അവലോകനം: അഖിലേഷ് പരമേശ്വർ ✍


കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മെൻസ്ട്രൽ കപ്പിന്റ പ്രചാരണത്തിന് 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്.
ന്യൂസ്‌ കണ്ടപ്പോൾ എന്റെയൊരു സുഹൃത്തിന്റെ ചോദ്യം വന്നത് അത് എന്താണ് സംഗതി എന്നായിരുന്നു..
ആദ്യം ചിരിയാണ് വന്നതെങ്കിലും കക്ഷിയുടെ ചോദ്യം ആത്മാർത്ഥമാണെന്നും സംഗതിയേപ്പറ്റി വലിയ അവബോധം വന്നിട്ടില്ലെന്നും വ്യക്തമായി.
ആള് ഫേസ്ബുക്കിലൊന്നും അത്ര ആക്റ്റീവ് അല്ലാത്ത കൊണ്ടാവും കൊണ്ട് പിടിച്ച ചർച്ചകളൊന്നും കണ്ടിട്ടില്ല.


എന്തായാലും മെൻസ്ട്രൽ കപ്പ്‌ എന്താണെന്നും ഉപയോഗിക്കേണ്ട രീതിയുമൊക്കെ പറഞ്ഞതും പുള്ളിക്കാരിയുടെ കണ്ണ് തള്ളി…
യ്യോ എനിക്കിതൊന്നും പറ്റൂല എങ്ങാനും കുടുങ്ങി പോയ എന്ത് ചെയ്യും? പിന്നെ ലീക്കാവില്ല എന്ന് എന്താണ് ഉറപ്പ്? അലർജി ഉണ്ടാവില്ലേ?സംശയങ്ങളുടെ നീണ്ട നിരയ്‌ക്കൊപ്പം ഇതിനൊക്കെ 10 കോടി നീക്കി വയ്ക്കേണ്ട കാര്യമുണ്ടോ എന്നൊരു ചോദ്യം കൂടി വന്നു.
പ്രിയപ്പെട്ടവരേ, പണ്ട് സാനിറ്ററി നാപ്കിന്റെ കടന്ന് വരവ് വൻ വിപ്ലവമായിരുന്നു..നാപ്കിൻ കണ്ടുപിടിച്ച ആൾക്ക് നേരിടേണ്ടി വന്ന അവഗണന ചില്ലറയല്ല.
സാധാരണ കോട്ടൺ തുണികളിൽ നിന്നും പാഡിലേക്ക് മാറാൻ സ്ത്രീകൾ അല്പം സമയമെടുത്തെങ്കിലും ഇന്ന് തുണി മടക്കി കൊണ്ട് നടക്കുന്നവരെ കാണാൻ കിട്ടില്ല.
അന്നും ഭയമുണ്ടായിരുന്നു ചോദ്യങ്ങളുണ്ടായിരുന്നു എതിർ സ്വരങ്ങളുണ്ടായിരുന്നു.പക്ഷേ കാലക്രമേണ അതിന് മാറ്റം വന്നു.. വിവിധ കമ്പനികളുടെ നാപ്കിൻ വന്നു.അതിൽ തന്നെ വിങ്സ് ഉള്ളത് ഇല്ലാത്തത് അങ്ങനെ പലതരം.


ഇപ്പോൾ നാപ്കിൻ ഒന്ന് കൂടി അപ്ഡേറ്റ് ആയി, അതാണ് മെൻസ്ട്രൽ കപ്പ്.
എന്നാൽ രാജ്യത്ത് വിൽക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ സാനിറ്ററി പാഡുകൾ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ട് അധികകാലമായില്ല.
അപകടകാരിയായ രാസവസ്തുക്കൾ ഇവയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.


സാനിറ്ററി പാഡുകളുടെ അപകടാവസ്ഥ ചർച്ചയാവുമ്പോഴും മെൻസ്ട്രൽ കപ്പിനോട് ആളുകൾക്കുള്ള വിമുഖതയ്‌ക്ക് കുറവൊന്നുമില്ല, കൂടാതെ ഇപ്പോഴും അതിനെപ്പറ്റി സ്ത്രീകൾക്ക് കൃത്യവും വ്യക്തവുമായ അവബോധമുള്ളതായും കാണുന്നില്ല..
ഒരുപക്ഷെ നാപ്കിന് ലഭിച്ച പ്രചാരണം കിട്ടാത്തത് കൊണ്ടാവാം അതുമല്ലെങ്കിൽ മേൽ പറഞ്ഞ സുഹൃത്ത് പങ്ക് വച്ചത് പോലുള്ള ആശങ്കകളുമാകാം..
ചർച്ച ചെയ്യപ്പെട്ട വിഷയമെന്ന് തോന്നുന്നവരോട് – അത്ര മേൽ ചർച്ചിക്കപ്പെട്ട് 100 % ജനങ്ങളിൽ എത്തിയ കാര്യമായിരുന്നു എങ്കിൽ സർക്കാർ 10 കോടി വകയിരുത്തി ഇനിയും പ്രചാരണം നടത്തേണ്ട കാര്യമില്ലല്ലോ..
അപ്പൊ നമുക്ക് നോക്കാം എന്താണ് മെൻസ്ട്രൽ കപ്പ് – അതിന്റെ ഉപയോഗം – ഗുണങ്ങൾ – ദോഷങ്ങൾ – മറ്റ് കാര്യങ്ങളെന്തൊക്കെ.

നിർമിതി.

ഉയർന്ന നിലവാരമുള്ള (മെഡിക്കൽ ഗ്രേഡ് )സിലിക്കൺ റബർ കൊണ്ട് നിർമ്മിച്ച വഴക്കമുള്ള ഫണൽ ആകൃതിയിലുള്ള കപ്പാണിത്.
എന്ത് കൊണ്ട് സിലിക്കൺ?
വളരെ താഴ്ന്നതും ഉയർന്നതുമായ താപനിലകളിൽ പ്രയോഗിക്കാം,കാറ്റും വെളിച്ചവും ഈർപ്പവും ഒന്നും തന്നെ ഈ വിഭാഗം റബ്ബറുകളെ പ്രതികൂലമായി ബാധിക്കുന്നില്ല.
മനുഷ്യ ശരീരത്തിനകത്തും പുറത്തും ഹാനികരമായതോ, അഹിതമായതോ ആയ യാതൊരുവിധ പരിണാമങ്ങളോ പ്രക്രിയകളോ സിലിക്കോൺ ഉണ്ടാക്കുകയില്ല.


കപ്പിന്റെ ഗുണങ്ങൾ
സാനിറ്ററി നാപ്കിന് ചിലവാക്കുന്ന പണത്തിന്റെ ലാഭത്തിന് പുറമേ ആരോഗ്യപരമായ സംരക്ഷണം കൂടി കപ്പ് ഉറപ്പ് വരുത്തുന്നു.
ഒരു സ്ത്രീ ആർത്തവം തുടങ്ങി അവസാനിക്കുന്ന കാലം വരെയും 11000 സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉപയോഗിച്ച ശേഷം ഇത് നശിപ്പിച്ചു കളയാനുളള ബുദ്ധിമുട്ടും അത് വഴിയുള്ള പ്രകൃതിപരമായ ദോഷങ്ങളും ഒഴിവാക്കപ്പെടും.
ഒരു കപ്പ് വാങ്ങിയാല്‍ 10 വര്‍ഷം ഉപയോഗിക്കാന്‍ സാധിക്കും.
നന്നായി കഴുകി വൃത്തിയാക്കി ഉപയോഗിക്കാന്‍ സാധിക്കും.
മീഡിയം ഫ്ലോ ഉള്ളവർക്ക് ഏറ്റവും കൂടിയത് ഏഴ് മണിക്കൂർ അതിനുള്ളിൽ പാഡ് മാറ്റേണ്ടി വരും. ഇനി ഹെവി ഫ്ലോ ഉള്ളവർക്ക് ആറ് മണിക്കൂറിനുള്ളിൽ പാഡ് മാറ്റണം. ടി വ്യക്തി യാത്ര ചെയ്യുകയോ മറ്റെന്തെങ്കിലും കാര്യത്തിലോ ആണെങ്കിൽ ഈ സമയപരിധി ബുദ്ധിമുട്ട് ഉണ്ടാക്കും ഇവിടെയാണ് കപ്പിന്റെ മറ്റൊരു ഗുണം..
ഒരു കപ്പ് തുടർച്ചയായി 12 മണിക്കൂർ സമയം ഉള്ളിൽ തന്നെ നിലനിർത്താം, അതിന് ശേഷം പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം.
പാഡ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടോ വിയർപ്പോ അലർജി പ്രശ്നങ്ങളോ ഉണ്ടാകില്ല.


ആർത്തവമുള്ള ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്നതാണ്, പ്രായമോ ശരീരഘടനയോ പ്രശ്നമല്ല.
അവിവാഹിതർക്കും വിവാഹിതർക്കും പ്രസവം കഴിഞ്ഞവർക്കുമെല്ലാം ഇതുപയോഗിക്കാം.
കപ്പ് ഉപയോഗം ലൈംഗിക ബന്ധത്തിന് പ്രശ്നമാകുന്നില്ല. ഓടിയാലോ ചാടിയാലോ ഇരുന്നാലോ കമഴ്ന്നാലോ ചരിഞ്ഞു കിടന്നാലോ കപ്പിന്റെ പൊസിഷന്‍ മാറി ലീക്കിംഗ് ഉണ്ടാകുമെന്ന ഭയവും വേണ്ട.
ആര്‍ത്തവ രക്തം പുറത്തേക്ക് വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിക്കുന്നത് കൊണ്ട് ഈര്‍പ്പം, രക്തത്തിന്റെ നനവ് എന്നിവ കൊണ്ടുണ്ടാകുന്ന അസ്വസ്ഥത ഉണ്ടാകില്ല.
വജൈനയിലെ PH നെ ഒരു തരത്തിലും ബാധിക്കുന്നില്ല.
വളരെ കനം കുറഞ്ഞതായതു കൊണ്ട് കപ്പ് അകത്തിരിക്കുന്നുണ്ടെന്ന തോന്നൽ പോലും ഉണ്ടാകില്ല.


സൈസ്
സ്മാൾ, മീഡിയം, ലാർജ് എന്നിങ്ങനെയുള്ളതിൽ ഓരോരുത്തരുടേയും സൈസ് ഇപയോഗിച്ച് തന്നെ കണ്ടെത്തുക.
അനുയോജ്യമായ അളവിലുള്ള കപ്പ് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഉപയോഗക്രമം
ആദ്യമായി ഉപയോഗിക്കുന്നതിന് മുൻപ് തിളപ്പിച്ച ശുദ്ധജലത്തിൽ അഞ്ച് മിനിറ്റ് ഇട്ടു വയ്ക്കണം.
പുറമേ വയ്ക്കുന്ന പാഡിൽ നിന്ന് വ്യത്യസ്ഥമായി വജൈനയ്ക്ക് ഉള്ളിലേക്ക് കടത്തി വയ്ക്കുന്ന രീതിയിലാണ് കപ്പുകളുടെ നിർമാണം.
ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഭയം തോന്നിയേക്കാം എന്നാൽ അതിന്റെ ആവശ്യമില്ല.


കപ്പ് C ( സി ) ഷെയ്പ്പിൽ മടക്കിപ്പിടിച്ച് വജൈനയിലേക്ക് കടത്തി വയ്ക്കുകയാണ് വേണ്ടത്.
കൃത്യമായോ എന്ന സംശയം തോന്നിയാൽ പതുക്കെ ഒന്ന് കറക്കി കൊടുക്കുക, അതുമല്ലെങ്കിൽ ഫോൾഡ് ചെയ്തു ഉള്ളിലേക്ക് വച്ച ശേഷം കപ്പിന്റെ ലോവർ എന്റിൽ ഒന്ന് പ്രസ്സ് ചെയ്‌താൽ കപ്പ് ഓപ്പൺ ആയി വാക്വം സീൽ ആവും.
പുറത്തേക്ക് എടുക്കാൻ ആദ്യം ലോവർ എന്റിൽ അതായത് V (വി) പോലെ വരുന്ന ഭാഗത്ത് പ്രസ്സ് ചെയ്ത ശേഷം പതിയെ വലിച്ചെടുക്കുക.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
» പ്രസവം കഴിഞ്ഞ് ആറാഴ്ച്ച കപ്പ് ഉപയോഗിക്കാൻ പാടില്ല.
» കപ്പ് ഉള്ളിലേക്ക് വയ്ക്കുമ്പോഴും പുറത്തേക്ക് എടുക്കുമ്പോഴും കൈകൾ വൃത്തിയായി കഴുകേണ്ടതാണ്.
» പുറത്ത് എടുത്താൽ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം തിരിച്ച് വയ്ക്കുക.
» ഒരു പീരീഡ്‌സ് സർക്കിൾ കഴിഞ്ഞാൽ കപ്പ് വെള്ളത്തിലിട്ട് പത്ത് മിനുട്ട് തിളപ്പിച്ച ശേഷം കഴുകി തുടച്ച് എടുത്തു വയ്ക്കാം.


തെറ്റിദ്ധാരണകൾ
എല്ലായിടത്തും തെറ്റിദ്ധാരണകൾ സാധാരണമാണ്..കപ്പിന്റെ കാര്യത്തിൽ തിരുത്തേണ്ട ചില തെറ്റിദ്ധാരണകൾ ഇവയാണ്.
1 – ലീക്ക് ആകുമോ?

  • കപ്പ് കൃത്യമായി ഇൻസേർട്ട് ചെയ്‌താൽ ലീക്ക് ആകുമെന്ന ഭയം വേണ്ട.
    2 – കന്യാചർമം പൊട്ടുമോ?
  • കന്യാചർമം എന്ന നേർത്ത പാളി പലപ്പോഴും ഓടുക, ചാടുക, നീന്തുക, സൈക്കിൾ ചവിട്ടുക ഈ സന്ദർഭങ്ങളിൽ പൊട്ടിപ്പോകുന്ന ഒന്നാണ് എന്തായാലും കപ്പ് വച്ച കൊണ്ട് പൊട്ടിപ്പോവില്ല.
    3 – വജൈന വികസിക്കുമോ?
  • ഒറ്റ വാക്കിൽ ഇല്ല..വജൈനയ്ക്ക് സ്വാഭാവികമായി ചുരുങ്ങാനും വികസിയ്ക്കാനും കഴിവുണ്ട്.
    4 – യൂട്രസ് ഇറങ്ങിപ്പോകുമോ?
  • ഇല്ല.
    5 – മൂത്രവിസര്‍ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമോ?
  • മൂത്ര വിസര്‍ജനവും കപ്പിന്റെ പൊസിഷനും രണ്ടും രണ്ട് ദിക്കിലാണ് വരിക ആയതിനാല്‍ പ്രശ്നമില്ല.
    6 – ടോക്സിക് ഷോക്ക് സിൻഡ്രോം?
  • നാപ്കിനുകളോ ടാംപൂണുകളോ കൂടുതൽ നേരം ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന അപകടകരമായ ബാക്ടീരിയ രോഗമാണ് ടോക്സിക് ഷോക്ക് സിൻഡ്രോം.
    മെൻസ്ട്രൽ കപ്പ്‌ സിലിക്കോൺ നിർമിതമായതിനാൽ ആ പ്രശ്നവും ഉണ്ടാകുന്നില്ല.
    എല്ലാത്തിലും ഗുണങ്ങൾക്കൊപ്പം അല്പം ദോഷങ്ങളും കാണുമല്ലോ! എല്ലാം നൂറ് ശതമാനം പെർഫെക്ട് ആവുകയില്ല.മെൻസ്ട്രൽ കപ്പിന്റെ നെഗറ്റീവ് സൈഡ് കൂടി നോക്കാം.

  • നെഗറ്റീവ്
    1 – സമയം
    യാത്ര ചെയ്യുന്ന സമയം, പബ്ലിക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വരുമ്പോൾ കൃത്യമായ സമയത്ത് കപ്പ് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥ എന്നിവയിൽ സമയമൊരു വില്ലനാണ്.
    നിശ്ചിത സമയം കഴിഞ്ഞ് കപ്പ് റിമൂവ് ചെയ്ത് വൃത്തിയാക്കിയില്ലെങ്കിൽ അലർജിയുണ്ടാകാം.
    നമ്മുടെ നാട്ടിലെ പബ്ലിക്ക് ടോയ്ലറ്റുകളിലെ വൃത്തിക്കുറവ് കാരണം പലരും അത് ഉപയോഗിക്കാറില്ല അപ്പൊ പിന്നെ കപ്പിന്റെ വൃത്തിയാക്കൽ ചോദ്യച്ചിഹ്ന്മാണ്.
    2 – വൃത്തി
    ശരിയായ രീതിയിൽ ക്ലീൻ ചെയ്ത് ഉപയോഗിച്ചില്ലെങ്കിൽ അലർജിയും അണുബാധയുമുണ്ടാകാൻ സാധ്യതയുണ്ട്.
    3 – വാജിനൽ റാഷസ് / വേദന
    ചിലരിലെങ്കിലും വാജിനൽ റാഷസോ വേദനയോ ഉണ്ടാകും. അത്തരമൊരു അവസ്ഥ ഉള്ളവർക്ക് കപ്പ് പറ്റില്ല.
    ഒന്നിനെ ഇകഴ്ത്തി മറ്റൊന്നിനെ ഉയർത്താനല്ല ഉദ്ദേശിക്കുന്നത്. പുതിയ മാറ്റങ്ങൾ നല്ലതിനാണെങ്കിൽ അതിനെ ഉൾക്കൊള്ളുക..
    “എന്റെ ശരീരം എന്റെ അവകാശം” സ്വന്തം ശരീരത്തെ അവനവനേക്കാൾ നന്നായി മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല, ആയതിനാൽ ഓരോരുത്തരും അവരവർക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക.

By ivayana