രചന : ഉണ്ണി കെ ടി ✍

ഞാനും നിന്നെപ്പോലെ
ഉറങ്ങാതെയിരിക്കയാണ്,
രാവുവളരുന്നത്‌ എന്‍റെ
ജാലകപ്പഴുതിലൂടെ കാണാം…
ചന്ദ്രനുദിക്കാത്തമാനത്ത്
ഒരേകാന്തതാരകം വിരണ്ടു
നില്ക്കുന്നതും ഞാന്‍കാണുന്നു!
ഞാനും നിന്നെപ്പോലെ
ഉറങ്ങാതെയിരിയ്ക്കയാണ്…,
പകല്‍വെളിച്ചത്തില്‍ നാളെ
നമ്മള്‍ പരസ്പരം കാണുമ്പോള്‍
ചൊല്ലേണ്ടും കൈതവങ്ങള്‍ക്കൊരാമുഖംതേടി ഞാനും
ഉറങ്ങാതെയിരിക്കയാണ്!
പ്രണയത്തിന്റെ അര്‍പ്പണത്തിന്റെ
വിശ്വാസത്തിന്റെ നേരല്ലാത്ത
വാഗ്ദാനങ്ങള്‍ ആത്മാര്‍ത്ഥതയോടെ
നിന്‍റെ കാതോരത്ത് ചുണ്ടുരുമ്മി
ഞാന്‍ ചൊല്ലും….
പ്രണയപരവശമെങ്കിലും നിന്‍റെ
കണ്ണിണകളില്‍ പൂക്കുന്ന കൈതവം
ഞാനറിയുന്നുണ്ട്!
വിടചൊല്ലി പിരിയുമ്പോള്‍
നിന്നില്‍ ഒരു നഷ്ടബോധവും
ഉണ്ടാകരുത്….
ഇടവേളയിലെ നേരമ്പോക്കുപോലെ
നീ നടന്നകലുന്നത് ഞാനും
നോക്കി നില്ക്കും.
നീ കേള്‍ക്കുന്നുണ്ടോ…?
പിറകിലാരോ വിതുമ്പുണ്ട്…,
അനാദികാലം മുതല്‍
കബളിപ്പിക്കപ്പെടുന്ന പ്രണയം
പിന്തുടര്‍ച്ചകളിലെ വിഫലതയോര്‍ത്ത്
വിതുമ്പുകയാണ്…..
ദിശാസൂചകങ്ങള്‍ നയിക്കുന്ന
വഴിപ്പരപ്പിലേക്കങ്കലാപ്പില്ലാതെ
നടന്നുമറയുമ്പോള്‍ എതിര്‍ദിശയില്‍
പണിതെടുത്ത പാതകളില്‍
ഇനിയും മാറ്റുരയ്ക്കാന്‍ ഒരു
പ്രണയവുംതേടി നമ്മളലയും…!
നിന്‍റെ ഗമനങ്ങളില്‍ നീ തുടരുക,
ഇനി നമ്മളപരിചിതര്‍! ജന്മാന്ത-
രങ്ങളുടെ പാതയില്‍ പരസ്പ്പരം
പരിചയം നടിക്കാനിടയില്ലാത്തവിധം അപരിചിതര്‍!!

ഉണ്ണി കെ ടി

By ivayana