രചന : ശ്രീകുമാർ എം പി✍

ആകാശത്തിലെ
അനേകം നക്ഷത്രങ്ങളിലൊന്നും,
അവയൊക്കെ
ഓരോ സൂര്യനായിരുന്നിട്ടും
അപ്രകാരം നടിയ്ക്കുന്നില്ല.
തങ്ങൾ വമ്പിച്ച
ഊർജ്ജ സ്രോതസ്സുകളാണെന്നൊ
ഉജ്ജ്വലമായ തേജസ്സുതിർക്കുന്നെന്നൊ
അവ ഭാവിയ്ക്കുന്നില്ല.
ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയടങ്ങുന്ന
ഒരു വൃന്ദം തങ്ങൾക്കു ചുറ്റും
പ്രദക്ഷിണം വയ്ക്കുന്നതായും
അവ കരുതുന്നുണ്ടാവില്ല.
പ്രപഞ്ചവ്യവസ്ഥയിൽ
സ്വന്തം ദൗത്യങ്ങൾ
ഭംഗിയായി നിർവ്വഹിയ്ക്കുകയാവാം
അവയെല്ലാം ചെയ്യുന്നത്.
പ്രപഞ്ചരഥം
തനത് വ്യവസ്ഥകളോടെ
ആദിമധ്യാന്തങ്ങൾ
നിർണ്ണയിയ്ക്കാനാവാത്ത വിധം
അവർണ്ണനീയമായ പ്രയാണത്തിലാണ് .
എന്നാൽ,
ഭൂമിയിലെ മനുഷ്യരിൽ പലരും
സ്വയം സൂര്യനായി കരുതുന്നു.
തങ്ങൾ കേന്ദ്രസ്ഥാനത്തായിരിയ്ക്കണമെന്നും
മറ്റുള്ളവരേക്കാൾ ഉന്നതരായിരിയ്ക്കണമെന്നും
മറ്റുള്ളവർ തന്റെ സാമന്തൻമാരായിരിയ്ക്കണമെന്നും
അവർ ആഗ്രഹിയ്ക്കുന്നു.
തന്നെ കേന്ദ്രമാക്കി ചലിയ്ക്കുന്ന
ഒരു വൃന്ദമായാണ് മറ്റുള്ളവർ
വർത്തിയ്ക്കേണ്ടതെന്നും
അവർ സ്വപ്നം കാണുന്നു.
ദൗത്യനിർവ്വഹണത്തിനപ്പുറം
അഹംഭാവത്തിെന്റെ താങ്ങാനാവാത്ത
ഒരു കിരീടം അവർ അണിരിയ്ക്കുന്നു !
അവരുടെ
ഈ മനോഭാവത്താൽ
വ്യക്തികൾ തമ്മിലും
കുടുംബങ്ങൾ തമ്മിലും
സ്ഥാപനങ്ങൾ തമ്മിലും
രാജ്യങ്ങൾ തമ്മിലും
അസ്വസ്ഥതകളും സംഘർഷങ്ങളുമുണ്ടാകുന്നു.
അതിലൂടെയുണ്ടാകുന്ന
വിഷധൂമങ്ങൾ ക്രമേണ
അന്തരീക്ഷത്തിലേയ്ക്കും
ആകാശത്തിലേയ്ക്കും
വ്യാപിയ്ക്കുന്നു.
ദൈവമെ !
ലോകപ്രപഞ്ചവ്യവസ്ഥകളുടെ
സ്വാഭാവിക മേൻമകളെ
ദുർബ്ബലപ്പെടുത്തി
പിന്നോട്ടടിച്ചു
മുരടിപ്പിയ്ക്കുവാനായി
ഇനി ഇത്തരം സൃഷ്ടികളും
ഈ വ്യവസ്ഥയുടെതന്നെ
ഭാഗമായിരിയ്ക്കുമൊ !!
,,,,,,


ശ്രീകുമാർ എം പി

By ivayana