രചന : മധു മാവില✍

കമ്പനിക്കാർ പത്രപ്പരസ്യം കൊടുക്കുന്നത് പണ്ട് ഉൾപേജിലായിരുന്നു.
എത്ര പരസ്യം കൊടുത്തിട്ടും ജനങ്ങൾ
മൈൻഡ് ചെയ്യുന്നില്ല പോലും. പരസ്യങ്ങളിൽ വിശ്വാസമില്ലാത്ത ജനങ്ങളുടെ നാട്യം കണ്ടാലൊ ISR0 ശാസ്ത്രജ്ഞൻ്റെ ഭാവവും.
ഉൾപേജിലെ പരസ്യം ആരും നോക്കുന്നില്ലന്നും വായിക്കുന്നില്ലന്നും പത്രമുത്തശ്ശിമാർ നേരത്തെ തന്നെനേരോടെ നിർഭയമായ് വൻകിടക്കാരായ മുതലാളിമാരോട് തുറന്ന് പറഞ്ഞു.


രണ്ടാൾക്കും ഗുണമുള്ള കാര്യത്തിനെ മുതലാളിമാർ നിൽക്കൂ. അങ്ങിനെയാണ് പരസ്യങ്ങൾ പത്രത്തിൻ്റെ ബേക്ക്പേജിലെത്തിയത്. പിന്നെ മുഴുപേജും കൊടുത്തു. എല്ലാ പത്രങ്ങളിലും നിറയെ പരസ്യംകൊടുത്തിട്ടും ജനങ്ങൾക്ക് വിശ്വാസമില്ല. മുതലാളിമാർക്ക് വ്യാപാരത്തിലും ലാഭത്തിലും തൃപ്തിയാവുന്നില്ല..
പത്രക്കാർ വീണ്ടും കളം മാറ്റിപരസ്യങ്ങൾ മുന്നിലെ പേജിൽ മുഴുവനായും കൊടുത്താൽ നോക്കാതെ പോകാൻ പറ്റില്ലല്ലോ…


വൻകിടക്കാരനായത് തേരാപ്പാര നടന്ന് ചുമ്മാ മുദ്രാവാക്യം വിളിച്ചട്ടല്ലന്ന് മനസ്സിലാക്കട്ടെ.. അങ്ങിനെ രണ്ടാളറിയട്ടെ..!! മുതലാളിമാരായത് ഇതൊന്നുമറിയാണ്ടല്ലന്ന് ചെറുകിട മഞ്ഞക്കടലാസുകൾ മറിക്കുന്നവർ മനസിലാക്കട്ടെ… പത്രത്തിലെ
വാർത്തകൾക്ക് വലിയ വിലയൊന്നും ഇല്ലന്ന് എല്ലാവരും മനസിലാക്കിയ കാലം…
പത്രത്തിൽ നിന്നും റേഡിയോയിലേക്കും ടീവിയിലേക്കും മുതലാളിമാരോടിക്കയറി..
സ്വകാര്യ മുതലാളിമാരൊടൊപ്പം സഹകരണ മുതലാളിമാരും കളത്തിലിറങ്ങി. കുടുബശ്രീക്കാരും.


സഹകരണ ബേങ്കിൻ്റെ പരസ്യങ്ങൾക് പിന്നാലെ ആശുപത്രികളും പരസ്യം കൊടുക്കാൻ തുടങ്ങി. പലതരം ചികിത്സാ ഡിപ്പാർട്ട്മെൻ്റ്….ഓപ്പറേഷൻ സൗകര്യം …വിദഗ്ദ ഡോക്ടർമാർ
ആധുനിക സംവിധാനങ്ങൾ…
പരസ്യം ഇല്ലാതെ മുതലാളിത്തം ജയിക്കില്ലല്ലോ…മുതലാളികളും..
ഒരു ദിവസം രാവിലെ ഉത്തമൻ ഉറക്കപ്പായയിൽ കിടക്കവേ റേഡിയോവിലൂടെ ഒരു പരസ്യം കേട്ടു.


തലേന്നത്തെ കിക്കിൽ കേട്ടത് പെട്ടന്ന് ക്ലിക്ക് ആയില്ല. വീണ്ടും കേൾക്കാൻ പറ്റുന്നതിന് മുന്നെ പ്രഭാതഭേരി തുടങ്ങി…
കേട്ടത് സത്യമാണോന്നറിയാൻ വേറെ വഴിയില്ലല്ലോ. പേപ്പറാണങ്കിൽ ഒന്നൂടി നോക്കാമായിരുന്നു…
ഉത്തമൻ കിടന്നിടത്ത് നിന്ന് എണീറ്റില്ല…
പ്രാദേശിക വാർത്തകൾക്ക് മുന്നെ വീണ്ടും അതേ പരസ്യം ചെവിയിൽ എത്തി. അത് കേട്ട് ഉത്തമൻ തരിച്ചുപോയി.


ശാന്തിതീരം ..
അത്യാധുനിക ക്രിമിറ്റോറിയം..
പാരമ്പര്യ രീതിയിൽ മറവ് ചെയ്യാനും കത്തിക്കാനും സൗകര്യം
അന്ത്യ കർമ്മം ചെയ്യാൻ പ്രത്യേക സൗകര്യം
ശുദ്ധമായ വായുവും വെള്ളവും
കടൽക്കാറ്റേറ്റ് അന്ത്യവിശ്രമം..
നിത്യേന നൂറുകണക്കിന് സന്ദർശകർ
എത്തുന്ന സ്ഥലം .


അന്ത്യകർമ്മങ്ങൾക്ക് ചെറിയ ചിലവു മാത്രം .. പാവപ്പെട്ടവർക്ക് ആകർശകമായ ഇളവുകൾ..
………..ഗ്രാമ പഞ്ചായത്ത് ഇടനിലക്കാരില്ലാതെ നേരിട്ടു നടത്തുന്നത്.
സുതാര്യം. സുരക്ഷിതം.. ജനകീയം..
ശാന്തിതീരം….
ഉത്തമൻ കിടന്നിടത്ത് നിന്ന് എണീറ്റില്ല.
ഇനിയെന്തിന് എണീക്കണം.

മധു മാവില

By ivayana