അനീഷ് കൈരളി ✍

അധികമാരും കേട്ടിട്ടുണ്ടാവില്ല ഈ സ്ഥലത്തെക്കുറിച്ച് ,തിരുവനന്തപുരംകാർക്ക് വൺ ഡേ ട്രിപ്പിനു പറ്റിയ സ്ഥലങ്ങളിൽ ഒന്ന് . എൻ്റെ personal favourite tourist spot കൂടിയാണ് വാഴുവാന്തോൾ.
കാടും, കാട്ടരുവിയും, വെള്ളച്ചാട്ടവും കാടിനെ തൊട്ടറിഞ്ഞ് കാടിൻ്റെ സ്വാഭാവിക വൈബിൽ ആസ്വദിക്കാൻ തയ്യാറുള്ളവർക്ക് ഇവിടേക്ക് പോകാം.
തിരുവനന്തപുരത്തു നിന്ന് 40 കിലോമീറ്ററാണ് ദൂരം.


നെടുമങ്ങാട് വിതുര പൊന്മുടി റോഡിൽ തേവിയോട് തിരിഞ്ഞ് ഐസർ ബോണക്കാട് റോഡിലൂടെ 8-കിലോമീറ്റർ യാത്ര ചെയ്ത് കാണിത്തടം എത്താം.
കാണിത്തടം ചെക്ക്പോസ്റ്റിൽനിന്ന് പാസ്സ് എടുക്കണം പത്തു പേർ അടങ്ങുന്ന ടീമിന് 1500 രൂപയാണ് പാസ്സ്.അവിടെ നിന്നും ഒരു കിലോമീറ്റർകൂടി വാഹനത്തിൽ പോകാം. പിന്നീട് 2. കിലോമീറ്റർ വനത്തിലൂടെ കാൽനടയാത്ര. കാട്ടരുവിയുടെ ഓരം ചേർന്നാണ് യാത്ര. നടക്കാൻ താത്പര്യമില്ലാത്തവർക്ക് പാതി വഴിയിൽ വിശ്രമിച്ച്, കാടിൻ്റെ സ്വന്ദര്യം ആസ്വദിച്ച് കാട്ടരുവിയിൽ കുളിച്ച് തിരിച്ച് പോരാം.


കാടിന്റെ ഉള്ളറകളിലൂടെ അരുവിയായി ഒഴുകിയെത്തി പാറക്കെട്ടിലൂടെ താഴേക്കു പതിക്കുന്ന വാഴുവാന്തോൾ വെള്ളച്ചാട്ടം മലയോരമേഖലയിലെത്തുന്ന സഞ്ചാരികളുടെ പറുദീസയാണ്.പിന്നെ ആഹാരം കയ്യിൽ കരുതണം, കാട്ടരുവിയിലെ വെള്ളമല്ലാണ്ട് മറ്റൊന്നും ഇവിടെ കിട്ടില്ല.
മലനിരകളിൽ നിന്ന് പതഞ്ഞൊഴുകിയെത്തുന്ന കരമനയാറ്റിൽ ഉരുളൻ പാറക്കൂട്ടങ്ങളാൽ നിറഞ്ഞ് മനോഹരമാണ് ഈ പ്രദേശം.


ഔഷധസസ്യങ്ങൾ നിറഞ്ഞ മലകളിലൂടെ ഒഴുകിയെത്തുന്ന വാഴുവാന്തോൾ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്നു. മൂന്നു നാലു തട്ടുകളായുള്ള ഈ മനോഹര വെള്ളച്ചാട്ടം കാണുമ്പോഴുണ്ടാകുന്ന ഫീൽ 2 കിലോമീറ്റിർ നടത്തത്തിൻ്റെ ക്ഷീണം അപ്പടി ഇല്ലാതാക്കുന്നു.
(പ്രകൃതിസൗന്ദര്യം നാളെയുടെ തലമുറക്കും അവകാശപ്പെട്ടതാണ്, മുറിവേൽപ്പിക്കാതെ ആസ്വദിക്കാം )

അനീഷ് കൈരളി

By ivayana