ്യണേ
അനാഥത്വത്തേക്കാൾ
സങ്കടം
മറ്റെന്തുണ്ട് ഭൂമിയിൽ!

ഡോ .സുഷമ ബിന്ദു (വാക്കനൽ)

By ivayana