ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ഷാ ലി ഷാ ✍

വർഷാവസാനം അവളൊന്നു വിളിക്കും..
‘ഹലോ’യ്ക്കിപ്പുറം അഞ്ചു മിനിറ്റ്
ശ്വാസങ്ങൾ മാത്രം മിണ്ടും..
ഇടക്കൊരു മൗനമുനമ്പ്
വഴിതെറ്റിക്കയറിയിട്ടെന്ന പോലെ
മൂക്കൊന്നു ചുവക്കും
അയാളൊരു തുമ്മലിൽ ഞെട്ടും
“അച്ചായൻ ഓക്കെയല്ലേ..?”
തൊണ്ടയിലിറക്കിയ ഒച്ച്
തിരിച്ചു കയറും പോലെ
നേർത്ത് വലിഞ്ഞൊരൊച്ച
ഇത്തിരിയുയിരോടെ വീണു പിടയ്ക്കും
കൊഴുപ്പ് പുരണ്ടാവണം
ശബ്ദത്തിനിത്തിരി പഴക്കമെന്നോർക്കും..
അയാൾ മെല്ലെ ചിരിക്കും
ഒറ്റക്കയ്യിലൂന്നി
ഞെരിഞ്ഞെണീക്കും..
വടക്കോട്ട് വേച്ചു നടക്കും
ജനലഴിയിൽ താങ്ങി നിർത്തും
ഗേറ്റിനപ്പുറത്തെ റോഡിനെ
പഴയൊരു ഇടവഴിയാക്കും..
രണ്ടുമാത്ര തൊണ്ട വഴക്കി
ചെമ്പരത്തിക്കിടയിലൂടെ
ഇടവഴികാണും..
ബോഗൺവില്ല മറയിടും വരെ
ഒരു നോട്ടം വെട്ടിയൊഴിഞ്ഞും
തട്ടിത്തെറിച്ചും കണ്ണിൽ വന്നു നിറയും
കണ്ണോന്നിറുക്കിയടക്കും..
“അതേ… സുഖാണ്…!”
മൗനം പിന്നെയുമൊരു
കടൽച്ചുഴി കണക്കെ ആർത്തു കറങ്ങും..
ചുഴറ്റിയെടുത്ത് നിലത്തടിക്കും
ഉപ്പുമേഘങ്ങൾ കണ്ണുകനപ്പിക്കവേ
അയാളൊന്നു കിതയ്ക്കും
സ്വപ്നം കണ്ടിരുന്നെന്ന് പറയും
പ്രതീക്ഷിച്ചിട്ടെന്നപോലെ
അവളൊന്നു ചിരിക്കും..
വിഷാദത്തിന്റെ ക്ലാവ് പിടിച്ച്
പച്ചച്ചു മങ്ങിയ
വെറും ചിരിയിലും
അയാൾ തളിർക്കും
കിനാക്കളുടെ കെട്ടഴിക്കും
പറുദീസയിലെ വീഞ്ഞു പോലെ
പതഞ്ഞുനുരയും..
പറഞ്ഞു തീരും മുന്നേ
ഒരു തേങ്ങൽ കേൾക്കും
കടുത്തൊരു ഉമ്മകാറ്റിൽ നിശ്ചലനാവും
“അച്ചായാ” എന്നൊരു വിളി
നെഞ്ചിലാഞ്ഞു പതിക്കവെ
ഇരിക്കാനൊരു ഇടം പരതും..
അത്രയും കാലങ്ങളെ ഓർത്തെടുത്ത
ഭാരം കൊണ്ടവളിടറുന്നതറിയും
അയാൾ കൈ വിരിക്കും
അവൾ ചുവരിൽ നെഞ്ചൊട്ടി നിൽക്കും..
മാലാഖമാരൊക്കെയും തന്നിലേക്ക്
തിരിയവേ ദൈവം തല താഴ്ത്തും..
പിന്നെ വിളിക്കാ ട്ടൊ…
എന്നൊരു ഞരക്കത്തോടെ
അവൾ മറുപടി കാക്കാതെ
മുറിഞ്ഞു വീഴും
അയാളൊരു ഒച്ചു പോലെ അടുത്ത വർഷാവസാനത്തിലേക്കിഴയും…

By ivayana