രചന : മനോജ്‌.കെ.സി.✍

ഞാനെന്തിന് നിന്നുടെ പാഴ്മൊഴി കേട്ടു രസിക്കേണം
ഞാനെന്തിന് നിന്നുടെ വൈകൃതമൊക്കെ കണ്ടു മടുത്തു ക്ഷമിക്കേണം
ഞാനെന്തിന് നിന്നുടെ വരയിൽ വരിയായി ചേർന്നു നടക്കേണം
ഞാനെന്തിന് വെറുതെ നിന്നുടെ പൂതിയ്ക്കൊത്തു ചരിക്കേണം
ഞാനെന്തിന് നിന്നുടെ വരവുകൾ കാത്തെൻ കണ്ണു കഴയ്ക്കേണം
ഞാനെന്തിന് നിന്നുടെ കളവുകളെല്ലാം
മൂടിമറച്ചു പിടിക്കേണം
ഞാനെന്തിന് നിന്നുടെ ആഭാസങ്ങൾ കണ്ടു പൊറുക്കേണം
ഞാനെന്തിന് എന്നിൽ പൊടിയും രാസരസാമൃതം
നിന്നുടെ ഉള്ളിൽ തൂവേണം
ഞാനെന്തിന് നിന്നിൽ നേർവഴികാട്ടി നിന്നുടെ ശാപമതേൽക്കേണം
ഞാനെന്തിന് പുഴുക്കൾ നുരയ്ക്കും
നിന്നുടെ മേധയിലേക്കെൻ
രാഗപരാഗം വിതറേണം
നിന്നുടെ ഉള്ളം കണ്ടുമടുത്ത് ഋതുഭേദങ്ങളും
തോറ്റൊരു വേളയിൽ
ഞാനെന്തിന് അതിലെന്നുള്ളം ചേർത്തു കൊരുക്കേണം
ഞാനെന്തിന് നിന്നുടെ നിനച്ചിരിയ്ക്കാ നിറഭേദങ്ങളിൽ പ്രജ്ഞകളറ്റ് പിടയേണം
ഞാനെന്തിന് നിന്നുടെ മ്ലേച്ഛത കേൾക്കാൻ കാതുതുറക്കേണം

By ivayana