അവലോകനം : ചാക്കോ ഡി അന്തിക്കാട് ✍

ലിജോ ജോസ് പല്ലിശ്ശേരി & മമ്മൂട്ടി കൂട്ടുകെട്ടിൽ
ഒരു മാജിക്കൽ-
റിയലിസ്റ്റിക്ക് ക്ലാസ്സിക്‌ ഫിലിം!
ജനുവരി 19ന് പാലക്കാട്‌ ന്യൂ ആരോമയിലെ ഹൗസ് ഫുൾ 1st ഷോ, കുടുംബസമ്മേതം കണ്ടപ്പോൾ തോന്നിയ എളിയ ആസ്വാദനം
ഇപ്പോൾ തിയറ്ററിൽ ഓടുന്ന, (പായുന്ന ജനവും)
തട്ടുപൊളിപ്പൻ തമിഴ് സിനിമകൾക്കിടയിൽ,
പണ്ട് തമിഴിൽ ഭാഗ്യരാജും, ഭാരതിരാജയും,, ബാലചന്ദറും
മാറ്റിമറിച്ച, തമിഴ് ‘എം.ജി. ആർ./ശിവാജി സൂപ്പർ ഹീറോ കൾട്ടി’നെ നിരാകരിച്ച, ഗ്രാമർ ഓർമ്മിപ്പിക്കുന്ന, ശാന്തത, ഗ്രാമീണത, നന്മയുടെ തേൻനൂൽ പാകിയ ജീവിതഗന്ധം നിറഞ്ഞ, കവിത പോലുള്ള സിനിമ!


‘തിരുക്കുറലി’ൽ നിന്നുള്ള ആ തുടക്കം, BGM ആയി പഴയ തമിഴ് പാട്ടുകൾ ചേർത്തുള്ള, ആ നൊസ്റ്റാൾജിക്ക് മൂഡ്!
എല്ലാം,
സിനിമ അതിന്റെ ശരിയായ ദിശ നിർണ്ണയിക്കുമ്പോൾ
സംഭവിക്കുന്ന താളം..ബിംബങ്ങൾ!
നല്ല ധീരത വേണം ഇങ്ങനെയൊരു
സിനിമയെ കുറിച്ചു ചിന്തിക്കാൻ!
ലിജോയുടെ
സ്ഥിരം കാണുന്ന, ആക്ഷേപഹാസ്യ രീതി ഇതിലും നിലനിർത്തിയിരിക്കുന്നു.
അതേ സമയം, കച്ചവട സിനിമയുണ്ടാക്കുന്ന അനാവശ്യ സ്പീഡ് ബോധപൂർവ്വം ഒഴിവാക്കിയിരിക്കുന്നു.


(ലിജോയുടെ പല സിനിമകളിലും അതുണ്ട്.)
സ്ക്രിപ്റ്റ് ആവശ്യപ്പെടുന്ന ‘സ്ലോ പേസ്’ (Natural Rythm of Rural Life) നന്നായി പ്രയോഗിച്ചിരിക്കുന്നു.
(ഗോഥാർദ് ഒക്കെ പ്രയോഗിച്ച, ക്യാമറയുടെ ‘മിസ്സൻസീൻ’ വീണ്ടും ഓർമ്മിപ്പിക്കും. പശ്ചാത്തലം അത്രയ്ക്ക് മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.)
“സിനിമ സ്വപ്നമാണോ…യഥാർഥ്യമാണോ? എന്ന സ്ഥിരം ചോദ്യത്തിന്-ഇതു രണ്ടും ഇടകലർന്ന…ബുദ്ധിപൂർവ്വം ഇഴചേർക്കുന്ന, സംവിധായകന്റെ സ്വപ്നഭൂമികയാണ് സിനിമ”-എന്ന് ഞാൻ പറയും.


അല്ലെങ്കിൽ
‘നൻപകൽ നേരത്ത് മയക്കം’
എന്നെക്കൊണ്ട് പറയിപ്പിക്കും.
ഒരു യാത്രയിൽ, തമിഴ് നാട്ടിലെ ഒരു നാടൻ ഗ്രാമീണ അന്തരീക്ഷത്തിൽ, വണ്ടിയിൽനിന്നും ഇറങ്ങിപ്പോയ ജെയിംസ് (മമ്മൂട്ടി), തികച്ചും അന്യമായ ഒരു ഗ്രാമീണ കർഷക സമൂഹത്തിൽ, താൻ അവിടുത്തെ ഒരു അന്തേവാസിയാണ് എന്ന് ന്യായമായും വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധിയും, അതിനുള്ള സാമൂഹിക-പ്രായോഗിക പരിഹാരവുമാണ് ഈ സിനിമ എന്ന് ചുരുക്കി പറയാം.
കർഷകർക്കുള്ള ഐക്യദാർഢ്യം കൂടിയാണ് ഈ സിനിമയെന്ന് ഉൾക്കാഴ്ച്ചയിലൂടെയും വായിച്ചെടുക്കാം…


ഇതിലെ അശോകന്റെ കഥാപാത്രം ഇടയ്ക്കിടെ പറയുന്ന ഡയലോഗിലെ വിരോധാഭാസം നോക്കണേ: ‘വേഗം പോണം…നാളെ രാവിലെ റേഷൻ കട തുറക്കാനുള്ളതാ!’
ആ റേഷൻ കടയിലേക്കുള്ള ധാന്യം വരുന്നത് ഇതുപോലുള്ള ഗ്രാമങ്ങളിൽ നിന്നാണ് എന്ന സത്യം മറന്നുള്ള പ്രതികരണം!
ആ ഗ്രാമത്തിൽ കുറച്ചു സമയം ചിലവഴിക്കാത്ത, അവരുടെ നന്മ തിരിച്ചറിയാത്ത, (മമ്മൂട്ടിയുടെ ജെയിംസ് അതിനു ശ്രമിക്കുന്നുണ്ട്), ആ ‘കർഷകപ്രേമം’!-കാപട്യം എന്നും, ഈ അഭ്രകാവ്യം പറയുന്നില്ലേ?
ആ നാട്ടിലെ മനുഷ്യർക്ക് ഉറക്കം, സിനിമ കാണൽ, സാധാരണ കാർഷിക ദിനചര്യകൾ മതി, സംതൃപ്തമായ ഒരു ജീവിതം പറയാൻ…അനുഭവിക്കാൻ…
ഒരു തരം ‘സുഫി’ ജീവിത രീതി.


ആർക്കും പരാതിയില്ല… വഴക്കില്ല! (വഴക്ക് പാടില്ല എന്ന് ഒരു സ്ത്രീ പറയുന്നുമുണ്ട്)…എന്തൊരു സുന്ദര ഗ്രാമം!
അവിടെ നമ്മൾ ‘ആധുനികർ’ കടന്നു വരുമ്പോൾ വഴക്കും വക്കാണവും തുടങ്ങുന്നു.
ഈ സിനിമയിൽ, കറുത്ത ഗ്ലാസ് വെച്ച ഒരു അന്ധവൃദ്ധ, ഏതോ പഴയ തമിഴ് സിനിമ കണ്ട്, ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്നത്, (അവർ ഫുൾ ടൈം പഴയ തമിഴ് സിനിമകൾ കണ്ടുകൊണ്ടേയിരിക്കും?), നമ്മുടെ ജീവിത വീക്ഷണത്തിലെ പൊള്ളത്തരം മനസ്സിലാക്കിയിട്ടാണോ? എന്ന് സംശയിക്കേണ്ടി വരും!
മൊത്തം ഫിലിം ഫ്രെയ്മിലെ ജീവിതത്തിൽ,
വിവിധ തട്ടിലുള്ള എത്രയോ ഗ്രാമീണ മനുഷ്യരെ
LJP ഒപ്പിയെടുത്തിരിക്കുന്നു.


(Title മുതൽ)
ഇതിലെ സാധാരണ മനുഷ്യരിൽ ഒരാളായി
മമ്മൂട്ടിയുടെ ജെയിംസ് എന്ന കഥാപാത്രവും.
കൂടെ അന്വേഷിച്ചിറങ്ങിയ
അശോകൻ, രാജേഷ് ശർമ്മ,
ടി. സുരേഷ്ബാബു തുടങ്ങി എല്ലാവരും ചെയ്ത കഥാപാത്രങ്ങൾ, യാതൊരു അതിഭാവുകത്വവും ഇല്ലാതെ, വെറും സാധാരണക്കാർ ആയി മാറുന്ന, സ്ക്രിപ്റ്റിന്റെ മാസ്മരികത!


ഈ അനുഭവിപ്പിക്കൽ, അത് ഒരു പ്രത്യേക തിരക്കഥാ രചനയിലൂടെ, ഫാന്റസിയും യാഥാർഥ്യവും ഇടകലർത്തി മനോഹരമായി എസ്. ഹരീഷ് & ലിജോ ജോസ് പല്ലിശ്ശേരി പറഞ്ഞിരിക്കുന്നു.
ഈ ഗ്രാമം ഒരു കർഷകജീവിതത്തിന്റെ ഊർവ്വര ഭൂമി.
അവിടെയെത്തുന്ന ജെയിംസ്, ഒരു പരകായപ്രവേശനം
നടന്നപോലെ, ഒരു കുടുംബനാഥനായി മാറുന്നു.
കൂടെ യാത്രയ്ക്ക് പോന്നവർ അയാളെ തിരിച്ചു പിടിക്കാൻ കഠിന ശ്രമം നടത്തുന്നു.
ഒടുവിൽ ഒരു ഉറക്കത്തിൽനിന്നും എഴുന്നേറ്റ് വന്നപോലെ അയാൾ പറയുന്നു: ‘പോകാം’…


അവിടെ തിയറ്ററിൽ ചിരിയും കൈയ്യടിയും മുഴങ്ങുന്നു.
ഈ ചിരി പല സീനുകളിലും സ്വാഭാവികമായി, സംഭവിക്കുന്നുണ്ട്.
അത്രയ്ക്ക് വിശ്വസനീയമായാണ് ഇതിലെ ഓരോ കഥാപാത്രവും ‘ബിഹാവ്’ ചെയ്തിരിക്കുന്നത്.


മമ്മൂട്ടിയുടെ ജെയിംസ്, ആ മഹാ നടന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ ഒരേടാണ്. അത് അനശ്വരമായ ഒരു അഭിനയ നിർവ്വചനം കൂടിയാണ്.
മികച്ച ഛായാഗ്രഹണം
മികച്ച സംവിധാനം
മികച്ച അഭിനയം
ധീരമായ സമീപനം!
സിനിമയുടെ ഗ്രാമറിൽ
മറ്റൊരു നാഴികക്കല്ല്!
എല്ലാവരും തിയറ്ററിൽ പോയിതന്നെ
ഈ LJP
സംവിധാനമാന്ത്രികത
അനുഭവിക്കുക…


ആരൊക്കെ എങ്ങനെയൊക്കെ
സിനിമയെ
വെറും മസാല കച്ചവടച്ചരക്കാക്കി
മാറ്റാൻ ശ്രമിച്ചാലും,
സിനിമയുടെ അഭിനയ സ്വാഭാവികത-കവിത്വം-ചിത്രകലയോടുള്ള സാമ്യം-നിശബ്ദത-ഒക്കെ തിരിച്ചു പിടിക്കാൻ,
ലോകത്തിന്റെ
ഏതെങ്കിലും കോണിൽ
ഒരു ‘മൂന്നാംകണ്ണ്’
ഉണർന്നിരിക്കുന്നുണ്ടാവും…
(‘Sculpting in Time’ എന്ന്
തന്റെ സിനിമാ ആത്മകഥയ്ക്ക് തർക്കോവിസ്ക്കി വെറുതെ പേര് കൊടുത്തതല്ല!)

ചാക്കോ ഡി അന്തിക്കാട്

By ivayana