രചന : ശ്രീകുമാർ എം പി✍

കാറ്റു വരും കൊടുങ്കാറ്റു വരും
മാരി വരും പേമാരി വരും
വേനൽ വരും കടുംവേനൽ വരും
മഞ്ഞും വസന്തവും മാറി വരും
കാൽച്ചുവട്ടിൽ മണ്ണൊലിച്ചു പോകാം
കാറ്റിലുലഞ്ഞു ചരിഞ്ഞു പോകാം
കണ്ണിൽ പൊടി കേറി കാഴ്ച മങ്ങാം
കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു പോകാം
മിന്നൽ വെളിച്ചത്തിൽ കണ്ണഞ്ചിടാം
വെള്ളിടി വെട്ടി നടുങ്ങിപ്പോകാം
കണ്ണിലിരുട്ടു നുഴഞ്ഞുകേറാം
കാതടഞ്ഞൊട്ടു പകച്ചു പോകാം
കരളിൽ കനലുയർന്നു പൊങ്ങാം
കതിരോനെപോൽ ജ്വലിച്ചു നില്ക്കാം
കാലസ്വരൂപനാമീശ്വരനീ
കാര്യങ്ങൾക്കൊക്കെയും സാക്ഷിയല്ലൊ
ഒട്ടൊരു ദു:ഖപ്പടവിലൂടെ
മെല്ലെ ചുവടുകൾ വച്ചു പോയാൽ
വേദം ഗ്രഹിച്ചു നാം വേദനകൾ
മെല്ലെ സഹിച്ചു നടന്നു പോയാൽ
ഇക്കാലമങ്ങു കഴിഞ്ഞു പോകും
ഇലകൾ കൊഴിഞ്ഞു തളിർക്കും വീണ്ടും
ചെന്തീയണഞ്ഞിട്ടു ചന്ദനത്തിൻ
ചാരുസുഗന്ധം പരക്കുമപ്പോൾ
പൊന്നൊളി ചിന്നും കിനാക്കളോടെ
പിന്നേം വസന്തം ചിരിച്ചു വരും
ചാരത്തു പൂക്കൾ വിടർന്നു നില്ക്കും
ചെമ്മാനം മുത്തുക്കുട പിടിക്കും
നല്ല ഫലങ്ങൾ വിളയും പിന്നേം
നൻമധുവൂറും മധുരമേകും
കാലം തെളിയുന്നാ കാലമെത്തെ
കവിത വിരിയുന്നുഷസ്സു കാണാം !

ശ്രീകുമാർ എം പി

By ivayana